വിദേശം

ആസിയ ബീബിയും ഭർത്താവും അടച്ചിട്ട മുറിയിൽ കഴിയുന്നു; രാജ്യം വിടാൻ പാകിസ്താൻ അനുവദിക്കുന്നില്ലെന്ന് റിപ്പോർട്ട്

പ്രവാചകനിന്ദാക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് എട്ടു വർഷത്തോളം ജയിലിൽ കിടന്നതിനു ശേഷം പാക് സുപ്രീംകോടതിയുടെ ഇടപെടലിലൂടെ മോചിതയായ ആസിയ ബീബിക്ക് രാജ്യം വിടാനുള്ള സാഹചര്യമൊരുങ്ങിയില്ലെന്ന് റിപ്പോർട്ടുകൾ. നിലവിൽ സർക്കാർ ഒരു രഹസ്യകേന്ദ്രത്തിൽ ഒളിപ്പിച്ചിരിക്കുകയാണിവരെ. ഇവിടെ നിന്നും രാജ്യം വിടാനുള്ള അനുമതി അധികാരികൾ നൽകുന്നില്ലെന്ന് ആസിയയുടെ സുഹൃത്തും സാമൂഹ്യപ്രവർത്തകനുമായ അമൻ ഉല്ല പറയുന്നു. കറാച്ചിയിലെ വടക്കൻ പ്രദേശങ്ങളിലെവിടെയോ ആണ് ആസിയയും കുടുംബവും ഇപ്പോഴുള്ളത്.

ഒരു വീട്ടിൽ ആസിയയെയും ഭർത്താവിനെയും അടച്ചിട്ടിരിക്കുകയാണ് പാകിസ്താൻ അധികാരികളെന്ന് അമൻ ഉല്ല പറയുന്നു. തീവ്രവാദികളുടെ ഭീഷണിയുള്ളതിനാൽ ഇവര്‍ എവിടെയാണുള്ളതെന്ന് പുറത്തുവിട്ടിട്ടില്ല. ഭക്ഷണം നൽകാൻ വേണ്ടി മാത്രമാണ് ഇവര്‍ താമസിക്കുന്ന മുറിയുടെ വാതിൽ തുറക്കാറുള്ളതെന്ന് അമൻ വെളിപ്പെടുത്തി.

കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ആസിയ ബീബിയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ആസിയയ്ക്ക് വിദേശത്തേക്ക് പോകാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പാകിസ്താൻ പറഞ്ഞുവെങ്കിലും ഇപ്പോഴും ഇതിനുള്ള വഴിയൊരുങ്ങിയിട്ടില്ല. പാകിസ്താന് അന്തർദ്ദേശീയ തലത്തിൽ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ആസിയ ബീബിയുടേത്. കൃഷിപ്പമിയിലേർപ്പെട്ടിരിക്കെ തന്റെ സഹപ്രവർത്തകരുമായി വഴക്കു കൂടേണ്ടി വന്നതാണ് ആസിയയുടെ ജീവിതത്തെ മാറ്റിമറിച്ചത്. ആസിയ പ്രവാചകനിന്ദ നടത്തിയെന്ന് സഹപ്രവർത്തകരാണ് ആരോപിച്ചത്. മതംമാറാൻ ആവശ്യപ്പെട്ടപ്പോൾ ആസിയ അതിന് തയ്യാറായിരുന്നില്ല. തുടർന്ന് കോടതികളിൽ ആസിയയുടെ കുറ്റം സ്ഥാപിക്കപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു. എന്നാൽ സുപ്രീംകോടതിയിൽ എതിർവാദങ്ങളെല്ലാം പൊളിഞ്ഞു. ആസിയയ്ക്ക് വിടുതൽ കിട്ടി.

ആസിയ ബീബി അങ്ങേയറ്റത്തെ നിരാശയിലും ഭീതിയിലുമാണെന്ന് അമൻ ഉല്ല പറയുന്നു. എന്ന് മുറിക്കു പുറത്തിറങ്ങാൻ കഴിയുമെന്ന് അവർക്ക് യാതൊരു പിടിയുമില്ല. ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ആസിയയ്ക്ക് ഒരുക്കിയിട്ടുണ്ടെന്നാണ് പാക് ഇൻഫർമേഷൻ മന്ത്രി ഫവദ് ചൗധരി പറയുന്നത്.

പാകിസ്താനിൽ പ്രവാചക നിന്ദ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പലപ്പോഴും ആൾക്കൂട്ടം നിയമം കയ്യിലെടുക്കുകയും വധശിക്ഷ അവർ തന്നെ നടപ്പാക്കുകയും ചെയ്യുന്ന സന്ദർഭങ്ങൾ ധാരാളമാണ്. വ്യക്തിവൈരാഗ്യം തീർക്കാനും ഈ നിയമം ഉപയോഗിക്കപ്പെടാറുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍