വിദേശം

‘എന്റെ ഗർഭപാത്രത്തിൽ നിന്നും കടക്ക് പുറത്ത്’; പ്രതിഷേധങ്ങൾക്കിടെ യുഎസിലെ ഏറ്റവും കടുത്ത ഗർഭഛിദ്ര നിയമം പാസ്സായി

ബലാത്സംഗമോ വ്യഭിചാരമോ വഴി ഗർഭിണിയായ സ്ത്രീകൾക്ക് നിയമപരമായ ഗർഭഛിദ്രം അനുവദിക്കുന്നതിനെതിരേ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ തമ്മില്‍തന്നെ വലിയ വാഗ്വാദങ്ങള്‍ നടന്നിരുന്നു.

യുഎസിലെ ഏറ്റവും ശക്തമായ ഗർഭഛിദ്ര നിയമം അലബാമ സ്റ്റേറ്റ് പാസ്സാക്കി. ഗർഭധാരണം കഴിഞ്ഞ് ഏത് ഘട്ടത്തിലും ഗർഭഛിദ്രം നടത്തുന്നത് കുറ്റകൃത്യമാക്കിയാണ് റിപ്പബ്ലിക്കൻ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റ് നിയമം കൊണ്ടുവന്നിരിക്കുന്നത്. സ്ത്രീയുടെ ആരോഗ്യം ഗുരുതരമായ ഭീഷണിയുണ്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയാല്‍ മാത്രമേ ഭ്രൂണഹത്യ നടത്താന്‍ അനുമതിയുള്ളൂ. വ്യഭിചാരം ബലാല്‍സംഗം തുടങ്ങിയ സാഹചര്യങ്ങളിലൊന്നും ഗർഭഛിദ്രം അനുവദിക്കില്ല. രാജ്യത്താകമാനം ഗർഭഛിദ്രം നിയമവിധേയമാക്കുന്ന കോടതിയെ സുപ്രീംകോടതിയുടെ സുപ്രധാന വിധിക്കെതിരെ അപ്പീല്‍ നല്‍കുവാനും നിയമത്തെ അനുകൂലിക്കുന്നവര്‍ തീരുമാനിച്ചിട്ടുണ്ട്.

ആറിനെതിരെ 25 വോട്ടുകള്‍ നേടിയാണ്‌ പാര്‍ലമെന്‍റ് നിയമം പാസ്സാക്കിയത്. ഡോക്ടര്‍മാര്‍ ഭ്രൂണഹത്യക്ക് വഴിയൊരുക്കുന്നത് ഏറ്റവും കൊടിയ കുറ്റകൃത്യമായി കണക്കാക്കും. 10 മുതൽ 99 വരെ വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. എന്നാല്‍, സ്ത്രീകൾ ക്രിമിനൽ നടപടികള്‍ നേരിടേണ്ടിവരില്ല. മറ്റൊരു സംസ്ഥാനത്തും ഇത്ര ശക്തമായ നിയമമില്ല. അലബാമയുടെ അയല്‍ സംസ്ഥാനമായ ജോര്‍ജ്ജിയയില്‍ ഗര്‍ഭധാരണം നടന്ന് 6 ആഴ്ച കഴിഞ്ഞാല്‍ മാത്രമാണ് ഗർഭഛിദ്രം നിരോധിച്ചിട്ടുള്ളത്‌. ആ നിയമത്തിനെതിരെ പോലും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ബലാത്സംഗമോ വ്യഭിചാരമോ വഴി ഗർഭിണിയായ സ്ത്രീകൾക്ക് നിയമപരമായ ഗർഭഛിദ്രം അനുവദിക്കുന്നതിനെതിരേ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ തമ്മില്‍തന്നെ വലിയ വാഗ്വാദങ്ങള്‍ നടന്നിരുന്നു. നാലു മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചക്ക് ശേഷമാണ് സെനറ്റ്‌ ബില്ലിന് അംഗീകാരം നല്‍കിയത്. വളരെ കുറച്ചു അംഗബലം മാത്രമുള്ള ഡെമോക്രാറ്റുകള്‍ ബില്ലില്‍ കാര്യമായ മാറ്റം വരുത്താന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇനി ഗവര്‍ണ്ണര്‍ കെയ് ഐവി ഒപ്പുവച്ചാല്‍ മാത്രം മതി.

അതേസമയം ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (എസിഎല്‍യു) അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് അവളുടെ ശരീരത്തിന്മേലും, ആരോഗ്യത്തിലും, അവളുടെ ഭാവിയിലുമൊക്കെ അവളുടേതായ സ്വാതന്ത്ര്യമുണ്ടെന്നും, സമീപ കാലത്തൊന്നും ഈ ബിൽ പ്രാബല്യത്തിൽ വരില്ലെന്നും എസിഎല്‍യു വക്താവ് പറഞ്ഞു. അലബാമയിലെ എല്ലാ ക്ലിനിക്കുകളിലും സുരക്ഷിതമായി ഗര്‍ഭം അലസിപ്പിക്കാനുള്ള സൗകര്യവും, നിയമപരമായ മെഡിക്കൽ നടപടിക്രമങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍