TopTop
Begin typing your search above and press return to search.

ആര്‍ത്തവമാവുമ്പോള്‍ അതങ്ങനെയാണ്; WOMENSES ഇനി തെരുവിലേക്ക്

ആര്‍ത്തവമാവുമ്പോള്‍ അതങ്ങനെയാണ്; WOMENSES ഇനി തെരുവിലേക്ക്

മനുഷ്യവിരുദ്ധവും കാലത്തിനു നിരക്കാത്തതുമായ ആചാരങ്ങളെ കെട്ടിപ്പുണര്‍ന്നു നില്‍ക്കുന്നവരോട് അതിന്റെ ലോജിക്കിനെക്കുറിച്ച് ചോദിച്ചിട്ടില്ലേ? അവരാദ്യം നിങ്ങള്‍ക്ക് നേരെ ഒരു നോട്ടമെറിയും, ആ നോട്ടത്തെ ഒരു നിശബ്ദത പിന്താങ്ങും, പിന്നെ ഒരു ചിരിയിലോ, അതങ്ങനെയാണെന്ന ഏറ്റുപറച്ചിലിലോ മറുപടിയൊതുങ്ങും.

അതങ്ങനെയാണ്.

ആണത്തത്തിന്റെ് അധോലോകങ്ങളില്‍ ബലി കൊടുക്കപ്പെടുന്ന പെണ്ണിനെ കുറിച്ചും ലോകത്തിന്റെ ചക്രത്തെ തന്റെ വരുതിയിലാക്കാന്‍ പെണ്ണിന്റെ ജൈവിക ക്രമങ്ങളെ തീണ്ടലിന്റെയും തൊടായ്മയുടേയും അറകളിലേക്കു പറിച്ചു നട്ട ആണത്തത്തിന്റെ സാഹസികതയെ കുറിച്ച്, അതിന്റെ ലോജിക്കിനെ കുറിച്ച് ചോദിച്ചിട്ടില്ലേ? നിശബ്ദതയുടെ അറ്റത്ത് പേടിപ്പെടുത്തുന്ന ചിരിയെറിയുന്ന അതേ ബാന്‍ഡ് വാഗണ്‍ അപ്പോഴും നിങ്ങള്‍ക്കു മുന്നില്‍ വരും.

അതങ്ങനെയാണ്.

Womenses എന്ന ഡോക്യുമെന്ററിയിലൂടെ ഉണ്ണികൃഷ്ണന്‍ ആവളയെന്ന സിനിമ പ്രവര്‍ത്തകന്‍ കാമറ തിരിച്ചു പിടിച്ചത്, തെയ്യത്തിന്റെ വര്‍ണങ്ങള്‍ ജീവിതത്തിലേക്കെടുത്തുവച്ച ജനതയുടെ മനസ്സിലേക്കും തെയ്യക്കോലങ്ങളുടെ കെട്ടിയാടലിന്റെ യാത്രയിലെവിടെയോ വച്ച് ചുവന്നു പൂക്കുന്ന അടിമരങ്ങളുടെ തൊടായ്മയില്‍ തൊട്ട്, പെണ്ണിന് തെയ്യം അന്യമാക്കിയവരുടെ മുഖത്തേക്കുമാണ്.

unnamed

മലപ്പുറത്തെ, യുവജനങ്ങളുടെ കൂട്ടായ്മയായ യുവസമിതി, ഗ്രാമീണ ചലച്ചിത്ര വേദി എന്ന ആശയത്തിലൂടെ പല തരത്തിലുള്ള സിനിമാ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ ആവളയുടെ 'വിമെന്‍സസ്' എന്ന ഡോക്യുമെന്ററിയുമായി യുവസമിതിയുടെ സിനിമ സംവാദവണ്ടി കഴിഞ്ഞ രണ്ടാഴ്ചകളായി ജില്ലയിലെ വിവിധങ്ങളായ കാമ്പസുകള്‍ സന്ദര്‍ശിച്ചു. കാലിക്കട്ട് യുണിവേഴ്‌സിറ്റിയില്‍ ഈ മാസം അഞ്ചാം തീയതി സിനിമ വണ്ടിയുടെ ഉദ്ഘാടനം നടത്തിയത്, ഇത്തവണത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ 'മാന്‍ഹോള്‍' എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായികക്കുള്ള അവാര്‍ഡ് ലഭിച്ച വിധു വിന്‍സെന്റ് ആയിരുന്നു. ആരാധനാലയങ്ങളും അവിടങ്ങളിലെ സാമ്പത്തികമായ വിനിമയങ്ങളുമെല്ലാം ഡിജിറ്റലായപ്പോഴും, നമ്മുടെ സാംസ്‌കാരിക ഇടങ്ങളിലേക്കും കലാമണ്ഡലങ്ങളിലേക്കും ടെക്‌നോളജി കയറി വന്നപ്പോഴും, ആര്‍ത്തവമെന്നാല്‍ അശ്ലീലം ആണെന്നതില്‍ നിന്നും നമ്മുടെ മനസ്സ് മാറാത്തതെന്തെന്ന കാതലായ ചോദ്യമാണീ സിനിമയെന്ന് വിധു വിന്‍സെന്റ് വേദിയില്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ 18 കാമ്പസുകളില്‍ കൂടി സിനിമാവണ്ടി പ്രദര്‍ശനം നടത്തി. ബഹുഭൂരിഭാഗവും പെണ്‍കുട്ടികള്‍ പഠിക്കുന്ന, ആര്‍ത്തവജന്യ തൊടായ്മകളും ഒറ്റപ്പെടുത്തലുകളും അത്രമേലനുഭവിച്ച പെണ്ണുങ്ങള്‍, എന്തുകൊണ്ട് Womenses രാഷ്ട്രീയപ്രവര്‍ത്തനമാവുന്നു എന്നു പ്രഖ്യാപിച്ചു. കാലിക്കറ്റ് കാമ്പസിലെ കന്നിയും, കാലടി പ്രാദേശിക കേന്ദ്രത്തിലെ അഖിലയും, കൊണ്ടോട്ടിയിലെ ആദിത്യ ഉണ്ണിയുമെല്ലാം വിമെന്‍സസ് റീലുകള്‍ക്കു നേരെ നോക്കി പറഞ്ഞതും എഴുതിയതുമെല്ലാം എന്തുകൊണ്ട് നമ്മള്‍ ഇരുട്ടറകളിലേക്ക് ബലി കൊടുക്കപ്പെടുക്കപ്പെട്ടു എന്നതിന്റെ വ്യത്യസ്ത മാനങ്ങളെ കുറിച്ചായിരുന്നു.

15288586_1183001108458214_3401410609423893129_o

'സിനിമയെന്ന ഭൂമികയിലെ പ്രതിഷേധിക്കുന്ന ജനതയാണ് ഡോക്യുമെന്ററികള്‍' എന്നാവും ചുരുങ്ങിയ പക്ഷം, ഏറ്റവും കുറുക്കി നമുക്കോരോരുത്തര്‍ക്കും ഡോക്യുമെന്ററികളെ നിര്‍വചിക്കാനാവുക. കച്ചവട താത്പര്യങ്ങളാല്‍ അത്രയൊന്നും സ്പര്‍ശിക്കപ്പെടാതെ, മസാലക്കൂട്ടുകള്‍ക്ക് അത്രമേല്‍ തടമൊരുക്കാതെ, നമ്മളറിയേണ്ടുന്ന ഗൗരവമായ പലതും നമ്മളിലേക്കു വന്നുചേര്‍ന്നത് പ്രതിഷേധിക്കുന്ന ആ ജനതയിലൂടെയാണ്, അതുതന്നെയാണ് വിമെന്‍സസും. സിനിമയുടെ ആണ്‍ നോട്ട(male gaze)ങ്ങളെ തകര്‍ത്ത്, അഭ്രപാളിയിലുള്ളതെല്ലാം അതിവേഗത്തില്‍ പായേണ്ട കാഴ്ചകളെന്ന പോസ്റ്റ്‌മോഡേണ്‍ പൊള്ളത്തരങ്ങളെ ഭേദിച്ച്, ഓരോ ഷോട്ടിലുമുള്ള ചില 'പേടിപ്പെടുത്തുന്ന' നിശബ്ദതകളെ, അതിന്റെ പ്രാധാന്യത്തെ ഓര്‍മപ്പെടുത്തി രൂപപ്പെടുത്തിയ 'വിമെന്‍സസ്' എന്നിട്ടുമെന്തേ നമ്മുടെ പ്രധാനപ്പെട്ട മേളകളില്‍ നിന്നും അയിത്തം കല്‍പ്പിക്കപ്പെട്ട് പുറത്ത് നില്‍ക്കുന്നു?

അതങ്ങനെയാണ്.

അവിടെയാണ് മേളകളില്‍ മത്സരിച്ചെത്തുന്ന മലയാളിയുടെ മറുഭാഗം സിനിമ ഭൂപടത്തില്‍ ഡോക്യുമെന്ററികള്‍ക്കു ചാര്‍ത്തി നല്‍കിയ 'കീഴ്ജാതി' സ്ഥാനങ്ങളെയും, ആര്‍ത്തവം പോലെ, നമ്മുടെ കപട സദാചാരം മണ്ണിട്ടുമൂടി ചര്‍ച്ചകള്‍ക്കു പുറത്തേക്കെറിഞ്ഞ വിഷയങ്ങളെ വിമര്‍ശനപരമായി പ്രതിപാദിക്കുന്ന വര്‍ക്കുകളോട് അയിത്തം തുടരുന്ന നമ്മുടെ ഫെസ്റ്റിവല്‍ തുടര്‍ച്ചകളേയും ചോദ്യം ചെയ്യേണ്ടത്. ''പുകഞ്ഞ കൊള്ളി പുറത്ത്'' എന്ന നാടന്‍ ചൊല്ല് തത്വത്തില്‍ പ്രയോഗിക്കപ്പെടുന്നയിടങ്ങള്‍. ആര്‍ത്തവമാണെന്നതു മാത്രമല്ല, തെയ്യം പോലെ, മതപരമായും സാംസ്‌കാരികപരമായും വേരുറച്ചു കിടക്കുന്ന ഒരിടത്തിലെ അനീതിയെ ചോദ്യം ചെയ്യുന്ന മനുഷ്യനാണ് വിമെന്‍സസ്. 2016ലെ SIGNS ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു എന്നതൊഴിച്ചാല്‍ നമ്മുടെ മറ്റെല്ലാ മേളകളും സ്ഥാപനങ്ങളും സ്ഥലങ്ങളും ഈ സിനിമയെ കയ്യൊഴിഞ്ഞു.

ആര്‍ത്തവമാവുമ്പോള്‍ അതങ്ങനെയാണ്.

സച്ചിദാനന്ദന്‍മാഷുടെ കവിതയില്‍ പറയുമ്പോലെ നിരോധിച്ച ഒരിടത്ത് ഒറ്റയ്ക്ക് നില്‍ക്കുന്ന മനുഷ്യനായി 'വിമെന്‍സെസ്' ഇനി തെരുവുകളില്‍ നടക്കാനിറങ്ങട്ടെ.

(കവിയും കഥാകൃത്തുമായ അജിത്ത് രുഗ്മിണി ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയശേഷം ഇപ്പോള്‍ ഫറൂഖ് ട്രെയിനിംഗ് കോളേജില്‍ ബി എഡ് ചെയ്യുന്നു.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories