TopTop
Begin typing your search above and press return to search.

ഭക്ഷണം ക്രമീകരിക്കൂ; സുന്ദരിയാകാം

ഭക്ഷണം ക്രമീകരിക്കൂ; സുന്ദരിയാകാം

ആരോഗ്യമുള്ള ശരീരത്തിലെ സൗന്ദര്യം കുടികൊള്ളു. ഉചിതവും ആരോഗ്യകരമാവുമായ ഭക്ഷണം ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ പരമപ്രധാനം.പഴങ്ങളും പച്ചക്കറികളുമടക്കമുള്ള പ്രകൃതിദത്ത ആഹാരങ്ങള്‍ ഭക്ഷണ ക്രമത്തില്‍ ഇടം നേടിയാല്‍ ആരോഗ്യപ്രദവും സൗന്ദര്യ പൂര്‍ണവുമായ ശരീരത്തിനുടമയാകാം. വിശാലവും വ്യത്യസ്തവും,ഉയര്‍ന്ന പോഷകമൂല്യങ്ങളുള്ളതുമായ വിഭവങ്ങള്‍ പ്രകൃതി നമുക്കായി ഒരുക്കി വച്ചിരിക്കുന്നു.

ശരീര പുഷ്ടിക്കും സൗന്ദര്യത്തിനും പോഷക സമൃദ്ധമായ ആഹാരങ്ങള്‍ ആവശ്യമാണ്.അവ ഏതാണെന്നു മനസ്സിലാക്കി ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ആഹാരത്തില്‍ ഇരുമ്പ്,കാല്‍സ്യം,പ്രോട്ടീന്‍,അയഡിന്‍,വിറ്റമിന്‍സ്,മിനറല്‍സ് എന്നിവയടങ്ങിയ പ്രകൃതി വിഭവങ്ങള്‍ ഇടം നേടിയിരിക്കണം. ധരാളം വെള്ളം കുടിക്കേണ്ടതും ആരോഗ്യ സൗന്ദര്യ പരിപാലനത്തിന് അത്യാവശ്യമാണ്.

*വെള്ളം: ദിവസവും രാവിലെ ഒരുഗ്ലാസ്സ് ഇളം ചൂടുവെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുക.രോഗങ്ങള്‍ വരാതിരിക്കാനും ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കും വെള്ളം അത്യാവശ്യഘടകമാണ്. ദിവസവും കുറഞ്ഞത് 8 -10 ഗ്ലാസ് വെള്ളമെങ്കിലും ഒരാള്‍ കുടിച്ചിരിക്കണം.വെള്ളത്തില്‍ തേനും നാരങ്ങയും ചേര്‍ത്ത് കുടിക്കുന്നത് വളരെനന്ന്.അമിത വണ്ണം കുറക്കാനും ഇത് സഹായിക്കുന്നു. അതിനോടൊപ്പം ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മത്തിന് കാന്തി നല്‍കുന്നു.ചര്‍മ്മത്തിലെ ജലാംശത്തെ നിലനിര്‍ത്തുന്നു.

*കാല്‍സ്യം: കാല്‍സ്യം എല്ലുകളുടെയും അസ്ഥികളുടെയും പല്ലുകളുടെയും ബലത്തിനും നിര്‍മാണത്തിനും അത്യാവശ്യമാണ്.ഉറപ്പുള്ള നിരയായ പല്ലുകള്‍ സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നു. പാല്‍,തൈര്,പാല്‍ക്കട്ടി,സോയാബീന്‍,ഓറഞ്ച്,വെണ്ടയ്ക്ക,മുതിര,ബദാം,. എന്നിവയില്‍ കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതു മുഖക്കുരുവും ചുളിവുകളും ഇല്ലാതാക്കി ചര്‍മ്മത്തിന് യുവത്വവും പ്രസരിപ്പും പ്രദാനം ചെയ്യുന്നു.

*അയഡിന്‍: അയഡിന്റെ അഭാവം തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനം സ്തംഭിപ്പിക്കുന്നു.തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിലൂടെ ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റുന്ന പ്രക്രിയക്ക് സഹായിക്കുന്ന ഹോര്‍മോണുകളുടെ ഉല്പാദനത്തിന് അയഡിന്‍ ആവശ്യമാണ്.ശരീര താപം നിയന്ത്രിക്കുന്നതിനും കോശങ്ങളുടെ വളര്‍ച്ചക്കും വിഘടനത്തിനും ഹൃദയം,വൃക്ക,കരള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സുഗുമമാക്കാനും തൈറോയ്ഡ് ഹോര്‍മോണ്‍ അനിവാര്യമാണ്. ഊര്‍ജസ്വലത ഇല്ലായ്മ, ക്ഷീണം, ഡിപ്രഷന്‍, മുടികൊഴിച്ചില്‍, കഴുത്തില്‍ കാണപ്പെടുന്ന മുഴ, അമിതവണ്ണം എന്നിവ തൈറോയ്ഡ് രോഗത്തിന്റെ ലക്ഷണങ്ങളാണ്. വരണ്ട ചര്‍മ്മം ,മുടികൊഴിച്ചില്‍ തുടങ്ങിയ സൗന്ദര്യ പ്രശ്ങ്ങള്‍ക്കും അയഡിന്റെ കുറവ് കാരണമാകുന്നു.അയഡിന്‍ ചേര്‍ന്ന ഉപ്പ് ശീലമാക്കിയും,അയഡിന്റെ ഉറവിടങ്ങളായ ചെറു മല്‍സ്യങ്ങള്‍,മീനെണ്ണ,ഇലക്കറികള്‍ ,പച്ചക്കറികള്‍,പഴങ്ങള്‍ തുടങ്ങിയവ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയും അയഡിന്റെ കുറവ് നികത്താവുന്നതാണ്.

*പ്രോട്ടീന്‍: ശരീരത്തിന് ഉന്മേഷം നല്‍കുന്നതിനൊപ്പം ശാരീരിക വളര്‍ച്ചക്കും ബലത്തിനുംഅവശ്യ ഘടകം.രോഗങ്ങള്‍ വന്നു ശരീരം ക്ഷീണിച്ച അവസ്ഥ വന്നിട്ടിട്ടുള്ളവര്‍ക്കു പ്രോട്ടീന്‍ കൂടുതലായി വേണ്ടതാണ്.പാല്‍,പാലുല്പന്നങ്ങള്‍, എത്തപ്പഴം ,ഇറച്ചി,മുട്ട,മല്‍സ്യം,ചെറുപയര്‍ കടല,മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങളിലുമെല്ലാം പ്രാട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തിന്റെ ഇലാസ്തിക നിലനിര്‍ത്താന്‍ പ്രോട്ടീനില്‍ അടങ്ങിയിരിക്കുന്ന കൊളാജിന്‍ എന്ന ഘടകം സഹായിക്കുന്നു.വളര്‍ച്ചയെ വളരെയേറെ സഹായിക്കുന്നതിനാല്‍ കുട്ടികള്‍ക്കും ഇത്തരം ഭക്ഷണങ്ങള്‍ ശീലമാക്കേണ്ടതായിട്ടുണ്ട്.

*ഇരുമ്പ്: ഇരുമ്പിന്റെ അംശം രക്തം ശുദ്ധീകരിക്കുകയും,വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.നിത്യേനയുള്ള ഇരുമ്പിന്റെ ആവശ്യം മനുഷ്യനില്‍ 20 മുതല്‍ 30 മില്ലിഗ്രാം വരെയാണ്.ചീര,മല്‍സ്യങ്ങള്‍,പയറു വര്‍ഗ്ഗങ്ങള്‍,ധാന്യങ്ങള്‍,ബീന്‍സ്,ഉരുളക്കിഴങ്ങ്,ഉണക്കിയ പഴങ്ങള്‍ എന്നിവയില്‍ ഇരുമ്പിന്റെ അംശം ധാരാളമായി കാണപ്പെടുന്നു.ഇരുമ്പിന്റെ അഭാവം വിളര്‍ച്ച പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു.ശരീരത്തിന്റെ പ്രതിരോധശേഷി കുറയും.മുടിയുടെ ശരിയായ വളര്‍ച്ചക്കും ഇരുമ്പിന്റെ അംശം അടങ്ങിയ ഭക്ഷണങ്ങള്‍ നിത്യജീവിതത്തില്‍ ശീലമാക്കേണ്ടതായിട്ടുണ്ട്.

*കാര്‍ബോഹൈഡ്രേറ്റ്: ശരീരത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്കാവശ്യമായ ഊര്‍ജവും ആവശ്യത്തിന് ചൂടും പ്രദാനം ചെയ്യുന്നു.ഒരുപരിധി വരെ കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിന് ആവശ്യമാണ്.ഇതിന്റെ അളവ് അമിതമായാല്‍ അമിത വണ്ണത്തിന് കാരണമായേക്കാം.ശാരീരികമായി കഠിനാധ്വാനം ചെയ്യുന്നവര്‍ക്കു ഇത് കൂടുതലായി വേണ്ടിവരുന്നു. ഇരുന്നു ജോലി ചെയ്യുന്നവര്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ കൊഴുപ്പു വന്നടിഞ്ഞു ശരീരവടിവു നഷ്ടമാകും. അന്നജം എന്നപേരിലറിയപ്പെടുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ ഓര്‍ഗാനിക് സംയുക്തങ്ങളാണ്.ഇത് പഞ്ചസാരയിലും,മുഴുധാന്യങ്ങള്‍ പയറുവര്‍ഗ്ഗങ്ങള്‍,അണ്ടിപ്പരിപ്പുകള്‍,പാലുല്പന്നങ്ങളിലും ധാരാളമായി കാണപ്പെടുന്നു. ശരിയായ ആരോഗ്യത്തിന് കൃത്യമായ അളവില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.


റ്റിഞ്ചു ജോഷി

റ്റിഞ്ചു ജോഷി

കൊച്ചിയില്‍ ബ്യൂട്ടീഷ്യനാണ് ലേഖിക

Next Story

Related Stories