TopTop
Begin typing your search above and press return to search.

‘സ്നേഹനിധിയായ അമ്മയോ അതോ ആട്ടിൻ തോലണിഞ്ഞ ചെന്നായയോ'; 118 കുട്ടികളെ ദത്തെടുത്ത് സംരക്ഷിച്ച സ്ത്രീക്ക് 20 വർഷം തടവ്

‘സ്നേഹനിധിയായ അമ്മയോ അതോ ആട്ടിൻ തോലണിഞ്ഞ ചെന്നായയോ
118 കുട്ടികളെ ദത്തെടുത്ത ‘മനുഷ്യസ്‌നേഹി’യെന്ന് പരക്കെ പ്രശംസിക്കപ്പെട്ട ചെനീസ് സ്ത്രീക്ക് 20 വർഷം തടവ് ശിക്ഷ. കവർച്ച, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, സാമൂഹിക ക്രമം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്കായാണ് യാങ്സിയ എന്ന 54 കാരിക്ക് ഹെബി പ്രവിശ്യയിലെ വുവാൻ കോടതി കടുത്ത ശിക്ഷ വിധിച്ചിരിക്കുന്നത്. ‘സ്നേഹനിധിയായ അമ്മ’ എന്ന് വിളിപ്പേരുള്ള മുൻ അനാഥാലയ ഉടമകൂടിയായ ഇവരില്‍നിന്നും 2.67 മില്ല്യന്‍ യുവാൻ (388,000 ഡോളര്‍) പിഴയീടാക്കാനും കോടതി വിധിച്ചു. അവരുടെ കാമുകൻ ഉൾപ്പെടെയുള്ളമറ്റു പതിനഞ്ച് കൂട്ടുപ്രതികളേയും കോടതി ശിക്ഷിച്ചിട്ടുണ്ട്.

ലി അനാഥാലയത്തെ ദുരുപയോഗം ചെയ്തുവെന്നാണ് കോടതി കണ്ടെത്തൽ. ‘വിപുലമായ സാമ്പത്തിക നേട്ടം നേടുന്നതിനായി സംഘം ചേർന്ന് ‍തട്ടിപ്പ് നടത്തി’യെന്നാണ് വുവാൻ സിറ്റി പീപ്പിൾസ് കോടതി വിധിയിൽ പറയുന്നു. കാമുകനുമേല്‍ 12.5 വർഷം തടവും 1.2 മി യുവാൻ പിഴയുമാണ് കോടതി ചുമത്തിയത്. മറ്റ് 14 കൂട്ടു പ്രതികൾക്ക് നാല് വർഷം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

2006-ൽഹെബി പ്രവിശ്യയിലെ ചെറിയ നഗരമായ വുവാനില്‍ നിന്നും ഡസൻ കണക്കിന് കുട്ടികളെ ദത്തെടുത്തു വളർത്താൻ തുടങ്ങിയതോടെയാണ് ലി വാര്‍ത്തകളില്‍ നിറയുന്നത്. ഒരിക്കൽ വിവാഹിതയായിരുന്നെങ്കിലും വിവാഹമോചനം നേടിയിരുന്നുവെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ മുൻ ഭർത്താവ് മകനെ 7,000 യുവാനുവേണ്ടി വിറ്റുവെന്നും ഒരുപാട് പൊരുതി മകനെ തിരിച്ചു കൊണ്ടുവരികയുമായിരുന്നെന്നും അവർ പ്രതികരിച്ചിരുന്നു. ഇതിന് ശേഷണാണ് കുട്ടികളെ സംരക്ഷിക്കേണ്ട ആവശ്യകത ബോധ്യപ്പെട്ടതെന്നും, ഇതാണ് ദത്തെടുക്കലുകളിലേക്ക് നയിച്ചതെന്നുമായിരുന്നു അവരുടെ പ്രതികരണം.

പിന്നാലെ അവരുടെ സാമ്പത്തിക ശേഷിയും വർധിക്കുകയായിരുന്നു. ഹെബിയിലെ ഏറ്റവും ധനികയായ സ്ത്രീകളിൽ ഒരാളായി. 1990 കളുടെ മധ്യത്തിൽ അവർ ഒരു ഇരുമ്പ് ഖനന കമ്പനിയിൽ നിക്ഷേപം നടത്തി, ഒടുവിൽ അതിന്റെ ഉടമയുമായി. ആ സമയത്താണ് ‘ലവ് വില്ലേജ്’ എന്ന പേരില്‍ ഒരു അനാധാലയം തുടങ്ങുന്നത്. 2017-ൽ എത്തിയപ്പോഴേക്കും 118 കുട്ടികളെ സംരക്ഷിക്കുന്ന നിലയിലേക്ക് അതു വളർന്നു. ആ വർഷമാണ് അവരുടെ സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് ഭരണകൂടത്തിന് മുന്നറിയിപ്പ് ലഭിക്കുന്നത്.

2018 മെയ് മാസത്തിലാണ് ലിയുടെ ബാങ്ക് അക്കൗണ്ടുകളിൽ 20 ദശലക്ഷത്തിലധികം ഡോളര്‍ പണവും, ലാൻഡ് റോവേഴ്‌സ്,മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ ആഡംബര വാഹനങ്ങളും ഉണ്ടെന്ന് പോലീസ് കണ്ടെത്തുന്നത്. വൈകാതെ തന്നെ അവർ 2011 മുതൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും കണ്ടെത്തി. അഗതിമന്ദിരത്തിലെ കുട്ടികളെ ബാലവേലയ്ക്ക് പോലും ഉപയോഗിച്ചിരുന്നു. ജോലി ചെയ്യാന്‍ തയ്യാറാവാതിരുന്നവരെ ശിക്ഷിച്ചിരുന്നു. എല്ലാം പുറത്തുവരാന്‍ അൽപം വൈകിയെന്നുമാത്രം.

ഇവരുടെ കൂടെ കഴിഞ്ഞിരുന്ന കുട്ടികളില്‍ ഭൂരിഭാഗം പേരേയും ഇതിനകം തന്നെ സർക്കാറിന് കീഴിലുള്ള വിവിധ അനാഥാലയങ്ങളിലേക്കും സ്കൂളുകളിലേക്കും മാറ്റിയിട്ടുണ്ട്. ഒരുകാലത്ത് ‘സ്നേഹനിധിയായ അമ്മ’-യെന്നു വിളിച്ചു പ്രകീർത്തിച്ചവർ തന്നെ ഇന്നവരെ ‘ആട്ടിൻ തോലണിഞ്ഞ ചെന്നായ’ എന്നാണ് വിളിക്കുന്നത്.

കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

Next Story

Related Stories