UPDATES

വിദേശം

ആമസോൺ കാടുകളിലെ തീ പടരുന്നു; യുഎസ് സൂപ്പർ ടാങ്കറുകൾ രംഗത്ത്; ബോൾസോനാരോയ്‌ക്കെതിരെ നഗരങ്ങളിൽ പ്രതിഷേധം

പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ ബ്രസീലുകാർ പങ്കെടുക്കുന്നത് വളരെ വിരളമാണ്. ഇത്തവണ പക്ഷെ സ്ഥിതി വ്യത്യസ്തമാണ്.

ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളിലെ വലിയ തീപ്പിടിത്തം തുടരുകയാണ്. പുതിയ ഇടങ്ങളിലേക്ക് തീ പടര്‍ന്നു പിടിക്കുകയാണെന്ന് ബ്രസീല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് (ഇന്‍പെ) പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. മേഖലയിലെ ഒമ്പത് സംസ്ഥാനങ്ങളിൽ ആറെണ്ണവും ഈ റെക്കോർഡ് തീപ്പിടിത്തത്തെ നേരിടാൻ സൈനിക സഹായം അഭ്യർത്ഥിച്ചു കഴിഞ്ഞു.

പാരാ, റോണ്ടോണിയ, റോറൈമ, ടോകാന്റിൻസ്, ഏക്കർ, മാറ്റോ ഗ്രോസോ എന്നീ സംസ്ഥാനങ്ങളാണ് സൈന്യത്തിന്റെ സേവനം തേടിയിരിക്കുന്നത്. എത്രയും പെട്ടന്ന് പ്രശ്നപരിഹാരം കാണാന്‍ സൈന്യത്തോട് പ്രസിഡന്റ് ജെയർ ബോൾസോനാരോ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രി റിക്കാർഡോ സല്ലെസ് പറഞ്ഞു.

അഗ്നിയുടെ താണ്ഡവം

ഈ വർഷം മാത്രം ഇതുവരെ ചെറുതും വലുതുമായ 78383 തീപ്പിടിത്തങ്ങളാണ് ആമസോണിൽ ഉണ്ടായത്. അതില്‍തന്നെ പതിനായിരത്തോളം തീപ്പിടിത്തങ്ങൾ കഴിഞ്ഞ ആഴ്ചകളില്‍ തുടങ്ങിയതാണ്‌. പാരാഗ്വെ അതിർത്തിയിൽ മാത്രം ഇതുവരെ 360 കിലോ മീറ്റർ വനം കത്തി നശിച്ചെന്നാണ് അനൗദ്യോഗിക കണക്കുകള്‍. തീപ്പിടിത്തം ബഹിരാകാശത്തുനിന്നു പോലും കാണാന്‍ സാധിക്കുമെന്നു നാസ പറയുന്നു. ഈ തീപ്പിടിത്തങ്ങളില്‍ 99 ശതമാനവും മനുഷ്യനിർമിതമാണെന്നാണ് ഇന്‍പെ വ്യക്തമാക്കുന്നത്.

പട്ടാളം ദുരന്തമുഖത്തേക്ക്

44,000 സൈനികര്‍ സഹായം അഭ്യര്‍ത്ഥിച്ച സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. റോണ്ടോണിയയുടെ തലസ്ഥാനമായ പോർട്ടോ വെൽഹോയ്ക്ക് ചുറ്റുമുള്ള പ്രദേശത്തേക്ക് 700 സൈനികരെ വിന്യസിക്കുകയാണ് ആദ്യമായി ചെയ്തത്. 12,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള രണ്ട് സി-130 ഹെർക്കുലീസ് വിമാനങ്ങളാണ് സൈന്യം ഉപയോഗിക്കുന്നത്.
കൂടാതെ, 76,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകള്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ ജലവര്‍ഷം നടത്തുന്ന, അല്‍പം ആശ്വാസകരമായ, ദ്യശ്യങ്ങള്‍ പുറത്ത് വന്നുതുടങ്ങി. ലോകത്തിലെതന്നെ ഏറ്റവും വലിയ എയര്‍ ടാങ്കറുകളാണിവ. വെള്ളിയാഴ്ചയാണ് യുഎസിന്റെ ഈ സൂപ്പർ ടാങ്കറുകൾ ബൊളീവിയ – ബ്രസീല്‍ അതിര്‍ത്തിയില്‍ എത്തിയത്.

ബോൾസോനാരോയുടെ ധാര്‍ഷ്ട്യം

കഴിഞ്ഞ വർഷം തെരഞ്ഞെടുക്കപ്പെട്ട തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയർ ബോൾസോനാരോ പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ പിന്തിരിപ്പന്‍ നിലപാടുകളുള്ള വ്യക്തിയാണ്. അദ്ദേഹം അധികാരത്തിലെത്തിയതിനു ശേഷം മാത്രം ആമസോണ്‍ ഉഷ്ണമേഖലാ മഴക്കാടുകളിലെ വനനശീകരണം മൊത്തം 920 ചതുരശ്ര കിലോമീറ്റർ (355 ചതുരശ്ര മൈൽ) വര്‍ധിച്ചതായി ബ്രസീലിന്റെ ബഹിരാകാശ ഏജൻസി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് പ്രാഥമികമായ കണക്കു മാത്രമാണെന്നും, കൂടുതല്‍ വിശദമായ ഇമേജിംഗിനെ അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ കഴിഞ്ഞ വർഷത്തെ കണക്കിനെ അത് കടത്തിവെട്ടി 15% വർധനവ് രേഖപ്പെടുത്തുമെന്നും അവര്‍ പറയുന്നു.

വനനശീകരണത്തിനെതിരെ ലോകവ്യാപകമായി, പ്രത്യേകിച്ചും യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ഭാഗത്തുനിന്നും, പ്രതിഷേധമുയര്‍ന്നപ്പോള്‍ ‘ആമസോൺ ഞങ്ങളുടെതാണ്, നിങ്ങള്‍ തല്‍ക്കാലം നിങ്ങളുടെ കാര്യങ്ങള്‍ നോക്കിയാല്‍ മതി’യെന്നുമായിരുന്നു ബോൾസോനാരോയുടെ പ്രതികരണം. ആഴ്ചകൾക്കുമുമ്പ് വനനശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടതിന് ഏജന്‍സിയുടെ തലവനെ അദ്ദേഹം പുറത്താക്കിയിരുന്നു.

തീപ്പിടിത്തം അന്താരാഷ്ട്ര പ്രതിസന്ധിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറയുകയുണ്ടായി. ഈ വിഷയം ജി-7 ഉച്ചകോടിയിലെ അജണ്ടയിൽ ഒന്നാമതായി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ബ്രസീലിന് പങ്കാളിത്തമില്ലാത്ത ജി-7 ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച് ചർച്ച നടത്താനുള്ള ആഹ്വാനം ഒരുതരം ‘അധിനിവേശ മനോഭാവ’മാണെന്നായിരുന്നു ബോൾസോനാരോ പറഞ്ഞത്.

പ്രതിഷേധം തെരുവുകളിലേക്ക്

പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ ബ്രസീലുകാർ പങ്കെടുക്കുന്നത് വളരെ വിരളമാണ്. ഇത്തവണ പക്ഷെ സ്ഥിതി വ്യത്യസ്തമാണ്. സാവോ പോളോയിലെ പ്രധാന പോളിസ്റ്റ അവന്യൂ പ്രധിഷേധക്കാരെക്കൊണ്ട് നിറഞ്ഞു. ബോൾസോനാരോയ്‌ക്കെതിരെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ശക്തമായ കാർഷിക ബിസിനസ്സ് മേഖലയ്‌ക്കെതിരെയുമായിരുന്നു പ്രാധാനമായും അവര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത്. റിയോ ഡി ജനീറോയിലും ആയിരക്കണക്കിന് ആളുകൾ ബോൾസോനാരോയുടെ വികലമായ പാരിസ്ഥിതിക നയങ്ങള്‍ക്കെതിരെ അണിനിരന്നു. ആമസോണ്‍ മേഖലയില്‍ ഖനനത്തിനും വാണിജ്യപരമായ രീതിയില്‍ കൃഷി ചെയ്യുന്നതിനും അദ്ദേഹം അനുമതി നൽകിയതാണ് കാട്ടുതീ പടരാന്‍ കാരണമെന്ന് അവര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍