TopTop
Begin typing your search above and press return to search.

കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമോ?

കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമോ?

ദിവസങ്ങള്‍ നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ കേരള നിയമസഭ തെരഞ്ഞെടുപ്പ് പാടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു. നിരവധി വിഷയങ്ങള്‍ സംവാദമായും വിവാദമായും കടന്നു പോയി. വാഗ്വാദങ്ങള്‍ നടന്നു. പ്രകടന പത്രികകള്‍ വന്നു. വികസനവും അഴിമതിയും ക്രമസമാധാനവും ക്ഷേമ ഭരണവും എല്ലാം ചര്‍ച്ച ചെയ്യപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതും തെരഞ്ഞെടുപ്പിന് ശേഷവും ചര്‍ച്ച ചെയ്യേണ്ടതുമായ 7 ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് അഴിമുഖം 7 ബിഗ് ക്വസ്റ്റ്യന്‍സ് @പോള്‍ 2016. തെരഞ്ഞെടുപ്പ് തലേ ദിവസം വരെ ഈ ചര്‍ച്ച തുടരും.. വായനക്കാര്‍ക്കും പ്രതികരിക്കാം. ഇമെയിലായും കമന്റായും വരുന്ന മികച്ച പ്രതികരണങ്ങള്‍ ഞങ്ങള്‍ ഈ സീരീസില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്നതായിരിക്കും. രണ്ടാമത്തെ ചോദ്യം; കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമോ? (ഐടി, വികസനത്തിന്റെ ലാസ്റ്റ് ബസ്സോ? എന്നതായിരുന്നു ആദ്യ ചോദ്യം)

അജിത
അന്വേഷി പ്രസിഡന്റ്

കേരളം സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഇടമായിട്ട് ഏറെക്കാലമായി. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സ്ത്രീകള്‍ ജീവിക്കുന്നത് അരക്ഷിതാവസ്ഥയിലാണ്. ഗാര്‍ഹിക പീഢനങ്ങളാണ് കൂടുതലായുള്ളത്. കൂടാതെ മറ്റുതരത്തിലെ അതിക്രമങ്ങളുമുണ്ട്.

കുട്ടികളെ ഇരകളാക്കിയുള്ള സെക്‌സ് റാക്കറ്റ്, കുട്ടികളെ അടുത്ത ബന്ധുക്കള്‍ പീഢിപ്പിക്കുന്നത് ഒക്കെ സര്‍വസാധാരണമായി മാറിക്കഴിഞ്ഞു. സ്ത്രീകളെ ഒരുതരത്തിലും ജീവിക്കാന്‍ അനുവദിക്കുന്നില്ല.

സമൂഹത്തിന്റെ പുരുഷാധിപത്യ മനോഗതിയാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണം. മതപരമായാലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായാലും ഈ മനോഗതിയാണുള്ളത്. അതുകൊണ്ട് തന്നെ ജിഷയെ പോലെ തന്റേടത്തോടെ ജീവിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ക്ക് ഏതെങ്കിലും തരത്തില്‍ തടയിടും. ഇവിടെയത് കൊലപാതകിയുടെ രൂപത്തിലായി. ദരിദ്ര-ദളിത് കുടുംബത്തിലെ അംഗമായിരുന്നു അവള്‍.

ഈ സാഹചര്യത്തിന് ഒരു പരിഹാരം ഉണ്ടാകണമെങ്കില്‍ രാഷ്ട്രീയ മേഖലയിലും നിയമ നിര്‍മ്മാണ മേഖലയിലും സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ലഭിക്കണം. നിയമ നിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്ന ബില്‍ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നുപോലുമില്ല. യുപിഎ സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് നാടകം കളിച്ചു. സ്ത്രീകളോടുള്ള ആര്‍ എസ് എസിന്റെ മനോഭാവം അതിനൊരു കാരണമാണ്. സ്ത്രീകളുടെ രാത്രി സഞ്ചാരത്തെ കുറിച്ചുള്ള അവരുടെ കോണ്‍സെപ്‌റ്റൊക്കെ ഭീകരമാണ്. സ്ത്രീകള്‍ പുരുഷന് കീഴടങ്ങി ജീവിക്കേണ്ടവരാണെന്നാണ് അവരുടെ അഭിപ്രായം.

സ്ത്രീ പോരാട്ടങ്ങളിലൂടെ മാത്രമേ ഇത്തരമൊരു അവസ്ഥയ്ക്ക് മാറ്റം വരികയുളളൂ. ഉള്ള നിയമങ്ങള്‍ നടപ്പിലാക്കാനുള്ള സംവിധാനങ്ങള്‍ അഴിമതി നിറഞ്ഞതാണ്. സ്ത്രീയുടെ അവകാശ ബോധം വര്‍ദ്ധിച്ചു വരുന്നുണ്ട്. അതിന് കാരണക്കാരായിട്ടുള്ളത് സ്ത്രീപക്ഷ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളാണ്.

സുല്‍ഫത്ത്
അധ്യാപിക, സാമൂഹ്യപ്രവര്‍ത്തക

സ്ത്രീകള്‍, ദളിതര്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കാത്ത ഒരിടമാണ് കേരളമെന്ന് ജിഷയുടെ കൊലപാതകത്തിലൂടെ ഒരിക്കല്‍ കൂടെ തെളിഞ്ഞിരിക്കുന്നു.

കേരളത്തിലെ പൊതുയിടങ്ങളും പൊതുവഴികളും വിദ്യാലയങ്ങളും തൊഴിലിടങ്ങളും മാത്രമല്ല പെണ്ണിന്റെ സുരക്ഷിതമായ ഇടമെന്ന് പുരുഷാധിപത്യം വിശ്വസിപ്പിക്കുന്ന കുടുംബവും വീടും എല്ലാം ഏത് സമയത്തും അവള്‍ക്ക് നേരെ ഒരു ലൈംഗികാതിക്രമം കടന്നു വരാവുന്ന ഇടമാണ്.

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ ഇരിക്കുന്നത് ലൈംഗികാതിക്രമണ ഭീതി നിരന്തരം ഉല്‍പാദിപ്പിക്കാനും അതുവഴി സ്ത്രീയെ അരക്ഷിതാവസ്ഥയില്‍ നിര്‍ത്താനും പുരുഷാധിപത്യത്തെ സഹായിക്കും. ജിഷ പകല്‍ സമയം സ്വന്തം വീട്ടിനുള്ളിലാണ് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി കൊല ചെയ്യപ്പെട്ടത്. പുറമ്പോക്കു ഭൂമിയില്‍ താമസിക്കുന്ന പാവപ്പെട്ട ഒരു ദളിത് പെണ്‍കുട്ടിയുടെ ക്രൂരമായ കെലാപാതകത്തിന് പൊലീസ്, ഡോക്ടര്‍ തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങള്‍, പ്രാദേശിക ഭരണകൂടങ്ങള്‍, അയല്‍വാസികള്‍ തുടങ്ങിയവയൊന്നും ഒരു പരിഗണനയും നല്‍കിയില്ലെന്നതാണ് കൊലപാതകശേഷമുള്ള സംഭവങ്ങള്‍ കാണിക്കുന്നത്.

ഏത് പെണ്ണിനും ലൈംഗികാതിക്രമം നേരിട്ടാലും ഇതേ മനോഭവം തന്നെയാണ് പൊതു സമൂഹത്തിനുള്ളത്. ലൈംഗികാതിക്രമങ്ങളെ മാനഭംഗം എന്ന് വിളിക്കുമ്പോള്‍ തന്നെ മാനം ഭയന്ന് അതിനെ മൂടിവയ്ക്കപ്പെടാനാണ് സഹായിക്കുക.

മാനം മര്യാദയായി അടങ്ങിയൊതുങ്ങി ജീവിക്കുന്ന പെണ്ണ് എന്ന പദവിക്കുവേണ്ടി ജീവിക്കാതെ മാനസികമായും ശാരീരികമായും കരുത്തു നേടാനുള്ള പരിശീലനമാണ് പെണ്‍കുട്ടിക്ക് ലഭിക്കേണ്ടത്.

അതോടൊപ്പം നമ്മുടെ ആണ്‍മക്കള്‍ ബലാല്‍സംഗികളും കൊലപാതകികളും ആകാതെ ഇരിക്കാനുള്ള ബോധവല്‍ക്കരണവും ആണ്‍കുട്ടികള്‍ക്ക് നല്‍കണം.

തെരഞ്ഞെടുപ്പിലെ വോട്ട് കുത്ത് യന്ത്രങ്ങളുടെ സ്ഥാനത്ത് നിന്നും ജനസംഖ്യയുടെ പാതി വരുന്ന സ്ത്രീകള്‍ ജനപ്രതിനിധി സ്ഥാനത്തേക്ക് കടക്കണം. അതിന് രാഷ്ട്രീയ പാര്‍ട്ടികളെ സന്നദ്ധമാക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും സ്ത്രീകള്‍ ഏറ്റെടുക്കണം.

നീതിന്യായ നിര്‍മ്മാണ സഭകളില്‍ അധികാരമുള്ള സ്ത്രീകള്‍ ഉണ്ടെങ്കിലേ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമാകുന്ന തരത്തില്‍ കേരളം മാറുകയുള്ളൂ.


ജെസ്മി
സാമൂഹ്യപ്രവര്‍ത്തക

ഒരു ഇറാനിയന്‍ ചലച്ചിത്രമുണ്ട്, അതിന്റെ ഏകദേശകഥാസാരം ഇപ്രകാരമാണ്; ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ എട്ടാംക്ലാസുകാരിയായ പെണ്‍മകള്‍. ആ കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോവുകയും തിരികെ കൊണ്ടുവരുന്നതുമെല്ലാം അവരുടെ കാര്‍ ഡ്രൈവറാണ്. ഒരു ദിവസം, ഒരു മഴസമയത്ത് ഈ കുട്ടി ആകെ നനയുന്നു. നനഞ്ഞ വസ്ത്രം മാറുന്നതിനിടയില്‍ ഡ്രൈവര്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്നു. പിന്നീട് ഇയാള്‍ കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാകുന്നു. കുട്ടി ഇക്കാര്യം മാതാവിനോട് പറയാന്‍ ശ്രമിക്കുന്നു, പറഞ്ഞു തുടങ്ങുമ്പോഴേക്കും ഇത്തരം ചീത്തകാര്യങ്ങളൊന്നും പെണ്‍കുട്ടികള്‍ പറയാന്‍ പാടില്ലെന്ന് മാതാവ് വിലക്കുന്നു, ടീച്ചറോട് പറയാന്‍ ശ്രമിക്കുമ്പോള്‍ പഠനകാര്യങ്ങള്‍ എന്തെങ്കിലുമാണെങ്കില്‍ സംസാരിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്ന കുട്ടി സ്‌കൂളില്‍ പോകാതെ ഭയത്തിലൊളിച്ചിരിക്കുമ്പോള്‍ അവളുടെ പ്രശ്‌നങ്ങള്‍ക്കൊന്നും ചെവിക്കൊടുക്കാത്തവര്‍ തന്നെ കുറ്റപ്പെടുത്തുകയാണ്...

ഇതൊരു ചലച്ചിത്രത്തിന്റെ കഥയായിട്ടു മാത്രമല്ല കാണേണ്ടത്. നമുക്കിടയില്‍ നടക്കുന്ന യഥാര്‍ത്ഥ്യമാണ്. നമ്മുടെ പെണ്‍മക്കളുടെ പ്രശ്‌നങ്ങളും നാം കേള്‍ക്കാതെ പോവുന്നുണ്ട്. അവരുടെ ആശങ്കകള്‍ക്ക് കൃത്യമായ ഉത്തരം പറയാന്‍ കഴിയുന്നില്ല.

പൊലീസിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തുന്ന ക്ലാസുകളിലേക്ക് ക്ഷണിതാവായി പോകേണ്ടി വന്നിട്ടുണ്ട്. ഒരുദിവസം, അഞ്ചു മുതല്‍ ഒമ്പതാം ക്ലാസുവരെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികള്‍ക്കാണ് ക്ലാസ് എടുക്കുന്നത്. ലക്ചറിംഗിനുശേഷം ചോദ്യോത്തരവേളയായി. എട്ടാംക്ലാസുകാരി എഴുന്നേറ്റ് നിന്നൊരു ചോദ്യം; ഗോവിന്ദച്ചാമി തടിച്ചുകൊഴുത്തിരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ എങ്ങനെയാണ് സുരക്ഷിതരായി ഇരിക്കുന്നത്?

ഒരിക്കലും കിട്ടാതിരിക്കുന്നതിനേക്കാളും നല്ലത് വൈകി കിട്ടുന്ന നീതിയല്ലേ എന്ന ന്യായമേ എനിക്ക് ഉണ്ടായിരുന്നുള്ളു. പക്ഷേ ഗോവിന്ദച്ചാമിമാര്‍ തടിച്ചുകൊഴുത്തു കഴിയുന്നതു കാണുമ്പോള്‍ നീതി നിഷേധിക്കപ്പെടുകതന്നെയാണ്. ആ എട്ടാംക്ലാസുകാരിയുടെ ആശങ്ക അവളുടേതുമാത്രമായിരുന്നില്ല, ആയിരങ്ങളുടേതായിരുന്നു.

ഉത്തരേന്ത്യയില്‍ പലതും നടക്കുമ്പോള്‍ നാം ആശ്വാസം കൊണ്ടിരുന്നത് കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നു പറഞ്ഞായിരുന്നു. ഒരു തരത്തില്‍ സ്ത്രീകള്‍ക്കിവിടെ സുരക്ഷിതത്വം ഉണ്ടായിരുന്നതുമാണ്. അവിടെയാണ് പട്ടാപ്പകല്‍ ഒരു പെണ്‍കുട്ടി സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടത്, അതും അരുംകൊല. ഒരു പെണ്‍കുട്ടിയുടെ ജീവന്‍ ഇത്ര നിഷ്ഠൂരമായി ഇല്ലാതാക്കിയിട്ടും അതിന്റെ കാരണക്കാരനെ ഇതുവരെ പിടിച്ചിട്ടില്ല എന്നതാണ് കൂടുതല്‍ ഭയപ്പെടുത്തുന്നത്. കൊലപാതകിയിലേക്കെത്താവുന്ന പല സൂചനകളും കിട്ടുമായിരുന്നിട്ടും പൊലീസ് ആദ്യദിവസങ്ങളില്‍ നടത്തിയത് തികച്ചും നിരുത്തരവാദിത്വപരമായ അന്വേഷണം. പലതും മറച്ചുവയ്ക്കാനാണ് ശ്രമിച്ചത്. തെരഞ്ഞെടുപ്പുകാലമാണ്, പോരാത്തതിന് കൊല്ലപ്പെട്ടത് ഒരു ദളിത് പെണ്‍കുട്ടിയും, കേസ് മറച്ചുവയ്ക്കാം, ആരുമറിയാനോ അന്വേഷിക്കാനോ പോകുന്നില്ല.

പെരുമ്പാവൂരിലേത് ഒറ്റപ്പെട്ട സംഭവമായി കാണരുത്. പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ മാത്രമല്ല ഇതൊക്കെ നടക്കുക. നഗരത്തില്‍, ചുറ്റുപാടും സിസിടിവി നിരീക്ഷണമുള്ളിടത്തും ധാരാളം അയല്‍ക്കാരുള്ളിടത്തും ഇത്തരം ആക്രമണങ്ങള്‍ നടക്കാമെന്നു തന്നെ നാം ഭയപ്പെടണം. ഗോവിന്ദചാമി തടിച്ചുകൊഴുത്ത് ജീവിച്ചിരിക്കുന്നതും വലിയൊരു പ്രശ്‌നമാണ്. തെറ്റു ചെയ്തു പിടിച്ചാലും സര്‍ക്കാരിന്റെ ചെലവില്‍ ഭക്ഷണവും കഴിച്ച് സുഖമായിട്ട് കഴിയാം എന്നാണ് ഗോവിന്ദചാമിമാര്‍ വ്യക്തമാക്കുന്നത്.

സാഹചര്യം അനുസരിച്ച് വധിശിക്ഷ നല്‍കുന്നതിന് എതിരു നില്‍ക്കൊന്നരാളല്ല ഞാന്‍. എനിക്കങ്ങനെയുള്ള കരുണയൊന്നുമില്ല. ഇങ്ങോട്ടു കരുണ കാണിക്കാത്തവരോട് നീതിപൂര്‍വം കരുണ കാണിച്ചിട്ടെന്തുകാര്യം? നാളെ ഗോവിന്ദചാമി പുറത്തിറങ്ങിയാല്‍ ചെയ്തുപോന്ന പണി തന്നെ തുടരില്ലേ? കട്ടുതിന്നുന്നതിനെ പ്രോത്സാഹിപ്പിക്കുമ്പോള്‍ അത് വാത്സല്യം കൊണ്ടാണെങ്കിലും വീണ്ടും തെറ്റുചെയ്‌തോളാനുള്ള അനുവാദം കൊടുക്കലാണ്. ഇതു തന്നെയാണ് നമ്മുടെ നീതിന്യായവ്യവസ്ഥയും ചെയ്യുന്നത്. ശിക്ഷയെന്നാല്‍ ഭയമാണ്. മറ്റൊരാള്‍ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍. ഭയം ഉണ്ടാക്കാത്ത ശിക്ഷകള്‍ തെറ്റു ചെയ്യാനുള്ള പ്രോത്സാഹനമാണ്.

ഇവിടെ കുറ്റവാളി ഏതെങ്കിലും പിടിപാടുള്ളവനാകാം, അല്ലെങ്കില്‍ അത്തരക്കാരുടെ മക്കളോ സഹോദരനോ ആകാം. അതുകൊണ്ട് ഏതെങ്കിലുൊമരു പാവപ്പെട്ട മനുഷ്യനെ പടിച്ച് അവന്‍ മാനസികരോഗിയാണെന്നോ കഞ്ചാവിന് അടിമയാണെന്നോ പറഞ്ഞു കേസ് ഒതുക്കാനും വഴിയുണ്ട്.

കുറ്റവാളികള്‍ കുറയണമെങ്കില്‍ നീതിന്യായ സംവിധാനം പഴുതുകളില്ലാത്തവിധം പ്രവര്‍ത്തിക്കണം. അങ്ങനെയാകാത്തിടത്തോളം ക്രൂരതകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. മനുഷ്യരെയെല്ലാം നന്നാക്കാന്‍ നമുക്ക് പറ്റില്ല. നിയമം കാര്യക്ഷമമാക്കാതെ സ്ത്രീകളാരും പുറത്തിറങ്ങരുതെന്ന് പറയുന്നതാണ് ഇവിടുത്തെ കുഴപ്പം. നിയമ വിദ്യാര്‍ത്ഥിനിയായിരുന്നു ജിഷ. വിദ്യാഭ്യാസമുള്ളൊരു പെണ്‍കുട്ടി. എന്നിട്ടും അവള്‍ക്കു വന്ന അവസ്ഥ എത്രക്രൂരമാണ്.

ജിഷയെ ദളിത് പെണ്‍കുട്ടി എന്നു വിളിക്കാതെ ഒരു സ്ത്രീയായി പരിഗണിക്കാനാണ് ഒരു വിഭാഗം പറയുന്നത്. അല്ല, ജിഷ ദളിത് ആയി തന്നെ അടയാളപ്പെടണം. ഒരു ദളിത് പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെടുന്നതെങ്ങനെയാണെന്നു ജിഷ ഉദാഹരണമാകണം. ജാതി തന്നെയാണ് ആ കുട്ടിക്ക് നീതി കിട്ടാന്‍ വൈകുന്നതെന്നു പറയേണ്ടി വരും. മറ്റൊരു ജാതിയായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഉയര്‍ന്ന ജാതിക്കാരുടെ ജീവിതസാഹചര്യം ഇവിടെ വ്യത്യസ്തമാണ്, അവര്‍ക്ക് ചുറ്റുപാടുകളുണ്ട്, ബന്ധുബലമുണ്ട്. അങ്ങനെയുള്ളൊരു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ഭയം തോന്നും. എന്നാല്‍ ദളിത് പെണ്‍കുട്ടിയോട് എന്തുമാവാം, അങ്ങനെ എത്രയെണ്ണം നടന്നിരിക്കുന്നു. ഈ മന:സ്ഥിതിയാണ് മാറേണ്ടത്.


Next Story

Related Stories