TopTop
Begin typing your search above and press return to search.

എട്ടു വയസുകാരി സൈനബിന്റെ കൊലപാതകം; പാകിസ്താനില്‍ പ്രക്ഷോഭം, ജനം തെരുവിലിറങ്ങി

എട്ടു വയസുകാരി സൈനബിന്റെ കൊലപാതകം; പാകിസ്താനില്‍ പ്രക്ഷോഭം, ജനം തെരുവിലിറങ്ങി

പാകിസ്താന്‍ അതിന്റെ തെരുവുകളില്‍ പടര്‍ന്ന കലാപത്തിന്റെ പേരില്‍ വീണ്ടും ലോകശ്രദ്ധ നേടിയിരിക്കുകയാണ്. ഇത്തവണയത് പട്ടാള വിപ്ലവത്തിന്റെയോ തീവ്രവാദിയാക്രമണത്തിന്റെയോ അധികാരമാറ്റത്തിന്റെയോ പേരിലല്ല. സൈനബ് അന്‍സാരി എന്ന എട്ടു വയസുകാരിക്കു വേണ്ടി.

കഴിഞ്ഞ വ്യാഴ്ചയാണ് അവളുടെ വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുള്ള വലിയ ആ ചവറു കൂമ്പാരത്തിനിടയില്‍ നിന്നും കുഞ്ഞു സൈനബിന്റെ മൃതദേഹം കിട്ടുന്നത്. അതിനകം അവളെ കാണാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരുന്നു.

കൊല ചെയ്യപ്പെടുന്നതിനു മുമ്പ് ആ കുഞ്ഞ് ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായി തീര്‍ന്നിരുന്നു. അതിനുശേഷമാണ് ആ എട്ടുവയസുകാരിയെ ശ്വാസം മുട്ടിച്ചു കൊന്നതും ചവറു കൂനയില്‍ തളളിയതും.

സൈനബിന്റെ വാര്‍ത്ത പുറത്തു വന്നതോടെ കസൂര്‍ നഗരത്തിലെ ജനങ്ങള്‍ പൊട്ടിത്തെറിച്ചു, അവര്‍ തെരുവിലിറങ്ങി. അധികം വൈകാതെ ആ വികാരം പാകിസ്താന്‍ മുഴുവന്‍ പരന്നു. ലോകത്തിനാകെ സൈനബ് ഒരു നൊമ്പരമായി തീരാനും സമയമധികം വേണ്ടി വന്നില്ല.

ജനം തെരുവിലറങ്ങിയപ്പോള്‍ നേരിടാന്‍ പൊലീസിന് നന്നേ പ്രയാസപ്പെടേണ്ടി വന്നു. ഒടുവില്‍ അവര്‍ക്ക് വെടിവയുതിര്‍ക്കേണ്ടിയും വന്നു. രണ്ടു പേരാണ് അതില്‍ കൊല്ലപ്പെട്ടത്.

കസൂറില്‍ ജനം ഇത്രമേല്‍ പ്രകോപിതരാകാന്‍ കാരണമുണ്ട്. കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നത് അവിടെയൊരു തുടര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സൈനബിന്റെ അതേ വിധിയില്‍ പൊലിഞ്ഞ 12 കുഞ്ഞുങ്ങളുടെ കണക്ക് പൊലീസ് തന്നെ സമ്മതിക്കുന്നുണ്ട്.

സൈനബിന്റെ കൊലയാളിക്കു വേണ്ടി തങ്ങള്‍ ഊര്‍ജ്ജിതമായി അന്വേഷണം നടത്തുകയാണെന്നും സംശയിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

പക്ഷേ ഈ വിശദീകരണങ്ങള്‍ ജനങ്ങളെ ശാന്തരാക്കുന്നില്ല. അതിന്റെ തെളിവായിരുന്നു തെക്കന്‍ ലാഹോറില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന കസൂറിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് കൊടുങ്കാറ്റ് കണക്കെ ഇരച്ചു കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍. ഇവരെ തടയാനാണ് വെടിവയ്പ്പ് നടത്തിയതും രണ്ടു പേര്‍ കൊല്ലപ്പെട്ടതും. പൊലീസിനെ സഹായിക്കാന്‍ സൈന്യം ഇറങ്ങേണ്ടി വരുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.

കസൂറില്‍ മാത്രമല്ല, ഇത്തരം പ്രതിഷേധം. അതിപ്പോള്‍ പാകിസ്താന്‍ മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞു.

ക്രിക്കറ്റ് താരങ്ങളും ചലച്ചിത്ര താരങ്ങളുമടക്കം സൈനബിന്റെ നീതിക്കു വേണ്ടി രംഗത്തെത്തി കഴിഞ്ഞു. #JusticeForZainab ഹാഷ് ടാഗ് പ്രചരിപ്പിച്ച് അവരെല്ലാം തന്നെ സൈനബിനു വേണ്ടി ശബ്ദം ഉയര്‍ത്തുന്നുണ്ട്.

എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. നമ്മള്‍ ജീവവിക്കുന്നത് എത്ര ക്രൂരമായൊരു സമൂഹത്തിലാണ്; പാക് ക്രിക്കറ്റ് താരം മൊഹമ്മദ് അമീര്‍ ട്വീറ്റ് ചെയ്തു. ഞാനുമൊരു അച്ഛനാണ്, എനിക്ക് ആലോചിക്കാനെ കഴിയുന്നില്ല ആ അച്ഛനമ്മാരുടെ വേദന. സൈനബിന്റെ മാതാപിതാക്കളെ ഞാനെന്റെ വേദന അറിയിക്കുന്നു. ആ കുറ്റവാളിയെ എത്രയും വേഗം പിടിക്കുക, സൈനബിന് നീതി നല്‍കുക; മറ്റൊരു പാക് ക്രിക്കറ്റ് താരമായ മൊഹമ്മദ് ഹഫീസ് ട്വീറ്റ് ചെയ്യുന്നു. സൈനബിനു വേണ്ടി ഉറക്കെ ശബ്ദിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററും ഹഫീസ് ഷെയര്‍ ചെയ്യുന്നു. അവനെ വേഗം കണ്ടെത്ത്. ഇനി ഇതുപോലൊരുത്തനും ചെയ്യാന്‍ ധൈര്യപ്പെടാത്ത വിധം എന്നിട്ടവനെ ശിക്ഷിക്ക്; പ്രശസ്ത സിനിമതാരം മഹിറ ഖാന്‍ തന്റെ രോഷം മുഴുവന്‍ ട്വീറ്റിലൂടെ പ്രകടമാക്കുന്നു.

മാതാപിതാക്കള്‍ ഉംറ നിര്‍വഹിക്കാന്‍ സൗദിയില്‍ പോയിരുന്ന സമയത്തായിരുന്നു സൈനബിനെ കാണാതാവുന്നത്. സമാ ടിവിയുടെ വാര്‍ത്ത അവതാരക കിരണ്‍ നാസ് പറഞ്ഞതുപോലെ; അവളുടെ മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞിന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥന നടത്തിയ അതേസമയത്ത് പാകിസ്താനില്‍ ഒരു ക്രൂരന്‍ അവളുടെ ജീവന്‍ എടുക്കുകയായിരുന്നു... ഒരു കുഞ്ഞിന്റെ കൊലപാതകമായി ഇതിനെ കാണാതെ, ഈ സമൂഹത്തെ മുഴുവനായാണ് അവന്‍ കൊന്നിരിക്കുന്നത്; കിരണ്‍ രോഷത്തോടെ തന്റെ വാര്‍ത്താവതരണത്തിനിടയില്‍ പറഞ്ഞു. സ്വന്തം കുഞ്ഞിനെ മടിയിലിരുത്തി കൊണ്ടാണ് അവര്‍ വാര്‍ത്ത വായിച്ചതു തന്നെ. തന്റെ പ്രതിഷേധമായി. ഇന്നു ഞാന്‍ നിങ്ങളുടെ മുന്നില്‍ വാര്‍ത്ത അവതാരകയായി അല്ല, ഒരു കുഞ്ഞിന്റെ അമ്മയായി ആണ് വന്നിരിക്കുന്നതെന്നു പറഞ്ഞായിരുന്നു അവര്‍ തന്റെ ജോലി തുടങ്ങിയത്. കിരണിനെ പോലെ അനേകം പേരാണ് തങ്ങളുടെ രോഷം തെരുവില്‍ ഇറങ്ങാതെ തന്നെ പ്രകടിപ്പിക്കുന്നത്.

http://www.azhimukham.com/viral-tv-anchor-hosts-news-bulletin-with-daughter-pakistan-rape-murder-case/

ഖുറാന്‍ പഠന ക്ലാസിലേക്ക് പോകുന്നതിനിടയിലാണ് സൈനബിനെ ഒരാള്‍ കൂട്ടി കൊണ്ടു പോകുന്നത്. ഇയാള്‍ ആരാണെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സൈനബിന്റെ അവസാന ദൃശ്യങ്ങള്‍ പതിഞ്ഞ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറല്‍ ആയിട്ടുണ്ട്.

പൊലീസ് തങ്ങളുടെ മകളുടെ കുറ്റവാളിയെ കണ്ടെത്തുമോ എന്ന സംശയം മാറിയിട്ടില്ല സൈനബിന്റെ മാതാപിതാക്കള്‍ക്ക്. അവളെ കാണാതായപ്പോള്‍ അക്കാര്യം പൊലീസിനെ വീട്ടുകാര്‍ അറിയിച്ചതാണ്. ഞങ്ങളുടെ ബന്ധുക്കളാണ് സൈനബിനെ ഒരാള്‍ കൂട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തുന്നത്.,പൊലീസല്ല. പക്ഷേ പൊലീസ് വേണ്ടത് വേഗത്തില്‍ ചെയ്തില്ല. ചെയ്തിരുന്നുവെങ്കില്‍ ആ കുറ്റവാളിയെ പിടിക്കായിരുന്നില്ലേ. സൈനബിന്റെ പിതാവ് ജിയോ ടിവിയോട് പറയുന്നു.

കഴിഞ്ഞ മാസം കസുറില്‍ നിന്നും ഒമ്പതുകാരിയെ തട്ടിക്കൊണ്ടു പോയിരുന്നു. വീടിനടുത്തുള്ള കടയിലേക്ക് പോകുന്നതിനിടയിലായിരുന്നു ആ കുഞ്ഞ് ഒരു പാതകിയുടെ കൈയില്‍ പെടുന്നത്. പക്ഷേ, അവള്‍ക്ക് അയാളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടാന്‍ സാധിച്ചു...സൈനബിന് അതിനു കഴിഞ്ഞില്ല...


Next Story

Related Stories