വേവലാതിപ്പെടുത്തുന്ന സൗന്ദര്യ പ്രശ്നങ്ങളില്‍ ഒന്നാണ് ചുളിവുകള്‍. ചുളിവുകള്‍ ചര്‍മ്മ സൗന്ദര്യത്തെയും മുഖ സൗന്ദര്യത്തെയും സാരമായി ബാധിക്കുന്നു.പ്രായം കൂടുന്തോറും ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടമാവുകയും ചര്‍മ്മം അയഞ്ഞു മുറുക്കമില്ലാതാവുകയും ചുളിവുകളും മറ്റും ഉണ്ടാവുകയും ചെയ്യുന്നു. നിത്യേനയുള്ള ശ്രദ്ധയും പരിചരണവും ചുളിവുകള്‍ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കി ദീര്‍ഘനാള്‍ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കും. സൂര്യപ്രകാശമേല്‍ക്കുന്ന ഭാഗങ്ങളായ മുഖം,കഴുത്ത്,കൈകള്‍ തുടങ്ങിയ ഭാഗങ്ങളിലാണ് ആദ്യം ചുളിവുകള്‍ ദൃശ്യമാകുന്നത്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ വര്‍ധിപ്പിക്കുന്നു.
ആന്തരികവും ബാഹ്യവുമായ നിരവധി കാരണങ്ങളാലും ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകും. പുകവലി, മദ്യപാനം,ജീവിത സാഹചര്യങ്ങള്‍,മലിനീകരണം,ചര്‍മ്മത്തില്‍ സൂര്യരശ്മികള്‍ ഏല്‍ക്കല്‍,കാലാവസ്ഥ വ്യതിയാനങ്ങള്‍ തുടങ്ങിയവയൊക്കെയും ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകാനുള്ള ബാഹ്യമായ കാരണങ്ങളാണ്. ജനിതകമായ കാരണങ്ങളാലും,ശരീരത്തിലെ ഹോര്‍മോണിലുണ്ടാവുന്ന വ്യതിയാനത്താലും,രോഗപ്രതിരോധ ശേഷിക്കുറവ്,എന്നിവമൂലവും ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാറുണ്ട്.
ചുളിവുകള്‍ തടയാം
മികച്ച ആരോഗ്യ പരിപാലനത്തിലൂടെ അകാലത്തിലുണ്ടാകുന്ന ചുളിവുകള്‍ ഉന്മൂലനം ചെയ്യാം. പോഷക സമൃദ്ധമായ ഭക്ഷണം,വ്യക്തി ശുചിത്വം, ആവശ്യത്തിനുള്ള ഉറക്കം തുടങ്ങിയവ സാധ്യമാക്കുകയും പുകവലി, മദ്യപാനം,അമിതമായി വെയിലുകൊള്ളല്‍ തുടങ്ങിയവയുടെ നിയന്ത്രണത്തിലൂടേയും മികച്ച ആരോഗ്യവും അതുവഴി ആരോഗ്യമുള്ള ചര്‍മ്മവും നേടിയെടുക്കാന്‍ കഴിയും.പഴങ്ങളും പച്ചക്കറികളും നിറഞ്ഞ സമീകൃത ആഹാരവും ചര്‍മ്മ സംരക്ഷണത്തിന് അത്യന്താപേക്ഷിതം
വ്യക്തി ശുചിത്വം പരിസര ശുചിത്വം തുടങ്ങിയവ മനോഹരമായ ചര്‍മ്മത്തിന് അനുപേക്ഷണീയമാണ്.
ചുളിവുകള്‍ക്കുള്ള പ്രതിവിധികള്‍
*മികച്ച സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുക.ദിവസവും സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുന്നതിലൂടെ പുതിയ ചുളിവുകള്‍ ഉണ്ടാകുന്നതു നിയന്ത്രിക്കാന്‍ കഴിയുന്നു.
*രാത്രിയിലുള്ള ഉറക്കം ദിവസേന 7 -8 മണിക്കൂറായി ചിട്ടപ്പെടുത്തുക.
*പഴങ്ങള്‍ പച്ചക്കറികള്‍ തുടങ്ങിയവ ഭക്ഷണക്രമത്തില്‍ ഉള്‍പെടുത്തുക.ധാരാളമായി വെള്ളം കുടിക്കുക.
*ചിട്ടയായ വ്യായാമത്തിലേര്‍പ്പെടുക ഇത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിച്ചു സൗന്ദര്യം സംരക്ഷിക്കുന്നു.
*മദ്യപാനം പുകവലി എന്നിവ ഒഴിവാക്കുക.
* ഇടക്ക് ഫേഷ്യല്‍ ചെയ്യുന്നതും,മുഖ വ്യായാമങ്ങള്‍ ചെയ്യുന്നതും ഒരു പരിധിവരെ ചുളിവുകള്‍ പരിഹരിക്കാന്‍ സഹായകമാണ്.
ചുളിവുകള്ക്കെതിരെയുള്ള ചില പൊടിക്കൈകള്‍
വിപണിയില്‍ ധാരാളം ആന്റി ഏജിങ് ക്രീമുകളും മറ്റും ലഭ്യമാണ്. ശ്രദ്ധാപൂര്‍വം വേണം ഇവ തെരഞ്ഞെടുക്കാന്‍. അല്ലെങ്കില്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ കൂടാനും,പാടുകള്‍ വീഴാനും അണുബാധ,തിണര്‍പ്പ്, തുടങ്ങി നിരവധി ചര്‍മ്മ രോഗങ്ങള്‍ക്ക് കൂടി വഴിതെളിക്കും. അതുകൊണ്ട് വീട്ടിലുണ്ടാകാവുന്ന ക്രീമുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ കൊണ്ട് വീട്ടില്‍ത്തന്നെ ഉണ്ടാകാവുന്ന ക്രീമുകള്‍ ഒരുതരത്തിലും ചര്‍മ്മത്തിന് ഹാനികരമല്ല.
*മുട്ടയിലടങ്ങിയിരിക്കുന്ന ബയോട്ടിന്‍,പ്രോട്ടീന്‍,വിറ്റാമിന്‍ തുടങ്ങിയവ ചര്‍മ്മത്തെ മുറുക്കുകയും ചുളിവുകള്‍ കുറക്കുകയും ചെയ്യുന്നു. മുട്ടയുടെ മഞ്ഞ ചര്‍മ്മം മൃദുലവും തിളക്കവുമുള്ളതാക്കാന്‍ സഹായിക്കുന്നു.മുട്ടയുടെ മഞ്ഞയിലേക്കു ഏതാനും തുള്ളി നാരങ്ങാനീരും കൂടി മിക്സ് ചെയ്തു മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
* ചര്‍മ്മ കോശങ്ങളുടെ തകരാറുകള്‍ പരിഹരിച്ചു പുനര്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ വിറ്റാമിനുകള്‍ തൈരിലുണ്ട്.തൈര് എന്നും കഴിക്കുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. രണ്ടു ടേബിള്‍ സ്പൂണ്‍ തൈരിലേക്കു ഏതാനും തുള്ളി നാരങ്ങയും ചേര്‍ത്ത് മുഖത്ത് തേയ്ക്കാം.നാരങ്ങ മുഖം വൃത്തിയാക്കുകയും തൈര് പാടുകളും ചുളിവുകളുമകറ്റുകയും ചെയ്യുന്നു.ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയണം.
* പഴുത്ത ഏത്തപ്പഴം കാല് ഭാഗം എടുത്ത് നന്നായി ഉടച്ചു പാലും കൂടി മിക്സ് ചെയ്തു കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടുക.15 -20 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളം കൊണ്ടും തുടര്‍ന്ന് തണുത്ത വെള്ളം കൊണ്ടും കഴുകുക.
*ചര്‍മ്മത്തിലെ ഇലാസ്റ്റിക്സിറ്റി നിലനിര്‍ത്തി ചുളിവുകളില്ലാതാക്കി യുവത്വം തുളുമ്പുന്ന ചര്‍മ്മം പ്രദാനം ചെയ്യാന്‍ തക്കാളി സഹായിക്കുന്നു.നല്ല പഴുത്ത തക്കാളി,തൈര് ,ഗ്ലിസറിന്‍ എന്നിവ ചേര്‍ത്തുള്ള മിശ്രിതം മുഖത്ത് തേച്ചു പിടിപ്പിക്കുക.ഉണങ്ങി കഴിയുമ്പോള്‍ കഴുകി കളയുക.
* മുഖത്തെ പാടുകള്‍,ചുളിവുകള്‍,വരകള്‍ എന്നിവ കുറക്കാന്‍ ഉരുളക്കിഴങ്ങു മികച്ചതാണ്.ഉരുളക്കിഴങ്ങു അരച്ച് കുഴമ്പു രൂപത്തിലാക്കി അതിലേക്കു തേനും ,നാരങ്ങാനീരും കൂടി ചേര്‍ത്ത് മുഖത്ത് തേച്ചു 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
* മുഖത്തു ചുളിവുകള്‍ ഉള്ളവര്‍ ആദ്യം മുട്ടയുടെ മഞ്ഞ മുഖത്തും കഴുത്തിലും പുരട്ടുക.പിന്നീട് മുട്ടയുടെ വെള്ളയിലേക്കു അല്പം പനിനീര്,ഗ്ലിസറിന്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുഖത്തു തേച്ചു ഏതാനും മിനിറ്റുകള്‍ക്കു ശേഷം പച്ച വെള്ളത്തില്‍ കഴുകുക.ദിവസങ്ങള്‍ക്കുള്ളില്‍ മുഖത്തെ ചുളിവുകള്‍ മാറിക്കിട്ടും.
* ഗ്ലിസറിന്‍,മുട്ടയുടെ വെള്ള,തേന്‍ എന്നിവ ചേര്‍ത്ത് മുഖത്ത് പുരട്ടുക.
*ഉരുളക്കിഴങ്ങ്,മുട്ടയുടെ വെള്ള, പാല് എന്നിവ കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടുക.