Top

കുറ്റവാളികളെ കൈമാറൽ ബിൽ: ഹോങ്കോങ്ങില്‍ പ്രതിഷേധം ആളിക്കത്തുന്നു

കുറ്റവാളികളെ കൈമാറൽ ബിൽ: ഹോങ്കോങ്ങില്‍ പ്രതിഷേധം ആളിക്കത്തുന്നു
കുറ്റവാളികളെ ചൈനക്ക് കൈമാറാനുള്ള ബില്ലിനെതിരേ ഹോങ്കോങ്ങില്‍ പ്രതിഷേധം ആളിക്കത്തുന്നു. ഇന്നലെ നടന്ന പ്രതിഷേധത്തില്‍ പത്ത് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് പങ്കെടുത്തത്. ചൈനക്ക് കീഴിലുള്ള അര്‍ധ സ്വയംഭരണ പ്രദേശമാണ് ഹോങ്കോങ്. കുറ്റവാളികളെ കൈമാറാനുള്ള നിയമം പ്രാബല്യത്തില്‍ വന്നാല്‍ ചൈനക്ക് ഹോങ്കോങ്ങിലുള്ള അവരുടെ രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കാന്‍ എളുപ്പമാകും. പാർലമെന്‍റിനും സർക്കാർ ആസ്ഥാനത്തിനും പുറത്ത് വളരെ സമാധാനപരമായി നടന്ന സമരം പെട്ടന്ന് അക്രമാസക്തമാവുകയായിരുന്നു. അതോടെ ലാത്തിയും കുരുമുളക് സ്പ്രേയുമൊക്കെയായി പോലീസും തിരിച്ചടിച്ചു.

ഹോങ്കോങിന്‍റെ കിഴക്ക് ഭാഗത്തുള്ള വിക്ടോറിയ പാർക്കിൽ നിന്നും സർക്കാര്‍ ആസ്ഥാനത്തേക്ക് രണ്ട് മൈലോളം ദൂരം സഞ്ചരിച്ചാണ് ജനസാഗരം ഇരമ്പിയെത്തിയെത്. പൊതുഗതാഗത സംവിധാനങ്ങളിലെ തിരക്കുമൂലം പതിനായിരക്കണക്കിന് ആളുകളാണ് ഹോങ്കോങിന് പുറത്തുള്ള കൌലൂൺ പോലുള്ള സ്ഥലങ്ങളില്‍ നിന്നും എത്തിപ്പെടാന്‍ ബുദ്ധിമുട്ടിയത്.

കാര്‍ ഓടിച്ചിരുന്നത് ആര്? ഫോറന്‍സിക് ഫലം തേടി അന്വേഷണ സംഘം

ഏഴുമണിക്കൂറോളം നീണ്ടുനിന്ന പ്രതിഷേധ പ്രകടനത്തില്‍ ഒരു ദശലക്ഷത്തിലധികം പേർ പങ്കെടുത്തുവെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. അത്, 2003-ല്‍, ദേശീയ സുരക്ഷാ നിയമം ശക്തമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നടന്ന സമരത്തെക്കാള്‍ വലുതാണ്‌. 240,000 പേരാണ് വിക്ടോറിയ പാർക്കിൽ തമ്പടിച്ച് പ്രതിഷേധിച്ചതെന്ന് പോലീസ് വക്താവ് പറഞ്ഞു. ബില്ലിന്മേലുള്ള രണ്ടാംഘട്ട ചര്‍ച്ച നടക്കുന്നതിനാല്‍, കഴിഞ്ഞ ബുധനാഴ്ച, ചെറുപ്രായക്കാരായ പ്രതിഷേധക്കാരുടെ ഒരു സംഘം സർക്കാര്‍ ആസ്ഥാനത്തിനു പുറത്ത് നിലയുറപ്പിച്ചിരുന്നു. എന്നാൽ, പ്രതിഷേധിക്കാൻ അനുവാദം നല്‍കിയ സമയം അര്‍ദ്ധരാത്രിയോടെ കഴിഞ്ഞപ്പോള്‍ പോലീസ് അവരുടെ നേരെ നീങ്ങി. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലാണ് നടന്നത്.

നേരത്തെ മെട്രോ സ്റ്റേഷനുകൾ അടച്ചു പൂട്ടിയ പോലീസ് ഇടുങ്ങിയ പാതകളിലൂടെ ജനങ്ങളെ തുരത്തിയോടിച്ചിരുന്നു. അതോടെ പ്രതിഷേധത്തിന്‍റെ വ്യാപ്തി കുറച്ചുകാണിക്കാന്‍ അവർ മന:പൂർവ്വം ശ്രമിക്കുകയാണെന്ന വിമര്‍ഷവും ഉയര്‍ന്നു. മനുഷ്യാവകാശ സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. വെള്ള വസ്ത്രം ധരിച്ചെത്തിയ പ്രതിഷേധക്കാരില്‍ വിദ്യാര്‍ഥികള്‍, അഭിഭാഷകര്‍, ജനാധിപത്യ വാദികള്‍, മത സംഘടനകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഉണ്ട്.

രാഷ്ട്രീയ, വ്യപാര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെടുന്നവരെയടക്കം ഈ നിയമത്തിലൂടെ ചൈനക്ക് കൈമാറുമെന്നും ഇത് അര്‍ധ സ്വയംഭരണ അധികാരത്തെ തകര്‍ക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ശക്തമായ പ്രതിഷേധമുണ്ടെങ്കിലും ബില്‍ അടുത്തമാസത്തോടെ പാസാക്കാനാണ് നീക്കം. ബില്ലിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇതുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടിവ് കാരി ലാം പറഞ്ഞു.

Next Story

Related Stories