TopTop
Begin typing your search above and press return to search.

മാന്‍ഹട്ടന്‍ സംഭവം: 9/11 നു ശേഷം യുഎസിനെ നടുക്കിയ ഏഴാമത്തെ ഭീകരാക്രമണം

മാന്‍ഹട്ടന്‍ സംഭവം: 9/11 നു ശേഷം യുഎസിനെ നടുക്കിയ ഏഴാമത്തെ ഭീകരാക്രമണം
ന്യൂയോര്‍ക്ക് നഗരത്തില്‍ എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ആക്രമണകാരി സ്വീകരിച്ച മാര്‍ഗ്ഗം ഇപ്പോള്‍ ലോകമെങ്ങും വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒന്നാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നടപ്പാതയിലേക്കും സൈക്കിള്‍ പാതയിലേക്കും വാടകയ്ക്ക് എടുത്ത ട്രക്ക് ഓടിച്ചുകയറ്റിയാണ് കൊലയാളി കൃത്യം നിര്‍വഹിച്ചത്. കഴിഞ്ഞ കുറച്ചു കാലത്തിനിടയില്‍ ലോകമെമ്പാടും നടന്ന ഭീകരാക്രമണങ്ങളുടെ കണക്കെടുത്താല്‍ വാടകയ്ക്ക് എടുത്ത വാഹനം ആയുധമാക്കുന്ന രീതി സര്‍വസാധാരണമായി വരികയാണ്. കൊലയാളിക്ക് ഒരു ഡ്രൈവിംഗ് ലൈസന്‍സ് മാത്രമുണ്ടെങ്കില്‍ കൃത്യം നിര്‍വഹിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ അപകടം. അടുത്തകാലത്ത് ഈ രീതി അവലംബിച്ച ഭീകരര്‍ ആരും തന്നെ സ്വന്തം വാഹനം ഉപയോഗിച്ചിട്ടില്ല. മാര്‍ച്ചില്‍ ഇംഗ്ലണ്ടില്‍ വെസ്റ്റ്മിനിസ്റ്റര്‍ പാലത്തില്‍ നാലുപേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിന് ആക്രമകാരി ബ്രിട്ടീഷ് പൗരനായ ഖാലിദ് മുഹമ്മദ് ഉപയോഗിച്ചത് വാടകയ്‌ക്കെടുത്ത ഒരു വാഹനമായിരുന്നു. പിന്നീട് ജൂണില്‍ മുന്ന് ഭീകരര്‍ ഒരു വാന്‍ ലണ്ടന്‍ ബ്രിഡ്ജിലെ കാല്‍നടക്കാര്‍ക്കിടയിലേക്ക് ഓടിച്ചുകേറ്റി എട്ടു പേരെ കൊലപ്പെടുത്തി. ഇവര്‍ 7.5 ടണ്ണിന്റെ ഒരു ട്രക്ക് വാടകയ്ക്ക് എടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി പിന്നീട് വ്യക്തമായി.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഫ്രാന്‍സിലെ നീസില്‍ ബാസ്റ്റില്ലെ ദിനത്തില്‍ മുഹമ്മദ് ലാഹൗജെ-ബൗഹലെല്‍ വാടകയ്‌ക്കെടുത്ത ടണ്‍ ട്രക്ക് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറ്റി കൊലപ്പെടുത്തിയത് 86 മനുഷ്യരെയാണ്. ഇത്തരം ഭീകരാക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളപായം ഉണ്ടാക്കിയ ആക്രമണമായിരുന്നു ഇത്. തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ബര്‍ലിനിലെ ക്രിസ്മസ് കമ്പോളത്തില്‍ 12 പേരെ കൊല്ലാന്‍ ഉപയോഗിച്ച ട്രക്ക് പക്ഷെ തട്ടിയെടുത്തതായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ ഉസ്ബക്കിസ്ഥാനില്‍ നിന്നുള്ള 39കാരന്‍ ബീയര്‍ വിതരണം ചെയ്യുന്ന ട്രക്ക് തട്ടിയെടുത്ത് സ്റ്റോഹോമിലെ തിരക്കേറിയ തെരുവിലൂടെ ഓടിച്ച് നാലുപേരെ കൊലപ്പെടുത്തി. ഈ വര്‍ഷം ഓഗസ്റ്റില്‍, ബാര്‍സലോണയിലെ റാംബ്ലാസ് മാളിലേക്ക് വാന്‍ ഇടിച്ചുകയറ്റി യൂനസ് അബൗയാക്വബൗ 13 പേരെ കൊലപ്പെടുത്തുകയും 130 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന മൗസ ഔക്കബീര്‍ ആണ് വാന്‍ വാടകയ്‌ക്കെടുത്തത്.

സുരക്ഷസേനകള്‍ക്ക് വലിയ തലവേദനയും വെല്ലുവിളിയുമാണ് ഈ സംഭവങ്ങളൊക്കെ സംഭാവന ചെയ്യുന്നത്. ഇത്തരം സംഭവങ്ങള്‍ക്ക് എങ്ങനെ തടയിടാം എന്നതിനെ കുറിച്ച് യുകെ സര്‍ക്കാരും പോലീസും വാഹനം വാടകയ്ക്ക് നല്‍കുന്ന വ്യാപാരികളും ഇതിനകം തന്നെ കൂടിയാലോചനകള്‍ ആരംഭിച്ച് കഴിഞ്ഞു. വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ക്കശമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് ആലോചനയിലുള്ളത്. ഉപഭോക്താക്കള്‍ ഭീകരവാദി പട്ടികയില്‍ പെട്ടവരാണോ എന്ന് പോലീസ് ഉടനടി പരിശോധിച്ച് ബോധ്യപ്പെടുക എന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. 2001 സെപ്തംബര്‍ 11ന് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം യുഎസില്‍ നടക്കുന്ന ഏഴാമത്തെ പ്രധാന ഭീകരമാക്രമണമാണിത്. 2002 ജൂലൈ നാലിന് ലോസ് ഏഞ്ചലസ് വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറില്‍ വച്ച് ഹെഷാം മുഹമ്മദ് ഹാദായെത്ത് എന്ന് ഈജിപ്തുകാരന്‍ രണ്ടു പേരെ കൊല്ലുകയും നാലുപേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഹാദായെത്തും മരിച്ച സംഭവം ഭീകരാക്രമണമായിരുന്നുവെന്ന് എഫ്ബിഐ പിന്നീട് സ്ഥിതീകരിച്ചു.

2009 ജൂണ്‍ ഒന്നിന് അബ്ദുല്‍ഹക്കീം മുജാഹിദ് മുഹമ്മദ് എന്ന് ഇസ്ലാമിലേക്ക് മതം മാറിയ അമേരിക്കക്കാരന്‍ ഒരു പട്ടാളക്കാരനെ വെടിവെച്ചു കൊല്ലുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. 2009 നവംബര്‍ അഞ്ചിന് പട്ടാള മേജറായ നിദാല്‍ ഹസന്‍ 13 സഹപട്ടാളക്കാരെ വെടിവെച്ചുകൊല്ലുകയും 32 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. മരണശിക്ഷ വിധിക്കപ്പെട്ട ഹസന്‍ ഇപ്പോള്‍ കന്‍കാസില്‍ തടവിലാണ്. 2013 ഏപ്രില്‍ 15ന് സഹോദരന്മാരായ ഡ്‌ഷോക്കറും താമെര്‍ലാന്‍ സ്ലാറനേവും ചേര്‍ന്ന് ബോസ്റ്റണ്‍ മാരത്തോണിനിടയില്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 264 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ സഹോദരന്മാരും പോലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഉദ്യോഗസ്ഥന്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏറ്റുമുട്ടലില്‍ താമെര്‍ലാന്‍ കൊല്ലപ്പെട്ടു. ഡ്‌ഷോക്കര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ വധശിക്ഷ കാത്തുകഴിയുകയാണ്. നാല് നാവികസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2015 ജൂലൈ 16ന്റെ ആക്രമണമാണ് മറ്റൊന്ന്. 2015 ഡിസംബര്‍ 15ന് സൈദ് റിസ്വാന്‍ ഫറൂക്ക്, താഷീന്‍ മാലിക് ദമ്പതികള്‍ ഒരു ക്രിസ്തുമസ് പാര്‍ട്ടിക്ക് നേരെ വെടിവെച്ചപ്പോള്‍ 14 പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരുവരും പിന്നീട് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയില്‍ ഒമര്‍ മാറ്റീന്‍ എന്ന അമേരിക്കന്‍ പൗരന്‍ 49 പേരെ കൊല്ലുകയും 58 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തതാണ് തൊട്ടുമുമ്പ് നടന്ന സംഭവം. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മാറ്റീനും കൊല്ലപ്പെട്ടു.


Next Story

Related Stories