TopTop
Begin typing your search above and press return to search.

ഹായ് സാക്ഷര സുന്ദര കേരളമേ, വനിതാ ദിനം ആഘോഷമല്ല; ഓര്‍മ്മപ്പെടുത്തലാണ്

ഹായ് സാക്ഷര സുന്ദര കേരളമേ, വനിതാ ദിനം ആഘോഷമല്ല; ഓര്‍മ്മപ്പെടുത്തലാണ്

പ്രിയപ്പെട്ട അനി,

കഴിഞ്ഞ വനിതാദിനത്തിനെഴുതിയതിനു ശേഷം വീണ്ടും മറ്റൊരു വനിതാ ദിനത്തിലാണ് നിനക്ക് ഒരു കത്തെഴുതുന്നത്. കൊല്ലത്തില്‍ ഒരിക്കല്‍ മാത്രമാണ് നിന്നെ ഞാന്‍ ഓര്‍മിക്കുന്നത് എന്ന് ഇതിനര്‍ഥമില്ല കേട്ടോ. പക്ഷെ ഈയൊരു ദിവസം നിനക്കെഴുതുക എന്നത് ഒരു നിര്‍ബന്ധമായിക്കഴിഞ്ഞിരിക്കുന്നു.

രാജ്യസ്നേഹത്തെയും രാജ്യവിരുദ്ധതയെയും ചൊല്ലിയുള്ള സമരങ്ങളില്‍ ഇങ്ങനെ കത്തി നില്‍കുമ്പോള്‍ ആണല്ലോ നാം ഈ വനിതാദിനം ആഘോഷിക്കുന്നത്. കിസ്സ്‌ ഓഫ് ലവ്, ഇരുട്ട് നുണയാമെടികളെ, ഹാപ്പി ടു ബ്ലീഡ്, ഫോര്‍ എ ബെറ്റര്‍ എഫ് ബി തുടങ്ങി എത്രയോ സമരങ്ങള്‍ ഈ വര്‍ഷം നമ്മുടെ ശ്രദ്ധയാകര്‍ഷിച്ചു. സ്ത്രീകളുടേത് എന്ന് മാത്രം “ഒതുക്കി” നിര്‍ത്തുന്ന പ്രശ്നങ്ങളെ പൊതു സമൂഹത്തിനു മുന്നില്‍ പൊതു ചര്‍ച്ചയാക്കിയ സമരങ്ങള്‍. അതിലൊക്കെ പങ്കെടുത്ത ആയിരക്കണക്കിന് മിടുക്കികള്‍- കൂടെയുള്ള മിടുക്ക്ന്മാരെ മറന്നതല്ല. പക്ഷെ ഇന്ന് മിടുക്കികളെ കുറിച്ചേ ഞാന്‍ പറയുന്നുള്ളൂ...ഇതിനൊക്കെ സോഷ്യല്‍ മീഡിയയില്‍ വന്ന എതിര്‍പ്പുകളും നീ ശ്രദ്ധിച്ചുകാണുമല്ലോ. എത്രയോ പിന്തിരപ്പന്‍- യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ ആണ് നമ്മുടെ സമൂഹം ഇപ്പോഴും വച്ച് പുലര്‍ത്തുന്നത്?

ഒരാണിനും പെണ്ണിനും ഒരുമിച്ചിരിക്കാന്‍, സ്നേഹം വന്നൊന്നു കെട്ടിപ്പിടിക്കാന്‍ കേരളത്തില്‍ ഇടങ്ങള്‍ എത്രയോ കുറവാണെന്ന് ഒരു മെട്രോ നഗരത്തിന്‍റെ ഭാഗമായ നിന്നോട് പറയേണ്ടതില്ലല്ലോ. അതിനെതിരെ പ്രതിഷേധവുമായി വന്ന ചുംബനസമരത്തെ എത്ര ഹീനമായാണ് ആളുകള്‍ നേരിട്ടത്.... നമുക്ക് നിരത്തില്‍ തുപ്പാം, നിരന്നു നിന്ന് മൂത്രമൊഴിക്കാം, മലവിസര്‍ജ്ജനം നടത്താം മാലിന്യങ്ങള്‍ നിക്ഷേപിക്കാം, സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാം, അശ്ലീല പ്രദര്‍ശനം നടത്താം, അടിച്ചും കുത്തിയും കൊല്ലാം, വിജയാഹ്ലാദത്തില്‍ മുണ്ട് പൊക്കി കാണിക്കാം.. പക്ഷെ തൊട്ടുകൂട... ഒന്ന് കെട്ടിപിടിച്ചുകൂടാ. സ്നേഹത്തോടെ ഒന്ന്‍ ചുംബിച്ചുകൂടാ.. അതൊക്കെ ഒരു മുറിക്കുള്ളില്‍ “ഭാര്യയും ഭര്‍ത്താവും” (പങ്കാളി പോലുമല്ല) ആരും കാണാതെ ഒളിച്ചു ചെയ്യേണ്ട കാര്യങ്ങള്‍ ആണെന്ന്... ഹായ് സാക്ഷര സുന്ദര കേരളം....!നീ ഇടയ്ക്കിടെ എന്നോട് പറയാറില്ലേ കേരളത്തിലേക്ക് തിരിച്ചു പോകണം അവിടെ ഗ്രാമത്തില്‍ താമസിച്ചു ജോലി ചെയ്യണം എന്നൊക്കെ.. കേരളത്തിലെ ജനങ്ങള്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത് കാണുമ്പോള്‍ ചിലപ്പോള്‍ ഒക്കെ കടുത്ത നിരാശയും ചെടിപ്പും തോന്നും. ചുംബനസമരവുമായി ബന്ധപ്പെട്ടു അരുന്ധതിയും, അബ്ദുള്‍കലാമിനെ വിമര്‍ശിച്ചതിന് പ്രീതയും, കുട്ടികാലത്തു മദ്രസ്സയില്‍ നടന്ന ലൈംഗിക പീഡനത്തെ വിവരിച്ച റജീനയും, അങ്ങനെ സാമൂഹിക പ്രശ്നങ്ങളില്‍ സ്വന്തം നിലപാടുകള്‍ ഉള്ള നിരവധി പെണ്‍കുട്ടികള്‍, സ്ത്രീകള്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരായി. സാധാരണ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ സമൂഹത്തിലെ വളരെ കുറച്ചു ശതമാനം മാത്രമേ അത്തരത്തില്‍ പെരുമാറുന്നുള്ളൂ എന്നൊക്കെ പറഞ്ഞുസമാധാനിക്കാന്‍ വൃഥാ ശ്രമിക്കാറുണ്ട്. പക്ഷെ സൈബര്‍ ഇടങ്ങളില്‍ തങ്ങളുടെ നിലപാടിനെതിരെ പറയുന്നവരെ കൂട്ടം ചേര്‍ന്നു ആക്രമിക്കാന്‍ മലയാളി സമൂഹത്തിനുള്ള 'കഴിവും' താത്പര്യവും എടുത്തു പറയുക തന്നെ വേണം. മരിയാ ഷറപ്പോവയെ വരെ 'മര്യാദ' പഠിപ്പിച്ചവര്‍ ആണത്രേ ഇക്കൂട്ടര്‍. നമ്മുടെ കൂടെ പഠിച്ചുവളര്‍ന്ന, ജോലിയെടുക്കുന്ന, നമ്മോടു നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന സമൂഹം തന്നെ ആണ് ഇത്രയേറെ പിന്തിരിപ്പന്‍ നിലപാടുകളില്‍ ജീവിക്കുന്നത് എന്നത് തീര്‍ത്തും നിരാശാജനകമാണ്. അതല്ല അനി, എന്നെ നിരാശയില്‍ ആഴ്ത്തുന്നത്. വനിതാ ദിനത്തിന് ഫേസ്ബുക്കില്‍ ഈ പിന്തിരപ്പന്‍ നിലപാടുള്ളവര്‍ തന്നെ ഘോരഘോരം വനിതാദിനാശംസകള്‍ നേരുന്നത് കാണുമ്പോള്‍ എത്രമാത്രം ആത്മവഞ്ചനയാണ് ഈ സമരദിനത്തോട് ആളുകള്‍ പ്രകടിപ്പിക്കുന്നത് എന്ന് തോന്നിപ്പോവുകയാണ്.

നിന്‍റെ സുഹൃത്ത്‌ നിയതി ഫേസ് ബുക്കില്‍ എഴുതിയ ഒരു പോസ്റ്റ്‌ വായിച്ചു. “ജോലി ചെയ്ത് ജോലി ചെയ്ത് ഒരു യന്ത്രമായി പോകാതെ, ഒരു സെന്‍സിറ്റീവ് ആയ മനുഷ്യനായി നിലകൊള്ളാനാണ് എനിക്ക് ഇഷ്ടം..അത് വീട്ടുജോലിയായാലും കരിയര്‍ ആയാലും...മടി, ഉത്തരവാദിത്തമില്ലായ്മ, റിസ്കുകള്‍ ഏറ്റെടുക്കാനുള്ള ഭയം എന്നിവയെ കുറിച്ചല്ല ഞാന്‍ പറയുന്നത്...ചെയ്താലും ചെയ്താലും തീരാത്ത അറ്റമില്ലാത്തത്രയും കാര്യങ്ങളില്‍ നിന്ന് എനിക്ക് വേണ്ടത് എന്താണ് എന്ന് തിരഞ്ഞെടുക്കാന്‍ പറ്റുന്ന ഒരു അവസ്ഥയെ പറ്റിയാണ്..മാത്രമല്ല, അങ്ങനെ തിരഞ്ഞെടുക്കുന്ന കാര്യങ്ങളില്‍ പൂര്‍ണമായും മനസും അധ്വാനവും നല്കുന്നതിനെപറ്റിയാണ്...അങ്ങനെ ജീവിക്കുന്നവര്‍ക്ക് കുറച്ചു കൂടി സഹിഷ്ണുതയും സ്നേഹവും കരുതലും ഉണ്ടാവും എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്..എന്നാല്‍ സ്ത്രീ മള്‍ട്ടി ടാസ്കര്‍ ആണ്, അങ്ങനെയാണ് അവള്‍, എന്നൊക്കെ പറഞ്ഞു കാണുന്ന സ്ത്രീദിന പോസ്റ്റുകള്‍ വല്ലാതെ ചെടിപ്പിക്കുന്നത് കൊണ്ടാണ് ഇത്രയും വിശദീകരിച്ചത്...സ്ത്രീക്ക് മള്‍ട്ടി ടാക്സര്‍ ആവാതെ ഇരിക്കാനും പറ്റും..ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും പറ്റും...ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാനും പറ്റും..അതിനു ഈ ഡയലോഗടിക്കാരൊക്കെ ഒരു തടസമാവാതിരുന്നാല്‍ മാത്രം മതി...അവള്‍ അമ്മയാണ്, ഭാര്യയാണ്, കുടുംബിനിയാണ്, ഉദ്യോഗസ്ഥയാണ് എന്നൊക്കെ പറയുമ്പോള്‍ ഇതൊന്നും അല്ലെങ്കിലും അവള്‍ "അവള്‍" ആണ് എന്ന് പറയാനുള്ള ആര്‍ജവമാണ് കാണിക്കേണ്ടത്...നിലവിലുള്ള സാമൂഹ്യസ്ഥിതിയില്‍ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്..പക്ഷെ നമുക്ക് ഒരുപാട് possibilities കൂടിയുണ്ട് എന്ന ഒരു ചിന്താഗതിയെങ്കിലും വരേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു..”

അതെ പോലെ എന്നെ ആകര്‍ഷിച്ച ഒന്നാണ് അനുപമ എഴുതിയത്.. “ജീവിതത്തിലെ സ്ത്രീകൾക്കു നന്ദി പറഞ്ഞും‌ അവർ ചെയ്യുന്ന 'റോളുകളെ' അക്നോളേജ് ചെയ്തും ആശംസിച്ചും ഗിഫ്റ്റ് വാങ്ങിക്കൊടുത്തു പാംപർ ചെയ്തും ആഘോഷിച്ചു തീർക്കാനുള്ളതല്ല കൂട്ടരേ ആഗോള സ്ത്രീദിനം. ഈ ദിനം കൊണ്ടാടുന്നതിന്റെ ഉദ്ദേശ്യം അതല്ല! ഇത് ഓർമപ്പെടുത്തൽ ദിനമാണ്; ഇനിയും ബാക്കി നിൽക്കുന്ന, ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്, ഒരോർമപ്പെടുത്തൽ.

സമൂഹത്തിൽ, രാഷ്ട്രീയത്തിൽ, സാമ്പത്തിക രംഗങ്ങളിൽ എല്ലാം സ്ത്രീയുടെ പങ്കാളിത്തത്തെ പറ്റി ബോധവത്കരിക്കുക എന്നതാണീ ദിനത്തിന്റെ ഉദ്ദേശ്യം. ഒരു തുടക്കമെന്ന നിലയിൽ Global Gender Gap Index എന്ന് ഗൂഗിൾ സേർച്ച് ചെയ്യാം. കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് വായിക്കാം. നാം എവിടെ നിൽക്കുന്നു എന്നൊരു ഐഡിയ കിട്ടും.

ചുരുങ്ങിയത്, ഇനിയങ്ങോട്ടെങ്കിലും വീട്ടുജോലി എന്നാൽ വീട്ടിലെല്ലാവരുടെയും ജോലിയാണെന്നും അങ്ങനെയിരുന്നാലേ സ്ത്രീകൾക്ക് അറിവുനേടാനും പൊതുരംഗത്തിടപെടാനുമൊക്കെ സമയവും സന്ദർഭവും ലഭിക്കൂ എന്നുമെങ്കിലും തിരിച്ചറിയുക. കുഞ്ഞുങ്ങളുടെ മേൽ ജെൻഡർ റോളുകൾ അടിച്ചേല്പിക്കാതിരിക്കുക”.

ഈ ദിനം വെറും പൂച്ചെണ്ടുകള്‍ നല്‍കിയും, ആശംസാ കാര്‍ഡുകള്‍ കൈമാറിയും അല്ല ആഘോഷിക്കേണ്ടത് എന്ന് നിന്നോട് പ്രത്യേകിച്ച് പറയണോ? വനിതാദിനം മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യങ്ങളെ ഈ ദിനാചരണത്തിന് കാരണമായ സമരങ്ങളെ ഓര്‍ത്തെടുക്കാന്‍ ഉള്ള അവസരമായി വേണം ഇതിനെ കാണാന്‍ എന്ന് പണ്ട് നീ പറഞ്ഞത് എന്‍റെ മനസ്സില്‍ ഇപ്പോളും ഉണ്ട്.

ഞാന്‍ വനിതാദിനത്തിന് ഇവിടെ അടുത്തുള്ള ഒരു സ്കൂളില്‍ കുട്ടികളുമായി സംവദിക്കാന്‍ പോയിരുന്നു. ഞാന്‍ അവരോടു ഇത്രമാത്രമേ പറഞ്ഞുള്ളൂ.. സമൂഹം നിങ്ങള്ക്ക് – ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും- പല റോളുകളും വിഭജിച്ച്‌ നല്‍കും. ആ ചട്ടക്കൂടില്‍, മറ്റാരോ വരച്ചിട്ട വഴികളില്‍, ഒതുങ്ങി ജീവിക്കണോ, അവര്‍ വരക്കുന്ന വഴികളിലൂടെ നടക്കണമോ എന്നത് നിങ്ങളുടെ തീരുമാനം ആണ്. ആരെങ്കിലും കാണിച്ചു തന്ന പാതയില്‍ പോവുക, അപകടം താരതമ്യേന കുറഞ്ഞ ഒന്നാണ്. പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഇല്ലാതെ, ആളുകള്‍ നടന്നു കല്ലുകള്‍ പോലും മിനുസമുള്ള വെള്ളാരംകല്ലുകള്‍ ആയിതീര്‍ന്നിട്ടുണ്ടാകും. പക്ഷെ അതില്‍ നിന്ന് വ്യതിചലിച്ച് സ്വന്തമായി വഴിവെട്ടുന്നവരെയാണ് കാലം ഓര്‍മിക്കുക. സമൂഹത്തിനെ “പരിഷ്കരിക്കാന്‍” എല്ലാവര്‍ക്കും ഒരുപോലെ സാധിക്കണം എന്നില്ല. പക്ഷെ സ്വന്തം ജീവിതത്തെ യാഥാസ്തിതിക ചട്ടക്കൂടില്‍ നിന്നും മാറ്റി നിര്‍ണയിക്കുക എന്ന ദൌത്യമെങ്കിലും ചെയ്യാന്‍ നാം ബാധ്യസ്ഥരാണ്. കുട്ടികളുടെ കണ്ണില്‍ കണ്ട പ്രകാശം എനിക്കൊരുപാട് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട് അനി.

ഇതെഴുതുമ്പോള്‍ ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്നത് മൈഥിലി ശിവരാമന്‍ അവരുടെ മുത്തശ്ശിയായ സുബ്ബലക്ഷ്മിയെ കുറിച്ച് എഴുതിയ Subbalakshmi: Fragments of a Life: A Family Archive (2006), Zubaan എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ്. ചിന്താ ബുക്സ് ആണ് മലയാളത്തിലെ പ്രസാധാകർ . പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തില്‍ ജീവിക്കുകയും തനിക്കു നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം സ്വന്തം കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ പങ്കാളിയില്‍ നിന്ന് അകന്നു മദ്രാസില്‍ വന്നു താമസിക്കുകയും, അന്നത്തെ സ്വാതന്ത്ര്യ സമരത്തില്‍ സ്തുത്യര്‍ഹമായ പങ്കുവഹിക്കുകയും ചെയ്ത ഒരാളായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയ സുബ്ബലക്ഷ്മി. സ്വന്തം മകള്‍ക്ക് ടാഗോറിന്റെ ശാന്തിനികേതനില്‍ പ്രവേശനം ലഭിച്ചിട്ടും പഠനം തുടരാന്‍ അനുവാദം ലഭിക്കാത്തതില്‍ നിരാശപൂണ്ടു മാനസികാരോഗ്യം പോലും തകരുന്ന നിലയിലേക്ക് അവര്‍ എത്തിയിരുന്നു എന്ന് മൈഥിലി കുറിക്കുന്നു. അപസ്മാരം, മാനസിക വിഭ്രാന്തികള്‍ എന്നിവ സ്ത്രീകളുടെ രോഗം ആണെന്ന് പൂര്‍വ യൂറോപ്പില്‍ ആളുകള്‍ കരുതിയിരുന്നു. സ്വന്തം സ്വത്വം നിഷേധിക്കപ്പെടുമ്പോളും താന്‍ ജീവതലക്ഷ്യമെന്ന് കരുതുന്നത് മറ്റുള്ളവരുടെ ഇടുങ്ങിയ ചിന്താഗതിയാല്‍ തടയപ്പെടുമ്പോളും ആയിരിക്കണം ഇത്തരം രോഗങ്ങള്‍ വ്യക്തികളില്‍ പ്രത്യക്ഷപ്പെടുന്നത്. സുബ്ബലക്ഷ്മിയുടെ ചുവടുകള്‍ വളരെ ചെറുതായിരുന്നിരിക്കാം. പക്ഷെ അവരുടെ സ്വാതന്ത്ര്യത്തിനോടുള്ള അടങ്ങാത്ത ആഗ്രഹം ആണ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് പദവി വരെ എ‌ത്തിയ മൈഥിലി ശിവരാമന്റെ പിന്തുണ. നമ്മള്‍ ചെയ്യുന്ന ചെറിയ പ്രതിഷേധങ്ങള്‍ പോലും വരും തലമുറയ്ക്ക് ഒരു വലിയ പ്രതിഷേധത്തിനുള്ള അഗ്നിയായി മാറുകയാണ്.ജെ എന്‍ യുവിലെയും ഹൈദാരാബാദ് യൂണിവേര്‍സിറ്റിയിലെയും സമരങ്ങള്‍ക്ക് നിനക്ക് പോകാന്‍ സാധിച്ചിരുന്നോ? എത്രയെത്ര പെണ്‍കുട്ടികള്‍ ആണ് സമരത്തിന്റെ മുനിരയില്‍ ഉള്ളത്. മറ്റേതു സമരം നടക്കുമ്പോഴും ഇല്ലാത്ത സന്തോഷമാണ് ആ കുട്ടികളുടെ കണ്ണിലെ തിളക്കം കാണുമ്പോള്‍. ആനി രാജയുടെ മകളെ നീ ഡല്‍ഹിയില്‍ വച്ച് കണ്ടിരുന്നു എന്ന് പറഞ്ഞിട്ടില്ലേ? അപരാജിതയുടെ വാക്കുകളുടെ മൂര്‍ച്ചയില്‍ ഒരു ഭരണകൂടം ഉത്തരമില്ലാതെ നില്‍ക്കുമ്പോള്‍ ഉള്ളില്‍ അഭിമാനം നിറയും. ആര്‍ എസ എസ നേതാവ് വേശ്യാ ഇന്നു വിളിച്ചപ്പോള്‍ വേശ്യാ എന്ന വിശേഷണം അപമാനമല്ലെന്നും മറിച്ച് സംഘി എന്നുവിളിക്കുന്നതാണ് ഏറെ അപമാനകരം എന്നും പ്രതികരിച്ച വനിതാ നേതാക്കളുടെ വാക്കുകളും അഭിമാനത്തോടെയാണ് ഞാനൊക്കെ കേട്ടത്. സൈബര്‍ ലോകത്തിലെ പ്രതികരണങ്ങളിലെ ഭൂരിപക്ഷവും നമ്മെ നിരാശരാക്കുമ്പോള്‍ ചെറിയ ചെറിയ പ്രതീക്ഷകള്‍ ആവുകയാണ് കരുത്തുള്ള ഈ പെണ്‍കുട്ടികള്‍.

ഹോ! ഞാന്‍ എന്തൊക്കയോ എഴുതി. സോണി സൂരിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്ന ദിവസമാണ് ഇന്ന്. ഒരു കുപ്പി ആസിഡിനു അവരുടെ പോരാട്ടത്തെ തളര്‍ത്താന്‍ ഒരിക്കലും സാധിക്കില്ല. ആദിവാസി മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഇവരെ ആദ്യം മാവോയിസ്റ്റ് എന്നാരോപിച്ച് അറസ്റ്റ് ചെയ്ത് യോനിയില്‍ കല്ലുകള്‍ കുത്തിക്കയറ്റിയും ക്രൂരമായി മര്‍ദ്ദിച്ചും ആണ് അവരുടെ എതിര്‍സ്വരങ്ങളെ ഇല്ലാതാക്കാന്‍ ആദ്യം ഭരണകൂടം ശ്രമിച്ചത് എന്ന് എം എ ക്ലാസ്സില്‍ നാം ചര്‍ച്ച ചെയ്തത് നീ ഓര്‍ക്കുന്നില്ലേ? അതുകൊണ്ടൊന്നും അവര്‍ എതിര്‍പ്പുകള്‍ അവസാനിപ്പിക്കുന്നില്ല എന്നു മനസിലാക്കിയപ്പോഴാണ് ഭരണകൂടത്തിന്റെ സഹായത്തോടെ നടത്തിയ ഈ ആസിഡ് ആക്രമണം. അവര്‍ കഴിഞ്ഞ ആഴ്ച ജെ എന്‍യുവില്‍ നടക്കുന്ന സമരത്തിനെ അഭിസംബോധനം ചെയ്തു സംസാരിച്ചിരുന്നു. വ്യത്യസ്ത തലങ്ങളില്‍, ദിശകളില്‍ ഒഴുകുന്ന പ്രതിഷേധങ്ങള്‍ കൈകോര്‍ക്കുന്നു എന്നതും പ്രതീക്ഷകള്‍ നല്‍കുന്നുണ്ട് പ്രിയപ്പെട്ടവളെ....

നിന്‍റെ വിശേഷങ്ങള്‍ എല്ലാം അറിയുന്നുണ്ട്. കാതങ്ങള്‍ അകലെയെങ്കിലും നാം പങ്കുവയ്ക്കുന്ന സമാനതകള്‍ ആ ദൂരത്തെ ഇല്ലാതാക്കുകയാകും ചിലപ്പോള്‍.. നാളെയുടെ പുതിയ പ്രതീക്ഷകള്‍ മാത്രം പങ്കുവച്ചുകൊണ്ട്... വനിതാദിനാശംസകള്‍ ....!

സ്നേഹത്തോടെ,
ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള നിന്‍റെ കൂട്ടുകാരി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories