TopTop
Begin typing your search above and press return to search.

ആമസോൺ കാട്ടുതീ ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് പോലും വെല്ലുവിളിയെന്ന് യുഎൻ

ആമസോൺ കാട്ടുതീ ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് പോലും വെല്ലുവിളിയെന്ന് യുഎൻ

ആമസോൺ മഴക്കാടുകളുടെ വലിയൊരു ഭാഗം ചുട്ടെരിച്ച കാട്ടുതീ ഭൂമിയിലെ ജീവന്റെ സ്വാഭാവിക നിലനില്‍പ്പിന് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് യു.എന്‍. ‘അസാധാരണമായ’ ഈ തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും പ്രകൃതിയുമായി പുതിയൊരു ബന്ധം കെട്ടിപ്പടുക്കാന്‍ രാജ്യങ്ങളും കമ്പനികളും ഉപഭോക്താക്കളുമെല്ലാം മുന്നിട്ടിറങ്ങണമെന്ന് യുഎന്നിന്റെ ഉന്നത ജൈവവൈവിധ്യ സംഘടനയുടെ തലവൻ ആഹ്വാനം ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളുടെ നാശം പുതിയൊരു സമീപനമാണ് ഇനി വേണ്ടതെന്ന ഭയാനകമായ ഓർമ്മപ്പെടുത്തലാണ്. കാലാവസ്ഥയെ സുസ്ഥിരമാക്കുന്നതിനും, പരിസ്ഥിതി ഇനിയൊരു തിരിച്ചു വരവുപോലും അസാധ്യമാകുന്നൊരു അവസ്ഥയിലേക്ക്‌ വീഴുന്നത് തടയുന്നതിനും, തല്‍ഫലമായി മനുഷ്യരാശി ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുന്നതില്‍നിന്നും മുൻകരുതലായി നമ്മള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചേ തീരൂ എന്ന് യുഎൻ ബയോളജിക്കൽ ഡൈവേഴ്‌സിറ്റി കൺവെൻഷന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ക്രിസ്റ്റിയാന പാസ്ക പാമർ പറയുന്നു.

‘എന്നാൽ ഇത് ആമസോണില്‍ മാത്രം നടക്കുന്ന സംഭവമല്ല. മറ്റ് വനങ്ങളിലും പരിസ്ഥിതി വ്യവസ്ഥകളിലും എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ചും, പ്രകൃതിയുടെ വിശാലവും വേഗത്തിലുള്ളതുമായ തകര്‍ച്ചയെ കുറിച്ചുംനമുക്ക് ആശങ്കയുണ്ട്’- പാസ്ക പാമർ പറഞ്ഞു.

അതേസമയം, കാട്ടുതീ കെടുത്താനായി ജി-7 ഉച്ചകോടി വാഗ്ദാനം ചെയ്ത 2 കോടി ഡോളർ ബൊൽസൊനാരോ ആദ്യം നിരസിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണ്‍ പ്രസ്താവനകളിലൂടെ തന്നെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു അത്. ബ്രസീൽ സർക്കാരുമായി സഹകരിച്ചു മാത്രമേ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകൂ എന്ന് യുഎസും അറിയിച്ചു. ബ്രസീലിനു പുറമേ ബൊളിവിയയിലും കാട്ടുതീ വലിയതോതിൽ നാശമുണ്ടാക്കിയിട്ടുണ്ട്. തീ നിയന്ത്രിക്കാന്‍ ബൊളീവിയ റഷ്യയുടെ സഹായം തേടിയിരിക്കുകയാണ്. തീയണയ്ക്കാന്‍ നേരത്തെ അമേരിക്കന്‍ കമ്പനിയായ ബോയിംങിന്റെ സൂപ്പര്‍ ടാങ്കര്‍ എത്തിച്ചിരിന്നു. എന്നാല്‍ കൂടുതല്‍ മേഖലകളിലേക്ക് തീ പടര്‍ന്നതോടെയാണ് റഷ്യയില്‍ നിന്നും വിമാനമെത്തിച്ച് നിയന്ത്രിക്കാനുളള ശ്രമം സര്‍ക്കാര്‍ നടത്തുന്നത്. ബ്രസീല്‍, ബൊളീവിയ, പരാഗ്വേ എന്നീ രാജ്യങ്ങളിലെ ഏതാണ്ട് ഒരുമില്ല്യണ്‍ ഹെക്ടര്‍ വനമാണ് കത്തിനശിച്ചത്.

ലോകം നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധികൾ അന്താരാഷ്ട്ര രാഷ്ട്രീയം വലിയ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. അതുകൊണ്ടാണ് ജി-7 ഉച്ചകോടിയിലെ പ്രധാന അജണ്ടയായി ആമസോണ്‍ മാറിയതും. സെപ്റ്റംബറിൽ കാലാവസ്ഥാ ഉച്ചകോടിക്ക് ലോക നേതാക്കൾ ന്യൂയോർക്കിൽ ഒത്തുകൂടും. കൂടാതെ അടുത്ത വർഷംഒക്ടോബറിൽ ചൈനയിലെ കുൻമിംഗിൽ നടക്കുന്ന യുഎൻ ജൈവവൈവിധ്യ സമ്മേളനത്തിനു മുന്നോടിയായി ഒരിക്കല്‍കൂടെ ഒത്തുകൂടാനും തീരുമാനിച്ചിട്ടുണ്ട്.

പൗരത്വ രജിസ്റ്റർ: പുറത്താക്കപ്പെട്ട ആ 19 ലക്ഷം പേർക്ക് ഇനിയെന്താണ് പോംവഴി?


Next Story

Related Stories