TopTop
Begin typing your search above and press return to search.

ജീവസ്സുറ്റ കണ്ണുകള്‍; തിളങ്ങുന്ന വ്യക്തിത്വം

ജീവസ്സുറ്റ കണ്ണുകള്‍; തിളങ്ങുന്ന വ്യക്തിത്വം

കണ്ണ്. ഈശ്വരന്‍ മനുഷ്യനു നല്‍കിയ വരദാനങ്ങളില്‍ അമൂല്യം. കാഴ്ചയിലേക്കുള്ള വാതില്‍ തുറന്നു തരുന്നതിനോടൊപ്പം വ്യക്തിയുടെ മുഖ സൗന്ദര്യത്തിന്റെ മാറ്റു നിര്‍ണയിക്കുന്നതിലും ആരോഗ്യമുള്ള കണ്ണുകള്‍ സുപ്രധാനമാണ്. വിടര്‍ന്നതും പ്രകാശമാനമായതുമായ കണ്ണുകള്‍ ഉത്തമ മുഖലക്ഷണമായി കണക്കാക്കപ്പെടുന്നു. വാക്കുകള്‍ക്കതീതമായി മാനുഷിക വികാരങ്ങളെ അതേപടി പകര്‍ത്താനും കണ്ണുകള്‍ക്കു കഴിയും.അതോടൊപ്പം ശരീരത്തിന്റെ തളര്‍ച്ചയും വിളര്‍ച്ചയും പ്രതിഫലിക്കുന്നതും കണ്ണുകളിലൂടെയാണ്.അതിനാല്‍ തന്നെ കണ്ണ് ജീവസ്സുറ്റതാണെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കുന്നു.

കണ്ണുകളുടെ ആരോഗ്യം എങ്ങനെയെല്ലാം പരിരക്ഷിക്കാം

കണ്ണുകളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും നമ്മുടെ ഭക്ഷണക്രമം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. ആരോഗ്യമുള്ള കണ്ണുകള്‍ക്കു വേണ്ടത്ര വൈറ്റമിന്‍ എ ബി സി എന്നിവ ആവശ്യമാണ്. അതിനാല്‍ മുട്ട വെണ്ണ പാല്‍ പച്ചക്കറികള്‍ ഇലക്കറികള്‍ പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ നമ്മുടെ ഭക്ഷണ ക്രമത്തില്‍ ഇടം നേടിയിരിക്കണം. .കാരറ്റ് തക്കാളി പപ്പായ മാങ്ങാ മത്തങ്ങ തുടങ്ങിയവയും ഇലക്കറികളായ പച്ചച്ചീര ചുവന്ന ചീര തുടങ്ങിയവയും വൈറ്റമിന്‍ എ കൊണ്ട് സമ്പുഷ്ടമാണ്. കണ്ണുകളുടെ ആരോഗ്യത്തിനു സൗന്ദര്യത്തിനും കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും വൈറ്റമിന്‍ എ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ശീലമാക്കുക തന്നെ വേണം. അതുപോലെതന്നെ ദിവസേന ആറു മുതല്‍ എട്ടു ഗ്ലാസ്സ് വരെ വെള്ളം കുടിക്കുന്നതും മിനിമം എട്ടു മണിക്കൂര്‍ വരെയുള്ള ഉറക്കവും ആരോഗ്യവും തിളക്കവുമുള്ള കണ്ണുകള്‍ക്കു അനുവാര്യമാണ് .

കണ്ണുകളെ ബാധിക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങളും പരിഹാരങ്ങളും

1 . കണ്ണുകള്‍ക്കു ചുറ്റുമുള്ള കറുപ്പ് :

വളരെയേറെ പേര്‍ അഭിമുഖീകരിക്കുന്ന പ്രധാന സൗന്ദര്യ പ്രശ്‌നമാണ് കണ്ണുകള്‍ക്കു ചുറ്റുമുള്ള കറുത്ത പാട്. മുഖം എത്ര സൗന്ദര്യമുള്ളതാണെങ്കിലും കണ്ണിനു ചുറ്റുമുള്ളമുള്ള കറുത്ത പാട് സൗന്ദര്യത്തിനു വെല്ലുവിളിയാണ്. പല കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം .ഉറക്കമില്ലായ്മ ,പാരമ്പര്യം,ചില മരുന്നുകള്‍ ,അലര്‍ജി ,സൂര്യതാപം ,പോഷണ കുറവുകള്‍ ,കമ്പ്യൂട്ടര്‍ ടീവി തുടങ്ങിയവയുടെ അമിതമായ ഉപയോഗം തുടങ്ങിയവയൊക്കെ ഇതിനു കാരണമാവാം. അതിനാല്‍ത്തന്നെ കൃത്യമായ കാരണങ്ങള്‍ കണ്ടുപിടിച്ചു ഉചിതമായ പ്രതിവിധികള്‍ കൈക്കൊള്ളണം.

*ബദാം ഓയില്‍ കൊണ്ട് കണ്ണുകളില്‍ ലൈറ്റ് ആയി മസ്സാജ് ചെയ്ത് രാത്രി മുഴുവന്‍ വച്ച ശേഷം രാവിലെ കഴുകി കളയുക .കണ്ണിനു ചുറ്റമുള്ള കറുപ്പ് മാറാന്‍ നല്ലൊരു പ്രതിവിധിയാണിത്.

*ബദാംപൊടിച്ചതില്‍ ആവശ്യത്തിന് പാലും തേനും ചേര്‍ത്ത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം കണ്ണിനു ചുറ്റും പുരട്ടിയാല്‍ കണ്ണുകളുടെ ക്ഷീണമകറ്റുകയും കറുപ്പ് കുറയ്ക്കുകയും ചെയ്യും.

*അലോവേര ജെല്ലില്‍ വൈറ്റമിന്‍ ഇ ടാബ്ലറ്റ് മിക്‌സ് ചെയ്ത് രാത്രില്‍ കണ്ണിനു ചുറ്റും പുരട്ടിയ ശേഷം രാവിലെ കഴുകിക്കളയാം.

*ഉരുളക്കിഴങ്ങു ജ്യൂസിലേക്കു ആവശ്യത്തിന് അലോവേര ജെല്ലും അല്പം ബദാം ഓയിലും മിക്‌സ് ചെയ്തു അപ്ലൈ ചെയ്യാം.

*ഉരുളകിഴങ്ങു നീരും വെള്ളരിക്ക നീരും സമാസം ചേര്‍ത്ത മിശ്രിതത്തില്‍ കോട്ടണ്‍ മുക്കി കണ്‍പോളകളില്‍ വക്കുക .20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കണ്ണുകള്‍ കഴുകാം.

2.കണ്ണുകളുടെ വീക്കം :

കണ്ണുകളെ ബാധിക്കുന്ന വേറൊരു പ്രശ്‌നമാണ് കണ്ണുകളിലെ വീക്കം.ആവശ്യത്തിനുള്ള ഉറക്കം ലഭിക്കാത്തതും വെള്ളം കുടിക്കാത്തതുമൊക്കെ ഇതിനുകാരണമാകാം.

*കോഫി പൗഡറില്‍ ആവശ്യത്തുനു തേനും പാലും മിക്‌സ് ചെയ്ത് 15 മിനിറ്റു കണ്ണുകളില്‍ വക്കുക .

*തണുപ്പിച്ച വെള്ളരിക്ക കഷ്ണങ്ങളോ ടി ബാഗ്‌സോ 20 മിനിറ്റു കണ്ണുകളില്‍ വക്കുക .

*മുട്ടയുടെ വെള്ള നന്നായി ബീറ്റ് ചെയ്ത് വൈറ്റമിന്‍ ഇ മിക്‌സ് ചെയ്തു അപ്ലൈ ചെയ്യുക.

*ഉരുളക്കിഴങ്ങുനീരില്‍ പാല്‍ മിക്‌സ് ചെയ്തു തണുപ്പിച്ചു കോട്ടനില്‍ മുക്കി 15 മിനിറ്റു കണ്ണുകളില്‍ വക്കുക .

*ശുദ്ധമായ ആവണക്കെണ്ണ കൊണ്ട് ലൈറ്റ് ആയി മസ്സാജ് ചെയ്യുക കണ്ണുകളുടെ വീക്കം മാറും.

3.കണ്ണിനു താഴെയുള്ള ചുളിവുകള്‍ :

കണ്ണിനു താഴെയുള്ള ചുളിവുകള്‍ പ്രായാധിക്യത്തെ കാണിക്കുന്നു. കംപ്യൂട്ടറിന്റെയും മറ്റും അമിതോപയോഗം, കണ്ണുകള്‍ക്കാവശ്യമായ വ്യായാമം ഇല്ലായ്മ, ഉറക്കകുറവ് തുടങ്ങിയവയെല്ലാം ഇതിനു കാരണമാണ്. അമിതമായി കണ്ണുകള്‍ തിരുമ്മുന്നതും ഒഴിവാക്കേണ്ടതാണ്.

*ഇടക്കിടെ കണ്ണുകള്‍ക്കു വിശ്രമം നല്‍കാനായി കണ്ണുകള്‍ അടച്ച ശേഷം കൈപ്പത്തി കപ്പ് പോലെയാക്കി പിടിക്കുക .കൈപ്പത്തികള്‍ മാറ്റാതെ തന്നെ കണ്ണുകള്‍ മെല്ലെ തുറക്കുക.

*കണ്ണുകള്‍ ക്ലോക്ക് വൈസ് ആയും ആന്റി ക്ലോക്ക് വൈസ് ആയും തിരിക്കുക.

*വൈറ്റ് പെട്രോളിയം ജെല്ലി ,ഒലിവോയില്‍ ഇതിലേതെങ്കിലും കൊണ്ട് ഡെയിലി മസ്സാജ് ചെയ്യുക.

*അലോവേര ജെല്ലില്‍ വൈറ്റമിന്‍ ഇ മിക്‌സ് ചെയ്തു രാത്രി അപ്ലൈ ചെയ്തു രാവിലെ തണുത്ത വെള്ളത്തില്‍ കഴുകുക.

4.ക്ഷീണിച്ച കണ്ണുകള്‍ :

വേണ്ടത്ര ഉറക്കമില്ലായ്മയും പോഷണകുറവുകളും ആവശ്യത്തിന് വെള്ളം കുടിക്കാത്തതുമെല്ലാം ആരോഗ്യവും ഉണര്‍വുമില്ലാത്ത ക്ഷീണിച്ച കണ്ണുകള്‍ക്കു കാരണമാകുന്നു .പോഷകങ്ങള്‍ നിറഞ്ഞ ആഹാരം കഴിച്ചും ആവശ്യത്തിനുറങ്ങിയും കണ്ണുകള്‍ക്കാവശ്യമായ വ്യായാമങ്ങള്‍ കൊടുത്തുമെല്ലാം ഈ അവസ്ഥയെ മറികടക്കാം .

*കറിവേപ്പില അരച്ച് മോരില്‍ ചേര്‍ത്ത് കുടിച്ചാല്‍ ശരീരത്തിനാവശ്യമായ ജീവകം എ ലഭിക്കും.ഇത് കണ്ണുകളുടെ ക്ഷീണമകറ്റി തിളക്കമുള്ളതാകുന്നു.

*ഇടക്കിടക്ക് തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുന്നതും തണുത്ത പാലില്‍ കോട്ടണ്‍ വച്ച് കണ്ണുകളുടെ മുകളില്‍ വക്കുന്നതും ക്ഷീണമകറ്റാന്‍ സഹായിക്കുന്നു.

*ഒരു തുള്ളി ഇളനീര്‍ കുഴമ്പു കണ്ണുകള്‍ ഒഴിച്ചാല്‍ കണ്ണുകള്‍ക്കു തിളക്കം ലഭിക്കും.

*ഉരുളകിഴങ്ങ് വട്ടത്തില്‍ കനംകുറച്ചു അരിഞ്ഞ് കണ്ണിന്റെ മുകളില്‍ വക്കുക 15 -20 മിനിറ്റു വരെ വിശ്രമിച്ച ശേഷം കഴുകിക്കളയുക കണ്ണുകളുടെ ക്ഷീണം മാറിക്കിട്ടും.

*ഉറങ്ങുന്നതിനു മുന്‍പ് ഓരോ തുള്ളി പനിനീര്‍ കണ്ണുകളില്‍ ഒഴിക്കുന്നത് കണ്ണുകള്‍ക്കു ഉന്മേഷം നല്‍കും.

*വെള്ളരിയുടെ കഷ്ണങ്ങള്‍ വട്ടത്തിലരിഞ്ഞത് മലര്‍ന്നു കിടന്നതിനു ശേഷം കണ്ണുകള്‍ക്കു മൂടത്തക്കവിധം വക്കുന്നതും തണുത്ത പാലില്‍ മുക്കിയ കോട്ടണ്‍ തുണി വക്കുന്നതും കണ്ണുകള്‍ക്കു തണുപ്പ് കിട്ടാനും ക്ഷീണമുള്ള കണ്ണുകളെ നവോന്മേഷത്തോടെ സൂക്ഷിക്കാനും സഹായിക്കുന്നു.
റ്റിഞ്ചു ജോഷി

റ്റിഞ്ചു ജോഷി

കൊച്ചിയില്‍ ബ്യൂട്ടീഷ്യനാണ് ലേഖിക

Next Story

Related Stories