TopTop
Begin typing your search above and press return to search.

എതിര്‍പ്പ് വിലപ്പോയില്ല; സ്ത്രീപക്ഷ തൊഴിലാളി സംഘടനയ്ക്ക് രജിസ്ട്രേഷനായി

എതിര്‍പ്പ് വിലപ്പോയില്ല; സ്ത്രീപക്ഷ തൊഴിലാളി സംഘടനയ്ക്ക് രജിസ്ട്രേഷനായി

അണിമ മുയാരത്ത്

തൃശ്ശൂര്‍ കല്യാണ്‍ സാരീസ് സമരമുള്‍പ്പടെയുള്ള സമരങ്ങളില്‍ തൊഴിലാളികളെ മുന്നോട്ടു നയിച്ച 'അസംഘടിത മേഖല തൊഴിലാളി യൂണിയ'ന് (AMTU-Kerala) രജിസ്‌ട്രേഷന്‍ ലഭിച്ചു. ട്രേഡ് യൂണിയന്‍ രംഗത്ത് മഹത്തായ പോരാട്ട ചരിത്രമുള്ള കേരളത്തില്‍ ഇതാദ്യമായാണ് ഒരു സ്ത്രീപക്ഷ ട്രേഡ് യൂണിയന്‍ അംഗീകാരം നേടുന്നത്. ഭൂരിപക്ഷവും സ്ത്രീകള്‍ തൊഴിലെടുക്കുന്ന അസംഘടിത മേഖലയോട് വ്യവസ്ഥാപിത പുരുഷാധിപത്യ ട്രേഡ് യുണിയനുകള്‍ കാണിക്കുന്ന നിരന്തരമായ അവഗണനയാണ് ഒരു സ്ത്രീപക്ഷ ട്രേഡ് യൂണിയന്‍ രൂപീകരിക്കപ്പെട്ടതിനു പിന്നിലെ പ്രധാന കാരണം.

കോഴിക്കോട് മിഠായി തെരുവിലെ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പെണ്‍കൂട്ടില്‍ നിന്നാണ് അസംഘടിത മേഖല തൊഴിലാളി യൂണിയന്‍ രൂപം കൊള്ളുന്നത്. 2010-ല്‍ പെണ്‍കൂട്ടിന്റെ നേതൃത്വത്തില്‍ നടന്ന മൂത്രപ്പുര സമരം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചതാണ്. മിഠായിത്തെരുവിലെ സ്ത്രീ തൊഴിലാളികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ മൂത്രപ്പുര സൗകര്യം പോലും ഇല്ലാത്തതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഈ സമരം നടന്നത്.

കൂപ്പണ്‍ മാള്‍ സമരം, ഇരിക്കല്‍ സമരം, കോഴിക്കോട് കോര്‍പ്പറേഷനിലെ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ സമരം തുടങ്ങി നിരവധി സ്ത്രീ തൊഴിലാളി സമരങ്ങളെ എ.എം.ടി.യു മുന്നോട്ടു നയിച്ചു. എ.എം.ടി.യു നേതൃത്വം വഹിച്ച പല സമരങ്ങളിലും ഇതൊരു രജിസ്റ്റര്‍ ചെയ്യപ്പെട്ട യൂണിയനല്ല എന്ന കാര്യം വലിയ വിവാദമായിരുന്നു. ഒരു ട്രേഡ് യൂണിയനെ സംബന്ധിച്ചിടത്തോളം രജിസ്‌ട്രേഷന്‍ ഇല്ലെങ്കിലും അതൊരു ട്രേഡ് യുണിയന്‍ തന്നെയാണ്. ഒരു സ്ത്രീപക്ഷ ട്രേഡ് യുണിയന്റെ വളര്‍ച്ചയില്‍ പുരുഷാധിപത്യ സമൂഹത്തിനുണ്ടാകുന്ന ഈര്‍ഷ്യ മാത്രമാണ് ഇത്തരം വിവാദങ്ങള്‍ വെളിവാക്കുന്നത്.
ഒരു തുടക്കക്കാരിയായ അഭിഭാഷകയുടെ എല്ലാവിധ ആവേശത്തോടും കൂടിയാണ് 2015 ജൂലൈ മാസത്തില്‍ എ.എം.ടി.യു വിന്റെ രജിസ്‌ട്രേഷനുള്ള അപേക്ഷ യൂണിയന്‍ സെക്രട്ടറി പി.വിജിയുടെയും പ്രസിഡന്റ് ഷീനയുടെയും സാന്നിദ്ധ്യത്തില്‍ കോഴിക്കോട് ലേബര്‍ ഓഫീസില്‍ സമര്‍പ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ഏഴു മാസത്തോളമായി രജിസ്‌ട്രേഷന്‍ തരാതിരിക്കാനും രജിസ്‌ട്രേഷന്‍ നടപടികള്‍ വൈകിപ്പിക്കാനും ലേബര്‍ വകുപ്പ് അധികാരികള്‍ നടത്തിയ ശ്രമം നിരാശയുളവാക്കുന്നതായിരുന്നു. ഒരു സ്ത്രീപക്ഷ ട്രേഡ് യൂണിയന്‍ സാധ്യമല്ലെന്നതായിരുന്നു ഒന്നാമത്തെ വാദം. 1972ല്‍ രജിസ്‌ട്രേഷന്‍ ലഭിച്ച സേവ സ്ത്രീകളുടെ ട്രേഡ് യൂണിയനായിരുന്നു എന്ന കാര്യം ബോധപൂര്‍വ്വം മറന്നുകൊണ്ടാണ് ലേബര്‍ ഓഫീസര്‍ സംസാരിച്ചത്. എന്നാല്‍ സേവയില്‍ (Self Employed Womens Association-SEWA) നിന്നും എ.എം.ടി.യുവിനുള്ള ഒരു പ്രധാന വ്യത്യാസം എ.എം.ടി.യുവില്‍ പുരുഷ തൊഴിലാളികളും അംഗങ്ങളായുണ്ട് എന്നുള്ളതാണ്. അസംഘടിത മേഖല എന്നൊരു തൊഴില്‍ മേഖല തന്നെ ഇല്ലെന്നായിരുന്നു ലേബര്‍ വകുപ്പിന്റെ രണ്ടാമത്തെ വാദം. 2007 ല്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ എന്റര്‍പ്രൈസസ് ഇന്‍ ദി അണ്‍ഓര്‍ഗനൈസ്ഡ് സെക്ടര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച അര്‍ജുന്‍ സെന്‍ ഗുപ്ത റിപ്പോര്‍ട്ടില്‍ അസംഘടിത തൊഴില്‍ മേഖലയെ വളരെ വിശാലമായ അര്‍ത്ഥത്തില്‍ നിര്‍വചിച്ചിട്ടുണ്ട്. ഇത് ലേബര്‍ വകുപ്പിനെ രേഖാമൂലം ബോധ്യപ്പെടുത്തേണ്ടി വന്നു. ഇവയെ കൂടാതെ സാങ്കേതിക കാര്യങ്ങളെ കുറിച്ചുള്ള നിരവധി വാദങ്ങളും പ്രതിവാദങ്ങളും ഈ സംഘടനയുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടുനടന്നു. ലേബര്‍ വകുപ്പുയര്‍ത്തിയ പല വാദങ്ങളും അടിസ്ഥാനരഹിതവും പൊള്ളയായതുമായിരുന്നു.

ആണധികാരം തൊഴിലിടങ്ങളിലും ട്രേഡ് യൂണിയനുകളിലും കൊടികുത്തി വാഴുന്ന ഒരു കാലഘട്ടത്തില്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നുകൊണ്ട് ഒരു സ്ത്രീപക്ഷ ട്രേഡ് യുണിയന്‍ രജിസ്‌ട്രേഷന്‍ നേടിയെടുക്കുന്നത് ഏറെ അഭിമാനകരവും അഹങ്കരിക്കത്തക്കതുമാണ്. പെണ്‍കൂട്ടാകട്ടെ വിശാലമായ ഉദ്ദേശ ലക്ഷ്യങ്ങളോടുകൂടി സ്ത്രീകളുടെ ഒരു തുറന്ന തട്ടകമായി തുടര്‍ന്ന് പ്രവര്‍ത്തിച്ചു വരുന്നു.


(അഭിഭാഷകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories