TopTop
Begin typing your search above and press return to search.

'ചെ' എന്ന വിപ്ലവ പ്രതീകം ഒരു ശൂന്യസൂചക വിഗ്രഹമായി മാറുമ്പോള്‍

ചെ എന്ന വിപ്ലവ പ്രതീകം ഒരു ശൂന്യസൂചക വിഗ്രഹമായി മാറുമ്പോള്‍

ബൊളീവിയയില്‍ വച്ച് കൊല്ലപ്പെട്ട് അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഏണസ്റ്റോ ചെഗുവേരയുടെ പാരമ്പര്യം ഇപ്പോഴും നിലനില്‍ക്കുന്നു. വിവിധ ആളുകള്‍ വ്യത്യസ്ത കാരണങ്ങളുടെ പേരിലാണ് ആ പാരമ്പര്യം നിലനിര്‍ത്തുന്നത്. എന്നാല്‍ അദ്ദേഹം മോട്ടോര്‍സൈക്കിള്‍ ഡയറീസ് എഴുതിയതിന് ശേഷവും, റോയല്‍റ്റി നല്‍കേണ്ടാത്ത വിലകുറഞ്ഞ ഒരു കമ്പോള വില്‍പ്പനച്ചരക്കായി മാറുന്നതിനും ഇടയിലുള്ള കാലഘട്ടത്തില്‍ ചെ (കൂട്ടുകാരന്‍) ഒരു കമ്മ്യൂണിസ്റ്റും വിപ്ലവകാരിയുമായിരുന്നു. വികെഎന്‍ പറഞ്ഞ മാതിരി ഡല്‍ഹിയിലെ ഒരു റോഡ് ആകുന്നതിന് മുമ്പ് അക്ബര്‍ ഒരു ചക്രവര്‍ത്തിയായിരുന്നു. എല്ലാ വിഗ്രഹങ്ങളുടെയും അനിവാര്യമായ പരിണാമമാണത്. റോഡുകളുടെ പേരായോ അല്ലെങ്കില്‍ ടീ ഷര്‍ട്ടുകളിലോ, മൊബൈലിലെ വാള്‍പ്പേറിലോ അച്ചടിക്കപ്പെട്ട രൂപങ്ങളായോ അവര്‍ മാറുന്നു.

പക്ഷെ, ചെ വ്യത്യസ്തനായിരുന്നു. ജോസഫ് സ്റ്റാലിന്‍ മുതല്‍ ആ പ്രത്യയശാസ്ത്രത്തിന്റെ അതികായന്മാരെല്ലാം രാഷ്ട്രീയമായും ധാര്‍മ്മികമായും നിപതിച്ചപ്പോള്‍ ചെയുടെ ജനകീയത വര്‍ദ്ധിച്ചു. ചെയുടെ കൊലപാതകത്തിന് ശേഷം, ഇടതു പ്രസ്ഥാനങ്ങളുടെയും പ്രതിഷേധങ്ങളുടെയും, പ്രത്യേകിച്ചും പാശ്ചാത്യരാജ്യങ്ങളില്‍, മുന്‍നിരയിലേക്ക് വിദ്യാര്‍ത്ഥികളും യുവജനങ്ങളും കടന്നുവന്നു. അദ്ദേഹം കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുന്നതിന് മുമ്പ്, 1968ല്‍ ഫ്രാന്‍സില്‍ മേയ് 68 പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയും അത് യൂറോപ്പിലെമ്പാടും പടര്‍ന്നു പിടിക്കുകയും ചെയ്തു.

ഇടതുപക്ഷത്തിന്റെ ഒരു രാഷ്ട്രീയ ബിംബം എന്ന നിലയില്‍, അദ്ദേഹത്തിന്റെ സമകാലിരെയും പൂര്‍വികരെയും അപേക്ഷിച്ച് ചെയ്ക്ക് ചില മുന്‍തൂക്കങ്ങള്‍ ഉണ്ടായിരുന്നു. ക്യൂബന്‍ വിപ്ലവത്തിന്റെ ശില്‍പികളില്‍ ഒരാളെന്ന നിലയില്‍ രാഷ്ട്ര നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കുന്നതിന് പകരം, വിപ്ലവ പ്രസ്ഥാനത്തെ ഉത്തേജിപ്പിക്കുന്നതിനായി ലാറ്റിന്‍ അമേരിക്കയിലും ആഫ്രിക്കയിലും യാത്ര ചെയ്യാനാണ് അദ്ദേഹം തീരുമാനിച്ചത്. മോട്ടോര്‍സൈക്കിള്‍ ഡയറീസില്‍ പ്രത്യക്ഷപ്പെട്ട ആ ധാര്‍മ്മിക നാടോടിത്തത്തിന്റെ തിളക്കം അദ്ദേഹത്തിന് നഷ്ടപ്പെട്ടില്ല. ഗുലാക്കുകളും നിര്‍ബന്ധിത സമത്വവാദ സൃഷ്ടികളുടെ ആള്‍ക്കാരും നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന്റെ പേരില്‍ ആരോപിക്കപ്പെട്ടില്ല. വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ചെയുടെ ആദര്‍ശനിഷ്ഠ പ്രതിധ്വനിക്കുന്ന ഒന്നായിരുന്നു. പക്ഷെ സംഘടിതവും അല്ലാത്തതുമായ ഇടതുപക്ഷം നാശോന്മുഖമായതോടെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ ബിംബം ഒരു ശൂന്യ സൂചകം മാത്രമായി തീര്‍ന്നു.

ബര്‍ലിന്‍ മതില്‍ തകര്‍ന്നു വീണതോടെ, ഒരു വില്‍പനച്ചരക്കെന്ന നിലയില്‍ ചെയുടെ മുഖം സര്‍വവ്യാപിയായി. അദ്ദേഹത്തിന്റെ ജീവിതത്തെ അധികരിച്ച് ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. എന്നാല്‍ ഇവയില്‍ ഏറ്റവും ചിന്തനീയമായത് വാള്‍ട്ടര്‍ സാലസിന്റെ മോട്ടോര്‍സൈക്കിള്‍ ഡയറീസായിരുന്നു. ചരിത്രത്തെയും മുതലാളിത്തത്തെയും അധിവേശ ചൂഷണത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറം ഒരു ധാര്‍മ്മിക വക്താവായി ചെയെ നോക്കിക്കാണാനാണ് ചിത്രം ശ്രമിച്ചത്. ബൊളീവിയയില്‍ അദ്ദേഹത്തെ ഓര്‍മ്മിക്കുന്നതിനായി തടിച്ചുകൂടിയ ആയിരങ്ങള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ആഘോഷിക്കുമ്പോഴും, അദ്ദേഹം തകര്‍ത്തെറിയാന്‍ ആഗ്രഹിച്ച വ്യവസ്ഥിതിക്ക് അദ്ദേഹം നിലകൊണ്ട ആശയത്തെ നിര്‍വീര്യമാക്കാന്‍ എളുപ്പത്തില്‍ സാധിച്ചു. ഒരുപക്ഷെ ചരിത്രം ഒഴുകുന്നത് അങ്ങനെയുമാകാം.

Next Story

Related Stories