കാലാവസ്ഥ വ്യതിയാനം: ലോകം ട്രംപിനെ എതിര്‍ക്കുമ്പോള്‍ ഇന്ത്യ പിന്തുണയ്ക്കുന്നു?

Print Friendly, PDF & Email

പാരിസ് കരാറില്‍ നിന്നും പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ അമേരിക്കയില്‍ തന്നെ വലിയ പ്രതിഷേധം അലയടിക്കുന്നതിനിടയിലാണ് ഇന്ത്യയുടെ പുതിയ തീരുമാനമെന്നതും ശ്രദ്ധേയമാണ്

A A A

Print Friendly, PDF & Email

2015ലെ പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറിയതിന്റെ പേരില്‍ സിഒപി23 ഉച്ചകോടിയില്‍ യുഎസിനെ വിമര്‍ശിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രകോപിപ്പിക്കേണ്ടതില്ല എന്നതിന്റെ പേരിലാണ്, യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആക്രമണോത്സുകനയം പുലര്‍ത്തിയിരുന്ന ഇന്ത്യ ബോണില്‍ നടക്കുന്ന ഉച്ചകോടിയില്‍ പിന്നോക്കം പോകാന്‍ തീരുമാനിച്ചതെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യ എന്തിനാണ് മറ്റ് രാജ്യങ്ങളെ വിമര്‍ശിക്കുന്നത് എന്ന ന്യായമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഔദ്യോഗികസംഘം ഉന്നയിക്കുന്നത്. കാലാവസ്ഥ മേഖലയില്‍ നമ്മള്‍ കൈവരിച്ച നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുക മാത്രമാണ് സംഘത്തിന്റെ ലക്ഷ്യമെന്നും ഒരു ഔദ്യോഗിക വക്താവ് വ്യക്തമാക്കി. കാലാവസ്ഥ പ്രശ്‌നങ്ങളില്‍ ഒരു തടസവാദിയുടെ വേഷം സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് താല്‍പര്യമില്ലെന്നും സൃഷ്ടിപരമായ വിമര്‍ശനങ്ങളാണ് രാജ്യം മുന്നോട്ട് വെക്കേണ്ടതെന്നുമാണ് ഇപ്പോഴത്തെ ഔദ്യോഗിക നിലപാട്. പാരിസ് കരാറില്‍ നിന്നും പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ അമേരിക്കയില്‍ തന്നെ വലിയ പ്രതിഷേധം അലയടിക്കുന്നതിനിടയിലാണ് ഇന്ത്യയുടെ പുതിയ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ട്രംപിന്റെ തീരുമാനത്തിനെതിരെ ഡെമോക്രാറ്റുകള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

എന്നാല്‍ സ്വന്തം നേട്ടങ്ങളെ കുറിച്ച് മാത്രമേ ഇന്ത്യ സംസാരിക്കുവെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ വ്യക്തമാക്കിയിരുന്നു. ഭൗമരാഷ്ട്രീയത്തിന്റെ അന്തരീക്ഷം കണക്കിലെടുക്കുമ്പോള്‍, പാകിസ്ഥാന്‍, ചൈന തുടങ്ങിയ ഘടകങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ യുഎസുമായി നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിന് ഇന്ത്യ തയ്യാറാല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ബോണില്‍ നടക്കുന്ന ചര്‍ച്ചകളില്‍ അമേരിക്കയുടെ നയത്തെ വിമര്‍ശിക്കാതെ ഗുണപരമായ സംഭാവനകള്‍ നല്‍കാന്‍ ഇന്ത്യയ്ക്കാവില്ലെന്നാണ് പരിസ്ഥിതി നിരീക്ഷകര്‍ വിലയിരുത്തുന്നത്. പാരീസ് കരാറിലെ വ്യവസ്ഥകള്‍ നടപ്പിലാക്കിക്കൊണ്ട് ആഗോളതാപനം രണ്ട് ഡിഗ്രിയില്‍ കൂടാതെ നോക്കുന്നതിനായി ഹരിതഗൃഹ വാതകങ്ങളുടെ വികിരണം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുകയാണ് ബോണ്‍ ഉച്ചകോടിയുടെ ലക്ഷ്യം.

സ്വന്തം നേട്ടങ്ങള്‍ മാത്രം ഉയര്‍ത്തിക്കാണിച്ചുകൊണ്ട് യുഎസ് ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളുടെ നിലപാടുകളെ വിമര്‍ശിക്കാതിരിക്കാനുള്ള നീക്കം ഇന്ത്യയെ ചര്‍ച്ച വേദിയില്‍ ഏറെ ദൂരം മുന്നോട്ട് നയിക്കില്ലെന്ന് ഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റിലെ കാലാവസ്ഥ വിദഗ്ധന്‍ ചന്ദ്ര ഭൂഷണ്‍ ചൂണ്ടിക്കാണിക്കുന്നു. പാരീസ് കരാറില്‍ നിന്നും വിട്ടുനില്‍ക്കാന്‍ യുഎസ് തീരുമാനിക്കുകയും കരാറിലെ വ്യവസ്ഥകളോട് യൂറോപ്യന്‍ യൂണിയന്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍, ആഗോള കാലാവസ്ഥ രാഷ്ട്രീയത്തില്‍ ഇന്ത്യ കുറച്ചുകൂടി കടുത്ത നിലപാടുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇതിനിടയിലും ട്രംപിന്റെ കാലാവസ്ഥ നയങ്ങള്‍ക്കെതിരെ ബോണില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ ശക്തമായി പ്രതികരിക്കാനാണ് യുഎസിലെ ഡെമോക്രാറ്റിക് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയുടെയും മനുഷ്യന്റെയും ഭാവി തീരുമാനിക്കാന്‍ ഒരു വ്യക്തിക്ക് സാധിക്കില്ലെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍