TopTop
Begin typing your search above and press return to search.

അടുത്ത നിയമസഭയില്‍ എത്ര വനിതകള്‍ ഉണ്ടാകും? വനിതാ ദിനത്തില്‍ കേരളം ഉറക്കെ ചോദിക്കേണ്ട ചോദ്യം

അടുത്ത നിയമസഭയില്‍ എത്ര വനിതകള്‍ ഉണ്ടാകും? വനിതാ ദിനത്തില്‍ കേരളം ഉറക്കെ ചോദിക്കേണ്ട ചോദ്യം

അഴിമുഖം പ്രതിനിധി

കേരളം ഒരു തെരഞ്ഞെടുപ്പിലേക്ക് എടുത്തുചാടാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴാണ് ഇത്തവണത്തെ വനിതാ ദിനം കടന്നു പോകുന്നത്. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് എന്താണ് കാര്യം അല്ലേ? ഇങ്ങനെ ചോദിക്കാന്‍ പ്രേരിപ്പിച്ചത് പതിമൂന്നാം നിയമ സഭയിലെ വനിതാ പ്രാതിനിധ്യത്തിന്‍റെ ശുഷ്ക്കസ്ഥിതി തന്നെ. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സാക്ഷരതയിലും ഇപ്പോള്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനവുമായി എന്ന് സ്വയം അവകാശപ്പെടുകയും ചെയ്യുന്ന കേരളത്തിന്റെ നിയമസഭയിലെ വനിതാ പ്രാതിനിധ്യം വെറും 9.17 ശതമാനം മാത്രമാണ്. അതായത് 140 നിയമസഭാംഗങ്ങളില്‍ വെറും വനിതകള്‍ വെറും ഏഴു പേര്‍.

തീര്‍ന്നില്ല, തല താഴ്ത്താന്‍ ഇനിയുമുണ്ട് കണക്കുകള്‍. കേരള നിയമസഭയില്‍ ഇതുവരെ അംഗങ്ങളായത് 865 പേരാണ്, എന്നാല്‍ വനിതാ പ്രാതിനിധ്യത്തിന്റെ കണക്കില്‍ അത് രണ്ടക്കത്തിലേക്ക് ഒതുങ്ങും, വെറും 40 പേര്‍ മാത്രം. മന്ത്രിയായവര്‍ 193. അതില്‍ വനിതകള്‍ ആറു പേര്‍. മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന വനിതകളുടെ എണ്ണമെടുത്താല്‍ കേരളത്തിന്റെ സ്ഥാനം ‘പൂജ്യ’നീയമാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ലോക്സഭയില്‍ വനിതാ സ്പീക്കര്‍ ഉണ്ടെങ്കില്‍ നമ്മുടെ നിയമസഭയില്‍ സ്പീക്കര്‍ പദവിയിലേക്ക് സ്ത്രീകളെ പരിഗണിക്കുക പോലുമില്ല. ആകെ പരിഗണിച്ചിട്ടുള്ളത് ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് മാത്രം.

കേരളത്തിലെ സ്ത്രീസാക്ഷരത 91.98 ശതമാനം ഹരിയാനയില്‍ 66.77 ഉത്തര്‍പ്രദേശില്‍ 59.26 എന്നാല്‍ നിയമസഭയിലെ സ്ത്രീപ്രാതിനിധ്യത്തിന്റെ കണക്കില്‍ ഇത് നേരെ തിരിയും. കേരളത്തില്‍ 5 ശതമാനം ഹരിയാനയില്‍ 14.44 ഉം ഉത്തര്‍പ്രദേശില്‍ 8.68 ഉം ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കുള്ള ബീഹാറില്‍ ഇത് 11.52 ശതമാനവുമാണ്.

പി ഐഷാ പോറ്റി, ഗീതാ ഗോപി, ജമീല പ്രകാശം, പികെ ജയലക്ഷ്മി, കെകെ ലതിക, കെഎസ് സലീഖ, ഇ എസ് ബിജിമോള്‍ എന്നിവരാണ് കേരള നിയമസഭയിലെ 9.17 ശതമാനം. എല്ലാവരും രാഷ്ട്രീയമേഖലയില്‍ കാലങ്ങളുടെ പരിചയമുള്ളവര്‍. എങ്കിലും ഈ വനിതാ ദിനത്തില്‍, പ്രത്യേകിച്ചും വനിതാ പ്രതിനിധ്യത്തെക്കുറിച്ചു ചര്‍ച്ചകള്‍ ഉയരുമ്പോള്‍ ഈ വനിതകളെക്കുറിച്ച് കേരള സമൂഹം ഓര്‍മ്മിക്കേണ്ടതുണ്ട്. പാര്‍ട്ടികള്‍ പലതെങ്കിലും കേരളത്തിലെ ഓരോ വനിതകളുടെയും പ്രതിനിധികളാണിവര്‍.


പി ഐഷാ പോറ്റി

കൊല്ലം പട്ടാഴി ഗ്രാമപഞ്ചായത്തിലെ പന്തപ്ലാവില്‍ എന്‍ വാസുദേവന്‍‌ പോറ്റിയുടെയും പാര്‍വതി അന്തര്‍ജ്ജനത്തിന്റെയും മകളായി ജനിച്ച ഐഷാപോറ്റി നിയമസഭാസാമാജികയാകുന്നത് ഇത് രണ്ടാമത്തെ തവണയാണ്. ആര്‍ ബാലകൃഷ്ണ പിള്ള എന്ന കൊലകൊമ്പനെ അദ്ദേഹത്തിന്റെ തട്ടകത്തില്‍ തന്നെ തകര്‍ത്താണ് സിപിഐ(എം) സ്ഥാനാര്‍ഥിയായി അവര്‍ നിയമസഭയിലേക്ക് ആദ്യമായി എത്തുന്നത്. രണ്ടാമത് ബാലകൃഷ്ണപിള്ള നിര്‍ദ്ദേശിച്ച എന്‍ എന്‍ മുരളിയെയും. നിയമബിരുദധാരിയായ അവര്‍ കൊട്ടാരക്കര ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലയിലാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.അഭിഭാഷക യൂണിയന്‍ കൊല്ലം ജില്ലാ വൈസ് പ്രസിടഡന്റായും സര്‍വ്വീസസ് അതോറിറ്റിയുടെ കൊട്ടാരക്കര താലൂക്ക് കമ്മറ്റി പാനല്‍ ലോയര്‍ ആയും അവര്‍ ഈ തിരക്കുകള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്നു.

ഗീതാ ഗോപി

കട്ടിക്കാട് ചെറാട്ടില്‍ വീട്ടില്‍ അയ്യപ്പന്‍റെയും അമ്മുക്കുട്ടിയുടെയും അഞ്ചു മക്കളില്‍ ഒരാളായ ഗീത സിപിഐയിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് വിവാഹത്തിനു ശേഷമാണ്. ഗുരുവായൂര്‍ മുന്‍സിപ്പല്‍ കൌണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തനിക്ക് വന്ന അവസരം ഭാര്യയ്ക്ക് കൈമാറിയ ഭര്‍ത്താവ് ഗോപിയാണ് അവരുടെ രാഷ്ട്രീയ ഭാവിയിലേക്കുള്ള വഴി തുറന്നത്. പിന്നീട് നാലു തവണ അവര്‍ മുന്‍സിപ്പല്‍ കൌണ്‍സിലര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ടു. അടുത്തതായി ചെയര്‍പേഴ്സണ്‍ ആയും. അതേ സ്ഥാനത്തേക്കും അവര്‍ നാലു തവണ തെരഞ്ഞെടുക്കപ്പെട്ടു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിഎംപിയുഎ വികാസ് ചക്രപാണിയെ 16500 വോട്ടുകള്‍ക്കു പരാജയപ്പെടുത്തി ഗീതാ ഗോപി വിജയം കൈവരിച്ചു.

ജമീല പ്രകാശം

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പദവി ഉപേക്ഷിച്ചാണ് ജമീലാ പ്രകാശം 13മത് കേരള നിയമസഭയില്‍ ഇടതുമുന്നന്നിയുടെ ഘടകകക്ഷിയായ ജനതാദള്‍ എസിലൂടെ രാഷ്ടീയത്തിലേക്ക് ചുവടു വയ്ക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ആര്‍ പ്രകാശത്തിന്റെയും ലില്ലി പ്രകാശത്തിന്റെയും മകളും മുന്‍ മന്ത്രി ഡോ എന്‍ നീലലോഹിതദാസന്‍ നാടാരുടെ പത്നിയുമാണ് ഇവര്‍. കോവളം നിയോജകമണ്ഡലത്തില്‍ കോണ്ഗ്രസ് എംഎല്‍എ ജോര്‍ജ്ജ് മേഴ്സിയറെയാണ് 7205 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയത്. തുടര്‍ന്ന് നിയമസഭയിലെ പ്രതിപക്ഷ എംഎല്‍എ ആയി നിര്‍ണ്ണായക വിഷയങ്ങളില്‍ സാനിധ്യമറിയിച്ചു.

പികെ ജയലക്ഷ്മി

പഴശ്ശിരാജയോടൊപ്പം ബ്രിട്ടീഷ് പട്ടാളത്തിനെ എതിര്‍ത്ത കുറിച്യരുടെ തലമുറയില്‍പ്പെടുന്ന, അധ്യപികയാവാന്‍ ആഗ്രഹിച്ചിരുന്ന പികെ ജയലക്ഷ്മി രാഷ്ട്രീയത്തിലെത്തുന്നത് കെഎസ് യു വിലൂടെയാണ്. തവിഞ്ഞാല്‍ പഞ്ചായത്ത് അംഗം ആയിരിക്കുന്ന സമയമാണ് സ്ഥാനാര്‍ഥിയായി പാര്‍ട്ടി കണ്ടെത്തുന്നത്. സിപിഐഎമ്മിന്റെ കെസി കുഞ്ഞിരാമനെ 12734 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മാനന്തവാടി മണ്ഡലത്തില്‍ നിന്നും വിജയിച്ചു. തുടര്‍ന്ന് യു ഡി എഫിലെ എക വനിത എം എല്‍ എ എന്ന നിലയില്‍ പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയായി.

കെകെ ലതിക

കോഴിക്കോട് കക്കട്ടിലെ വട്ടോളി ഗ്രാമത്തില്‍ കെകെ കുഞ്ഞിച്ചാത്തുവിന്റെയും സരോജനിയുടെയും മകളായ കെ കെ ലതിക പഠനകാലത്ത് തന്നെ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. ചുറുചുറുക്കോടെയും ചിട്ടയോടെയുമുള്ള സംഘടനാ പ്രവര്‍ത്തനം വഴിയും സഹജീവികളോടുള്ള സഹാനുഭൂതിയും ജനങ്ങള്‍ക്കിടയിലും പാര്‍ട്ടിയിലും അവരെ സ്വീകാര്യയാക്കി. 1995 മുതല്‍ 2005 വരെ തുടര്‍ച്ചയായി രണ്ടു തവണ അവര്‍ കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 2006ലും 2011ലും കെ കെ ലതിക മേപ്പയൂര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കെഎസ് സലീഖ

പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ നിന്നുമാണ് അവര്‍ രാഷ്ട്രീയത്തിലേക്കെത്തുന്നത്. സെയ്താലിയുടെയും ഖദീജയുടെയും മകളായ സലീഖ വിദ്യാഭ്യാസം പൂര്‍ത്തിയായ ഉടനെ തന്നെ വിവാഹിതയായി. ഭര്‍ത്താവും സ്ഥലത്തെ സിപിഐഎം പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ കുഞ്ഞിമോന്‍ നല്‍കിയ പിന്തുണയാണ് സലീഖയുടെ രാഷ്ട്രീയ ജീവിതത്തിന് കരുത്തായത്. 1991 ല്‍ പാര്‍ട്ടി അംഗമായ അവര്‍ പടിപടിയായ പ്രവര്‍ത്തനങ്ങളിലൂടെ 2006ല്‍ നിയമസഭാംഗമായി. 2011 ല്‍ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഇ എസ് ബിജിമോള്‍

'ഇഎ ജോര്‍ജ്ജിന്റെയും അന്നമ്മ ജോര്‍ജ്ജിന്റെയും മകളായി ജനിച്ച ബിജിമോള്‍ ഐഎച്ച് ആര്‍ഡി അധ്യാപികയായിരിക്കുമ്പോഴാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത് .കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം 2006ല്‍ പീരുമേട് മണ്ഡലത്തില്‍ നിന്നും കോണ്ഗ്രസ് നേതാവ് ഇഎം അഗസ്റ്റിയ്ക്കെതിരെ 5304 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച അവര്‍ നിയമസഭയിലെത്തി. 2011ലും ബിജിമോള്‍ പീരുമേട്ടില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയും ഇഎം അഗസ്റ്റിയെത്തന്നെ 4773 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ട്.

ഈ തെരഞ്ഞെടുപ്പില്‍ എത്ര സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവും?

നടപ്പ് നിയമസഭയുടെ ആയുസ്സ് ഇനി ദിവസങ്ങള്‍ മാത്രമുള്ള വേളയില്‍ അടുത്ത തെരഞ്ഞെടുപ്പിനു വേണ്ടി പാര്‍ട്ടികള്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്ന ഭഗീരഥ പ്രയത്നത്തിലാണ് പാര്‍ട്ടികളും മുന്നണികളും. ഇവിടെയും വനിതാ പ്രാതിനിധ്യം ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു.

വനിതകള്‍ക്ക് സംവരണം വേണം എന്നും അതേ സമയം സംവരണമല്ല അവകാശങ്ങള്‍ പിടിച്ചെടുക്കലാണ് ആവശ്യം എന്നുമുള്ള വ്യത്യസ്തമായ നിലപാടുകള്‍ നിയമസഭാ സാമാജികരില്‍ തന്നെയുണ്ട്. സമാനമായ അഭിപ്രായം സമൂഹത്തിലെ പ്രമുഖരായ വനിതകള്‍ക്കുമുണ്ട്.

മാറു മറയ്ക്കല്‍ സമരം മുതല്‍ സമൂഹത്തിന്റെ കണ്ണിലേക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ എത്തിച്ച വനിതകളാണ് തങ്ങളെപ്പോലെയുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതെന്ന് നിയമസഭാ സാമാജികയായ ഗീതാ ഗോപി പറയുന്നു. എന്നാല്‍ അക്കാലത്തെ യാഥാസ്ഥിതിക മനോഭാവം തന്നെയാണ് ഇന്നും ചിലര്‍ വച്ചുപുലര്‍ത്തുന്നത് എന്ന് എംഎല്‍എ പറയുന്നു. "സ്ത്രീവിഭാഗത്തെ അടിച്ചമര്‍ത്തി മുന്നോട്ടു പോകുന്ന നയങ്ങള്‍ ആണ് അവര്‍ സ്വീകരിക്കുന്നത്. നൂറ്റാണ്ടുകള്‍ മുന്‍പുള്ള മാനസികാവസ്ഥയിലൂടെ മാറിയ കാലത്തെ കാണാന്‍ ശ്രമിച്ചാല്‍ മാറ്റങ്ങള്‍ എതിര്‍ക്കാനേ കഴിയൂ. സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ ഇതിനു പരിഹാരമുണ്ടാക്കാന്‍ സാധിക്കൂ. രാഷ്ട്രീയത്തിലും ഇതു തന്നെ അവസ്ഥ, സ്ത്രീകള്‍ കൂടുതല്‍ മുന്നോട്ടു വരണം. അതിലൂടെയേ അഴിമതി രഹിതമായ ഒരു സര്‍ക്കാരിനെ രൂപപ്പെടുത്താന്‍ കഴിയൂ." ഇത്തവണയെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന ഒരു തീരുമാനം കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കും എന്നാണ് പ്രതീക്ഷ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇഎസ് ബിജിമോളുടെ അഭിപ്രായം വ്യത്യസ്തമാണ്. പുരുഷാധിപത്യമുള്ള സമൂഹത്തില്‍ സംവരണം മാത്രമാണ് സ്ത്രീകള്‍ക്ക് മുന്നോട്ടു വരാനുള്ള ഏക മാര്‍ഗ്ഗം എന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ഏതൊക്കെ രീതിയില്‍ മുന്നേറാന്‍ ശ്രമം നടന്നാലും സ്ത്രീകള്‍ തടയപ്പെടുന്നു. പരിതികള്‍ ചൂണ്ടിക്കാട്ടി പലപ്പോഴും തങ്ങള്‍ തഴയപ്പെടുകയാണ് എന്നും ബിജിമോള്‍ പറയുന്നു.

പഞ്ചായത്ത് തലങ്ങളില്‍ മാത്രമാണ് സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കപ്പെടുന്നത്. അതു കഴിഞ്ഞാല്‍ പിന്നെ പാര്‍ട്ടിക്കുള്ളില്‍ സ്ത്രീകള്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരുമെന്ന് പ്രശസ്ത സാഹിത്യകാരിയായ സാറാ ജോസഫ് അഭിപ്രായപ്പെടുന്നു.

സവര്‍ണ്ണ പിതൃമേധാവിത്വമാണ് ഇപ്പോഴും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളത്. ജാതി മേധാവിത്വം ഇല്ല എന്ന് പറയുന്നവര്‍ ദളിതര്‍ക്ക് സ്ഥാനം നല്‍കി നിലപാട് വ്യക്തമാക്കുന്നതുപോലെ സ്ത്രീ പ്രാതിനിധ്യം തങ്ങള്‍ ഉറപ്പാക്കും എന്നവകാശപ്പെടുന്നവര്‍ അത് തെളിയിക്കേണ്ടത് അര്‍ഹമായ സ്ഥാനങ്ങള്‍ അവര്‍ക്കു നല്‍കിയാണ്‌. അതു നടക്കാത്ത സ്ഥിതിക്ക് അവകാശങ്ങള്‍ പിടിച്ചു വാങ്ങുക മാത്രമാണ് പ്രതിവിധി. ജനസംഖ്യാനുപാതത്തിലുള്ള പ്രാതിനിധ്യമാണ് വേണ്ടത്, സംവരണമല്ല. സംവരണം മിക്കപ്പോഴും തത്വം മാത്രമാവും’-സാറാ ജോസഫ് തന്റെ നിലപാട് വ്യക്തമാക്കി.

കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോള്‍ എപ്പോഴത്തെയും പോലെ സ്ത്രീ പ്രാതിനിധ്യം ചര്‍ച്ചകള്‍ മാത്രമായി ചുരുങ്ങും എന്നു തീര്‍ച്ച. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ 20 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കൊണ്ട് മുസ്ലിം ലീഗ് അതിനു തുടക്കമിട്ടിട്ടുണ്ട്; ഒരു വനിതാ സ്ഥാനാര്‍ഥി പോലും ഇല്ലാതെ. വനിതാ ലീഗ് നേതാവും കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അംഗവുമായ അഡ്വ. നൂര്‍ബിന റഷീദ് ഇതിനെ കലാപക്കൊടി ഉയര്‍ത്തിക്കഴിഞ്ഞു.


Next Story

Related Stories