TopTop
Begin typing your search above and press return to search.

മുടിയഴകിന് ചിലസൂത്രവാക്യങ്ങള്‍

മുടിയഴകിന് ചിലസൂത്രവാക്യങ്ങള്‍

മുല്ലപ്പൂ ചൂടിയ മുട്ടോളമെത്തുന്ന മുടി ,അല്ലെങ്കില്‍ പനങ്കുല പോലെ ഇടതൂര്‍ന്നമുടി. നമ്മുടെ സൗന്ദര്യ സങ്കല്പത്തില്‍ മുടി അഴക് പ്രധാനം. നീണ്ടമുടിയില്ലെങ്കില്‍പ്പോലും ഉള്ളത് ആരോഗ്യവും തിളക്കവുമുള്ളതായി സൂക്ഷിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. മുടി അഴകിന്റെ കാര്യത്തില്‍ ഭക്ഷണ ക്രമത്തിന്റെ പങ്കു സുപ്രധാനമാണ്.

ധാരാളമായി പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മുടിയഴക് സ്വാഭാവികമായും കൈവരും. പതിവായി ധാരാളമായി വെള്ളംകുടിക്കുന്നത് ശീലമാക്കുകയും വേണം. മുട്ടയും മല്‍സ്യ മാംസാദികളും ധാന്യങ്ങളും ഉണക്കിയ പഴങ്ങളും പാലുല്‍പ്പന്നങ്ങളും മുടിവളര്‍ച്ച ത്വരിത പെടുത്താന്‍ സഹായിക്കും. അതിനോടൊപ്പം തന്നെ ഹെയര്‍ പാക്കുകളുടെയും ഹെയര്‍ ഓയിലുകളുടെയും ഉപയോഗവും മുടിയെ ആരോഗ്യത്തോടെയും ഭംഗിയോടുകൂടിയും സൂക്ഷിക്കാന്‍ സഹായിക്കുന്നു. മുടി കൊഴിച്ചില്‍, താരന്‍, അകാലനര തുടങ്ങിയ വിവിധങ്ങളായ മുടിയുടെ പ്രശ്‌നങ്ങളെ ഇല്ലായ്മ ചെയ്തു അഴകോടെയും ആരോഗ്യത്തോടുകൂടിയും മുടി വളരാന്‍ ഹെയര്‍ പാക്കുകളും ഹെയര്‍ ഓയിലുകളും സഹായിക്കും. ഹെയര്‍ പാക്കുകളുടെയും മറ്റും ഉപയോഗം മുടിയുടെ സവിശേഷമായ സ്വഭാവത്തിനനുസരിച്ചല്ലെങ്കില്‍ മുടിയിഴകള്‍ വരണ്ടുപോകാനും പൊട്ടിപോകാനുമൊക്കെ ഇടയുണ്ട് .അതിനാല്‍ മുടിയുടെ സ്വഭാവം മുന്‍നിര്‍ത്തിയായിരിക്കണം ഹെയര്‍ പാക്കുകള്‍ തിരഞ്ഞെടുക്കാന്‍.

തലമുടികളെ ടെക്സ്റ്ററിന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും നാലായി തരംതിരിക്കാം. എണ്ണമയമുള്ള മുടി (oily hair )വരണ്ട മുടി (Dry hair) സാധാരണ മുടി (Normal hair ) മിശ്രകേശം (Mixed hair )

1.എണ്ണമയമുള്ള മുടി :ശരീരം സ്വാഭാവികമായി പുറപ്പെടുവിക്കുന്ന എണ്ണമയം മൂലം മുടി എപ്പോഴും എണ്ണമയമുള്ളതായി കാണപ്പെടുന്നു.ഇത്തരം ശരീരപ്രകൃതമുള്ളവരില്‍ എണ്ണതേച്ചില്ലെങ്കില്‍ കൂടിയും മുടി എണ്ണമയമുള്ളതായി തോന്നും.ഓയിലി ഹെയര്‍ തലയോടിനോട് ചേര്‍ന്ന് ഒട്ടിയിയിരിക്കുകയും ജീവന്‍ നഷ്ടപെട്ട അവസ്ഥയില്‍ അവശേഷിക്കുകയും ചെയ്യും. ഇത് മുടിയുടെ സൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കും. ഓയിലി ഹെയര്‍ പെട്ടെന്ന് തന്നെ പൊടിയും അഴുക്കും പിടിക്കാന്‍ സാധ്യതയുണ്ട്.വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ മുടികൊഴിച്ചില്‍ ഉണ്ടാകാം.ഓയിലി ഹെയറില്‍ തന്നെ അധികമായി എണ്ണമയമുള്ളവ,മിതമായി എണ്ണമയമുള്ളവ എന്നിങ്ങനെ വ്യത്യസ്ഥ തരങ്ങളുണ്ട്.എണ്ണമയം അധികമുള്ളതില്‍ ഷാമ്പൂ ചെയ്തു മണിക്കൂറുകള്‍ക്കകം എണ്ണമയം തിരികെ വരാറുണ്ട്.ഇത്തരക്കാര്‍ തലയില്‍ മസ്സാജ് കൊടുക്കുന്നതും അധികമായി ബ്രഷ് ചെയ്യുന്നതും ഒഴിവാക്കേണ്ടതാണ്.അതുപോലെ തന്നെ വെയില് കൊള്ളുന്നതും കണ്ടീഷണര്‍ ഉപയോഗിക്കുന്നതുമെല്ലാം എണ്ണമയം കൂടാന്‍ കാരണമാകുന്നുണ്ട്.ഇത്തരം മുടിയുടെ എണ്ണമയം കുറക്കാനായി മുടിയില്‍ പ്രകൃതി ദത്തമായ താളികള്‍(നെല്ലിക്ക ,ശിക്കക്കായി ,ചെമ്പരത്തി) ഉപയോഗിച്ച് വൃത്തിയാക്കാം.

*ഒരു ദിവസം പഴക്കം കഞ്ഞി വെള്ളത്തില്‍ ചെറുപയറു പൊടിയും അല്പം കറ്റാര്‍ വാഴ ജെല്ലും ചേര്‍ത്തും തലയില്‍ തേച്ചു പിടിപ്പിച്ചു അരമണിക്കൂറിനു ശേഷം വാഷ് ചെയ്യാം. ഇതൊരു താളിയായി ആഴചയിലൊരിക്കല്‍ ഉപയോഗിക്കാം .

*ആഹാരത്തില്‍ എണ്ണയുടെ ഉപയോഗം കുറക്കുക.പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുക.

*മുട്ടയുടെ വെള്ളയും ഒരു സ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് തലയില്‍ തേച്ചു അരമണിക്കൂര്‍ കഴിഞ്ഞു വാഷ് ചെയ്യുക എണ്ണമയം കുറക്കാന്‍ സഹായിക്കുന്നു.

*കുതിര്‍ത്ത ഉലുവഅരച്ചത് തലയില്‍ തേച്ചു പിടിപ്പിച്ച ശേഷം അരമണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകുക.

*ഇടയ്ക്ക് ഹെന്ന ചെയ്യുന്നതും മുടിയുടെ എണ്ണമയം കുറക്കാന്‍ സഹായിക്കുന്നു.

2.വരണ്ട മുടി :എണ്ണമയം തീരെ ഇല്ലാതെ വരണ്ടുണങ്ങിയ മുടിയാണിത്. എണ്ണമയ ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറഞ്ഞു പോകുകയോ ഇല്ലാതാകുകയോ ചെയ്യുമ്പോഴാണ് മുടി വരണ്ടതായി കാണപ്പെടുന്നത്. മുടിയുടെ ആരോഗ്യം നഷ്ടപ്പെട്ട് അറ്റം വിണ്ടുകീറുക .മുടി പൊട്ടി പോകുക , ജട പിടിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇത്തരം മുടിയെ ബാധിക്കുന്നു.ആവശ്യത്തിലധികമായി ഷാമ്പൂ ചെയ്യുക ,കെമിക്കല്‍ ട്രീറ്റ്‌മെന്റ്‌ചെയ്യുക തുടങ്ങിയവയെല്ലാം മുടിയെ കൂടുതല്‍ വരണ്ടതാക്കി തീര്‍ക്കുന്നു. ഇത്തരക്കാരുടെ സ്‌കാല്‍പ് വല്ലാതെ ഡ്രൈ ആയിരിക്കുകയും ഡ്രൈ ഡാന്‍ഡ്രഫിനു കാരണമാകുകയും മുടി കൊഴിച്ചില്‍ കൂടുകയും ചെയ്യും. ആഴ്ചയിലൊരിക്കല്‍ ഹോട്ട് ഓയില്‍ മസ്സാജ് ചെയ്യേണ്ടതാണ്.വീര്യം കുറഞ്ഞ ഷാമ്പൂ അല്ലെങ്കില്‍ പ്രകൃതിദത്തമായ താളികളോ തലയില്‍ തേക്കാവുന്നതാണ്.

*വരണ്ട മുടിക് ജലാംശം നല്‍കേണ്ടതാവശ്യമാണ്. ആഴ്ചയിലൊരിക്കല്‍ വെളിച്ചെണ്ണ ഉപയോഗിച്ചു ഹോട്ട് ഓയില്‍ മസ്സാജ് കൊടുക്കാവുന്നതാണ്.ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ അല്ലെങ്കില്‍ താളി ഉപയോഗിച്ച് കഴുകിക്കളയാം.

*വരണ്ട മുടിക് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കറ്റാര്‍വാഴ .കറ്റാര്‍വാഴ നീര് മുടിക്ക് മൃദുത്വം നല്‍കുന്നു.മുടിക് ഏറ്റവും ഉചിതമായ കണ്ടീഷണര്‍ ആണിത് . അലോവേര ജെല്‍ , റോസ് വാട്ടര്‍,വൈറ്റമിന്‍ ഇ ടാബ്ലറ്റ്, ഗ്ലിസറിന്‍ ഇവ ചേര്‍ത്ത് ഹെയര്‍ സിറം ഉണ്ടാക്കി വരണ്ടമുടിയില്‍ ഉപയോഗിക്കാവുന്നതാണ്.

*ഒരു ടേബിള്‍സ്പൂണ്‍ ആവണക്കെണ്ണ, ഒരുടേബിള്‍സ്പൂണ്‍ ഗ്ലിസറിന്‍, ഒരു ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനാഗിരി, ഒരു ടേബിള്‍ സ്പൂണ്‍ ഹെര്‍ബല്‍ ഷാമ്പൂ ഇവ ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിച്ചു 20 മിനിറ്റിനു ശേഷം കഴുകിക്കളയാം.ഇതൊരു പ്രോട്ടീന്‍ കണ്ടിഷണര്‍ ആയി ഉപയോഗിക്കം.

*മുടിയുടെ നനവ് നില നിര്‍ത്താനും തിളക്കം നല്‍കാനും ഉപയോഗിക്കുന്ന പ്രകൃതിദത്തമായ മാര്‍ഗ്ഗമാണ് തേന്‍ .ഒരു ടേബിള്‍സ്പൂണ്‍ തേനില്‍ അരക്കപ്പ് പാല്‍ ചേര്‍ത്ത് നന്നായി മസ്സാജ് ചെയ്യുക .15 മിനിറ്റിനു ശേഷം കഴുകി കളയുക.

*തൈര് നല്ലൊരു കണ്ടീഷണര്‍ ആയി പ്രവര്‍ത്തിക്കുന്നു.മുടിക്ക് കൂടുതല്‍ കരുത്തു നല്‍കാനും തൈര് ഉപയോഗിക്കം.അരക്കപ്പ് തൈരില്‍ ഒരു മുട്ട, ഒരു നാരങ്ങയുടെ നീര്,ഒരു ടേബിള്‍സ്പൂണ്‍ തേന്‍,ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഇവ ചേര്‍ത്തുണ്ടാക്കിയ മിശ്രിതം വരണ്ട മുടിയുള്ളവര്‍ക്കുപയോഗിക്കാം.

3.സാധാരണ മുടി: വല്ലാതെ വരണ്ടതോ എണ്ണമയമുള്ളതോ അല്ലാത്ത മുടിയാണിത്.പ്രത്യേക പരിചരണം കൂടാതെതന്നെ സൗന്ദര്യം നിലനിര്‍ത്തുന്ന മുടിയാണിത്. സ്വാഭാവികമായും ഇത്തരം മുടികള്‍ആരോഗ്യം ഉള്ളതായിരിക്കും.ഒരേ സമയം മിനുസമാര്‍ന്നതും ചെറിയതോതില്‍ അലകളുള്ളതുമാണിവ. ലളിതമായ സംരക്ഷണ മാര്‍ഗങ്ങളിലൂടെ ഇത്തരം മുടിയുടെ അഴകും സൗന്ദര്യവും നിലനിര്‍ത്താനാകും.

*ഏത്തപ്പഴം ഉടച്ചു 5-6 തുള്ളി ബദാം ഓയില്‍ ചേര്‍ത്ത് തലയില്‍ തേച്ചാല്‍ മുടി കൂടുതല്‍ സോഫ്റ്റാകാന്‍ സഹായിക്കുന്നു.

*ഉലുവ മുടി വേരുകളിലേക്കു രക്തയോട്ടം വര്‍ധിപ്പിക്കുന്നു.കുതിര്‍ത്ത ഉലുവയില്‍ അലോവേരയും ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും മിക്‌സ് ചെയ്തു തേച്ചാല്‍ തിളക്കവും ആരോഗ്യവുമുള്ള മുടിലഭിക്കും.

*ഒലിവോയ്‌ലില്‍ മുട്ടയുടെ വെള്ള മിക്‌സ് ചെയ്ത് തലയില്‍ തേക്കാവുന്നതാണ്.ഇത് മുടി വളര്‍ച്ചയെ സഹായിക്കുന്നതിനോടൊപ്പം മുടിക്കു ആരോഗ്യവും പ്രദാനം ചെയ്യുന്നു.

*രണ്ടു മുട്ടയുടെ വെള്ളയില്‍ ഒരു ടേബിള്‍ സ്പൂണ്‍ പാലും ചേര്‍ത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുക.വളരെപ്പെട്ടെന്നു മുടിക്ക് തിളക്കം നല്‍കാന്‍ ഇത് സഹായിക്കും.

*വെളിച്ചെണ്ണ ചൂടാക്കി അതില്‍ കറ്റാര്‍വാഴ ജെല്‍ മിക്‌സ് ചെയ്തു ആഴ്ചയില്‍ ഒരിക്കല്‍ ഹോട്ട് ഓയില്‍ മസ്സാജ് ചെയ്യുക. ശേഷം ഹെര്‍ബല്‍ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക .ഇത് മുടി വളര്‍ച്ചയെ സഹായിക്കുന്നു.

4.മിശ്രകേശം:നിവര്‍ന്നതും ചുരുണ്ടതുമായ മുടികള്‍ ചേര്‍ന്നുവരുന്നതാണ് മിശ്രകേശം.ഇത് പൂര്‍ണമായും നിവര്‍ന്നതോ എന്നാല്‍ ചുരുണ്ടതോ ആയിരിക്കുകയില്ല.

*കഞ്ഞിവെള്ളത്തിലെ കാര്‍ബോഹൈഡ്രേറ്റ് ഒരു ലെയര്‍ പോലെ മുടിയില്‍ പ്രവര്‍ത്തിക്കുന്നു.ഒരുദിവസം പഴകിയ കഞ്ഞിവെള്ളത്തില്‍ ഏത്തപ്പഴം മിക്‌സ് ചെയ്തു തലയില്‍ തേക്കാവുന്നതാണ് .

*ഒരു ഏത്തപ്പഴം,ഒരു മുട്ട, കുറച്ചു തേന്‍ ഇതിലേക്കു പാലും ഒലിവോയിലും മിക്‌സ് ചെയ്തു തലയില്‍ തേച്ചു അരമണിക്കൂറിനുശേഷം കഴുകാം. മുടിക്കു തിളക്കവും മൃദുലതയും ലഭിക്കുന്നു. .


റ്റിഞ്ചു ജോഷി

റ്റിഞ്ചു ജോഷി

കൊച്ചിയില്‍ ബ്യൂട്ടീഷ്യനാണ് ലേഖിക

Next Story

Related Stories