TopTop
Begin typing your search above and press return to search.

കാലുകളുടെ സൗന്ദര്യത്തിന് പെഡിക്യൂര്‍ വീട്ടിലിരുന്നും

കാലുകളുടെ സൗന്ദര്യത്തിന് പെഡിക്യൂര്‍ വീട്ടിലിരുന്നും

സുന്ദരിയായിരിക്കാന്‍ മുഖവും മുടികളും ശ്രദ്ധിക്കുന്ന നാം അത്രതന്നെ പ്രാധാന്യം നല്‍കേണ്ട ഒന്നാണ് കാല്‍പാദങ്ങള്‍.കാരണം ശരീരസൗന്ദര്യ സംരക്ഷണത്തില്‍ മുഖം പോലെ തന്നെ പ്രാധാന്യമുണ്ട് കാല്‍പാദങ്ങള്‍ക്ക്. ശരീരത്തിന്റെ ഭാരം മുഴുവന്‍ താങ്ങുന്ന പാദങ്ങള്‍ ആരോഗ്യകരവും സുന്ദരവുമായി സൂക്ഷിക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ വൃത്തി അയാളുടെ കാല്‍പാദങ്ങളില്‍ നിന്നുംവ്യക്തമാണ്.പാദസംരക്ഷണമെന്നത് കാഴ്ചക്കുമാത്രമല്ല ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.ശരീരത്തിലെ മറ്റവയവങ്ങള്‍ പോലെത്തന്നെ പാദങ്ങളും നിരന്തര ശ്രദ്ധയും പരിചരണവുമര്‍ഹിക്കുന്നു.

പറഞ്ഞു വരുന്നത് പെഡിക്യൂറിനെ കുറിച്ചാണ്. പാദ സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് പെഡിക്യൂര്‍.ഇതിനായി എല്ലാവരും ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കുകയാണ് പതിവ്.പലര്‍ക്കും ഇത് സാധ്യമായെന്നു വരില്ല. കുറച്ചു സമയം കണ്ടെത്തിയാല്‍ വീട്ടിലിരുന്നും വളരെ ചിലവുകുറഞ്ഞരീതിയില്‍ പെഡിക്യൂര്‍ ചെയ്യാവുന്നതാണ്.

പെഡിക്യൂര്‍ ചെയ്യുക വഴി നഖങ്ങളും ചര്‍മ്മവും വൃത്തിയോടെ സൂക്ഷിക്കാനും ചര്‍മ്മത്തെ മൃദുവാക്കാനും തിളക്കം നിലനിര്‍ത്താനും സഹായിക്കുന്നു. അതുപോലെ ഉപ്പൂറ്റി വിണ്ടുകീറുന്നതില്‍നിന്നും കുഴി നഖങ്ങളില്‍ നിന്നും കട്ടികൂടിയ ചര്‍മ്മത്തില്‍നിന്നും രക്ഷിക്കാനും കഴിയും. മോയ്‌സ്ചറൈസ് കൊടുക്കുന്നതുകൊണ്ട് പാദങ്ങളുടെ ചെറുപ്പവും മൃദുലതയും ദീര്‍ഘകാലം നിലനിര്‍ത്താനാവും. പെഡിക്യൂര്‍ ചെയ്യുമ്പോള്‍ മസ്സാജ് ചെയ്യുന്നതുമൂലം പാദങ്ങളുടെ വേദനയും ആയാസവും പേശികളുടെ വലിച്ചിലും കുറയ്ക്കാനും രക്തപ്രവാഹം കൂടാനും സഹായിക്കുന്നു.

എങ്ങനെ പെഡിക്യൂര്‍ ചെയ്യാം

കടകളില്‍ നിന്നും പെഡിക്യൂറിനാവശ്യമായ കിറ്റ് (പെഡിക്യൂര്‍ കിറ്റ് ) ലഭിക്കും.

* പെഡിക്യൂറിന്റെ ആദ്യപടി കാല്‍നഖങ്ങളിലെ നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് നീക്കം ചെയ്യുക എന്നതാണ്.

* അതിനു ശേഷം നെയില്‍ കട്ടര്‍ അല്ലെങ്കില്‍ കോണ്‍ കട്ടര്‍ ഉപയോഗിച്ച് നഖം മുറിയ്ക്കുക. തുടര്‍ന്നു നെയില്‍ ഷെയിപര്‍ ഉപയോഗിച്ച് നഖങ്ങള്‍ ഉരച്ചു ഇഷ്ടമുള്ള ആകൃതി വരുത്തുക.

* ക്യൂട്ടിക്കിള്‍ ക്രീം നഖങ്ങളില്‍ പുരട്ടുകയാണ് അടുത്തഘട്ടം. ഇത് നഖങ്ങള്‍ക്കു തിളക്കവും ആരോഗ്യവും പ്രദാനം ചെയ്യുന്നു.ക്യൂട്ടിക്കിള്‍ ക്ലീനര്‍ ഉപയോഗിച്ച് നഖങ്ങള്‍ ചുരണ്ടി വൃത്തിയാക്കുകയും നഖങ്ങള്‍ക്കു ഇടയിലുള്ള അഴുക്കു നീക്കം ചെയ്യുകയും വേണം. നഖങ്ങളിലെ അഴുക്കു നീക്കം ചെയ്യാന്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിക്കാം. നഖങ്ങള്‍ക്കിരു വശത്തുമായി ഈരണ്ടു തുള്ളി ഹൈഡ്രജന്‍ പെറോക്‌സൈഡ് ഒഴിച്ച് 2 - 3 മിനിറ്റിനുശേഷം വൃത്തിയാക്കുക നഖങ്ങള്‍ക്കിടയിലുള്ള അഴുക്കു പതഞ്ഞു പൊങ്ങും. ഇത് ക്യൂട്ടിക്കിള്‍ കട്ടറിന്റെ സഹായത്തോടെ നീക്കം ചെയ്യാം.

* ക്യൂട്ടിക്കിള്‍ പീലര്‍ ഉപയോഗിച്ച് ഡെഡ് സ്‌കിന്‍ നീക്കം ചെയ്യാം

* നഖങ്ങള്‍ വൃത്തിയാക്കുകയും ഷേപ്പ് വരുത്തുകയും ചെയ്തു കഴിഞ്ഞാല്‍ അടുത്തതായി കാല്പാദങ്ങളുടെ പരിചരണമാണ്.ഇതിനായി ഒരു പാത്രത്തില്‍ ചൂടുവെള്ളമെടുക്കുക.(വെള്ളത്തിന്റെ ചൂട് സഹിക്കാവുന്നതാകണം). ഇതിലേക്കു നാരങ്ങാ നീര്, ഉപ്പ്, ഡെറ്റോള്‍, ഷാംപൂ ഇവ മിക്‌സ് ചെയ്തു കാലുകള്‍ ഇറക്കിവെക്കുക. 15 മിനിറ്റിനു ശേഷം നനവോടുകൂടിത്തന്നെ പ്യൂമിക് സ്റ്റോണ്‍ ഉപയോഗിച്ച് കാലിന്റെ അടി ഭാഗം നന്നായി ഉരച്ചു കഴുകുക.(കാലുകള്‍ വൃത്തിയാകുന്നതിനായി നെയില്‍ ബ്രഷ് ,ഫൂട്ട് ബ്രഷ് ,പ്യൂമിക് സ്റ്റോണ്‍ , ഫൂട്ട് സ്‌ക്രാപ്പര്‍ എന്നിവ ഉപയോഗിക്കാം) .

* കാലുകള്‍ വൃത്തിയാക്കിയ ശേഷം ടൗവല്‍ കൊണ്ട് നന്നായി തുടക്കുക .തുടര്‍ന്ന് നല്ല ഒരു സ്‌ക്രബ്ബര്‍ കാലുകളില്‍ പുരട്ടി മസ്സാജ് ചെയ്യുക. കാലുകളിലെ ഡെഡ് സ്‌കിന്നിനെ നീക്കം ചെയ്തു കാലുകള്‍ സോഫ്റ്റ് ആക്കാന്‍ ഇത് സഹായിക്കുന്നു.സ്‌ക്രബ്ബര്‍ കൈവശം ഇല്ലെങ്കില്‍ വീട്ടില്‍ തന്നെ ചെയ്‌തെടുക്കാവുന്നതാണ്. അതിനു വേണ്ടി കുറച്ചു പഞ്ചസാര എടുക്കുക അതിലേക്കു തേന്‍,നാരങ്ങാനീര് ,അല്പം വെളിച്ചെണ്ണ തുടങ്ങിയവ മിക്‌സ് ചെയ്തു സ്‌ക്രബ്ബര്‍ ആയി ഉപയോഗിക്കാം തേന്‍ സ്‌കിന്നിനെ തിളക്കമുള്ളതാകുകയും നാരങ്ങാ നീര് നിറം നല്‍കുകയും ചെയ്യും.വെളിച്ചെണ്ണ നല്ല മോയിസ്ചറൈസര്‍ ആയി പ്രവര്‍ത്തിക്കുന്നു. കോഫി പൗഡറില്‍ പഞ്ചസാരയും നാരങ്ങാനീരും തേനും അല്പം ഗ്ലിസറിനും ചേര്‍ത്തും സ്‌ക്രബ്ബര്‍ ഉണ്ടാക്കാം. കോഫി പൗഡറും നാരങ്ങാ നീരുമെല്ലാം സ്‌കിന്‍ കളര്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. കാല്‍ മുട്ടുകള്‍ തൊട്ട് കാല്‍ പാദങ്ങളും പാദങ്ങളുടെ അടിവശവും നന്നായി സ്‌ക്രബ്ബ് ഉപയോഗിച്ച് മസ്സാജ് ചെയ്തശേഷം തണുത്തവെള്ളത്തില്‍ കഴുകി തുടച്ചെടുക്കുക.

* തുടര്‍ന്നു ഏതെങ്കിലും കോള്‍ഡ് ക്രീം അല്ലെങ്കില്‍ മറ്റേതെങ്കിലും ക്രീം കൊണ്ട് നന്നായി മസ്സാജ് ചെയ്യുക.(ക്രീമിന് പകരമായി തൈരും നാരങ്ങാ നീരും ഗ്ലിസറിനും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ചും മസ്സാജ് ചെയ്യാം. തൈരും നാരങ്ങാനീരും നല്ലൊരു ബ്ലീച്ചിങ് ഏജന്റ് ആണ്.സ്‌കിന്‍ കളര്‍ വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.ഗ്ലിസറിന്‍ സ്‌കിന്നിനെ സോഫ്റ്റ് ആയി സൂക്ഷിക്കുന്നു. )ഇങ്ങനെ മസ്സാജ് ചെയ്യുക നിമിത്തം രക്തപ്രവാഹം വര്‍ദ്ധിക്കുകയും കാലുകള്‍ക്കു കൂടുതല്‍ ഭംഗി ലഭിക്കുകയും ചെയ്യുന്നു.

* വേണമെങ്കില്‍ കാലുകളില്‍ നല്ലൊരു പാക്ക് ഇടാവുന്നതാണ്. പാക്ക് നിര്‍ബന്ധമല്ലെങ്കില്‍ കൂടി പാക്ക് ഇടുന്നതിലൂടെ ചര്‍മ്മം മുറുകുകയും കൂടുതല്‍ മിനുസമുള്ളതായി തീരുകയും ചെയ്യും. ഇതിനായി തൈരില്‍ നാരങ്ങാ നീരും ഗ്ലിസറിനും കടലമാവും ചേര്‍ത്ത് പേസ്റ്റ് ആക്കി കാലുകളില്‍ പുരട്ടി 10 - 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകണം.

* ഇത്രയും കഴിഞ്ഞാല്‍ നഖങ്ങളില്‍ പോളിഷ് ഇട്ടു ഭംഗിയാക്കാം. നിലവാരമുള്ള നെയില്‍പോളീഷ് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ സ്ഥിരമായി നെയില്‍പോളിഷ് ഉപയോഗിക്കുന്നവരാണെങ്കില്‍ ഇടക്ക് അത് നീക്കം ചെയ്തു നഖങ്ങളെ സ്വതന്ത്രമാക്കണം. അല്ലാത്തപക്ഷം നഖത്തിന്റെ ആരോഗ്യത്തിനും നിറത്തിനും ഹാനികരമാണ്.

കാലുകളുടെ സംരക്ഷണത്തിന് ചില പൊടിക്കൈകള്‍

* മുഖത്തിന് മാത്രമല്ല കൈ -കാലുകള്‍ക്കും മാസ്‌കുകള്‍ ഉപയോഗിച്ച് നിറം വര്‍ദ്ധിപ്പിക്കാം. അഴകേറും കാലുകള്‍ ആരുടേയും ശ്രദ്ധ കവരും

* തൈരില്‍ നാരങ്ങാ നീരും ഗ്ലിസറിനും കടലമാവും ചേര്‍ത്ത് പേസ്റ്റ് ആക്കി കാലുകളില്‍ പുരട്ടി 10 - 15 മിനിറ്റിനു ശേഷം വാഷ് ചെയ്യാം

* പെട്രോളിയം ജെല്ലി കാലുകളില്‍ പുരട്ടി സോക്‌സിട്ട് രാത്രിയില്‍ കിടന്നുറങ്ങുക .കാലുകള്‍ സോഫ്റ്റ് ആകുകയും വിണ്ടുകീറല്‍ മാറുകയും ചെയ്യും

* രണ്ടു സ്പൂണ്‍ ഗ്ലിസറിനും നാരങ്ങാനീരും യോജിപ്പിച്ചു ദിവസവും കുളികഴിഞ്ഞു തേച്ചുപിടിപ്പിച്ചാല്‍ കാല്‍പാദം വിണ്ടു കീറില്ല.

* ആഴ്ചയിലൊരിക്കലെങ്കിലും എണ്ണപുരട്ടി കാലുകള്‍ നന്നായി മസ്സാജ് ചെയ്യുക

* പാല്‍പ്പാടയില്‍ നാരങ്ങാനീര് ഗ്ലിസറിന്‍ കസ്തൂരിമഞ്ഞള്‍ ഇവചേര്‍ത്തു പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയുക.ചര്‍മ്മം സോഫ്റ്റ് ആക്കാന്‍ ഇത് സഹായിക്കുന്നു

* കാല്‍പാദത്തിനു അനുയോജ്യമായ ചെരുപ്പുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക.കൂടുതല്‍ ഇറുകിയ ചെരിപ്പുകള്‍ വായു സഞ്ചാരം കുറയ്്ക്കുന്നു ഇത് ആരോഗ്യപ്രദമല്ല. അതുപോലെ തന്നെ കാല്‍പാദങ്ങളില്‍ പാടുകള്‍ ഉണ്ടാകുകയും ചെയ്യും


റ്റിഞ്ചു ജോഷി

റ്റിഞ്ചു ജോഷി

കൊച്ചിയില്‍ ബ്യൂട്ടീഷ്യനാണ് ലേഖിക

Next Story

Related Stories