TopTop
Begin typing your search above and press return to search.

'ഇന്ത്യയിലെ സംരംഭകയായ വീട്ടമ്മയ്ക്കും വീട്ടുജോലി ചെയ്യുന്നതില്‍ നിന്ന് മോചനമില്ല'

ഇന്ത്യയിലെ സംരംഭകയായ വീട്ടമ്മയ്ക്കും വീട്ടുജോലി ചെയ്യുന്നതില്‍ നിന്ന് മോചനമില്ല

സാമൂഹ്യവികസന ലക്ഷ്യങ്ങള്‍ നേടുന്നതില്‍ സാമ്പത്തികലാഭം നോക്കി മാത്രം നിക്ഷേപം നടത്തരുതെന്ന് ലിംഗസമത്വത്തിനായുള്ള രണ്ടാം അന്താരാഷ്ട്ര സമ്മേളനത്തില്‍(ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ജെന്‍ഡര്‍ ഇക്വാളിറ്റി- ഐ.സി.ജി.ഇ-2) വിദഗ്ധര്‍. ഐക്യരാഷ്ട്രസഭാ സംഘടനയായ യുഎന്‍ വിമനിന്റെ സഹകരണത്തോടെ കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കാണ് സമ്മേളനം സംഘടിപ്പിച്ചത്.

ഇന്ത്യയിലെ സംരംഭകയായ വീട്ടമ്മയ്ക്കും വീട്ടുജോലി ചെയ്യുന്നതില്‍ നിന്ന് മോചനമില്ലെന്ന് ഒഡിഷ നൈപുണ്യവികസന ഏജന്‍സി ചെയര്‍മാന്‍ സുബ്രതോ ബാഗ്ചി പറഞ്ഞു. സുസ്ഥിര വികസന സംരംഭങ്ങളിലേക്കും സാമൂഹ്യവ്യാപരങ്ങളിലേക്കും നവ സാമ്പത്തിക പരിഹാരം എന്ന വിഷയത്തിലെ ചര്‍ച്ച നയിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ 50 ശതമാനം ജനസംഖ്യ സ്ത്രീകളാണ്. എന്നാല്‍ ഇവരില്‍ ജോലിയുള്ളവര്‍ 28 ശതമാനം മാത്രമേയുള്ളൂ. സംരംഭകയായ സ്ത്രീയ്ക്ക് തന്റെ കുടുംബപരവും സാമൂഹികവുമായ പ്രതിബദ്ധതയില്‍ നിന്ന് ഒഴിഞ്ഞുമാറാനാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘടിതരാകുന്നത് മാത്രമാണ് വനിത സംരംഭങ്ങളില്‍ സാമ്പത്തിക നിക്ഷേപം കൊണ്ടു വരാനുള്ള പോംവഴിയെന്ന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ സുബ്ബലക്ഷ്മി നന്ദി ചൂണ്ടിക്കാട്ടി. കേരളത്തിലെ കുടുംബശ്രീ മികച്ച ഉദാഹരണമാണ്. വിഭവങ്ങള്‍ സ്വരുക്കൂട്ടാനും അപകടസാധ്യത പങ്കിട്ടെടുക്കാനും സംഘടിത സംരംഭങ്ങളിലൂടെ സാധിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സ്വാശ്രയ സംരംഭങ്ങള്‍ക്ക് വായ്പ ലഭിക്കാന്‍ പൊതുവെ എളുപ്പമാണ്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന കര്‍ഷക സംരംഭങ്ങള്‍ക്ക് വിള ഇന്‍ഷ്വറന്‍സ് വളരെ സഹായകരമാണെന്നും അവര്‍ പറഞ്ഞു.

മികച്ച സാമൂഹ്യവികസന ലക്ഷ്യങ്ങള്‍ നേടാന്‍ കഴിവുള്ള സാമൂഹ്യവ്യാപാര സംരംഭങ്ങള്‍ നാട്ടിലുണ്ടെന്ന് ഗുജറാത്ത് ഇന്‍സ്റ്റ്യൂട്ട് ഫോര്‍ ഡവലപ്മന്റ് റിസര്‍ച്ചിലെ ഡോ. താര നായര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം സംരംഭങ്ങളില്‍ നിക്ഷേപം നടത്താന്‍ ആരും തയ്യാറാകുന്നില്ല. ധനപരമായ നഷ്ടങ്ങള്‍ക്കപ്പുറം ഈ സംരംഭം സമൂഹത്തിലുണ്ടാക്കുന്ന നേട്ടങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. കുടുംബങ്ങള്‍ ചെറു സംരംഭങ്ങളായി മാറ്റുന്നത് സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിന് പ്രധാനഘടകമാകുമെന്ന് ടെരുമോ പെന്‍പോള്‍ സീനിയര്‍ അഡൈ്വസര്‍ സി ബാലഗോപാല്‍ പറഞ്ഞു. കുടുംബത്തിലെ മൂന്നു പേരെങ്കിലും വരുമാനമുള്ളവരാകണം. താരതമ്യേന സങ്കീര്‍ണതകള്‍ കുറഞ്ഞ സഹകരണസംഘങ്ങള്‍ വഴിയുള്ള വായ്പകളും ഉപയോഗപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

നിക്ഷേപങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ സംരംഭകര്‍ക്ക് ഉണ്ടാകണമെന്ന് ജിസ് ഇന്ത്യയുടെ വിമന്‍ ഇക്കണോമിക് എംപവര്‍മന്റ് പ്രൊജക്ട് ഇന്ററിം ഹെഡ് ഉല്ലാസ് മാരാര്‍ പറഞ്ഞു. വായ്പ നല്‍കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ തയ്യാറാണെങ്കിലും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പക്കല്‍ നിന്ന് വായ്പ വാങ്ങാനാണ് പലരും താത്പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്ക് കാമ്പസില്‍ നടക്കുന്ന ത്രിദിന സമ്മേളനം ശനിയാഴ്ച അവസാനിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.


Next Story

Related Stories