TopTop
Begin typing your search above and press return to search.

സ്ത്രീകള്‍ രാഷ്ട്രീയത്തിലെത്തിയതോടെ ലോകം മാറുകയാണ്

സ്ത്രീകള്‍ രാഷ്ട്രീയത്തിലെത്തിയതോടെ ലോകം മാറുകയാണ്

മെലീസ എത്തിഹാദ്, ജെറിമി സി. എഫ്. ലിന്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

രാഷ്ട്രീയത്തിലുള്ള സ്ത്രീകളെ സംബന്ധിച്ച് ഇതൊരു മഹത്തായ വര്‍ഷമാണ്. യു‌എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനി ഒരു വനിതയാണ്; ഹിലരി ക്ലിന്‍റണ്‍. ജയിച്ചാല്‍ അവര്‍ ബ്രിട്ടനിലെ തെരേസ മെയ്, ജര്‍മ്മനിയിലെ ഏഞ്ചല മെര്‍ക്കല്‍ എന്നിവരുടെ അണിയില്‍ ചേര്‍ന്ന് ഒരു സുപ്രധാന പടിഞ്ഞാറന്‍ ജനാധിപത്യത്തെ നയിക്കും. ഇവര്‍ ഒറ്റയ്ക്കല്ല, ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പാര്‍ലമെന്‍റിലും എക്സിക്യൂട്ടീവ് ഗവണ്‍മെന്‍റിലും പദവികള്‍ വഹിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇന്‍റര്‍-പാര്‍ലമെന്‍ററി യൂണിയന്‍ ഈയിടെ നടത്തിയ പഠനപ്രകാരം 1995ല്‍ പാര്‍ലമെന്‍റിലെ സ്ത്രീ സാന്നിധ്യം 11.3 ശതമാനമായിരുന്നപ്പോള്‍ 2015ല്‍ അത് 22.1 ശതമാനമായി, ഏതാണ്ട് ഇരട്ടിയോളം.

ചരിത്രത്തില്‍ ആദ്യമായി പലതും ഇക്കൊല്ലം സംഭവിച്ചു.

ഫെബ്രുവരിയില്‍ നടന്ന ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനിലെ പാര്‍ലമെന്‍ററി ഇലക്ഷനില്‍ സ്ത്രീകള്‍ 17 സീറ്റുകള്‍ നേടി. "ഇതൊരു റെക്കോഡാണ്. ഞങ്ങളുടെ പ്രിയ വനിതകള്‍ എല്ലാ രംഗത്തും, പ്രത്യേകിച്ച് രാഷ്ട്രീയത്തില്‍ പങ്കാളികളാവുന്നതില്‍ സന്തോഷമുണ്ട്," ഇറാനിയന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൌഹാനി മേയില്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞു. ആഫ്രിക്കയിലാണ് കഴിഞ്ഞ 20 വര്‍ഷങ്ങളിലൂടെ ഏറ്റവും വലിയ മുന്നേറ്റമുണ്ടായത്. ഇക്കൊല്ലം ജൂണിലെ കണക്കനുസരിച്ച് പാര്‍ലമെന്‍റിലെ സ്ത്രീ പ്രാതിനിധ്യത്തിന്‍റെ കാര്യത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന 10 രാഷ്ട്രങ്ങളില്‍ നാലെണ്ണം ആഫ്രിക്കയില്‍ നിന്നാണ്. റുവാണ്ടയാണ് ഈ പട്ടികയില്‍ ഏറ്റവുമാദ്യം. 2016ല്‍ പാര്‍ലമെന്‍റിന്‍റെ ലോവര്‍ ഹൌസിലും (63.8 ശതമാനം) അപ്പര്‍ ഹൌസിലും (38.5 ശതമാനം) ഏറ്റവും കൂടുതല്‍ വനിതകള്‍ ഉള്ള രാജ്യമാണ് റുവാണ്ട.

പക്ഷേ ലോകമെങ്ങുമുള്ള പാര്‍ലമെന്‍റുകളില്‍ സ്ത്രീകള്‍ ഇപ്പോഴും ഒരു ചെറിയ ഗ്രൂപ്പായി തുടരുകയാണ്; ഇക്കാര്യത്തിലെ പുരോഗതിയും പതുക്കെയാണ്. IPUവില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ഭൂരിഭാഗം രാജ്യങ്ങളിലും രാഷ്ട്രീയരംഗം ഭരിക്കുന്നത് പുരുഷന്മാരാണ്. ലോവര്‍, അപ്പര്‍ ഹൌസുകള്‍ ചേര്‍ത്തുള്ള കണക്കെടുത്താല്‍ ലോകത്തെ മുഴുവന്‍ പാര്‍ലമെന്‍റ് സീറ്റുകളില്‍ ഏകദേശം 22 ശതമാനത്തില്‍ മാത്രമാണ് വനിതകളുള്ളത്."താഴ്ന്ന നിലയില്‍ നിന്നാണ് തുടങ്ങിയതെന്നത് കണക്കിലെടുത്താല്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷേ ഈ നിരക്കില്‍ തുടര്‍ന്നാല്‍ നമ്മള്‍ ഒരുപാട് സമയമെടുക്കും. ലിംഗസമത്വം കൈവരിക്കുന്ന കാര്യത്തില്‍ നമ്മള്‍ വേഗത കൈവരിക്കണം," യു‌എന്‍ വിമന്‍ എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ ഫംസൈല്‍ ലാംബൊ എന്‍ഗൂക്ക പറഞ്ഞു. ദേശീയ നിയമനിര്‍മ്മാണ സഭയിലെ സ്ത്രീകളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ആഗോളശരാശരിയിലും പുറകില്‍ നില്‍ക്കുന്ന രാഷ്ട്രങ്ങളിലൊന്ന് യുഎസ്സാണ്. താഴ്ന്ന വരുമാനക്കാരായ രാജ്യങ്ങളടക്കം 95 പേര്‍ അവരേക്കാള്‍ ഇക്കാര്യത്തില്‍ മെച്ചമാണ്. എത്യോപ്യ, എല്‍ സാല്‍വഡോര്‍, സൂറിനാം, ഇറാഖ്, സൌദി അറേബ്യ, അഫ്ഗാനിസ്ഥാന്‍ ഇവയൊക്കെ യുഎസ്സിനും മുന്‍പിലാണ്. സ്ത്രീകള്‍ക്ക് ക്വോട്ട ഏര്‍പ്പെടുത്തിയാണ് പല രാജ്യങ്ങളും രാഷ്ട്രീയത്തില്‍ അവരെ കൂടുതല്‍ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ മുന്നോട്ടു നീങ്ങിയത്; അതിന്‍റെ ഫലം അത്ഭുതപ്പെടുത്തുന്നതായിരുന്നു. സാമൂഹ്യ, സാമ്പത്തിക രംഗത്ത് പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളും കലാപങ്ങളില്‍ നിന്നും യുദ്ധങ്ങളില്‍ നിന്നും അടുത്തകാലത്ത് പുറത്തു കടന്ന അഫ്ഗാനിസ്ഥാന്‍, ഇക്വഡോര്‍, ടാന്‍സാനിയ എന്നിവിടങ്ങളിലും വമ്പിച്ച പുരോഗതിയാണ് ഉണ്ടായത്. അവിടെയെല്ലാം പാര്‍ലമെന്‍റില്‍ കൂടിയ പ്രാതിനിധ്യം സ്ത്രീകള്‍ക്കു ലഭിച്ചു.

പെപ്പര്‍ഡൈന്‍ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി വിഭാഗം അസി. പ്രൊഫസറായ ജെന്നിഫര്‍ റോസന്‍ പറയുന്നത് ഉയര്‍ന്നുവരുന്ന ജനാധിപത്യ രാഷ്ട്രങ്ങളിലെ പുതിയ ഭരണഘടനകളില്‍ ജെന്‍ഡര്‍ ക്വോട്ട ഉള്‍ക്കൊള്ളിക്കാന്‍ നേതാക്കള്‍ക്ക് അവസരം ലഭിക്കുന്നുണ്ട് എന്നാണ്. അനേക വര്‍ഷങ്ങളായി സ്ത്രീകളെ രാഷ്ട്രീയ രംഗത്തു നിന്ന് അകറ്റി നിര്‍ത്തിയിരുന്ന സാംസ്കാരികമായ തടസ്സങ്ങളെ മറികടക്കാന്‍ ഇതു സഹായിക്കുന്നു. വിവിധ ഇലക്ടറല്‍ സംവിധാനങ്ങളും പാര്‍ലമെന്‍റിലെ സ്ത്രീകളുടെ പങ്കു ചേരലിനെ സ്വാധീനിക്കുന്നു. ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിക്കു പകരം പാര്‍ട്ടി പട്ടികയ്ക്ക് വോട്ടു ചെയ്യാന്‍ അനുവദിക്കുന്ന ആനുപാതിക പ്രാതിനിധ്യ സംവിധാനങ്ങള്‍ ഗവണ്‍മെന്‍റിലെ സ്ത്രീ പങ്കാളിത്തത്തെ സഹായിക്കുന്നു എന്ന് പണ്ഡിതര്‍ പറയുമ്പോള്‍ മറ്റൊരു കൂട്ടര്‍ ഇതിന്‍റെ ഗുണഫലം എല്ലാ രാജ്യങ്ങളിലും ലഭിക്കുമോ അതോ പടിഞ്ഞാറന്‍ ജനാധിപത്യ സംവിധാനങ്ങളില്‍ മാത്രമൊതുങ്ങുമോ എന്നു തര്‍ക്കിക്കുന്നു.

രാജ്യങ്ങളിലെ നേതൃസ്ഥാനങ്ങളിലുള്ളവര്‍ പ്രവര്‍ത്തികളിലൂടെ ഉദാഹരണങ്ങള്‍ നല്‍കുന്നത് ഇക്കാര്യത്തിലെ മനോഭാവം മെച്ചപ്പെടാന്‍ സഹായിക്കുമെന്ന് റോസന്‍ പറഞ്ഞു. യു‌എന്‍ വിമന്‍ എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ എന്‍ഗൂക്ക ഇതിനോട് യോജിക്കുന്നു. പരിധികള്‍ ഭേദിക്കാന്‍ ശ്രമിക്കേണ്ടത് സ്ത്രീകള്‍ മാത്രമല്ലെന്നും പുരുഷന്മാര്‍ക്കും ഇതില്‍ പ്രധാന പങ്കുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പോലെ സ്വാധീനശേഷിയുള്ള ഒരാള്‍ 2015ല്‍ പകുതിയും വനിതകള്‍ ഉള്ള ഒരു കാബിനറ്റ് പ്രഖ്യാപിച്ചത് അവര്‍ ചൂണ്ടിക്കാട്ടി.

ജെന്‍ഡര്‍ ക്വോട്ട നല്‍കേണ്ട പാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് വിജയ സാദ്ധ്യതയുള്ള സീറ്റുകള്‍ കൊടുക്കുകയും വേണമെന്ന് IPU സെക്രട്ടറി ജനറല്‍ മാര്‍ട്ടിന്‍ ചുന്‍ഗോംഗ് പറഞ്ഞു. "പലപ്പോഴും പറഞ്ഞതു പോലെ സംഭവിക്കാറില്ല. ക്വോട്ട ഉണ്ടായതു കൊണ്ടു മാത്രം കാര്യമില്ല. അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും വേണം."

സ്ത്രീകള്‍ ദേശീയ തലത്തിലുള്ള നിയമനിര്‍മ്മാണ സഭകളില്‍ ഉള്ളത് ഒരു രാജ്യത്തിന്‍റെ ഭരണത്തെ തന്നെ മാറ്റുന്നുണ്ട് എന്നത് വ്യക്തമാണ്. പഠനങ്ങള്‍ കാണിക്കുന്നത് അവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ പൊതുവേ പുരുഷന്മാര്‍ ശ്രദ്ധിക്കാതെ പോകുന്ന കുടുംബാസൂത്രണം, വിദ്യാഭ്യാസം, ലിംഗഭേദം മൂലമുള്ള ആക്രമങ്ങള്‍ മുതലായ പ്രശ്നങ്ങള്‍ക്ക് വേണ്ട പ്രാധാന്യം ലഭിക്കുന്നു എന്നാണ്. "സ്ത്രീകള്‍ കൂടുതല്‍ വ്യക്തതയോടെ പറഞ്ഞു ഫലിപ്പിക്കുന്ന വിഷയങ്ങളുണ്ടെന്ന് ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ ആയതുകൊണ്ടല്ല, ഒരു സമൂഹത്തിന്‍റെ മൊത്തം ജീവിതഗതിയെ ബാധിക്കുന്നവയായതു കൊണ്ടാണ് അവര്‍ അതിനു നേതൃത്വം കൊടുക്കുന്നത്," ചുന്‍ഗോംഗ് പറഞ്ഞു.(കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ മെലീസ എത്തിഹാദ് അല്‍- ജസീറ ഇംഗ്ലീഷില്‍ ജോലി ചെയ്തിട്ടുണ്ട്. തായ്വാനിലെ തായ്പേയില്‍ നിന്നുള്ള ജെറീമി സി എഫ് ലിന്‍ യു‌സി ബെര്‍ക്‍ലി ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് ജേണലിസത്തില്‍ നിന്ന് ബിരുദം നേടി)Next Story

Related Stories