വിദേശം

അമേരിക്കൻ ഉപരോധം ലംഘിച്ച് ഇറാനിലേക്ക് കയറ്റുമതി നടത്തി; ഹുവേയ് സിഎഫ്ഒ കാനഡയിൽ അറസ്റ്റിൽ

കമ്പനി സ്ഥാപകനായ റെൻ ഴെങ്ഫീയുടെ മകളാണ് മെങ്. നിലവിലുള്ള അമേരിക്കൻ ഉപരോധം ലംഘിച്ചതിനാണ് അറസ്റ്റെന്നാണ് അറിയുന്നത്.

ഹുവേയ് ടെലികോംസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ മെങ് വാൻസോവുവിനെ അറസ്റ്റ് ചെയ്ത കാനഡയുടെ നടപടിക്കെതിരെ ചൈന രംഗത്ത്. മെങ്ങിനെ എത്രയും പെട്ടെന്ന് വിട്ടയയ്ക്കണമെന്ന് ചൈന കാനഡയോടാവശ്യപ്പെട്ടു. കാനഡയും അമേരിക്കയും ഈ അറസ്റ്റിനെ എങ്ങനെ ന്യായീകരിക്കുന്നുവെന്ന് അറിയണമെന്ന ആവശ്യവും ചൈന മുമ്പോട്ടു വെച്ചിട്ടുണ്ട്. ഈ അറസ്റ്റ് ഒരു നയതന്ത്രപ്രശ്നമായി വളർന്നിരിക്കുകയാണ്. യുഎസ്സും ചൈനയും തമ്മിലുള്ള ബന്ധത്തെ ഇനിയും വഷളാക്കാൻ ഈ നടപടി കാരണമായേക്കും.

കാനഡയിലെ വാൻകോവറിൽ വെച്ചാണ് മെങ് അറസ്റ്റ് ചെയ്യപ്പെട്ടത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് യുഎസ്സിനെയും കാനഡയെയും തങ്ങൾ ഫോണിൽ ബന്ധപ്പെട്ടതായും എത്രയും പെട്ടെന്ന് മെങ്ങിനെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ടതായും ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷോങ് പറഞ്ഞു.

കമ്പനി സ്ഥാപകനായ റെൻ ഴെങ്ഫീയുടെ മകളാണ് മെങ്. നിലവിലുള്ള അമേരിക്കൻ ഉപരോധം ലംഘിച്ചതിനാണ് അറസ്റ്റെന്നാണ് അറിയുന്നത്. വെള്ളിയാഴ്ച കേസിൽ കോടതി വാദം കേൾക്കുമെന്ന് കാനഡയുടെ നീതിന്യായ വകുപ്പ് അറിയിച്ചു. മെങ് അറസ്റ്റ് ചെയ്യപ്പെട്ട വിവരം ഒരു വാർത്താക്കുറിപ്പിലൂടെയാണ് കാനഡ അറിയിച്ചത്. മെങ്ങിനെ കയറ്റിവിടാനുള്ള പരിപാടിയിലാണ് രാജ്യമെന്ന് വിവരമുണ്ട്.

മെങ് തന്നെ ആവശ്യപ്പെട്ട് നിലവിൽ വന്ന ‘പ്രസിദ്ധീകരണനിരോധനം’ നിലവിലുള്ളതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് പൊലീസ് പറയുന്നു. അതെസമയം മെങ്ങിന്റെ അറസ്റ്റ് ഓഹരിവിപണിയിൽ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. മൂന്ന് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുമോയെന്ന ഭയമാണ് വിപണിയെ ബാധിച്ചിരിക്കുന്നത്.

ഹുവേയ് ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് തങ്ങളുടെ സഖ്യകക്ഷികളോട് അമേരിക്ക ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെനാളായി. സുരക്ഷാ കാരണങ്ങളാണ് അമേരിക്ക ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞദിവസങ്ങളിൽ നടന്ന ചൈന-യുഎസ് ചർച്ചയ്ക്കു ശേഷവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടില്ലെന്നാണ് മനസ്സിലാക്കേണ്ടത്. നികുതികളിൽ പരസ്പരം വർധന വരുത്തി ഒരു വിപണിയുദ്ധം ഇരുകൂട്ടരും നടത്തിവരികയാണ്.

യുഎസ്സിൽ നിന്നുള്ള ഉൽപന്നങ്ങൾ ഇറാനിലേക്ക് കടത്തിയെന്നതാണ് ഹുവേയ്ക്കെതിരെ യുഎസ് ഉയർത്തുന്ന പ്രധാന ആരോപണം. ഇറാനെതിരെ കടുത്ത ഉപരോധം നിലനിൽക്കുമ്പോഴാണ് ഇത് നടന്നത്. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം തകർക്കാൻ ഹുവേയ് മനപ്പൂർവ്വം ശ്രമിച്ചെന്നാണ് ആരോപണം. അമേരിക്കയുടെ കയറ്റുമതി-ഉപരോധ നിയമങ്ങളുടെ ലംഘനം നടന്നു.

ലോകത്തിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷൻസ് ഉപകരണങ്ങളുടെ നിർമാതാക്കളിലൊരാളാണ് ഹുവേയ്. തങ്ങൾ എല്ലാ നിയമങ്ങളും പാലിച്ചാണ് അമേരിക്കയിൽ നിന്നും കയറ്റുമതി നടത്തിയിരുന്നതെന്ന് ഹുവായ് പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍