TopTop

സുക്കർബർഗിന്റെ ലക്ഷ്യം 'സർവ്വാധിപത്യം' സ്ഥാപിക്കൽ? ദുസ്സൂചനകളുമായി ഫേസ്ബുക്ക് സഹസ്ഥാപകന്റെ ലേഖനം

സുക്കർബർഗിന്റെ ലക്ഷ്യം
ഫേസ്ബുക്കിനും സുക്കര്‍ബര്‍ഗിനുമെതിരെ ഫേസ്ബുക്ക് സഹസ്ഥാപകരില്‍ ഒരാളായ ക്രിസ് ഹ്യൂസ് രംഗത്ത്. ഫെയ്സ്ബുക്കിന്‍റെ എതിരാളികളായ പ്ലാറ്റ്ഫോമുകളെ ഏറ്റെടുക്കുന്നതുവഴി അദ്ദേഹത്തിന് സമാനതകളില്ലാത്ത അധികാരമാണ് ലഭിക്കുന്നതെന്നും, അത് രാജ്യത്തിന്‍റെ താല്‍ര്യങ്ങള്‍ക്ക് എതിരുമാണെന്നും ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാകുന്നു.

‘ഫേസ്ബുക്കിന്‍റെ ആത്യന്തിക ലക്ഷ്യം "ആധിപത്യം" സ്ഥാപിക്കല്‍ ആണെന്ന് ആദ്യകാലങ്ങളിൽതന്നെ സുക്കർബർഗ് വ്യക്തമാക്കിയിരുന്നു. സ്വകാര്യ മേഖലയിലും സർക്കാറുകളിലുമൊന്നും ഒരുവ്യക്തിക്ക് നേടിയെടുക്കാന്‍ കഴിയാത്ത തരത്തിലുള്ള അമ്പരപ്പിക്കുന്ന സ്വാധീനമാണ് അദ്ദേഹം കരസ്ഥമാക്കിയിരിക്കുന്നത്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ് ആപ്പ് എന്നീ മൂന്ന് പ്രധാനപ്പെട്ട കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോമുകളിലൂടെ ശതകോടിക്കണക്കിന് ഉപയോക്താക്കളെയാണ് ദിവസവും അദ്ദേഹം നിയന്ത്രിക്കുന്നത്’, ഹ്യൂഗ്സ് എഴുതുന്നു.

സര്‍വ്വാധിപത്യത്തിന്‍റെ പാരമ്പര്യമുള്ള രാജ്യമാണ് അമേരിക്കയെന്നും, ഇത്തരം കമ്പനികളുടെ നേതാക്കന്മാർ എത്ര നല്ല ചിന്താഗതിക്കാരായാലും അവരുടെ അധികാരം രാജ്യതാല്‍പ്പര്യത്തിന് എതിരാകുമെന്നും, അതുകൊണ്ട് ഫേസ്ബുക്കിന്‍റെ അപ്രമാദിത്വം തകര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഫെയ്സ്ബുക്കിന് പ്രതിമാസം 2 ബില്ല്യൻ ഉപയോക്താക്കളുണ്ട്. ഇൻസ്റ്റഗ്രാം, വാട്സ് ആപ്പ്, മെസ്സെഞ്ചര്‍ എന്നിവ 1 ബില്ല്യൻ ആളുകളും ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഫേസ്ബുക്കിനുമേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരണമെന്നാണ് ഹ്യൂഗ്സ് ആവശ്യപ്പെടുന്നത്.

താന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഫേസ്ബുക്ക്, ആമസോൺ, ഗൂഗിൾ തുടങ്ങിയ എല്ലാ ടെക് ഭീമന്മാരെയും വരച്ചവരയില്‍ നിറുത്തുമെന്ന് മസാച്ചുസെറ്റ്സ് സെനറ്റർ എലിസബത്ത് വാറൻ പറയുന്നു. ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം, വാട്സ് ആപ്പ് എന്നിവയെ ഏറ്റെടുത്തതിനെയും അവര്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഇത്തരം കമ്പനികള്‍ കൈയ്യാളുന്ന പരിധിയില്‍ കവിഞ്ഞ അധികാരം നമ്മുടെ സമ്പദ്ഘടനക്കും, സമൂഹത്തിനും, ജനാധിപത്യത്തിനും കനത്ത വെല്ലുവിളിയാണെന്നും, അതുകൊണ്ട്, ഫേസ്ബുക്കിന്‍റെ അപ്രമാദിത്വം തകര്‍ക്കണമെന്ന ഹ്യൂഗ്സിന്‍റെ വാക്കുകളെ സ്വാഗതം ചെയ്യുന്നതായും അവര്‍ ട്വീറ്റ് ചെയ്തു.

2007-ലാണ് ഹ്യൂഗ്സ് ഫേസ്ബുക്ക് വിടുന്നത്. തുടര്‍ന്ന് അദ്ദേഹം ബരാക് ഒബാമയുടെ പ്രസിഡന്‍ഷ്യല്‍ കാമ്പയിനിൽ ചേര്‍ന്നു. 2012-ൽ അര ബില്ല്യൻ ഡോളറിനാണ് തന്‍റെ ഫേസ്ബുക്ക് ഷെയറുകൾ അദ്ദേഹം വിറ്റത്. “ഫേസ്ബുക്കിന്‍റെ അപരിമിത ശക്തിയുടെ ഏറ്റവും പ്രധാന പ്രശ്നം അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള ഏകപക്ഷീയമായ കടന്നുകയറ്റമാണ്. 2 ബില്ല്യൺ ജനങ്ങളുടെ സംഭാഷണങ്ങളെ നിരീക്ഷിക്കാനും, ക്രമീകരിക്കാനും, അവയെ നിയന്ത്രിക്കാനുമുള്ള സുക്കര്‍ബര്‍ഗിന്‍റെ അധികാരത്തെ നിയന്ത്രിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്”, ഹ്യൂഗ്സ് എഴുതുന്നു.

ട്രംപിന്‍റെ വിജയത്തില്‍ സഹായിച്ചുവെന്ന് ആരോപണം നേരിടുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക കോടിക്കണക്കിന് ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്‌തത് തടയുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടുവെന്ന് സുക്കര്‍ബഗ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. ഇത്തരം ടെക് ഭീമന്മാരെ നിയന്ത്രിക്കുന്നതിനും സമൂഹമാധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്രം പുനസ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ പുതിയൊരു ഏജന്‍സിയെ കൊണ്ടുവരണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

Next Story

Related Stories