Top

ആസിയാ ബീബിയും കുടുംബവും കാനഡയിലെത്തി; ഇപ്പോൾ കഴിയുന്നത് ഒളിപ്പേരുകളിൽ

ആസിയാ ബീബിയും കുടുംബവും കാനഡയിലെത്തി; ഇപ്പോൾ കഴിയുന്നത് ഒളിപ്പേരുകളിൽ
പ്രവാചകനിന്ദാകുറ്റത്തിന് എട്ടു വർഷത്തോളം പാകിസ്താനിലെ ജയിലിൽ കിടക്കുകയും പിന്നീട് കനത്ത പ്രതിഷേധങ്ങൾക്കിടയിൽ മോചനം ലഭിക്കുകയും ചെയ്ത ക്രിസ്തുമതവിശ്വാസി ആസിയ ബീബി കാനഡയിലെത്തി. പാകിസ്താനിലെ ജീവിതം സുരക്ഷിതമല്ലെന്ന് കണ്ട് വിവിധ രാജ്യങ്ങൾ ആസിയയ്ക്ക് സുരക്ഷയൊരുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. കാനഡയുടെ വാഗ്ദാനമാണ് ആസിയ സ്വീകരിച്ചത്. ആസിയ തന്റെ കുടുംബവുമായി കാനഡയിൽ ഒത്തുചേർന്നതായി അവരുടെ വക്കീലായ സൈഫുൾ മാലൂക്ക് പറഞ്ഞു.

ആസിയ ബീബിയും കുടുംബവും ഇപ്പോൾ കഴിയുന്നത് മറ്റു ചില പേരുകളിലാണ്. സുരക്ഷാ കാരണങ്ങളാലാണ് പേരുകൾ മാറ്റിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് പാകിസ്താനി ക്രിസ്റ്റ്യൻ അസോസിയേഷൻ വ്യക്തമാക്കി. നിലവിൽ ആസിയയ്ക്കും കുടുംബത്തിനും കനത്ത സുരക്ഷ ഏർപ്പാടാക്കിയിട്ടുണ്ട്. കുറച്ചുനാളുകൾ കൂടി കഴിയുമ്പോൾ, പ്രശ്നങ്ങൾ ഒട്ടൊന്നൊടുങ്ങിയാൽ ഇവർക്ക് സുരക്ഷാവലയങ്ങളില്ലാതെ കഴിയാനാകുമെന്ന പ്രതീക്ഷ സംഘടന പങ്കുവെച്ചു.

ആസിയയുടെയും കുടുംബത്തിന്റെയും വരവിനെക്കുറിച്ച് പ്രതികരിക്കാൻ കനേഡിയൻ സർക്കാർ തയ്യാറായില്ലെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ആര്‍ എസ് എസില്‍ റെഡി ടു വെയിറ്റും ‘കെ പി യോഹന്നാന്‍ വിഭാഗ’വും തമ്മില്‍ യുദ്ധം; ശബരിമല യുവതിപ്രവേശനത്തില്‍ പരസ്യ പോര് വിലക്കി നേതൃത്വം

എട്ട് വർഷത്തോളം പ്രവാചകനിന്ദാക്കുറ്റം ആരോപിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ 47കാരിയായ ആസിയ ബീബിയെ സുപ്രീംകോടതിയാണ് വെറുതെ വിട്ടത്. രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ തന്റെ ഗ്രാമത്തിൽ കാർഷികവൃത്തി ചെയ്ത് ജീവിച്ചു വരികയായിരുന്നു. കൂടെ തൊഴിലെടുക്കുന്നവരുമായുണ്ടായ ഒരു തർക്കത്തെത്തുടർന്നാണ് ആസിയയ്ക്കെതിരെ പ്രവാചകനിന്ദാക്കുറ്റം ആരോപിക്കപ്പെട്ടത്. ക്രിസ്ത്യനായ ആസിയയോട് മതം മാറണമെന്ന് സഹപ്രവർത്തകർ ആവശ്യപ്പെട്ടു. ആസിയ ആ ആവശ്യം നിരസിച്ചു. ഇത് പിന്നീട് പ്രവാചകനിന്ദാ ആരോപണത്തിലേക്ക് വഴിമാറുകയായിരുന്നു. കീഴ്ക്കോടതികൾ ആസിയയ്ക്ക് വധശിക്ഷ വിധിച്ചുവെങ്കിലും സുപ്രീംകോടതി ഇത് റദ്ദാക്കി. വേണ്ടത്ര തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാക്ഷികൾ മൂന്നൂപേരും മൂന്നുതരത്തിലാണ് മൊഴി നൽകിയതെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. ജഡ്ജിമാർക്ക് വധഭീഷണി നിലവിലുണ്ടായിരുന്നു. ആസിയയ്ക്കെതിരെ തെളിവുകളില്ലായെന്നും സാക്ഷികൾ മൂന്നുപേരും മൂന്നുതരത്തിലുള്ള മൊഴികളാണ് നൽകിയതെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.

തെഹ്‌രീക് ഇ ലബ്ബൈക്ക് പാകിസ്താൻ എന്ന സംഘടനയാണ് ആസിയ ബീബിയെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്ന നിലപാടുമായി പ്രക്ഷോഭം നടത്തിയിരുന്നത്. ഈ വിഭാഗത്തോടാണ് പാക് സർക്കാരിന് ഇടയ്ക്ക് ഉടമ്പടിയിലെത്തേണ്ടി വന്നിരുന്നു. ആസിയ ബീബിയെ പുറത്തേക്ക് പോകാൻ അനുവദിക്കരുത് എന്നായിരുന്നു പ്രക്ഷോഭകരുടെ ആദ്യ ആവശ്യം. ഇത് അന്ന് അംഗീകരിക്കപ്പെട്ടു. കോടതിവിധിയിൽ പുനപ്പരിശോധനാ ഹരജി സമർപ്പിക്കുമ്പോൾ അതിനെ സർക്കാർ എതിർത്ത് കക്ഷി ചേരരുതെന്ന പ്രക്ഷോഭകരുടെ ആവശ്യവും അംഗീകരിക്കപ്പെട്ടു. ഇതിനെതിരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധമുയർന്നിരുന്നു.

പാക് സർക്കാർ ഇവരെ രഹസ്യമായാണ് പാർപ്പിച്ചിരുന്നത്. മുറിയിൽ നിന്നും പുറത്തിറങ്ങാതെയാണ് ഇവർ ഇത്രയും കാലം കഴിഞ്ഞത്.

Next Story

Related Stories