UPDATES

വിദേശം

ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു; ഒക്ടോബര്‍ 31ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന് ആദ്യ പ്രഖ്യാപനം

ഇതിനകം തന്നെ കരാറുകളില്ലാതെ ബ്രക്സിറ്റ് നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ഭീതി വളർന്നിട്ടുണ്ട്.

കൺസർവേറ്റീവ് പാര്‍ട്ടി നേതാവും തീവ്രവലത് ആശയക്കാരനുമായ ബോറിസ് ജോൺസൻ യുകെ (യുണൈറ്റഡ് കിംഗ്ഡം) പ്രധാനമന്ത്രിയായി അധികാരമേറ്റു. ഒക്ടോബര്‍ 31ന് ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി യുകെ, യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് നടത്തിയ ആദ്യ പ്രസംഗത്തിലാണ് ബോറിസ് ജോണ്‍സണ്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം പ്രതിഷേധക്കാര്‍ എലിസബത്ത് രാജ്ഞിയെ കാണാന്‍ പോകുന്ന വഴി പുതിയ പ്രധാനമന്ത്രിയുടെ കാര്‍ തടയാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതായി ബിബിസി റിപ്പോട്ട് ചെയ്യുന്നു.

ബ്രെക്സിറ്റ് നടപ്പാക്കലുമായി ബന്ധപ്പെട്ട് പാർട്ടിക്കകത്തും പുറത്തും സമവായം സൃഷ്ടിക്കാൻ സാധിക്കാതെ പുറത്തുപോന്ന തെരേസ മേയ്ക്ക് പിൻഗാമിയായാണ് ജോൺസൻ എത്തുന്നത്. ബ്രെക്‌സിറ്റ് കരാര്‍ ഒന്നിലധികം തവണ പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് തെരേസ മേ രാജി വച്ചത്.

കൺസർവേറ്റീവ് പർട്ടിയിൽ വിദേശകാര്യ സെക്രട്ടറി ജെരമി ഹണ്ടായിരുന്നു പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ബോറിസ് ജോൺസന്റെ പ്രധാന എതിരാളി. ബോറിസ് ജോൺസൻ വ്യക്തമായ ഭൂരിപക്ഷം നേടി മുന്നിട്ടു നിന്നു. ബോറിസ് ജോൺസന് 66% വോട്ടാണ് ലഭിച്ചത്.

കരാറുകളിലൊന്നും ഏർപ്പെടാതെ തന്നെ യൂറോപ്യൻ യൂണിയനിൽ നിന്നും യുകെ പിന്മാറണമെന്ന നിലപാടുകാരനാണ് ബോറിസ് ജോൺസൻ. തെരേസ മേയുമായി ഇക്കാര്യത്തിൽ കടുത്ത വിയോജിപ്പ് പുലർത്തിയിരുന്ന ബോറിസ് ജോൺസൻ മന്ത്രിസഭയിൽ നിന്നും പുറത്തുവരികയും മേയുടെ നയങ്ങൾക്കെതിരെ ശക്തമായ പ്രചാരണങ്ങളിൽ ഏർപ്പെടുകയും ചെയ്തുവരികയായിരുന്നു.

ഇതിനകം തന്നെ കരാറുകളില്ലാതെ ബ്രക്സിറ്റ് നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ഭീതി വളർന്നിട്ടുണ്ട്. ഇക്കാര്യമുന്നയിച്ച് വിദ്യാഭ്യാസ മന്ത്രി അന്നെ മിൽറ്റൻ രാജി വെച്ചു. കരാറുകളിലേർപ്പെടാതെ ബ്രെക്സിറ്റ് നടപ്പാക്കുക എന്നതും മന്ത്രിസഭയ്ക്കുള്ളിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നുറപ്പാണ്. ധനമന്ത്രി ഫിലിപ്പ് ഹാമണ്ട് ഇക്കാര്യം നേരത്തെ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. കരാറുകളിലേർപ്പെടാതെയാണ് യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു വരുന്നതെങ്കില്‍ സർക്കാരിനെതിരെ നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

1.6 ലക്ഷം വരുന്ന പാർട്ടി പ്രവർത്തകരുടെ പോസ്റ്റൽ വോട്ടുകളാണ് കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവിനെ തീരുമാനിച്ചത്. ബ്രെക്സിറ്റ് ഏതുവിധേനയും നടപ്പാക്കുക എന്നതിനാണ് മുൻതൂക്കം കൊടുക്കുന്നതെന്ന് ബോറിസ് ജോൺസൻ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരിച്ച ഉത്തരവാദിത്വമാണ് ഇദ്ദേഹത്തെ കാത്തിരിക്കുന്നത്. കരാറോടുകൂടിയോ അല്ലാതെയോ ബ്രെക്സിറ്റ് നടപ്പാക്കുമെന്നും ഇത് ഒക്ടോബർ 31നു മുമ്പ് നടക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. തെരേസ മേ നേരിട്ട സാഹചര്യങ്ങളെത്തന്നെയാണ് മറ്റൊരു വിധത്തിൽ ബോറിസ് ജോൺസന് നേരിടേണ്ടി വരിക.

ബോറിസ് ജോൺസന് പ്രധാനമന്ത്രിപദം കൈമാറുന്നതിൽ താൻ അങ്ങേയറ്റം സന്തുഷ്ടയാണെന്ന് തെരേസ മേ ഇന്ന് പാർലമെന്റിൽ പറഞ്ഞു. മേയുടെ അവസാനത്തെ ചോദ്യോത്തര സെഷനിലാണ് (Prime Minister’s Questions) തന്റെ മനോഗതം വെളിപ്പെടുത്തിയത്.

1964ൽ ന്യൂയോർക്ക്സിറ്റിയിലാണ് ബോറിസ് ജോൺസൻ‌ ജനിച്ചത്. തീവ്രവലത് നിലപാടുള്ള ഇദ്ദേഹം ഒരു മാധ്യമപ്രവർത്തകനായി കരിയർ തുടങ്ങി. ടൈംസിലാണ് പത്രപ്രവർത്തനം തുടങ്ങിയത്. ഈ കരിയറിലുടനീളം വലതുപക്ഷത്തിനു വേണ്ടിയാണ് എഴുതിയതും റിപ്പോർട്ടുകൾ ചെയ്തതും. ടൈംസിൽ നിന്നും ഇദ്ദേഹത്തെ ഒരിക്കൽ അധാർമികമായ മാധ്യമപ്രവർത്തനം നടത്തിയതിന് പുറത്താക്കുക പോലുമുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍