വിദേശം

ഐക്യരാഷ്ട്രസഭയുടെ അഭ്യർത്ഥന തള്ളി; പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ലുലയ്ക്ക് മത്സരിക്കാനാകില്ല

ബ്രസീലിയൻ ‘ട്രംപ്’ എന്നറിയപ്പെടുന്ന ജയിൽ ബോൽസോനാരോയ്ക്കാണ് ഈ വിധി ഏറെ ഗുണം ചെയ്യുക എന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

അഴിമതിക്കേസിൽ ജയിലിലടയ്ക്കപ്പെട്ട ബ്രസീലിന്റെ മുൻ പ്രസിഡണ്ട് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയ്ക്ക് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതിയില്ല. ഒക്ടോബർ മാസത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ലുലയ്ക്ക് മത്സരിക്കാൻ കഴിയില്ലെന്ന് ബ്രസീലിന്റെ സുപ്പീരിയർ ഇലക്ടറൽ കോടതി വിധിച്ചു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതിയുടെ ഇടപെടലിനെ അവഗണിച്ചാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്.

ജയിലിലായിരിക്കുമ്പോളും ലുലയ്ക്ക് തന്റെ രാഷ്ട്രീയാവകാശം നഷ്ടപ്പെടാതിരിക്കാൻ വേണ്ട നടപടികളെടുക്കണമെന്ന് ബ്രസീൽ‌‍ സർക്കാരിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിരുന്നു.

രണ്ടുതവണ ബ്രസീലിന്റെ പ്രസിഡണ്ടായിരുന്നിട്ടുള്ള ഇടതുപക്ഷ നേതാവായ ലുല അഴിമതിക്കേസിൽ 12 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയാണ്. അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണ് ലുല ശിക്ഷിക്കപ്പെട്ടത്.

ബ്രസീലിയൻ ‘ട്രംപ്’ എന്നറിയപ്പെടുന്ന ജയിൽ ബോൽസോനാരോയ്ക്കാണ് ഈ വിധി ഏറെ ഗുണം ചെയ്യുക എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. വലിയ ജനപ്രീതിയുള്ള ലുല മത്സരത്തിനില്ലാത്തത് തീവ്രവലതുപക്ഷത്തിന് ഗുണകരമാകും. ക്രിമിനലുകളെ കൊല്ലാൻ പൊലീസുകാർക്ക് അധികാരം നൽകണമെന്ന് ജയിർ രണ്ടുദിവസം മുമ്പാണ് പ്രസ്താവിച്ചത്.

ഐക്യരാഷ്ട്രസഭയുടെ ആവശ്യത്തെ മനസ്സിലാക്കുന്നുവെന്നും എന്നാൽ രാജ്യത്തെ നിയമങ്ങൾ പ്രകാരം അത് പരിഗണിക്കാനാകില്ലെന്നും ഏഴംഗ നീതിപീഠം വിധി പറഞ്ഞു. ഗൗരവമേറിയ ക്രിമിനൽ കേസുകളിൽ പെട്ടവരെ തെരഞ്ഞെടുപ്പിൽ നിന്നും വിലക്കുന്നുണ്ട് ബ്രസീലിയൻ നിയമങ്ങൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍