TopTop
Begin typing your search above and press return to search.

അടച്ചിരുപ്പ് കാലത്തെ നിക്കാഹ്; വിസ്മയവും കൗതുകവും വിട്ടുമാറാതെ മുഹമ്മദും ആമിയും

അടച്ചിരുപ്പ് കാലത്തെ നിക്കാഹ്; വിസ്മയവും കൗതുകവും വിട്ടുമാറാതെ മുഹമ്മദും ആമിയും

മാറുന്ന കാലം; മാറുന്ന വിവാഹം (ഭാഗം - ഒന്ന്)

കൊറോണക്കാലം നമ്മുടെ ജീവിത രീതികളെ ആകെ തന്നെ പുനര്‍നിര്‍വചിച്ചിരിക്കുന്നു. മലയാളികളുടെ പരമ്പരാഗതമായതും അല്ലാത്തതുമായ കാര്യങ്ങളിലൊക്കെ ഇതു കാണാം- വിവാഹം, ചോറൂണ്, എന്നുവേണ്ട സകല ചടങ്ങുകളിലും. ആഘോഷങ്ങളുടെ പൊലിമ കുറയാതെ അവ വീടുകളിലേക്കും മറ്റും മാറി. വിവാഹരീതികളില്‍ വന്ന മാറ്റം വിവരിക്കുന്ന ഫീച്ചറിന്റെ ആദ്യലക്കത്തില്‍ അനുഭവം പങ്കുവെയ്ക്കുകയാണ് മലപ്പുറം സ്വദേശികളായ മുഹമ്മദ്-ആമി ദമ്പതികള്‍.

മണവാട്ടി തന്നെ ഉണ്ടാക്കിയെടുത്ത പല നിറത്തിലുള്ള കടലാസുപൂക്കള്‍ കൊണ്ട് അലങ്കരിച്ച വേദി. അരിക്കുത്തു ചടങ്ങിനു പിന്നില്‍ വലിച്ചുകെട്ടിയ ഉപ്പയുടെ വെള്ളമുണ്ടുകള്‍. മൊബൈലില്‍ ഷൂട്ട് ചെയ്ത വിവാഹ ചടങ്ങ്....നിക്കാഹിന്റെ വിശേഷങ്ങള്‍ പറയുമ്പോള്‍ ആമിക്ക് ആയിരം നാവ് വാക്കുകളില്‍ വിസ്മയവും കൗതുകവും പലപ്പോഴും ഉദ്വേഗവും കൂടുകെട്ടി.(കല്യാണ്‍ ഇ ഷോപ്പി ലിങ്ക് )


ലോക്ഡൗണില്‍ നാടെങ്ങും അടച്ചിരുന്നപ്പോഴായിരുന്നു വള്ളിക്കുന്നുകാരന്‍ മുഹമ്മദിന്റേയും തിരൂര്‍ സ്വദേശി ആമിന മറിയ എന്ന ആമിയുടേയും നിക്കാഹ്. ബന്ധുക്കളും അടുപ്പക്കാരും അടങ്ങുന്ന വേദിയില്‍ ആളും ആരവങ്ങളുമായി അതിവിപുലമായി നടക്കേണ്ട വിവാഹം. പങ്കെടുത്തതാവട്ടെ മുപ്പതില്‍പ്പരം പേര്‍. ബാംങ്കളൂരില്‍ നിന്നും ഏക സഹോദരന്‍ മുഹമ്മദ് അസ്ഹറും കുടുംബത്തിനും പോലും എത്താനായില്ല. വരാനാവാത്തവര്‍ ദൂരദിക്കുകളിലിരുന്നു സൂമിലൂടെ കണ്ടു വീട്ടു മുറ്റത്തെ വിവാഹം.

150 വര്‍ഷത്തിലേറെ പഴക്കമുള്ള തിരൂരിലെ പുതിയങ്ങാടി നാലകത്ത് തറവാട്ടു മുറ്റത്തിട്ട പന്തല്‍ മുതലുള്ള എല്ലാ ഒരുക്കങ്ങള്‍ക്കും ആമിയും ഉമ്മയും അടുത്തുള്ള ബന്ധുക്കളും മുന്നിട്ടിറങ്ങി. ഉറ്റബന്ധുക്കളിലധികവും വിദൂരങ്ങളിലായിട്ടും മൈലാഞ്ചിപ്പാട്ടും കുപ്പിവളക്കിലുക്കവും ആഹ്ലാദാതിരേകവുമൊക്കെയായി നിക്കാഹ് വിധിയാം വണ്ണം നടന്നു-കളിയും പാട്ടും ചിരിയും ഒക്കെയുള്ള ചെറു ഉത്സവമായി തന്നെ.


''അയ്യോ! കല്യാണക്കാര്യം പറയുമ്പോഴേ ചിരിയാണ്. അത്രയ്ക്ക് രസകരമായിരുന്നു നിക്കാഹ്. '' ഓരോന്നിനും വേണ്ടി ഓടി നടന്നതോര്‍ക്കുമ്പോള്‍ വിസ്മയവും കൗതുകവും ആമിയെ വിട്ടു മാറുന്നില്ല. വേദിയൊരുക്കല്‍ തുടങ്ങി അലങ്കാര ജോലികള്‍ വരെ എല്ലാത്തിലുമുണ്ടായിരുന്നു ആമിയുടെ വിരല്‍ സ്പര്‍ശം. അങ്ങനെ വേണ്ടിവരുമെന്നു കരുതിയിരുന്നതല്ല. പക്ഷെ സാഹചര്യം അതായിരുന്നു. മുഹമ്മദിന്റെ വള്ളിക്കുന്നിലെ വീട്ടിലിരുന്ന് ആമി ആ കല്യാണ വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങി.

ഫെബ്രുവരിയിലായിരുന്നു നിശ്ചയം. ഏപ്രില്‍ എട്ടിന് നിക്കാഹും ഉറപ്പിച്ചു. തിരൂരില്‍ ഓഡിറ്റോറിയവും ബുക്ക് ചെയ്തു. മുഹമ്മദ് ദുബായില്‍ വ്യവസായി ആണ്. ബാങ്കളൂരിലെ ബ്രിട്ടീഷ് കമ്പനിയില്‍ എച്ച് ആര്‍ മേധാവിയായിരുന്ന ആമി വിവാഹത്തിനായി മുന്‍കൂട്ടി എത്തുകയും ചെയ്തു. പക്ഷെ ലോക്ഡൗണ്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കി. വിവാഹം നീട്ടിവെയ്‌ക്കേണ്ടി വന്നു. ജൂണ്‍ ഒന്നിലേക്ക്. വളരെ രസകരമായിരുന്നു നിക്കാഹ്.എല്ലാവരും കൂടി ഓടിനടന്നു നടത്തിയ കല്യാണം. ചിരിച്ചുകൊണ്ടാണ് ബന്ധുക്കള്‍ ഇപ്പോഴും കല്യാണ വിശേഷങ്ങള്‍ ഓര്‍ത്തെടുക്കുന്നത്. കുടുംബത്തിലെ ഒത്തൊരുമ കാണിക്കുന്നതായിരുന്നു നിക്കാഹ്. ഉമ്മ നൂര്‍ജഹാനും ഉപ്പ അബ്ബാസ് അലിയ്ക്കും വലിയ ബന്ധുബലമൊക്കെ ഉണ്ടെങ്കിലും ദൂരദിക്കിലാണ് ഏറെപ്പേരും. വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു കല്യാണത്തില്‍ സംബന്ധിച്ചത്. എല്ലാവരും എല്ലാം ചെയ്തു ചടങ്ങുകള്‍ ഗംഭീരമാക്കി. കൊച്ചുമക്കള്‍ക്കുമുണ്ടായിരുന്നു പിടിപ്പതു പണി. പൂക്കളൊരുക്കാനും വേദി അലങ്കരിക്കാനും അവരും കൂടി. വല്യുമ്മയും ഇത്താത്തമാരും പാചകത്തിനു കൂടിയപ്പോള്‍ കസിന്‍സായിരുന്നു വേദിയൊരുക്കാന്‍ മുന്നില്‍ നിന്നത്.

മൂന്നു ദിവസം നീളുന്നതായിരുന്നു ചടങ്ങുകള്‍. ഉമ്മച്ചി കല്യാണം, അരിക്കുത്ത്, നിക്കാഹ് എന്നിങ്ങനെ ഓരോ ദിവസത്തേയും ചടങ്ങുകള്‍. ഞങ്ങള്‍ രണ്ടുപേരും കേരളത്തിനു പുറത്തായിരുന്നു പഠിച്ചതും ജോലി ചെയ്തതും ഒക്കെ. പക്ഷെ, നിക്കാഹ് പരമ്പരാഗത നാട്ടിന്‍ പുറം ചിട്ടവട്ടങ്ങള്‍ അനുസരിച്ച് തന്നെയാണ് നടത്തിയത്. കൃത്യമായി പ്ലാന്‍ ചെയ്തു എല്ലാവരും ചേര്‍ന്നു കാര്യങ്ങളൊക്കെ ചെയ്തു. ഞാന്‍ തന്നെയാണ് നിക്കാഹിനാവശ്യമായ വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും മറ്റും തെരഞ്ഞെടുത്തതും വാങ്ങിച്ചതും. ജോലി കഴിഞ്ഞ് വൈകിട്ട് ആറുമണിക്ക് ശേഷമായിരുന്നു പര്‍ച്ചേസ്. അതിനായി ബാംങ്കളൂരിലെ ഷോപ്പിംഗ് മാളുകളില്‍ കയറിയിറങ്ങി.(കല്യാണ്‍ ഇ ഷോപ്പി ലിങ്ക് )


ഉമ്മച്ചികുപ്പായിത്തിന് ആവശ്യമായ പരമ്പരാഗത വസ്ത്രങ്ങളും ഒപ്പനയ്ക്കുള്ള തുണിത്തരങ്ങളും ബാംങ്കളൂരില്‍ നിന്നും തന്നെയാണ് വാങ്ങിച്ചത്. വളരെ കുറച്ച് സാധനങ്ങള്‍ മാത്രമേ നാട്ടില്‍ നിന്നും വാങ്ങിച്ചുള്ളു. ആഭരണങ്ങളില്‍ കൂടുതലും തറവാട്ടില്‍ പാരമ്പര്യമായി സൂക്ഷിച്ചിരുന്നവയായിരുന്നു. വളയും മാലയും മറ്റും അങ്ങനെ ഒത്തിരിയുണ്ടായിരുന്നു. കുറച്ചു സ്വര്‍ണ്ണം നാട്ടില്‍ നിന്നും വാങ്ങി. അത്രമാത്രം. ബാങ്കളൂരില്‍ നിന്നും വാങ്ങിയ പലനിറങ്ങളിലുള്ള കടലാസുകളും അലങ്കാര വസ്തുക്കളും കൊണ്ടായിരുന്നു സ്റ്റേജും വിവാഹവേദിയും ഒക്കെ ഒരുക്കിയത്. എല്ലാം സ്വന്തമായി ചെയ്തു. കസിന്‍സൊക്കെ സഹായിച്ചു. ഞങ്ങള്‍ ആറേഴു പേര്‍. രാത്രി രണ്ടുമണിവരെയിരുന്നായിരുന്നു പൂക്കളും അലങ്കാര വസ്തുക്കളും ഉണ്ടാക്കി വേദി ഒരുക്കിയത്. മേശ ഇടുന്നതിന്റെ സ്ഥാനം പോലും ഞാന്‍ പറഞ്ഞുകൊടുത്തു.

തറവാട്ടിലെ പെണ്‍കുട്ടികളില്‍ മൂത്തയാളാണ് ഞാന്‍. അതുകൊണ്ടുതന്നെ താഴെയുള്ളവരെല്ലാം അനുസരിച്ചു. ആണ്‍കുട്ടികള്‍ ഇടയ്ക്ക് അല്പം ഉഴപ്പിയെങ്കിലും നിക്കാഹ് കഴിയുമ്പോള്‍ സമ്മാനം നല്‍കാമെന്ന് പറഞ്ഞവരെ പാട്ടിലാക്കി. മേയ്ക്കപ്പിനൊന്നും ആരേയും പുറത്തുനിന്നും വിളിച്ചിരുന്നില്ല. കസിന്‍സ് തന്നെയാണ് എന്നെ ഒരുക്കിയത്. നിക്കാഹിന്റെ അന്നത്തേയ്ക്ക് മാത്രം ബ്യൂട്ടീഷ്യനെ ബുക്ക് ചെയ്‌തെങ്കിലും അവരും സമയത്ത് എത്തിയില്ല. തലശ്ശേരിയില്‍ നിന്നും മറ്റൊരാളെ എത്തിക്കേണ്ടി വന്നു. ഫോട്ടോഗ്രാഫര്‍ ഉണ്ടായിരുന്നെങ്കിലും വീഡിയോ എടുത്തില്ല. കസിന്‍സും മറ്റും മൊബൈലിലായിരുന്നു നിക്കാഹ് ഷൂട്ട് ചെയ്തത്.


ഉപ്പയ്ക്കു ധാരാളം വെള്ള മുണ്ടുകള്‍ ഉണ്ടായിരുന്നു. അവ അരിക്കുത്ത് വേദിയില്‍ വലിച്ചുകെട്ടി പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. ഞാന്‍ തന്നെ ഉണ്ടാക്കിയെടുത്ത കടലാസു പൂവുകളായിരുന്നു അത്. വളരെ കളര്‍ഫുള്‍. ഉമ്മച്ചികുപ്പായത്തിനും ഒപ്പനക്കളിക്കാര്‍ക്കും ഇണങ്ങുന്ന തരത്തിലുള്ള കടലാസുപൂവുകള്‍. മൈലാഞ്ചി ഒരുക്കിയതും ഇട്ടതുമെല്ലാം കസിന്‍സ് തന്നെ ആയിരുന്നു. ഒപ്പനപ്പാട്ടുകളെല്ലാം തന്നെ യു ട്യൂബില്‍ നിന്നും കേട്ട് എഴുതിപഠിച്ച് പാടുകയായിരുന്നു. എല്ലാവര്‍ക്കും ഞാന്‍ തന്നെ പകര്‍ത്തി എഴുതിക്കൊടുത്തു.

ഉമ്മയ്ക്കായിരുന്നു ഭക്ഷണകാര്യത്തിന്റെ മേല്‍നോട്ടം. നാലഞ്ചു തരത്തിലുള്ള ബിരിയാണികള്‍. എല്ലാം ഉമ്മച്ചിയുടെ തറവാട്ടില്‍ നിന്നും ഉണ്ടാക്കിക്കൊണ്ടുവരികയായിരുന്നു. അരിക്കുത്തിനുള്ള ഉരലും ഉലക്കയുമൊക്കെ ഞാന്‍ തന്നെയാണ് സംഘടിപ്പിച്ച് വച്ചത്. കച്ചിമുണ്ടും ഉമ്മച്ചികുപ്പായവും കുപ്പിവളകളും ഇട്ട് അരികുത്തുന്നതാണ് ചടങ്ങ്. പെണ്‍കുട്ടിക്ക് വീട്ടുജോലികള്‍ അറിയാമോ എന്നതിനുള്ള പരിശോധന. എല്ലാം വിധിയാംവണ്ണം തന്നെ നടത്തി. സ്ത്രീ പങ്കാളിത്തം ഏറെ വേണ്ട ചടങ്ങാണെങ്കിലും അതൊന്നും സാധിച്ചില്ല.


നിക്കാഹൊക്കെ അടിപൊളിയായിരുന്നെങ്കിലും ഏറെ സങ്കടമുണ്ടാക്കിയത് സഹോദരനു പങ്കെടുക്കാന്‍ പറ്റാത്തതായിരുന്നു. അദ്ദേഹവും കുടുംബവും ബാങ്കളൂരിലാണ് താമസം. എന്നേക്കാളും എട്ടു വയസ്സിനു മൂത്തയാളാണ്. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചുപോയ ഉപ്പയുടെ സ്ഥാനത്ത് നിന്നും നിക്കാഹ് നടത്തി തരേണ്ടയാള്‍. പക്ഷെ ഒരു ബന്ധുവാണ് ആ സ്ഥാനം വഹിച്ചത്. എന്റേയും ഭര്‍ത്താവിന്റേയും ബന്ധുക്കള്‍ എല്ലാവരും തന്നെ ഇന്ത്യയ്ക്കു വെളിയിലാണ്. മുഹമ്മദും കുടുംബവും ദുബായില്‍ സ്ഥിരതാമസക്കാരാണ്. എന്റെ ഉപ്പയുടെ ബന്ധുക്കളെല്ലാവരും അമേരിക്കയിലും. ഉമ്മയുടെ വീട് തിരൂരും. നാട്ടിലുള്ള ഉമ്മയുടെ ബന്ധുക്കളാണ് നിക്കാഹില്‍ പങ്കെടുത്തവരില്‍ ഏറിയ പങ്കും. വിവാഹത്തിന് എല്ലാവരേയും കാണുക എന്നതും വലിയ ആഗ്രഹമായിരുന്നു. പക്ഷെ അതൊന്നും നടന്നില്ല.


ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു.ഫോണില്‍ സംസാരിച്ച ശേഷമാണ് മുഹമ്മദിനെ നേരില്‍ കണ്ടത്. വലിയ പൊക്കക്കാരനാണ് മുഹമ്മദ്. ആദ്യം ചേരുമോയെന്ന സംശയം തോന്നി. പക്ഷെ പൊടുന്നനവെ ഞങ്ങള്‍ മനസ്സിന്റെ അടുപ്പം തിരിച്ചറിഞ്ഞു. കോവിഡ് ഉണ്ടാക്കിയ പ്രതിബന്ധങ്ങള്‍ക്കിടെ നിക്കാഹ് അത്രയും മനോഹരമാക്കാന്‍ കഴിഞ്ഞത് രണ്ടുപേരുടേയും മനസ്സിന്റെ ഐക്യം കൊണ്ടുതന്നെയാകണം. എല്ലാക്കാര്യങ്ങളും അന്യോന്യം സംസാരിച്ചാണ് തീരുമാനിച്ചതും ചെയ്തതും. ഏറെ പ്രതിബന്ധങ്ങള്‍ക്കു മധ്യെ നടന്ന വിവാഹം. എന്നിട്ടും എല്ലാ ആചാരത്തികവോടേയും മനോഹരവുമായി നടന്ന ചടങ്ങുകള്‍. മറക്കാനാവില്ല അതൊന്നും. ആമി പറഞ്ഞുനിര്‍ത്തുന്നു: 'ഞാന്‍ ഒരിയ്ക്കലും കരുതിയതല്ല, എന്റെ വിവാഹം ഇത്ര സ്‌പെഷ്യലാകുമെന്ന്. '

(വീടുകളിലേക്കും ചെറുഇടങ്ങളിലേക്കും ആഘോഷങ്ങള്‍ മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാണ്‍ മുഹുറത്ത് അറ്റ് ഹോം എന്ന പുതു സന്ദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. അതിനോട് അനുബന്ധമായി അഴിമുഖം കല്യാണ്‍ ജൂവലറിയുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന തുടര്‍ ഫീച്ചറില്‍ ആദ്യത്തേതാണിത്.)


Next Story

Related Stories