ആരോഗ്യമുള്ള ശരീരത്തില്‍ അതിനനുരൂപമായൊരു മനസ്സ് കുടികൊള്ളുന്നു. ശരിയായ രീതിയിലുള്ള ആഹാരം,വ്യായാമം,വിശ്രമം എന്നിവയാല്‍ പോഷിപ്പിക്കപ്പെടുന്ന ശരീരത്തിലേ ആരോഗ്യപൂര്‍ണമായ മനസ്സ് കുടികൊള്ളു.ശാരീരികാരോഗ്യം നിലനിര്‍ത്തി ശരീരത്തിനാവശ്യമായ രൂപലാവണ്യങ്ങളേകി ശരീരത്തെ കൂടുതല്‍ ഊര്‍ജസ്വലമാക്കി ശുഭാപ്തി വിശ്വാസവും പ്രസന്നമായൊരു ജീവിത വീക്ഷണവും നല്കാന് ഉതകുന്നവയാണ് ചിട്ടയായ വ്യായാമം. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തന ക്ഷമതയും ആകാരവും സൗഭഗവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ വ്യായാമം കൂടിയേതീരൂ.
ഒരു സ്ത്രീയെ സുന്ദരിയാക്കുന്നതു ആരോഗ്യമുള്ള സുന്ദരമായ മുഖവും ആകാരവടിവുമാണ്.അമിത വണ്ണവും രൂപഭംഗി ഇല്ലായ്മ മൂലവും വിഷമിക്കുന്നവര്‍ക്ക് ശരിയായ രീതിയിലുള്ള ആഹാരരീതിയും വ്യായാമവും പാലിച്ചാല്‍ രൂപഭംഗി നേടിയെടുക്കാന്‍ സാധിക്കും. കൃത്യമായ ആഹാര നിയന്ത്രണത്തിനൊപ്പം വ്യായാമവും ചെയ്തു നാം ആഗ്രഹിക്കുന്ന ലക്ഷ്യത്തിലെത്തിച്ചേരുകയാണ് വേണ്ടത്.
ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കാന്‍ വ്യായാമം നമ്മെ സഹായിക്കും. അനവധി രോഗങ്ങളില്‍ നിന്നും അകാലമരണത്തില്‍ നിന്നെല്ലാം ഒരു വ്യക്തിയെ രക്ഷിക്കുന്നത് ചിട്ടയായ വ്യായാമമാണ്. സന്തോഷം,ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്ന് മാത്രമല്ല, വിഷാദം ഉത്കണ്ഠ എന്നിവയില്‍ നിന്നുള്ള മോചനവും ചിട്ടയായ വ്യായാമത്തിലൂടെ സാധ്യമാകും. ശരീരത്തിന്റെ സൗന്ദര്യത്തിനും,സുസ്ഥിതിക്കും വ്യയാമം നിര്‍ണായകമാണ്. ജിമ്മില്‍ പോകാതെ തന്നെ ആരും കൊതിക്കുന്ന അഴകും ആരോഗ്യവും സ്വന്തമാക്കാന്‍ വീട്ടിലിരുന്നും വ്യായാമം ചെയ്യാവുന്നതാണ്. ജീവിതചര്യയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി വ്യായാമത്തെ കാണേണ്ടതുണ്ട്.
*വ്യായാമങ്ങള്‍ പ്രധാനമായും രണ്ടു തരത്തിലുണ്ട്.*എയറോബിക് വ്യായാമങ്ങള്‍(ശ്വസന സഹായ വ്യായാമങ്ങള്‍)* അനയ്റോബിക് വ്യായാമങ്ങള്‍(ശ്വസന നിയന്ത്രണ വ്യായാമങ്ങള്‍)
*നൃത്തം,സൈക്ലിംഗ്,നീന്തല്‍,നടത്തം,ഓട്ടം തുടങ്ങിയവ എയറോബിക് വ്യായാമങ്ങളില്‍ പെടുന്നവയാണ്. ഇത് ഹൃദയത്തേയും ശ്വാസകോശത്തിന്റെയും ആരോഗ്യത്തിന് ഗുണകരമാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ അലിയിച്ചു കളയുന്നു.
*ഭാരം ഉയര്‍ത്തല്‍,പുഷ് അപ്പ്,പുള്‍ അപ്പ് തുടങ്ങിയവയെ അനയ്റോബിക് വ്യായാമങ്ങളില്‍ പെടുത്താം.പേശികളുടെയും അസ്ഥികളുടെയും ചലനം സുഗമമാക്കുന്നതിനും കൊഴുപ്പു കുറച്ചു ശരീരം വടിവുറ്റതാകാനും ഇവ സഹായിക്കുന്നു.
സ്ത്രീകള്‍ ഏറ്റവും കുറഞ്ഞത് ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും വ്യായാമം ചെയ്തിരിക്കണം.കാരണം പുരുഷന്മാരേക്കാള് കൊഴുപ്പ് വേഗത്തില്‍ അടിഞ്ഞുകൂടാന്‍ സ്ത്രീകള്‍ക്ക് സാധ്യത വളരെക്കൂടുതലാണ്.എത്ര മുഖ സൗന്ദര്യമുണ്ടായിരുന്നാലും അതിനു മാറ്റു കൂടണമെങ്കില് വ്യായാമം വഴി വടിവൊത്ത ശരീരം നേടിയെടുക്കാന്‍ ശ്രദ്ധിക്കണം.
*വാം അപ്:ആദ്യമായി വ്യായാമത്തിനു ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തേണ്ടതുണ്ട്.അതിനുള്ള മുന്നൊരുക്കമാണ് വാം അപ്.നടക്കുകയോ ഓടുകയോ ചെയ്യുന്നവര്‍ വളരെ പതുക്കെ മാത്രമേ തുടങ്ങാവൂ.ശേഷം ശരിയായ വേഗത്തിലെത്താം.ശരീരത്തിലെ മസിലുകളെ ചൂടാക്കി വ്യായാമ മൂഡിലേക്കെത്തിക്കണം.ലഘുവായ വാമിങ് അപ്പ് വ്യായാമത്തിലൂടെ ഇത് സാധ്യമാക്കാം.വ്യായാമ സുരക്ഷിതത്വത്തിനും വാംഅപ്പ് അനിവാര്യം.
*മുഖ വ്യായാമങ്ങള്‍: മുഖ സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ വ്യായാമം കൂടിയേ തീരൂ.ശരീരത്തിനെന്നപോലെ മുഖത്തിന് വ്യായാമങ്ങള്‍ അവിഭാജ്യം.വലിഞ്ഞു മുറുകിയ പേശികളും,ആവശ്യത്തിലേറെയുള്ള ഗൗരവവും വിഷാദഭാവവും ഒരു വ്യക്തിയ്ക്ക് അന്തര്‍മുഖനെന്ന പ്രതിച്ഛായ നല്കുന്നു. .നല്ലൊരു ചിരിയാണ് ഇതിനു പറ്റിയ മരുന്ന്. അതോടൊപ്പം ചില വ്യായാമങ്ങളും കൂടി ചെയ്യേണ്ടതുണ്ട്.
1.കവിള് വീര്‍പ്പിച്ചു പിടിക്കുക.വായ ആദ്യം ഇടത്തോട്ടും,പിന്നെ വലത്തോട്ടും തള്ളി ചലിപ്പിക്കുക.
2.മുഖം ചുളിച്ചും നെറ്റിയില്‍ വരകള്‍ വീണും കണ്ണുകളും വായും അടഞ്ഞും വരത്തക്കവിധം മുഖം മുഴുവന്‍ ഞെരിച്ചു പിടിക്കുക.
3.ചെവി മുതല്‍ ചെവി വരെ എന്ന രീതിയില്‍ ചിരിക്കുക.കണ്ണുകള്‍ പരമാവധി വിടര്‍ത്തുക.
4.കണ്ണുകളും വായും പരമാവധി തുറന്നു പിടിക്കുക.തൊണ്ടയിലെ പേശികള്‍ അയയുന്നു.
5.ചിരിക്കുന്നതിനോടൊപ്പം കഴുത്തിലെ പേശികളെ പിടിച്ചു മുറുക്കാന്‍ തക്കവിധം താടി കുറച്ചു ഉള്ളിലേക്ക് വലിക്കുക.
*ആഹാരവും വ്യായാമവും:
ഒരു വ്യക്തിയുടെ ആരോഗ്യം,സൗന്ദര്യം ഇവ നിലനിര്‍ത്താന്‍ ആഹാരവും വ്യായാമവും മുഖ്യ പങ്കു വഹിക്കുന്നു. കഴിക്കുന്ന ആഹാരത്തിന് ആനുപാതികമായ രീതിയില്‍ വ്യായാമം ചെയ്താല്‍ മാത്രമേ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ കഴിയു.അല്ലാത്ത പക്ഷം കഴിക്കുന്ന ആഹാരം കൊഴുപ്പായി മാറി ശരീരത്തില്‍ അടിഞ്ഞു കൂടുന്നു. അമിത വണ്ണം നിയന്ത്രിക്കാനായി ആഹാരം ഉപേക്ഷിക്കാമെന്നു കരുതുന്നവരും ചുരുക്കമല്ല .അങ്ങനെ ചെയ്യുന്നതിലൂടെ അമിതവണ്ണം മാത്രമല്ല സ്വന്തം ഊര്‍ജസ്വലതയും സൗന്ദര്യവും വരെ ഇല്ലാതാകും. ആഹാരമുപേക്ഷിച്ചുകൊണ്ടുള്ള വണ്ണം കുറയ്ക്കുന്ന രീതി ശരീരത്തിലെ മസിലുകള്‍ അയഞ്ഞു ചര്‍മ്മം തൂങ്ങുന്നതിനും ഇടയാക്കുന്നു.അമിത വണ്ണം കുറക്കുന്നതിനായി ആഹാരത്തില്‍ നിന്നും പഞ്ചസാര, എണ്ണ,തേങ്ങ എന്നിവയുടെ അളവ് കുറയ്ക്കുക.പഴങ്ങള്‍,പച്ചക്കറികള്‍,മുളപ്പിച്ച ധാന്യങ്ങള്‍,മല്‍സ്യങ്ങള്‍ എന്നിവ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുക.മാംസാഹാരം,അരി ഭക്ഷണം തുടങ്ങിയവ തീര്‍ത്തും ഒഴിവാക്കരുത്. ഇവയുടെ അളവ് കുറക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
വെള്ളം:
രോഗങ്ങള്‍ വരാതിരിക്കാനും ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തങ്ങള്‍ക്കും വെള്ളം അത്യാവശ്യ ഘടകമാണ്.ശരീരത്തില്‍ ആവശ്യത്തിനു ജലാംശം ഇല്ലാതെ വരുമ്പോള്‍ ശരീരം തളരാന്‍ തുടങ്ങുന്നു.ആ സമയത്തു എന്ത് ചെയ്താലും ഫലം വിപരീതമായിരിക്കും.വ്യായാമം തുടങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും നന്നായി വെള്ളം കുടിച്ചിരിക്കണം.അതുപോലെ തന്നെ വ്യായാമത്തിനു ശേഷവും ധാരാളമായി വെള്ളം കുടിക്കണം. ആരോഗ്യത്തിനും സൗന്ദര്യത്തിനും വെള്ളം അത്യാവശ്യം.
വിശ്രമം:
ആഹാരത്തിനും വ്യായാമത്തിനും പുറമെ ശരീരത്തിന്റെ സുസ്ഥിതിക്കു ആവശ്യമായ ഒന്നാണ് വിശ്രമം.നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ ശരീരത്തിന് ക്ഷീണവും തളര്‍ച്ചയുമുണ്ടാകും.മതിയായ വിശ്രമം കിട്ടിയില്ലെങ്കില്‍ ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും മങ്ങലേല്‍ക്കും. ആരോഗ്യത്തിന്റെ നിലനില്പ് വ്യായാമത്തെ എന്നപോലെ വിശ്രമത്തെയും ആശ്രയിച്ചിരിക്കുന്നു.വിശ്രമാവസ്ഥയില്‍ ശരീരം നഷ്ടപ്പെട്ട ഊര്‍ജം വീണ്ടെടുത്തു വീണ്ടും പ്രവര്‍ത്തന സജ്ജമായിത്തീരുന്നു.ആരോഗ്യം സ്ഥായിയായി നിലനിര്‍ത്താനുള്ള ഒരുപാധിയാണ് വിശ്രമം.