സൗന്ദര്യ സംരക്ഷണത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട് കൈ-വിരല്‍-നഖ സംരക്ഷണത്തിന്. ചുളിഞ്ഞു പരുക്കനായ കൈകളും പൊട്ടിയ വൃത്തിഹീനമായ നഖങ്ങളും ഒട്ടും സുഖകരമായ കാഴ്ചയല്ല. ഭക്ഷണം പാകം ചെയ്യല്‍,വസ്ത്രങ്ങളും പാത്രങ്ങളും വീടും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കല്‍ തുടങ്ങിയ സകലകാര്യങ്ങള്‍ക്കായും കൈകള്‍ ഉപയോഗിക്കുന്നതാണ്. കരങ്ങളെ പരമാവധി മനോഹരമായി സൂക്ഷിക്കണം. ഒരു വ്യക്തിയുടെ വ്യക്തിത്വ വികസനത്തിന് ചെറുതല്ലാത്ത സ്വാധീനം കൈകള്‍ വഹിക്കുന്നുമുണ്ട്.
പ്രായാധിക്യത്തിന്റെ ചുളിവുകളും മറ്റും ആദ്യം ബാധിക്കുന്നതു മുഖത്തെയും തുടര്‍ന്ന് കൈകളെയുമാണ്.ദൈനംദിന ജീവിതത്തില്‍ ജോലികള്‍ ചെയ്യുന്നതിനോടൊപ്പം ആവശ്യമായ പരിചരണം കൂടി ലഭിച്ചില്ലെങ്കില്‍ കൈകളിലും നഖങ്ങളിലുമെല്ലാം അകാലത്തില്‍ ചുളിവുകളും മറ്റും വീണു സൗന്ദര്യം നഷ്ടപ്പെടാന്‍ തന്നെ കാരണമായേക്കാം. അതിനാല്‍ കൈകളുടെ തിളക്കവും നഖങ്ങളുടെ ആരോഗ്യവും നിലനിര്‍ത്താന്‍ വളരെയേറെ ശ്രദ്ധിക്കണം. ഇതിനായി കുറച്ചു സമയം കണ്ടെത്തിയാല്‍ മാനിക്യൂര്‍ പോലുള്ള പ്രതിവിധികള്‍ വീട്ടില്തന്നെചെയ്യാവുന്നതാണ്.സമയലാഭവും പണലാഭവും സാധ്യമാകുന്നതിനോടൊപ്പം സൗന്ദര്യവും ആരോഗ്യപ്രദവുമായ കരങ്ങള്‍ക്ക് ഉടമയാകാനും കഴിയും.
കൈകളുടെ സൗന്ദര്യത്തിന് മാനിക്യൂര്‍
കൈകളുടെ പരിചരണമാണ് മാനിക്യൂര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.കൈകളുടെ സ്വാഭാവികമായ ഭംഗിയും സൗന്ദര്യവും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ മാനിക്യൂറിനെ ആശ്രയിക്കാം.
*മാനിക്യൂറിന്റെ ആദ്യപടിയായി നഖങ്ങളെ പരിചരിക്കാം.നഖങ്ങളിലെ നെയില്‍പോളിഷ് നിലവാരമുള്ള ഒരു നെയില്‍ റിമൂവര്‍ വച്ചു തുടച്ചെടുക്കുക.ശേഷം നഖങ്ങള്‍ ഭംഗിയായി വെട്ടിയൊതുക്കാം.
*തുടര്‍ന്ന് ഒരു നെയില്‍ ഫയലര്‍ കൊണ്ട് നഖങ്ങള്‍ക്കു ഇഷ്ട്ടമുള്ള രൂപഭംഗി നല്‍കുക.
*വല്ലതെ അഴുക്കുപുരണ്ട നഖങ്ങളാണെങ്കില്‍ ഹൈഡ്രജന്‍പെറോക്സൈഡ് ലായനി ഓരോ തുള്ളി ഒഴിച്ചു നഖങ്ങളിലെ അഴുക്കിനെ നീക്കം ചെയ്യാം.
*ഇത്രയും കാര്യങ്ങള്‍ പൂര്‍ത്തിയായാല്‍ അടുത്തപടി നഖങ്ങളില്‍ ക്യൂട്ടിക്കിള്‍ ക്രീം ഇടുകയാണ്.ഇത് നഖങ്ങള്‍ക്കു തിളക്കവും ഭംഗിയും നല്കുന്നു.ആരോഗ്യമുള്ള നഖങ്ങളുടെ ലക്ഷണം ഇളം പിങ്കുനിറത്തിലുള്ള നഖങ്ങളാണ്.അയണ്‍,കാല്‍സ്യം എന്നിവയുടെകുറവു മൂലം നഖങ്ങള്‍ പൊട്ടിപ്പോകാനും നഖങ്ങളുടെ നിറവ്യത്യാസത്തിനും കാരണമാകുന്നു. ഇതിനു പരിഹാരമായി അയണും,കാല്‍സ്യവുമടങ്ങിയ ആഹാരങ്ങള്‍ കഴിക്കേണ്ടിയിരിക്കുന്നു.
*നഖങ്ങളുടെ സൗന്ദര്യം തിരിച്ചുപിടിച്ചെങ്കില് അടുത്തതായി കരങ്ങളെ മൃദുലവും സുന്ദരവുമാക്കാം.അതിനായി ഇളം ചൂടുവെള്ളത്തില്‍ ഉപ്പ് ,ഡെറ്റോള്‍,ഷാമ്പൂ,നാരങ്ങാ നീര് എന്നിവയൊഴിച്ചു 15 മിനിട്ടു കൈകള്‍ മുക്കിവക്കുക.ശേഷം കൈകളും നഖങ്ങളും ബ്രഷ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക.നാരങ്ങാനീര് കൈകളില്‍ പറ്റിപ്പിടിച്ച കറകള്‍ നീക്കം ചെയ്യുന്നു.
*അടുത്തതായി പ്യൂമിക് സ്റ്റോണ്‍ ഉപയോഗിച്ചുകൈപ്പത്തിയുടെ ഉള്‍ഭാഗം ഉരയ്ക്കുക. ഇത് ത്വക്കിന്റെ കട്ടികുറച്ചു കൈകള്‍ മൃദുവാക്കാന്‍ സഹായിക്കുന്നു. നഖങ്ങള്‍ക്കിടയിലുള്ള ഭാഗം ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം.
*ശേഷം നല്ലരു സ്ക്രബ്ബര്‍ ഉപയോഗിച്ചു കൈമുട്ടുകള്‍ മുതല്‍ മസ്സാജ് ചെയ്യാം. മൃതകോശങ്ങളെ നീക്കം ചെയ്തു തിളക്കവും മൃദുലവുമായ ചര്‍മ്മത്തിന് സ്ക്രബിങ് അനുവാര്യം.ഇതിനായി നാരങ്ങാ നീരില്‍ പഞ്ചസാര അല്ലെങ്കില്‍ പൊടിച്ച കല്ലുപ്പ് ചേര്‍ക്കുക അതിലേക്കു ആവശ്യത്തിന് ബദാം ഓയിലും തേനും കൂടി മിക്സ് ചെയ്തു സ്ക്രബ്ബ് ചെയ്യാവുന്നതാണ്.
*തുടര്‍ന്ന് കൈകള്‍ തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കിയ ശേഷം നല്ലാരു മസ്സാജിങ് ക്രീം അല്ലെങ്കില്‍ കോള്‍ഡ് ക്രീം ഉപയോഗിച്ച് 10 മിനിറ്റു മസ്സാജ് ചെയ്യുക.നാരങ്ങാനീരില്‍ തൈരും കൂടി മിക്സ് ചെയ്താല്‍ നല്ലൊരു മസ്സാജിങ് ക്രീം ആയി .ബ്ലീച്ചിങ് ഏജന്റ് ആയ തൈരും നാരാങ്ങനീരുമെല്ലാം ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു.ചര്‍മ്മത്തെ സോഫ്റ്റ് ആയും ഭംഗിയായും സൂക്ഷിക്കുന്നു.മസ്സാജിങ് ചെയ്യുകവഴി കൈകളിലെ രക്തപ്രവാഹം വര്‍ദ്ധിക്കുകയും വേദനകളും മറ്റും പരിഹരിക്കപ്പെടുകയും ചെയ്യുന്നു.
*വേണമെങ്കില്‍ ഇനിയൊരു പായ്ക്ക് കൂടി ഇടാവുന്നതാണ്.തൂങ്ങിയ ചര്‍മ്മമുള്ളവര്‍ക്കു ഇത് ഗുണം ചെയ്യും.പായ്ക്കിടുക വഴിയായി തൂങ്ങിയ ചര്‍മ്മത്തിന് മുറുക്കം നല്കാന് കഴിയുന്നു.തൈരിലേയ്ക് അല്പം നാരങ്ങാനീരും കടലമാവും ഗ്ലിസറിനും ചേര്‍ത്ത് നല്ലൊരു പായ്ക്ക് നല്‍കാം. ചര്‍മ്മത്തിന്റെ കരുവാളിപ്പകറ്റി നിറവും മൃദുലതയും തിളക്കവും മെച്ചപ്പെടുത്താന്‍ ഈ പായ്ക്കു വളരെ നല്ലതാണ്
*മാനിക്യൂറിന്റെ അവസാനപടിയായി കൈകള്‍ നന്നായി കഴുകി വൃത്തിയാക്കി തുടച്ചെടുത്തശേഷം നഖങ്ങള്‍ക്കു നല്ലൊരു നെയില്‍പോളിഷ് കൂടി നല്‍കുക.നിലവാരമുള്ള നെയില്പോളിഷുകള് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.അല്ലാത്തപക്ഷം നഖങ്ങളുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും സാരമായി ബാധിക്കും.
കൈകളെ ബാധിക്കുന്ന ചില സൗന്ദര്യ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും:
കൈമുട്ടുകളുടെ കറുപ്പ്: കൈമുട്ടുകള്‍ ഊന്നിയിരുന്നു ജോലികള്‍ ചെയ്യുന്നവരിലും എഴുതുന്നവരിലും മറ്റുമാണ് ഇത് സാധാരണയായി കണ്ടുവരുന്നത്.വളരെയേറെ അലോസരപ്പെടുത്തുന്ന ഒരു സൗന്ദര്യ പ്രശ്നമാണിത്.കടുത്ത വെയില് ഏല്ക്കുന്നമൂലവും ഇത്തരം പ്രശ്നം കടന്നു വരാം.
*ക്യാരറ്റിന്റെ നീരു പുരട്ടിയാല്‍ കൈമുട്ടിലെ കറുപ്പുനിറം മാറിക്കിട്ടും.
*രക്തചന്ദനം രാമച്ചം ഇവ ചേര്‍ത്തരച്ചു പനിനീരില്‍ ചേര്‍ത്ത് പുരട്ടുക.
*ബദാം എണ്ണയില്‍ തേന്‍ ചേര്‍ത്ത് കൈമുട്ടുകളില്‍ പുരട്ടുക.
*ഗ്ലിസറിനും പനിനീരും സമാസം ചേര്‍ത്ത് പുരട്ടുക.
*പാല്‍പ്പാടയും നാരങ്ങാനീരും ചേര്‍ത്ത് രാത്രിയില്‍ കിടക്കാന്‍ നേരം കൈമുട്ടുകളില്‍ പുരട്ടുക.
*നാരങ്ങാ മുറിച്ചു കൈമുട്ടുകളില്‍ പതിവായി തേക്കുക.
*കടുത്ത വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക
*കാഠിന്യമുള്ള സൂര്യപ്രകാശത്തില്‍ നിന്നും,വെള്ളത്തില്‍ നിന്നും,രാസവസ്തുക്കളില്‍ നിന്നും കൈകള്‍ക്കു സംരക്ഷണം നല്കാന് കൈയുറകള്‍ അണിയുകയും സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുകയും വേണം.
*ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ കഴിവതും ഫുള്‍സ്ലീവ് ഡ്രെസ്സുകള്‍ ഉപയോഗിക്കുക.
നഖങ്ങള്‍ പൊട്ടിപോകുക: ആരോഗ്യമില്ലാതെ നഖങ്ങള്‍ പൊട്ടിപോകുന്നു. ചിലരുടെ നഖങ്ങള്‍ നേര്‍ത്തതും ആരോഗ്യമില്ലാത്തവയുമായിരിക്കും.നഖങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ആവശ്യമായ പ്രതിവിധികള്‍ ചെയ്യേണ്ടിയിരിക്കുന്നു.പഴങ്ങളും അധികം വേവിക്കാത്ത പച്ചക്കറികളും മറ്റും ശീലമാക്കിയാല്‍ നഖങ്ങള്ക്കാവശ്യമായ വിറ്റാമിനുകളും ധാതുക്കളും എന്‍സൈമുകളും ലഭ്യമാകും.അതുപോലെത്തന്നെകൈനഖങ്ങള് കടിക്കുന്നത് ശീലമാക്കിയവരുടെ നഖങ്ങള്‍ എപ്പോഴും പൊട്ടിയതും രൂപഭംഗി നഷ്ടപെട്ടവയുമായിരിക്കും. ഈ ദുശീലം നിര്‍ത്തിയെങ്കില്‍ മാത്രമേ നഖങ്ങളുടെ മനോഹാരിത കാത്തു സൂക്ഷിക്കാന്‍ കഴിയൂ.
*തീരെ കട്ടികുറഞ്ഞ നഖമുള്ളവര്‍ ഒന്നിടവിട്ടദിവസങ്ങളിളിലം ചൂടുള്ള ഒലിവെണ്ണയില്‍ നഖങ്ങള്‍ മുക്കിവക്കുക.നഖങ്ങള്‍ ദൃഢമാകാന്‍ ഇതുവഴി കഴിയും.
*സ്ഥിരമായി നെയില്‍ പോളിഷ് ഇടുന്നവര്‍ ഇടയ്ക്കു ചില ദിവസങ്ങളില്‍ നെയില്‍പോളിഷ് തുടച്ചുമാറ്റി നഖങ്ങളെ വെറുതെ വിടണം.
*തീരെ വരണ്ടതോ പൊട്ടിയതോ ആയ നഖങ്ങളില്‍ ബദാം ഓയില്‍ പുരട്ടുക.
*ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതുവഴി നഖങ്ങളെ ആരോഗ്യകരമാക്കാം.ഇതിലടങ്ങിയിരിക്കുന്ന കാല്‍സ്യവും ഫോസ്ഫറസും നഖങ്ങള്‍ക്കു ആരോഗ്യമേകുന്നു.
*ആഹാരത്തില്‍ പകുതിയോളം പഴങ്ങളും അധികം വേവിക്കാത്ത പച്ചക്കറികളും ഉപയോഗിക്കേണ്ടിയിരിക്കുന്നു.അതുവഴി നഖങ്ങള്ക്കാവശ്യമായ വിറ്റാമിനുകളും ദാതുക്കളും എന്‍സൈമുകളും ലഭ്യമാകും.
*നീണ്ടതും ആരോഗ്യമുള്ളതുമായ നഖങ്ങള്‍ക്കു വൈറ്റമിന്‍ എ,ബി,സി,കാല്‍സ്യം,അയഡിന്‍,മഗ്നീഷ്യം എന്നിവ സമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കുക.
നഖങ്ങളിലെ ഫംഗസ്: വെളുത്തതോ മഞ്ഞനിറത്തിലോ നഖങ്ങളില്‍ കാണപ്പെടുന്ന പൊട്ടു പോലുള്ള അവസ്ഥയാണ് നഖങ്ങളിലെ ഫംഗസ്. പ്രതിരോധശേഷി കുറവുള്ള ആളുകളില്‍ ഇത് കൂടുതലായും കാണപ്പെടുന്നു.
*നഖങ്ങളിലെ ഇത്തരം പ്രശ്നങ്ങള്‍ക്കും കറകള്‍ക്കും പരിഹാരമായി ഒരു കപ്പ് വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാനീരൊഴിച്ചു നഖങ്ങള്‍ അതിലേക്കിറക്കി വക്കുക.
*പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.
*നെയില്‍പോളിഷിന്റെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടും നിലവാരമുള്ള നെയില്പോളിഷുകള് മാത്രം തിരഞ്ഞെടുത്തുകൊണ്ടും നഖങ്ങളെ ഫംഗസില്‍ നിന്നും രക്ഷിക്കാം.