TopTop
Begin typing your search above and press return to search.

യുഗാന്ത്യത്തിൽ നിന്നും തിരുപ്പിറവിയായ് ആനന്ദ്; കാള്‍സനുമായി വീണ്ടും നേര്‍ക്കുനേര്‍

യുഗാന്ത്യത്തിൽ നിന്നും തിരുപ്പിറവിയായ് ആനന്ദ്; കാള്‍സനുമായി വീണ്ടും നേര്‍ക്കുനേര്‍

ജെ മഹേഷ്‌ കുമാർ

ഹ്യാത് റീഗൻസ്, ചെന്നൈ
നവംബർ, 2013

ചെന്നൈയിലെ ഹ്യാത്ത് റീഗൻസിലെ കണ്ണാടിക്കൂട്ടിൽ പ്രായം കൊണ്ടും ശരീര വലിപ്പം കൊണ്ടും തന്റെ പകുതിയിൽ താഴെ മാത്രമുള്ള ഒരു നോർവീജിയൻ ചെറുപ്പക്കാരൻ ഇളംചിരി കൊണ്ട് 64 കളങ്ങളിൽ ഒരുക്കിയ സമസ്യകളോടു പൊരുത്തപ്പെടാനാകാതെ വെറുമൊരു മത്സരാർത്ഥിയെപ്പോലെ ആനന്ദ് മുഖം കനപ്പിച്ചിരുന്നു.

തന്റെ കരിയറിലെ എക്കാലത്തെയും ശക്തനായ എതിരാളിയായിരുന്ന ഗ്യാരി കാസ്പറോവ് കളം വിട്ടൊഴിയവേ പറഞ്ഞ വാക്കുകളുടെ ഓർമയിൽ മത്സരത്തിലുടനീളം കുതിച്ചു പാഞ്ഞ നെഞ്ചിടിപ്പിനെ ആനന്ദ് ഓവർ കോട്ടു കൊണ്ട് അടക്കിപ്പിടിച്ചെങ്കിലും ഒരു തിടുക്കത്തോടെ ലോകം അത് വായിച്ചെടുത്തു.

"മി. ആനന്ദ്, കാലത്തിനോടാണ് താങ്കൾ ഇപ്പോൾ കരു നീക്കുന്നത്. നാൽപതുകളിൽ താങ്കൾ എന്ത് ചെയ്യാനാണ്?"

ചെന്നൈയിൽ, തന്റെ ജന്മനാടെന്ന സൗകര്യം ലോകകിരീട പോരാട്ടത്തിൽ ഗുണകരമാകുമെന്നു പ്രതീക്ഷിച്ചെത്തിയ ആനന്ദിന്, പക്ഷെ, വിചിത്രമായ വെല്ലുവിളികളെയാണ് നേരിടേണ്ടി വന്നത്. ഫിഡെ റാങ്കിങ്ങിൽ ഒന്നാമതുള്ള മാഗ്നസ് കാൾസന്റെ അതിബുദ്ധി മാത്രമായിരുന്നില്ല അത്; അഞ്ചു വർഷം താൻ വഹിച്ച വിശ്വവിജയിപ്പട്ടത്തിനു പുതിയൊരവകാശിയെ അവരോധിയ്ക്കുവാൻ ഇന്ത്യൻ മാധ്യമങ്ങൾ ഉൾപ്പെടെ കാട്ടിയ തിടുക്കം ആനന്ദിന്റെ മനോനിലയിൽ ഉണ്ടായ അലോസരം ആ മുഖത്ത് വ്യക്തമായിരുന്നു.

ആ നിലയിലും ആദ്യ മത്സരങ്ങളിൽ 'അഭേദ്യം' എന്നു കാൾസനെ കൊണ്ടു തന്നെ പറയിപ്പിയ്ക്കുവാൻ ആനന്ദിന്റെ പ്രതിഭയ്ക്കായി. ലോകകിരീടം എളുപ്പം കീഴടക്കാനെത്തിയ കാൾസനും കൂട്ടരും പാളിപ്പോകുന്ന പദ്ധതികളോർത്തു രാത്രി വൈകിയും തല പുകയ്ക്കവേ, ഇത്തിരിപ്പോന്ന പയ്യനോട് കഷ്ടപ്പെട്ട് സമനില സമ്പാദിച്ചെടുക്കുന്ന ഒരു 'ഔട്ട്‌ഡേറ്റഡ് ചാമ്പ്യൻ' എന്ന നിലയിൽ ആനന്ദിനെ ഇകഴ്ത്തി തലക്കെട്ടുണ്ടാക്കുവാൻ മത്സരിയ്ക്കുകയായിരുന്നു മാധ്യമങ്ങൾ.

സമനിലയിൽ പിരിഞ്ഞ നാലാം മത്സരത്തിന്റെ പകുതി പിന്നിടുമ്പോൾ, പക്ഷേ, ആനന്ദിന്റെ പേരുകേട്ട പ്രതിരോധത്തിൽ ആശ്ചര്യജനകമാംവിധം വിള്ളലുണ്ടാകുന്നത് കാൾസന്റെ കൂർമബുദ്ധി തിരിച്ചറിഞ്ഞു.


ആ പഴുതുകളിൽ നങ്കൂരമിട്ടായിരുന്നു കാൾസന്റെ പിന്നീടുള്ള ഇരട്ടവിജയം. അപ്പോഴേയ്ക്കും സടകൊഴിഞ്ഞ സിംഹ രൂപത്തിൽ ആനന്ദ് മാധ്യമങ്ങളിൽ നിറഞ്ഞു തുടങ്ങിയിരുന്നു. അതേസമയം, തുടർച്ചയായ രണ്ടാം പരാജയത്തിനു ശേഷവും പ്രസ്‌ കോണ്‍ഫറൻസിൽ തൻറെ വൈകാരിക ബുദ്ധിയെ തുലോം പരിഗണിയ്ക്കാത്ത ചോദ്യങ്ങൾക്കു ഇരയാകാനായിരുന്നു ആനന്ദിനു വിധി.

സാക്ഷാൽ ഗ്യാരിയുടെ സൂക്ഷ്മ നീക്കങ്ങളോളം തന്നെ ബലമുള്ള അദ്ദേഹത്തിന്റെ രൂക്ഷ വിമർശനങ്ങൾക്കു മുന്നിൽ പോലും ക്ഷമ കൈവിടാത്ത ആനന്ദ് അന്നാദ്യമായി പത്രപ്രവര്‍ത്തകർക്കു മുൻപിൽ പൊട്ടിത്തെറിച്ചു.

പന്ത്രണ്ടു മത്സര പരമ്പരയിൽ, പത്തു മത്സരങ്ങൾ പിന്നിടുമ്പോഴേയ്ക്കും ചെസ്സ്‌ ലോകത്തെ വിശ്വ കിരീടത്തിന്റെ പുതിയ അവകാശിയായി കാൾസൻ അവരോധിയ്ക്കപ്പെട്ടിരുന്നു.

അമിത ആത്മവിശ്വാസത്തിൽ സ്വയം മറന്നുപോയ കാൾസൻ പിന്നീട് വിശ്വവിജയിയുടെ അഹന്ത ലോകത്തെ അറിയിച്ചു, 'ആനന്ദിൽ നിന്നും കളി പഠിച്ചിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു; പക്ഷേ, ഇന്നിപ്പോൾ എന്റെ ഊഴമാണ്; ആനന്ദിനെ കളി പഠിപ്പിയ്ക്കലാണ് എന്റെ ദൗത്യം'.

ഖാൻടി മാൻസിസ്ക് , റഷ്യ
നവംബർ, 2014

കഴിഞ്ഞ നവംബറിലെ കലുഷിതമായ അന്തരീക്ഷത്തിൽ നിന്നും വിടുതൽ നേടിയ ആനന്ദ് അനുഭവം വിവരിക്കുന്നതിങ്ങനെ: "മകൻ അഖിലിന്റെ ചിരിയും, കളി കൊഞ്ചലും നിറഞ്ഞ ക്രിസ്തുമസ് കാലം. അപ്പോൾ ഞാൻ എല്ലാം മറന്നു. കളിക്കളമോ കരുക്കളോ ഇല്ലായിരുന്നു. ഞാനിറങ്ങുകയായിരുന്നു; വര്‍ഷങ്ങളുടെ കഠിനപ്രയത്നം സമ്മാനിച്ച വിശ്വസിംഹാസനത്തിൽ നിന്നും...".

ടൂർണമെന്റുകൾ പലതും കടന്നുപോകവേ ആനന്ദ് മടുപ്പോടെ മാറിനടന്നു. അതിനിടെ, 2014-ലെ ലോക ചെസ്സ്‌ ചാമ്പ്യൻ പട്ടത്തിനായുള്ള മത്സരത്തിൽ നിലവിലെ ചാമ്പ്യൻ മാഗ്നസ് കാൽസന്റെ എതിരാളിയെ നിശ്ചയിക്കുവാനുള്ള കാൻടിഡേറ്റ്സ് ടൂർണമെന്റും ആഗതമായിരുന്നു. എന്നാൽ 'യുഗാന്ത്യം' എന്ന തലക്കെട്ടിനോട് താദാത്മ്യപ്പെടാനുള്ള ശ്രമത്തിലായിരുന്നു ആനന്ദ്.

പക്ഷേ, പതിനഞ്ചാം വയസ്സിൽ ഇന്റർനാഷനൽ മാസ്റ്റർ പദവിയിലെത്തിയ, പതിനെട്ടാം വയസ്സിൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച ആ അപൂർവ പ്രതിഭയ്ക്ക് ചെസ്സ്‌ ലോകത്ത് നിന്നും അധികകാലം വിട്ടു നിൽക്കാൻ ആകുമായിരുന്നില്ല!

പ്രിയ സുഹൃത്ത് വ്ലാദിമർ ക്രാംനിക്കുമായി വിദേശയാത്രയ്ക്കിടെ വീണുകിട്ടിയ ജനുവരിയിലെ മഞ്ഞുമൂടിയ സായാഹ്നം. സംസാരമദ്ധ്യേ, എണ്ണം പറഞ്ഞ കരുനീക്കങ്ങൾ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ബോബി ഫിഷറിന്റെ ഓർമകളിലേക്ക് ക്രാംനിക്ക് ആനന്ദിനെ കൊരുത്തിടുന്നു. പരമ്പരാഗത ക്ലാസ്സിക്കൽ കരുനീക്കങ്ങൾ നിറഞ്ഞുനിന്ന ചതുരംഗ കളത്തിലേയ്ക്ക് പ്രതിഭയുടെ മിന്നൽ വിതാനിച്ച ആ ഇതിഹാസ താരത്തിന്റെ ഓർമ ധാരാളമായിരുന്നു; ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ആനന്ദിന് ഉണരുവാൻ.


റഷ്യയിലെ ഇർത്തിഷ് നദീ തീരത്തിന്റെ ചുറ്റുവട്ടത്തെ കൊടും മഞ്ഞിലും ആളിക്കത്തിക്കാനാകും വിധം റാപ്പിഡ് ചെസ്സിന്റെ അത്ഭുതാവേഗങ്ങൾ ആ മനുഷ്യനിൽ നിറഞ്ഞു. വാസൊലിൻ ടോപൊലോവ്, ലിവോണ്‍ ആരോണിയൻ എന്നിവരെയടക്കം ലോകം പ്രതീക്ഷ വച്ചിരുന്ന പ്രഗത്ഭരെയോന്നടങ്കം പിന്തള്ളി എട്ടു മത്സര പരമ്പരയിൽ ഒന്നിൽ പോലും തോൽക്കാതെ ആനന്ദ് ഒന്നാമനായി ഫിനിഷ് ചെയ്യുമ്പോൾ അത്ഭുതപരതന്ത്രരായവരുടെ കൂട്ടത്തിൽ ഗ്യാരി കാസ്പറോവും ഉണ്ടായിരുന്നു.

"വിശ്വസിക്കാനാകുന്നില്ല ആനന്ദ്" ഹസ്തദാനത്തിനു ശേഷം പണ്ട് പറഞ്ഞു പോയ വാചകം ഓർത്തെടുത്തു ഗ്യാരി തിരുത്തി; "നാല്പതുകളിലും താങ്കളിൽ അത്ഭുതങ്ങൾ ബാക്കിയുണ്ട്!"സോച്ചി , റഷ്യ
നവംബർ , 2014

സോച്ചിയിൽ അരങ്ങൊരുങ്ങിക്കഴിഞ്ഞു. ഹ്യാത് റീഗൻസിലെന്ന പോലെ നിശബ്ദത വളർന്നു പന്തലിച്ച കണ്ണാടിക്കൂട്ടിൽ വിശ്വനാഥൻ ആനന്ദും മാഗ്നസ് കാൾസനും വീണ്ടും നേർക്ക്‌ നേർ!

അഞ്ചു തവണ ലോക കിരീടമെന്ന മഹത്തായ നേട്ടത്തിലും അരപേജിനപ്പുറം പത്രത്തിലോ അരമിനിട്ടിനപ്പുറം നമ്മുടെ മനസ്സിലോ ഇടം പിടിയ്ക്കാത്ത ഇന്ത്യൻ പ്രതിഭയാണ് ഒരു വശത്ത്. എങ്ങനെ സംഘടിപ്പിച്ചാലും ആകെ കളിരാഷ്ട്രങ്ങളുടെ എണ്ണം അരഡസൻ പിന്നിടാത്ത ഒരു 'കളി സംസ്ക്കാര'ത്തിൽ നിന്നും ഇനിയും മുക്തമാകാത്ത ഒരു കായികഭൂപടത്തിൽ ആ ഇടം തന്നെ അധികമാണ്!

മത്സരഫലം എന്തുമാകട്ടെ, നൂറ്റി ഇരുപത്തൊന്നു കോടി ജനങ്ങളെ ഒരെയൊരു മനസ്സിന് പ്രതിനിധീകരിക്കേണ്ടി വരുമ്പോൾ, കരിയറിന്റെ വൈകിയ വേളയിലും രാജ്യത്തിന്റെ അഭിമാനം ഉയർത്താൻ ഊർജ്ജം നിറച്ചു മടങ്ങിയെത്തിയ ആനന്ദിനെ, പണം കൊണ്ടോ, പരസ്യം കൊണ്ടോ, പതക്കങ്ങൾ കൊണ്ടോ വേണമെന്നില്ല, മനസ്സ് കൊണ്ട് നമുക്കൊരുമിച്ചു പിന്തുണയ്ക്കാം.

ഇതാ ആനന്ദ് വെള്ളക്കരുക്കള്‍ കൊണ്ട് കരുനീക്കം തുടങ്ങിയിരിക്കുന്നു!

അഴിമുഖം പ്രസിദ്ധീകരിച്ച മഹേഷിന്റെ മറ്റു ലേഖനങ്ങള്‍:

എസ്കേപ് ടു വിക്ടറി: അഭ്രപാളിയിലെ പെലെ.

ചിരിയുടെ ഫ്രീകിക്കുകള്‍ കൊണ്ട് നിശബ്ദതയുടെ ഗോള്‍വല ഭേദിക്കുന്നവര്‍

*Views are personal

Next Story

Related Stories