TopTop
Begin typing your search above and press return to search.

'ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ പോലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നു'; അസ്വസ്ഥതപ്പെടുത്തുന്ന ഗുജറാത്ത് അനുഭവങ്ങള്‍

ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ പോലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നു; അസ്വസ്ഥതപ്പെടുത്തുന്ന ഗുജറാത്ത് അനുഭവങ്ങള്‍

വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വനിത ജനപ്രതിനിധികള്‍ക്കായി അഹമ്മദാബാദില്‍ സംഘടിപ്പിച്ച സ്വച്ഛ് ശക്തി ക്യാമ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കോണ്‍ഫറന്‍സില്‍ ക്ഷണം സ്വീകരിച്ചു പങ്കെടുക്കാനെത്തിയ കേരള സംഘത്തില്‍ ഹിജാബ് ധരിച്ചെത്തിയതിന് മുസ്ലിം പഞ്ചായത്ത് പ്രസിഡന്റുമാരെ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞത് വിവാദമായിരുന്നു. വയനാട് മൂപ്പയ്‌നാട് പഞ്ചായത്ത് പ്രസിഡന്റിനെയും കാസര്‍ഗോഡ് ചെങ്കള, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ക്കുമാണ് വിവേചനം നേരിട്ടത്. കാസര്‍ഗോഡ് നിന്ന് അഞ്ച് പേരുള്‍പ്പെടെ 117 പേരാണ് കേരളത്തില്‍ നിന്ന് സമ്മേളനത്തിന് പോയത്. സമ്മേളന നഗരിയില്‍ എത്തിയതിന് ശേഷവും ഹാളിലേക്ക് പ്രവേശിക്കും മുന്‍പും പരിശോധനക്ക് ഇവരെ വിധേയരാക്കിയിരുന്നു. ഹാളിന് മുന്‍പിലെത്തിയപ്പോള്‍ ശിരോവസ്ത്രം അഴിച്ച് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയാറായില്ല. ഒരു പ്രത്യേക മതചിഹ്നത്തിന്റെ പേരുപറഞ്ഞു തങ്ങളുടെ അവകാശം തടയാന്‍ ശ്രമിച്ചവര്‍ക്കെതിരേ ശക്തമായി പ്രതികരിക്കാനാണ് കേരളത്തില്‍ നിന്നെത്തിയ വനിത പഞ്ചായത്തു പ്രസിഡന്റുമാര്‍ തയ്യാറായത്.

വയനാട് മൂപ്പയ്‌നാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സൈതലവി ഗുജറാത്തില്‍ തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന അപമാനത്തെ കുറിച്ചു സംസാരിക്കുന്നു.

തിരഞ്ഞെടുക്കപ്പെട്ട ആറായിരത്തോളം വനിത പ്രതിനിധികളാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ മഹാത്മ മന്ദിറില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. എട്ട് ദിവസത്തോളം നീണ്ട് നില്‍ക്കുന്ന ഈ പരിപാടിക്ക് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, പൂതാടി, തരിയോട് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ ഞങ്ങള്‍ നാലു പേരായിരുന്നു വയനാട്ടില്‍ നിന്നു പങ്കെടുത്തത്. സൗകര്യങ്ങള്‍ കുറവാണ് പരമാവധി സഹകരിക്കണം എന്ന് സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു. ഞങ്ങള്‍ അത് സമ്മതിക്കുകയും ചെയ്തിരുന്നു. പക്ഷേ അവിടെ എനിക്ക് നേരിടേണ്ടിവന്ന അനുഭവം വേദനാജനകമായിരുന്നു. ഇനി മറ്റൊരു സ്ത്രീക്കും ഇത്തരത്തില്‍ ഒരു അനുഭവം വരാന്‍ പാടില്ല. വ്യക്തിപരമായ ആ ആക്ഷേപം ഒരിക്കലും സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ക്ഷണിച്ചത് കൊണ്ട് മാത്രമാണല്ലോ ഞങ്ങള്‍ പോയത്?. വിളിച്ചു വരുത്തി അപമാനിച്ചതിന് തുല്യമായിപ്പോയി. വല്ലാത്ത മാനസിക സംഘര്‍ഷത്തിലാണ് പിന്നിട് പരിപാടിയില്‍ പങ്കെടുത്തത്. ശുചിമുറിയിലേക്ക് പോകുമ്പോള്‍ പോലും പത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്‍തുടര്‍ന്നു. ശിരോവസ്ത്രത്തിന്റെ പേരില്‍ ഒന്നര മണിക്കൂറാണ് ഞങ്ങളെ തടഞ്ഞ് വെച്ചത്. ഞങ്ങളെകൊണ്ട് അവുന്നത് പോലെ ശക്തമായി പ്രതിഷേധിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. ഒടുവില്‍ നീക്കം ചെയ്ത ശിരോവസ്ത്രം കൈയില്‍ സൂക്ഷിക്കാനും അവര്‍ സമ്മതിച്ചില്ല. ശിരോവസ്ത്രം സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ പോലീസ് സുരക്ഷക്കായി കെട്ടിയ റിബണില്‍ തൂക്കിയ ശേഷമാണ് അകത്ത് പ്രവേശിപ്പിച്ചത്.

വനിതാ ജനപ്രതിനിധികളെ അപമാനിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. മൂപ്പയ്‌നാട് പഞ്ചായത്ത് കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ഭരണ സമിതി യോഗം ഏക കണ്‌ഠേന പ്രമേയം പാസ്സാക്കി. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഏകാധിപത്യ സ്വഭാവം വെളപ്പെടുത്തുന്ന സംഭവമാണ് ഗുജറാത്തില്‍ നടന്നതെന്നും ഒരു സാധാരണ പ്രാദേശിക ഭരണകൂടത്തിലെ പ്രതിനിധിയുടെ ശിരോവസ്ത്രത്തിന്റെ നിറത്തെ പോലും ഭയപ്പെടുകയാണ് പ്രധാനമന്ത്രി എന്നും പ്രമേയം പറയുന്നു.

'രാജ്യത്തെ ജനങ്ങള്‍ എന്ത് കാണണമെന്നും എന്ത് കഴിക്കണമെന്നും തീരുമാനമെടുത്ത് അടുക്കള വരെ കയറിയ ഭരണകൂട ഫാസിസം ഇന്ന് മതേതരത്വ ഇന്ത്യയുടെ വേഷത്തിലും കടന്ന് കയറി വസ്ത്രമുരിയുന്നത് അപമാനകരമാണ്. ഷഹര്‍ബാന്‍ സൈതലവിയെ തട്ടമിട്ടതിന്റെ പേരില്‍ അപമാനിച്ചത് വനിതാ ദിനത്തില്‍ രാജ്യത്തിന് നാണക്കേടായി. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണം', ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍ പറഞ്ഞു.

സമ്മേളനത്തില്‍ ശിരോവസ്ത്രമിട്ടവരെ തടഞ്ഞ വാര്‍ത്ത പുറത്ത് എത്തിച്ചത് കോഴിക്കോട് കായക്കൊടി പഞ്ചായത്ത് പ്രസിഡന്റായ കെടി അശ്വതിയാണ്. വനിതാ ജനപ്രതിനിധികളെ അപമാനിച്ച സംഭവം അശ്വതി അവിടെ വെച്ച് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സമ്മേളനം ബിജെപിയുടെ വേദിയാക്കുകയാണെന്നും ജനപ്രതിനിധികള്‍ക്ക് സ്വന്തം ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാന്‍ സ്വതന്ത്ര്യം ഇല്ലാത്ത നാട്ടില്‍ വനിത ദിനം ആചരിക്കുന്നതിന്റെ പൊള്ളത്തരവും അശ്വതി ഫേസ്ബുക്ക് വഴി സൂചിപ്പിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള പ്രതിനിധിയെ അപമാനിച്ചതിന് ശക്തമായ പ്രതിഷേധം ഉയരണമെന്നും അതാകട്ടെ മലയാളിയുടെ ഈ വര്‍ഷത്തെ വനിതാ ദിനാഘോഷമെന്നും ആഹ്വാനം ചെയ്യുന്ന അശ്വതിയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത് പ്രചരിപ്പിച്ചിരുന്നു.

കോഴിക്കോട് നിന്ന് ഏഴു വനിതാ പ്രതിനിധികളായിരുന്നു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. പ്രസിഡന്റുമാര്‍ പങ്കെടുത്ത സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരുന്നു അശ്വതി. വികസന പദ്ധതികള്‍ കാണാനെന്ന് പറഞ്ഞാണ് കൊണ്ട് പോയത്. അങ്കനവാടിയും കോളേജുമൊക്കെയാണ് കാണിച്ചത്. ആരോടും ഇടപഴകാനോ സംസാരിക്കാനോ അനുവദിച്ചില്ല. ഗുജറാത്തിന്റ യഥാര്‍ത്ഥ മുഖം ശ്രദ്ധയില്‍പ്പെടാതിരിക്കാനുള്ള ശ്രമമായിരുന്നു അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്; അശ്വതി പറഞ്ഞു.

സമ്മേളനത്തില്‍ വെച്ച് ശക്തമായി പ്രതികരിച്ചതിന്റെ ഫലമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയെങ്കിലും കേരളത്തില്‍ നിന്ന് പോയ ജനപ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ അവസരം പോലും നല്‍കിയിരുന്നില്ല. രണ്ടാമത്തെ സ്ഥലത്തും ശിരോവസ്ത്രം മാറ്റില്ലെന്ന് വനിതകള്‍ പറഞ്ഞെങ്കിലും പരിപാടികള്‍ സ്‌ക്രീനില്‍ കണ്ടാല്‍ മതിയെന്നായിരുന്നു അധികൃതരുടെ നിലപാട്. പിന്നീട് ഇവരെ നിരീക്ഷിക്കാന്‍ കൂടുതല്‍ കൂടുതല്‍ പേരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories