TopTop
Begin typing your search above and press return to search.

ഹോങ്കോങ് പ്രക്ഷോഭം: യുവാക്കൾ അവധിയെടുത്ത് സമരത്തിൽ പങ്കെടുക്കാതിരിക്കാൻ ചൈന ബഹുരാഷ്ട്ര കമ്പനികളെ സമ്മർദ്ദത്തിലാക്കുന്നു

ഹോങ്കോങ് പ്രക്ഷോഭം: യുവാക്കൾ അവധിയെടുത്ത് സമരത്തിൽ പങ്കെടുക്കാതിരിക്കാൻ ചൈന ബഹുരാഷ്ട്ര കമ്പനികളെ സമ്മർദ്ദത്തിലാക്കുന്നു

ഹോങ്കോങ്ങില്‍ നിന്നുള്ള ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര ബ്രാൻഡുകളിലൊന്നായ കാതായ് പസഫിക് എയർവെയ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനമൊഴിഞ്ഞു. ഹോങ്കോങ്ങില്‍ നടന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ അനുകൂലികളുടെ പ്രക്ഷോഭത്തില്‍ കമ്പനിയിലെ ജീവനക്കാര്‍ പങ്കെടുത്തതിനെ ചൈനീസ് സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതാണ്‌ മേധാവിയുടെ രാജിയിലേക്ക് നയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘തീവ്രവാദത്തോട് അടുത്തു’ നില്‍ക്കുന്ന പ്രവര്‍ത്തിയെന്ന് ചൈന തന്നെ വിശേഷിപ്പിക്കുന്ന ഹോങ്കോങ്ങിലെ സമരങ്ങള്‍ക്ക് അന്ത്യം കുറിക്കുകയെന്നത് ചൈനയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. അതിനായി ഏറ്റവും ഉയർന്ന ബിസിനസുകളിൽ പോലും സമ്മർദ്ദം ചെലുത്താനും ചൈനക്ക് കഴിയുമെന്നതിന്റെ സൂചനയാണ് രാജി. പ്രകടനങ്ങൾ അക്രമാസക്തമായിക്കൊണ്ടിരിക്കെ, ഈ ആഴ്ച ഹോങ്കോങ്ങിന്റെ അതിർത്തിക്കപ്പുറത്തുള്ള ഷെൻ‌സെനിൽ ചൈനീസ് അർദ്ധസൈനിക വിഭാഗങ്ങൾ ക്യാമ്പു ചെയ്തിരുന്നു.

തങ്ങള്‍ക്ക് ചൈനയോടും, ചൈനയെ പിന്തുണയ്ക്കുന്ന പ്രാദേശിക നേതാക്കളോടുമാണ് കൂറ് എന്നു കാണിക്കാനുള്ള ശ്രമത്തിലാണ് ഹോങ്കോങ്ങിലെ പല കമ്പനികളും. ബീജിംഗ് കൂടുതലായി ആവശ്യപ്പെടാന്‍ പോകുന്നതും അതുതന്നെയാണ്. ‘സമീപകാല സംഭവങ്ങൾ കണക്കിലെടുത്ത് കമ്പനിയുടെ മേധാവിയെന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത്’ ചീഫ് എക്സിക്യൂട്ടീവ് റൂപർട്ട് ഹോഗ് തിങ്കളാഴ്ച മുതൽ രാജിവയ്ക്കുകയാണെന്ന് ഹോങ്കോങ്ങിലെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമര്‍പ്പിച്ച രേഖയില്‍ കതായ് വ്യക്തമാക്കി.

‘കതായ് എന്ന ബ്രാന്‍ഡും അതിന്റെ പ്രശസ്തിയും കടുത്ത സമ്മര്‍ദ്ദത്തിലാണ്, പ്രത്യേകിച്ചും ചൈനയിലെ പ്രധാന മാര്‍ക്കറ്റുകളില്‍നിന്നും’ എന്നാണ് ഹോഗ് ജീവനക്കാർക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നത്. പ്രകടനങ്ങളിൽ പങ്കെടുത്ത കതായിലെ തൊഴിലാളികളെ ചൈനയിലേക്ക് പോകുന്നതില്‍നിന്നും വിലക്കണമെന്ന് ചൈനീസ് സർക്കാർ ആവശ്യപ്പെട്ട് ഒരാഴ്ച കഴിഞ്ഞാണ് ഹോഗിനെ പുറത്താക്കിയത്. അതിനു മുന്‍പ്‌ വിമാനക്കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരും ചൈനീസ് സര്‍ക്കാര്‍ പ്രധിനിധികളും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ബ്രിട്ടന്റെ ഈ മുന്‍കോളണിയുടെ മേല്‍ 22 വര്‍ഷമായി പരമാധികാരം വഹിക്കുന്ന ചൈനയ്ക്ക് ശക്തമായ വെല്ലുവിളിയാവുകയാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭം. അത് 10 ആഴ്ചയോളമായി നഗരത്തെ പിടിച്ചുകുലുക്കാന്‍ തുടങ്ങിയിട്ട്. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളംപോലും സ്തംഭിപ്പിക്കുന്ന നിലയിലെക്ക് അതു വളര്‍ന്നു. വിവാദമായ കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പാണ് പ്രതിഷേധം തുടങ്ങിയത്. നിയമം പിന്‍വലിച്ചെങ്കിലും ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്ഥാനമായി പരിണമിച്ചിരിക്കുകയാണ്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോൾ ഭരണം നിലനിര്‍ത്തുന്നത്.

Next Story

Related Stories