TopTop
Begin typing your search above and press return to search.

സമരം ജയിച്ചു, സ്ത്രീത്തൊഴിലാളികള്‍ക്ക് ഇപ്പോഴും പഴയ അവസ്ഥ തന്നെ, മൂത്രമൊഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുന്ന എസ് എം സ്ട്രീറ്റിലെ തൊഴിലാളി ജീവിതം

സമരം ജയിച്ചു, സ്ത്രീത്തൊഴിലാളികള്‍ക്ക് ഇപ്പോഴും പഴയ അവസ്ഥ തന്നെ, മൂത്രമൊഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുന്ന എസ് എം സ്ട്രീറ്റിലെ തൊഴിലാളി ജീവിതം

'മൂത്രമൊഴിക്കുന്ന കാര്യം മാത്രം പറയേണ്ട. ഇപ്പോ അതെല്ലാം ശീലമായി. രാവിലെ വീട്ടില്‍ നിന്ന് മൂത്രമൊഴിച്ച് വന്നാല്‍ പിന്നെ വീട്ടില്‍ ചെന്നിട്ടേയുള്ളൂ. ഇവിടെ വന്നാല്‍ പിന്നെ അത് നടക്കില്ല.' ഷിജിന സാധാരണമട്ടില്‍ താനടക്കമുള്ള സ്ത്രീകളുടെ പകല്‍ ജീവിതത്തെക്കുറിച്ച് പറഞ്ഞു. മൂത്രപ്പുര സമരം നടന്ന കോഴിക്കോട് മിഠായിത്തെരുവിലെ സ്ത്രീത്തൊഴിലാളികളുടെ പെടാപ്പാടുകള്‍ തീരുന്നില്ല. പ്രാഥികാവശ്യം നിറവേറ്റാനുള്ള ഇടത്തിനായുള്ള ഇവരുടെ നിലവിളികള്‍ അവസാനിക്കുന്നുമില്ല. 'വെള്ളം കുടിക്കാറില്ല. ഒരു ചെറിയ കുപ്പിയില്‍ വെള്ളം കൊണ്ടുവരും. അതില്‍ കുറേ ഭക്ഷണം കഴിച്ച് കൈകഴുകാന്‍ എടുക്കും. ബാക്കിയുള്ള കുറച്ച് വെള്ളം മാത്രം കുടിക്കും. വെള്ളം കൂടുതല്‍ കുടിച്ചാല്‍ മൂത്രമൊഴിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ എവിടെപ്പോവും?' ഷിജിന തുടര്‍ന്നു. ' വേനല്‍ക്കാലത്ത് പോലും വെള്ളം കുടിക്കാതെ കഴിച്ചുകൂട്ടും. എന്നിട്ടും മൂത്രശങ്ക അടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ട്രീറ്റില്‍ തന്നെയുള്ള ഏതെങ്കിലും ഹോട്ടലില്‍ ചായകുടിക്കാനായി ഓടും. ഒരു ചായയും കുടിച്ച് കാര്യം സാധിച്ചിട്ട് പോരും.' മിഠായിത്തെരുവില ഒരു കടയില്‍ ജോലി ചെയ്യുകയാണ് ഷിജിന. മിഠായിത്തെരുവിലും കോഴിക്കോട്ടെ മറ്റ് തെരുവുകളിലുമായി ഷിജിനയെപ്പോലെ ആയിരങ്ങളെ കാണാം.

തുണിക്കടയിലെ ജീവനക്കാരിയാണ് ഷോളി. മൂത്രപ്പുരകളില്ലാത്ത ആര്‍ത്തവ ദിനങ്ങളെക്കുറിച്ചായിരുന്നു ഷോളിയുടെ ആവലാതികള്‍. ' വെള്ളം കുടിക്കാതെ നിന്ന് എങ്ങനെയെങ്കിലും മൂത്രത്തെ തടഞ്ഞ് നിര്‍ത്താം. പക്ഷെ ഇത് പെണ്ണുങ്ങള്‍ക്ക് മാസാമാസം വരുന്നതല്ലേ. അതിനെ എങ്ങനെ തടുത്ത് നിര്‍ത്തും. ഈ സമയത്താണ് മൂത്രപ്പുര ഇല്ലാത്തതിന്റെ പ്രശ്‌നം ശരിക്കും അറിയുക. നാപ്കിന്‍ ചെയ്ഞ്ച് ചെയ്യാനോ, വൃത്തിയായിരിക്കാനോ പറ്റാറില്ല. രണ്ടും മൂന്നും നാപ്കിന്‍ ഒന്നിച്ച് ഉപയോഗിച്ചാണ് പലരും ഈ അവസ്ഥയില്‍ പിടിച്ച് നില്‍ക്കുന്നത്. അതുകൊണ്ടുണ്ടാവുന്ന അലര്‍ജിയും ഇന്‍ഫക്ഷനും എല്ലാം വേറെ. ബാത്‌റൂം ഉണ്ട്. ഇല്ലെന്ന് പറയില്ല. പക്ഷെ 10 മിനിറ്റിലധികം നടപ്പുണ്ട് അവിടേക്ക്. മുതലാളിയോട് ബാത്‌റൂമില്‍ പോവാനുള്ള അനുവാദവും ചോദിച്ച് നാപ്കിനും എടുത്ത് അങ്ങോട്ട് നടന്നെത്തുമ്പോഴായിരിക്കും അവിടെ വെള്ളം കാണില്ല. കുപ്പിവെള്ളവും ഏറ്റിപ്പെറുക്കി എത്രദൂരം നടന്ന് ചെന്നാലാണ് നാപ്കിന്‍ ഒന്ന് മാറ്റാന്‍ കഴിയുക? അത് ആലോചിക്കുമ്പോള്‍ വരുന്നത് വരട്ടെ എന്ന് കരുതും.'

മിഠായിത്തെരുവില്‍ ഏതാനും ചില കെട്ടിടങ്ങളില്‍ മൂത്രപ്പുര സൗകര്യമുണ്ട്. എന്നാല്‍ ഭൂരിഭാഗവും മൂത്രപ്പുര സൗകര്യമില്ലാത്ത കെട്ടിടങ്ങളാണ്. ഇവിടങ്ങളിലെല്ലാം വര്‍ഷങ്ങളായി സ്ത്രീ ജീവനക്കാരും ജോലി ചെയ്യുന്നു. പുരുഷന്‍മാര്‍ കട മറവുകളോട് ഓരം പറ്റി മൂത്രശങ്ക തീര്‍ക്കുമ്പോള്‍ പെണ്ണുങ്ങള്‍ ആ 'ശങ്ക'യ്ക്ക് ഇടകൊടുക്കാതിരിക്കാനായി വെള്ളം പോലും കുടിക്കാതെ പത്തും പന്ത്രണ്ടും മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നു. ' മൂത്രം ഒഴിക്കാന്‍ സ്ഥലം ഇല്ലാത്തോണ്ട് ട്യൂബ് ഇടും എന്ന് പറഞ്ഞാല്‍ ങ്ങള് വിശ്വസിക്ക്വോ?' തൊഴിലാളിയായ നിമ ചോദിക്കുന്നു. ' അങ്ങനെ ചെയ്യണവരും ണ്ട് ഇവിടെ. മൂത്രക്കുപ്പീം കൊണ്ടൊക്കെ നടക്കണോര്. ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഇത്തിരി പ്രായമായവര്‍ക്ക്, പ്രസവം കഴിഞ്ഞ് ചിലപ്പോ വെള്ളം കുടിച്ചില്ലേലും മൂത്രം നിയന്ത്രിക്കാന്‍ പറ്റീന്ന് വരില്ല. അങ്ങനെയൊള്ളോര് കുപ്പി കയ്യില്‍ കരുതുന്നുണ്ട്. മറവിലെവിടെയെങ്കിലും പോയി നിന്ന് മൂത്രമൊഴിക്കും. പാളയത്തിനടുത്ത് ഒരു സ്ഥലത്ത് മൂത്രപ്പുര തുറന്നിട്ടുണ്ട്. മാനാഞ്ചിറ സ്‌ക്വയറിന്റെക്കെ അടുത്തും ഒന്നുണ്ട്. മൂത്രം ഒഴിക്കാന്‍ തോന്നുമ്പോള്‍ ഈടെ വരെക്കെ നടന്നെത്താന്‍ ആരെക്കൊണ്ടാവും? എത്തിയാ തന്നെ കുറേ ആളുകള്‍ അതിന് മുന്നില്‍ കാത്ത്‌നില്‍പ്പുണ്ടാവും.'

പാളയത്തിനടുത്ത് പുതുതായി തുറന്ന മൂത്രപ്പുരയും മുതലക്കുളത്തിനടുത്തുള്ളതും കഴിഞ്ഞാല്‍ പി എം താജ് റോഡിലെ സുലഭ് കംഫര്‍ട്ട് സ്റ്റേഷനാണ് പിന്നെ തൊഴിലാളികള്‍ക്ക് ആശ്രയം. എന്നാല്‍ പല കടകളില്‍ നിന്നും അരകിലോമീറ്ററിലധികം ദൂരത്താണ് ഈ മൂത്രപ്പുര. അതിനാല്‍ പല സ്ത്രീകളും അവിടേക്ക് പോവാന്‍ മടിക്കുന്നു. അത്രയും സമയം ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോള്‍ സ്ഥാപന ഉടമയ്ക്കുണ്ടാവുന്ന ഭാവ മാറ്റത്തെയും പലരും ഭയക്കുന്നു. ചില ബില്‍ഡിങ്ങുകളില്‍ മൂത്രപ്പുര സൗകര്യം ഉണ്ടെങ്കിലും അത് മറ്റ് കെട്ടിടങ്ങളിലോ കടകളിലോ ഉള്ളവര്‍ക്ക് ഉപയോഗിക്കാനായി വിട്ടു നല്‍കുന്നില്ലെന്ന് പരാതിയും ചിലര്‍ ഉന്നയിക്കുന്നു. 'മുന്നത്തെ മാതിരിയുള്ള അത്രേം പ്രശ്‌നം ഇപ്പോ ഇല്ല. മുന്നെ മൂത്രം എന്ന വാക്ക് മിണ്ടിക്കൂട. അപ്പഴേക്കും മുതലാളിമരോ മുതലാളി ഏല്‍പ്പിച്ചവരോ തുടങ്ങും. മൂത്രം ഒഴിക്കാന്‍ പോവുന്നത് എന്തോ വലിയ കുറ്റം കണക്കായിരുന്നു. നല്ലോം ചീത്ത വിളിക്കും. ഇതെന്താ വെള്ളം തന്നെ കുടിച്ചിട്ടിരിക്കുവാണോ, നിങ്ങക്ക് വേറെ പണിയൊന്നുമില്ലേ, പണി എടുക്കണ്ട സമയത്ത് മൂത്രോഴിക്കാന്‍ പോണോ, എന്നൊക്കെ പറഞ്ഞ് ചൂടാവുകയും ചെയ്യും മൂത്രം ഒഴിക്കാന്‍ സമയം തരികയുമില്ല. ചാകുടിക്കാന്‍ പോവുന്നു എന്ന പറഞ്ഞിറങ്ങി മൂത്രമൊഴിക്കാന്‍ പോയ സമയം ഉണ്ട്. പിന്നെ മൂത്രം ഒഴിക്കുക എന്ന് പറഞ്ഞാല്‍ എന്തോ സെക്‌സ് പറയുമ്പോലെ ഒരു വളിഞ്ഞ ചിരിയും പരിഹാസോം ഒക്കെയായി നമ്മളെ ചൊറിയുവായിരുന്നു. ഇപ്പോ അങ്ങനത്തെ പ്രശ്‌നം ഇല്ല. മൂത്രം ഒഴിക്കാന്‍ പോവുന്നു എന്ന് പറഞ്ഞിട്ട് പോവാം. പക്ഷെ എവിടെപ്പോവും? ഇത്രേം ദൂരം നടന്ന് പോയി മൂത്രമൊഴിച്ചിട്ട് വരുമ്പോള്‍ അര മുക്കാല്‍ മണിക്കൂര്‍ ചുരുങ്ങിയത് ആവും. അത് മുതലാളിമാര്‍ക്ക് അത്ര പിടിക്കുന്ന കാര്യമല്ല. മുഖം മാറും, ചിലപ്പോള്‍ ചീത്തവിളിക്കും. നമ്മളെന്താക്കാനാ? നമ്മുടെ പ്രശ്‌നം നമ്മക്കല്ലേ അറിയൂ. ഉടമസ്ഥരുടെ മുഖം മാറുന്നതും പരുഷമായ വര്‍ത്തമാനവും പേടിച്ചിട്ട് ചിലരൊന്നും മൂത്രമൊഴിക്കാന്‍ തന്നെ പോവാറില്ല. പിന്നെ ഈ കോമണ്‍ ബാത്‌റൂം അല്ലാതെ വേറെ സൗകര്യം ഒക്കെ മിഠായിത്തെരുവില്‍ ഉണ്ട്. ബില്‍ഡിങ് ആയി പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ചിലയിടത്തെല്ലാം മൂത്രപ്പുരകളുണ്ട്. ബില്‍ഡിങ്ങില്‍ കൂടാതെ ഓരോ ഫ്‌ലോറിലും ഓരോ ബാത്‌റൂം ഉള്ള സ്ഥലവുമുണ്ട്. പക്ഷെ അത് അതത് ഷോപ്പുകാര്‍ കീ സൂക്ഷിച്ച് വക്കും. മറ്റ് കടകളിലെ ആളുകള്‍ ചെന്നാല്‍ കീ തരില്ല. കുട്ടിക്ക് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് ാെരു കസ്റ്റമര്‍ വന്നിട്ട് പോലും കീ കൊടുക്കാതെ പോയ സംഭവമുണ്ട്. ബാത്‌റൂം ക്ലീനിങ്ങിന് ഷോപ്പുകാര്‍ ഷെയര്‍ ഇട്ടാണ് ജോലിക്കാരെ വക്കുന്നത്. ഷെയര്‍ കൊടുക്കുന്നവര്‍ക്കല്ലാതെ ബാത്‌റൂമിന്റെ താക്കോല്‍ വേറെ ആര്‍ക്കും കൊടുക്കില്ല. കോഴിക്കോട്ടെ മിഠായിത്തെരുവിലടക്കം എല്ലാ തെരുവുകളിലും ബില്‍ഡിങ്ങിനേക്കാള്‍ ഒറ്റമുറി കടകളാണ് കൂടുതലും. അവിടെ ജോലിയെടുക്കുന്നവര്‍ക്കും കൂടി ഉള്ള മൂത്രപ്പുരകള്‍ ഉപയോഗിക്കാന്‍ അനുവാദം ലഭിച്ചാലും മതി. പക്ഷെ അതൊന്നും ആരും സമ്മതിക്കാറില്ല.'

മൂത്രപ്പുര സമരം

2005-2006 കാലയളവിലാണ് കോഴിക്കോട് മിഠായിത്തെരുവിലെ കടകളില്‍ പുരുഷ തൊഴിലാളികള്‍ക്കൊപ്പം സ്ത്രീ തൊഴിലാളികളും ജോലിക്കെത്തിയത്. മൂത്രമൊഴിക്കാനുള്ള അനുവാദമില്ല, ഉണ്ടെങ്കില്‍ തന്നെ അതിനുള്ള ഇടവുമില്ല- ഇതായിരുന്നു അന്നത്തെ അവസ്ഥ. മിഠായിത്തെരുവില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ ഇടമില്ലാത്ത പ്രശ്‌നം ആദ്യമായി പൊതുശ്രദ്ധയില്‍ കൊണ്ടുവരുന്നത് 'പെണ്‍കൂട്ടി'ന്റെ നേതൃത്വത്തിലാണ്. 2008ലെ അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് ' ഞങ്ങള്‍ക്കും മൂത്രപ്പുര വേണം, ഞങ്ങള്‍ക്കും മൂത്രമൊഴിക്കണം, ഞങ്ങളും മനുഷ്യരാണ്. തൊഴിലാളികളാണ്' എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് പെണ്‍കൂട്ടിന്റെ നേതൃത്വത്തില്‍ സ്ത്രീതൊഴിലാളികള്‍ രംഗത്തെത്തിയത്. മൂത്രമൊഴിക്കാനുള്ള സ്ഥലത്തിനും സമയത്തിനും വേണ്ടി 2008ല്‍ സമരം ചെയ്തവരാണ് കോഴിക്കോട്ടെ പെണ്‍കൂട്ടിന്റെ നേതൃത്വത്തിലുള്ള അസംഘടിതമേഖല തൊഴിലാളി യൂണിയന്‍. അന്ന് ഒരു ബില്‍ഡിങ്ങില്‍ പോലും മൂത്രപ്പുര സൗകര്യം ഇല്ലായിരുന്നു. മുഴുവന്‍ സ്ത്രീ തൊഴിലാളികള്‍ക്കും കടയുടമയുടെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങി ഏതെങ്കിലും ഹോട്ടലുകളില്‍ ചായകുടിക്കാനെന്ന പേരിലോ പൊതുമൂത്രപ്പുരകളിലോ പോകണമായിരുന്നു. പെണ്‍കൂട്ടിനന്റെ ഇടപെടലുകളുണ്ടായപ്പോള്‍ വ്യാപാരി വ്യവസായി ഏകോപ സമിതി പ്രസിഡന്റ് പറഞ്ഞത് അന്നത്തെ കടയുടമകളുടെ മനോഭാവമായിരുന്നു. ' മൂത്രമൊഴിക്കാന്‍ അവകാശപ്പെടുന്നവര്‍ വീട്ടിലിരുന്നാല്‍ മതി, അല്ലാതെ മിഠായിത്തെരുവിലെ കടകള്‍ പൊളിച്ചുമാറ്റി മൂത്രപ്പുരയുണ്ടാക്കാവനാവില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കടയുടമയുടെ അശ്ലീലച്ചുവയുള്ള കമന്റുകളെയും ഭയപ്പെടുത്തലുകളേയും നേരിടാന്‍ ഭയന്നും മൂത്രപ്പുര സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടും തിരിച്ചു വീട്ടിലെത്തുന്നതുവരെ മൂത്രമൊഴിക്കാതിരിക്കുയായിരുന്ന തൊഴിലാളി സ്ത്രീകള്‍ നടത്തിയ സമരം ഒരര്‍ഥത്തില്‍ വിജയമായിരുന്നു. ജില്ലാ കളക്ടര്‍ വിഷയത്തില്‍ നേരിട്ടിടപെട്ടു. 2010ല്‍ ആറുമാസത്തിനകം പരിശോധന നടത്തി നിലവിലെ കെട്ടിടങ്ങളില്‍ സൗകര്യങ്ങളേര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. പിന്നീട് മിഠായിത്തെരുവിലെ ചുരുക്കം ചില കെട്ടിടങ്ങളില്‍ മൂത്രപ്പുരകളുണ്ടായി. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായില്ല.

സമരത്തിന് ശേഷം

സമരത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ, മിഠായിത്തെരുവിലെ തയ്യല്‍ ജോലിക്കാരിയായ എ കെ സക്കീന പറയുന്നു 'ഞാന്‍ ജോലി ചെയ്യുന്ന ബില്‍ഡിങ്ങില്‍ സമരത്തിന് ശേഷം മൂത്രപ്പുര വന്നു. എല്ലാ ഫ്‌ലോറിലും ഓരോ മൂത്രപ്പുര വീതം ഉണ്ട്. കുറേക്കാലം മൂത്രപ്പുരയുടെ മണം വരും എന്നും കസ്റ്റമേഴ്‌സിന് ബുദ്ധിമുട്ടാവും എന്നും പറഞ്ഞ് പൂട്ടിയിട്ടു. പക്ഷെ പിന്നീട് ഞങ്ങള്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ അത് തുറന്നു. എന്നാല്‍ ഇവിടെ മൂത്രപ്പുരയില്‍ ഉപയോഗിക്കുന്ന വെള്ളം വളരെ മോശമാണ്. അത് ഉപയോഗിച്ചാല്‍ അണുബാധയോ മറ്റ് വിഷയങ്ങളോ ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. ബില്‍ഡിങ്ങുകളില്‍ ചിലതില്‍ മൂത്രപ്പുര വന്നെങ്കിലും മിഠായിത്തെരുവിലെ മൂത്രപ്പുരയില്ലാ പ്രശ്‌നം മാറി എന്ന് കരുതുന്നില്ല. ധാരാളം കടകളിലെ സ്ത്രീകള്‍ ഇപ്പോഴും ബുദ്ധിമുട്ടുന്നു. പലര്‍ക്കും മൂത്രാശയരോഗങ്ങളും ഗര്‍ഭാശയ രോഗങ്ങളും കാണാറുണ്ട്. '

മറ്റൊരു തൊഴിലാളിയായ ജീജ പറയുന്നു ' മൂത്രപ്പുര പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെട്ടില്ലെങ്കിലും സമരം കൊണ്ട് കുറേയേറെ ഗുണമുണ്ടായി. മൂത്രം എന്ന് മിണ്ടാന്‍ മടിച്ചിരുന്ന സ്ത്രീകളെല്ലാം മൂത്രം ഒഴിക്കാന്‍ പോവണമെന്ന് ധൈര്യമായി ആവശ്യപ്പെടാന്‍ തുടങ്ങി. മൂത്രം ഒഴിക്കുന്നതിനുള്ള സൗകര്യമില്ലായ്മയെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാന്‍ മടിയില്ലാത്തവരായി. അവകാശങ്ങളെക്കുറിച്ച് ബോധവതികളായി.'

എല്ലാ ബില്‍ഡിങ്ങുകളിലും മൂത്രപ്പുര നിര്‍ബന്ധമാണെന്ന ഉത്തരവ് പലരും പാലിക്കുന്നില്ല. പല ബില്‍ഡിങ്ങുകളിലും മൂത്രപ്പുരക്കായി ഒഴിച്ചിട്ടിരിക്കുന്ന സ്ഥലങ്ങളുണ്ട്. എന്നാല്‍ ഇവയെല്ലാം ചെറിയ കടമുറികളോ, സ്‌റ്റോര്‍ റൂമോ, ഒക്കെയായി രൂപാന്തരപ്പെട്ടിരിക്കുന്നു. കോര്‍പ്പറേഷന്‍ അധികൃതരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്നാണ് തൊഴിലാളികള്‍ ഉന്നയിക്കുന്ന ആക്ഷേപം. ' ബില്‍ഡിങ്ങില്‍ മൂത്രപ്പുര സൗകര്യം ഉണ്ടായിരിക്കണം എന്നുള്ളത് നിയമമാണ്. എല്ലാ ബില്‍ഡിങ്ങിന്റെയും പ്ലാനില്‍ ഇത് ഉണ്ടാവുകയും ചെയ്യും. എന്നാല്‍ അനുമതി ലഭിച്ച് കഴിഞ്ഞാല്‍ പിന്നീട് ഈ സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്കായി മാറ്റുകയാണ് പതിവ്. ഇപ്പോഴും മിഠായിത്തെരുവിലെ പല ബില്‍ഡിങ്ങുകളിലും മൂത്രപ്പുരക്കായുള്ള സ്ഥലം ഉണ്ട്. പക്ഷെ അതെല്ലാം ചെറിയ കടമുറികളോ, സ്‌റ്റോര്‍ റൂമോ ആയി മാറ്റി. കോര്‍പ്പറേഷന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായി ഫോളോ അപ്പ് ഇല്ലാത്തതാണ് കെട്ടിട ഉടമകള്‍ക്ക് സഹായകമാവുന്നത്. പുതിയ ബില്‍ഡിങ്ങുകളിലടക്കം ഇതാണ് സ്ഥിതി. ഇടക്ക് വന്ന് ചെക്ക് ചെയ്താല്‍ ആര്‍ക്കും മനസ്സിലാവുന്ന കാര്യമാണ്.'

എന്നാല്‍ കോര്‍പ്പറേഷന്‍ അംഗീകരിച്ച കെട്ടിടങ്ങളില്‍ നിയമാനുസൃതമായ കാര്യങ്ങളാണോ നടക്കുന്നതെന്ന് നോക്കാനുള്ള ബാധ്യത കോര്‍പ്പറേഷനല്ലെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.' തീര്‍ച്ചയായും തൊഴിലളികളായ സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ സ്ഥലമില്ലാത്തത് ഗൗരവമേറിയ വിഷയം തന്നെയാണ്. കോര്‍പ്പറേഷന്‍ അനുമതി നല്‍കണമെങ്കില്‍ ബാത്‌റൂമിനായി സ്ഥലമുണ്ടായിരിക്കണം. എന്നാല്‍ പിന്നീട് ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടത് തൊഴില്‍ വകുപ്പാണ്.' തങ്ങള്‍ നടത്തുന്ന പരിശോധനകളില്‍ പല ബില്‍ഡിങ്ങുകളിലും കടകളിലും മൂത്രപ്പുര സൗകര്യം ഇല്ലാത്തതും അതുവഴി സ്ത്രീകള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളും മനസ്സിലാക്കാറുണ്ട്. എന്നാല്‍ ഇതില്‍ പ്രത്യേക നടപടിയെടുക്കാന്‍ കഴിയില്ലെന്നും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

എല്ലാ ബില്‍ഡിങ്ങുകളിലും മൂത്രപ്പുര സൗകര്യം ലഭ്യമാക്കിയാല്‍ മാത്രമേ തങ്ങള്‍ ഉന്നയിച്ച ആവശ്യം നടപ്പായി എന്ന് പറയാനാവൂ എന്ന് പെണ്‍കൂട്ടിന് നേതൃത്വം നല്‍കുന്ന വിജി പെണ്‍കൂട്ട്‌ പ്രതികരിച്ചു.' സമരത്തിന് ശേഷം മൂത്രപ്പുരകള്‍ വന്നു. പക്ഷെ അത് പോര. ഓരോ ബില്‍ഡിങ്ങിലും മൂത്രപ്പുരകള്‍ വന്നാലേ സമരത്തിലൂടെ ഞങ്ങള്‍ ഉദ്ദേശിച്ച കാര്യം നടപ്പായി എന്ന് പറയാന്‍ പറ്റൂ. ഇപ്പോഴും അതായിട്ടില്ല. ജില്ലാ കളക്ടര്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിലാണ് പ്രതീക്ഷ.' കോഴിക്കോട് നഗരത്തിലെ ബില്‍ഡിങ്ങുകള്‍ പരിശോധിച്ച് ഏതെല്ലാം ബില്‍ഡിങ്ങുകളിലാണ് മൂത്രപ്പുര സൗകര്യം ഇല്ലാത്തതെന്നും, മൂത്രപ്പുരക്കായുള്ള സ്ഥലം ദുരുപയോഗം ചെയ്യുന്നതെന്നും കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ താന്‍ നിര്‍്‌ദ്ദേശിച്ചതായും ഉടന്‍ അവലോകന യോഗം നടത്തി ഇക്കാര്യം തീരുമാനിക്കുമെന്നും ജില്ലാ കളക്ടര്‍ പറയുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ആര് തന്നെ നടപടിയെടുത്താലും തങ്ങള്‍ക്ക് മൂത്രമൊഴിക്കാനുള്ള സൗകര്യം ലഭ്യമാവണെന്നതാണ് സ്ത്രീ തൊഴിലാളികളുടെ ആവശ്യം.

Read: ‘നിങ്ങള്‍ ഒരു ചുക്കും ചെയ്യില്ല’; ബിബിസിയുടെ നൂറു സ്ത്രീകളിലൊരാള്‍ വിജി പെണ്‍കൂട്ടിന്റെ സമരവഴികള്‍ ഇതാണ്

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി
കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories