TopTop
Begin typing your search above and press return to search.

നാടിനിണങ്ങുന്ന ഡിസൈനുമായി നീതു; പ്രചോദനമാകുന്നത് പ്രകൃതിയുടെ നിശ്വാസം

നാടിനിണങ്ങുന്ന ഡിസൈനുമായി നീതു; പ്രചോദനമാകുന്നത് പ്രകൃതിയുടെ നിശ്വാസം

ഡിസൈന്‍ എന്നത് ദന്തഗോപുര സൃഷ്ടിയല്ലെന്നും സാധാരണക്കാര്‍ക്കുവേണ്ടി പ്രകൃതിയോട് ഇണങ്ങുന്ന തരത്തില്‍ ഇത് പ്രായോഗികമാക്കാമെന്നും തെളിയിച്ചുകൊണ്ട് കൊച്ചി ഡിസൈന്‍ വീക്കില്‍ മലബാറില്‍നിന്നൊരു വനിത. കൊച്ചിയിലെ ബോള്‍ഗാട്ടി ദ്വീപില്‍ ഇന്നലെ ആരംഭിച്ച ഡിസൈന്‍ വീക്കിനെത്തിയവരെ കൗതുകത്തിലാഴ്ത്തുന്ന കാഴ്ചകളായിരുന്നു കിസ്സ എന്ന സ്ഥാപനത്തിലൂടെ നീതു റഹ് മാന്‍ ഒരുക്കിയിരുന്നത്.

കിസ്സയുടെ സ്ഥാപക കൂടിയായ നീതു സൗദിയില്‍ വീട്ടമ്മ ആയിരുന്നു. കലയോടും കലാവസ്തുക്കളോടും മാത്രമല്ല സംഗീതത്തിലും തല്പരയായ നീതുവിനെ ആ താല്പര്യമാണ് ഡിസൈനുകളോട് അടുപ്പിച്ചത്.ഓരോ പരിപാടിയ്ക്കും അനുയോജ്യമായി ഓരോ മൂഡ് ഉണ്ടെന്നു പറയുന്ന നീതു . അതനുസരിച്ചാണ് തന്റെ സര്‍ഗശേഷി പ്രകടിപ്പിക്കുന്നത്. ഡിസൈന്‍ വീക്ക് ഒരു കോര്‍പ്പറേറ്റ് ഇവന്റ് ആയതിനാല്‍ വളരെയേറെ വിദഗ്ധര്‍ വരുന്ന ഇവിടെ പ്രതിഷ്ഠാപനങ്ങള്‍ നിര്‍മിക്കുന്നത് എളുപ്പമല്ല. ഉപയോഗിക്കുന്ന വസ്തുക്കളും ഈ ചടങ്ങിന് അനുസരിച്ചായിരിക്കണമെന്ന് അവര്‍ കണക്കുകൂട്ടി. എന്നാല്‍ കേരളത്തിനു പറയാനുള്ളത് അതില്‍ പ്രതിഫലിക്കുകയും വേണം.

പഴയ തക്കാളിപ്പെട്ടി പോലെ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കൊണ്ടാണ് ഡിസൈന്‍ വീക്കിലെ പ്രതിഷ്ഠാപനങ്ങളുടെ ചുറ്റുവട്ടങ്ങള്‍ അലങ്കരിച്ചിരിക്കുന്നത്.കടലാസു തോരണങ്ങളും,പേപ്പര്‍ ബോട്ടുകളും,ചേക്കുട്ടി പാവകളുമൊക്കെ ഈ അന്തരീക്ഷത്തിന് മാറ്റുകൂട്ടുന്നു. ആറു പ്രതിഷ്ഠാപനങ്ങളാണ് കിസ്സ ഡിസൈന്‍ ചെയ്തിരിക്കുന്നത് . മലബാറിന്റെ ആതിഥേയ മര്യാദ പ്രകടമാക്കാന്‍ വേണ്ടി പല നിറത്തിലും രുചിയിലുമുള്ള കോഴിക്കോടന്‍ ഹല്‍വ വിതരണം ചെയ്യുന്നു. പ്രളയത്തിന്റെ ഫലവും അതിജീവനവും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള പ്രതിഷ്ഠാപനങ്ങളുമുണ്ട്. മത്സ്യ തൊഴിലാളികളോടുള്ള ആദര സൂചകമായി നിര്‍മിച്ചിരിക്കുന്ന ബോട്ട് ആണ് ഇതിലൊരു ആകര്‍ഷണം,.ബോട്ടില്‍ നിറയെ കടലാസുവള്ളങ്ങളില്‍ നന്ദിവാക്ക് രേഖപ്പെടുത്തിയിരിക്കുന്നു. ഗ്രീന്‍ സ്റ്റോം ഫൗണ്ടേഷനും യുഎന്‍ഇപി- യും ചേര്‍ന്ന് എല്ലാ വര്‍ഷവും നടത്തുന്ന 'ഗ്രീന്‍ സ്റ്റോം ഫൗണ്ടേഷന്‍ പിക്‌റ്റെയില്‍ കോംപെറ്റീഷനില്‍ പങ്കെടുത്ത 4000 ചിത്രങ്ങളില്‍നിന്ന് വിധികര്‍ത്താക്കള്‍ തിരഞ്ഞെടുത്ത 50 ചിത്രങ്ങള്‍ ആണ് കിസ്സ ഡിസൈന്‍ ചെയ്ത മറ്റൊരു പ്രതിഷ്ഠാപനം. 'പ്രകൃതിയുടെ ശ്വാസം 'എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ആ മത്സരം. ഇത്തവണത്തെ ഉച്ചകോടിയില്‍ പ്രളയവും ഒരു വിഷയം ആയതിനാല്‍ അതിനു അനുയോജ്യമായാണ് ഇത് രൂപകല്പന ചെയ്തത്.

ബുക്ക് ഓഫ് ലൈഫ് എന്ന പേരിലുള്ള പ്രതിഷ്ഠാപനം പറയുന്നത് പ്രളയം ഏറ്റവും കൂടുതല്‍ ആഘാതം ഏല്പിച്ച അരീക്കോട് എസ്.എസ് .എച് .എസ് .എസ്-ന്റെ കഥയാണ്. പ്രളയ ജലത്തില്‍ നശിച്ച പുസ്തകങ്ങളാണ് ഇതില്‍ പ്രതിഫലിപ്പിച്ചിരിക്കുന്നത്. കടലാസില്‍ നിര്‍മിച്ച തിരമാലകള്‍ ആണ് വേറൊരു ഇന്‍സ്റ്റലേഷനായി മാറുന്നു. .ഇതിനോടൊപ്പം കേരളത്തില്‍ പണ്ട് ലഭിച്ചിരുന്ന നാടന്‍ മിഠായി ശേഖരവുമുണ്ട് ഡിസൈന്‍ വീക്കില്‍. തേന്‍ മിഠായി,ശര്‍ക്കര മിഠായി,കടല മിഠായി തുടങ്ങിയവ മലയാളിയുടെ ഗൃഹാതുരത്വം തൊട്ടുണര്‍ത്തുന്ന തരത്തില്‍ കാഴ്ചക്കാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.

Next Story

Related Stories