TopTop
Begin typing your search above and press return to search.

ലോകം ഉറ്റു നോക്കുന്നു; ദൈവത്തിന്റെ സ്വന്തം കൗണ്ടി, യോര്‍ക്ക്‌ഷെയറിന് സ്വയംഭരണാവകാശം ലഭിക്കുമോ?

ലോകം ഉറ്റു നോക്കുന്നു; ദൈവത്തിന്റെ സ്വന്തം കൗണ്ടി, യോര്‍ക്ക്‌ഷെയറിന് സ്വയംഭരണാവകാശം ലഭിക്കുമോ?
യുകെയില്‍ 'ദൈവത്തിന്റെ സ്വന്തം കൗണ്ടി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന യോര്‍ക്ക്‌ഷെയര്‍ സ്വയംഭരണാവകാശം നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തിലാണ്. പുറത്തുനിന്ന് കാണുന്നവര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും യോര്‍ക്ക്‌ഷെയറിന് അതിന്റേതായ സ്വത്വവും സമൂഹവും ഉണ്ടെന്ന് ഈ കൗണ്ടിയുടെ സ്വയംഭരണാവകാശത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലണ്ടന്‍ സ്വദേശി സ്റ്റുവര്‍ട്ട് ആര്‍നോള്‍ഡ് എന്ന കോളേജ് അദ്ധ്യാപകന്‍ ചൂണ്ടിക്കാണിക്കുന്നു. ഹള്‍ സര്‍വകലാശാലയില്‍ ഒരു പ്രഭാഷണം നടത്തുന്നതിനായി 1992ലാണ് സ്റ്റുവര്‍ട്ട് ആര്‍നോള്‍ഡ് ആദ്യമായി യോര്‍ക്ക്‌ഷെയറില്‍ എത്തിയത്.

കഴിഞ്ഞ രണ്ട് ദശാബ്ദമായി യോര്‍ക്ക്‌ഷെയറിന്റെ സ്വയംഭരണത്തിന് വേണ്ടിയുള്ള പ്രചാരണത്തില്‍ വളരെ സജീവമാണ് സ്റ്റുവര്‍ട്ട് ആര്‍നോള്‍ഡ്. 2000 ങ്ങളില്‍ അദ്ദേഹം യോര്‍ക്ക്‌ഷെയര്‍ പ്രചാരണത്തിന്റെ അദ്ധ്യക്ഷനായിരുന്നു. യോര്‍ക്ക്‌ഷെയര്‍ നിയമസഭ രൂപീകരിക്കുന്നതിന് മുന്‍ ഡപ്യൂട്ടി പ്രധാനമന്ത്രി ജോണ്‍ പ്രെസ്‌കോട്ട് ശ്രമിച്ച് പരാജയപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. 2014ല്‍ യോര്‍ക്ക്‌ഷെയര്‍ പാര്‍ട്ടി രൂപീകരിക്കുന്നതിന് അദ്ദേഹം മുന്‍കൈയെടുത്തു. പക്ഷെ, വലിയ ജനപിന്തുണയൊന്നും നേടിയെടുക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. ഏതാനും കൗണ്‍സിലര്‍മാരും കഴിഞ്ഞ മേയ് വരെ മാര്‍ക്കറ്റ് വേജ്ടണ്‍, ഹോണ്‍സീ പട്ടണങ്ങളുടെ മേയര്‍ സ്ഥാനവും പാര്‍ട്ടിക്കുണ്ടായിരുന്നു.

വൈക്കിംഗ് സ്വാധീനമുള്ള യോര്‍ക്ക്‌ഷെയറിന്റെ ചരിത്രം സവിശേഷമാണെന്ന് ആര്‍നോള്‍ഡ് ഗാര്‍ഡിയന്‍ പത്രത്തോട് പറഞ്ഞു. സ്‌കോട്ട്‌ലന്റിലേക്കാള്‍ കൂടുതല്‍ ജനസഖ്യയുള്ള കൗണ്ടിയാണ് യോര്‍ക്ക്‌ഷെയര്‍. 5.4 ദശലക്ഷം ജനങ്ങളാണ് ഇവിടെയുള്ളത്. ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള എട്ട് നഗരങ്ങള്‍ കൗണ്ടിയിലുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ള കൗണ്ടിയാണ് യോര്‍ക്ക്‌ഷെയറെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സ്വന്തം കഴിവുകള്‍ വെളിപ്പെടുത്താനുള്ള അവസരം ഇതുവരെ യോര്‍ക്ക്‌ഷെയറിന് ലഭിച്ചിട്ടില്ല. ബ്രക്‌സിറ്റ് അനന്തരകാലഘട്ടത്തില്‍ ചെറുപ്രദേശങ്ങളുടെ സ്വാതന്ത്ര്യനീക്കങ്ങള്‍ ലോകജനതയുടെ പിന്തുണ ആകര്‍ഷിക്കുന്നതിനാല്‍ തന്നെ യോര്‍ക്ക്‌ഷെയറിന്റെ സ്വയംഭരണവാദം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് ആര്‍ണോള്‍ഡ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് കൗണ്ടിയിലെമ്പാടും യോര്‍ക്ക്‌ഷെയര്‍ ദിനം ആചരിച്ചപ്പോള്‍, മൊത്തമുള്ള 20 തദ്ദേശസ്ഥാപനങ്ങളില്‍ 17 എണ്ണവും 'താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള സഖ്യം' രൂപീകരിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലീഡ്‌സില്‍ നിന്നുള്ള രാഷ്ട്രീയനേതാക്കള്‍ ആരംഭം കുറിച്ച യോര്‍ക്ക്‌ഷെയര്‍ പദ്ധതി പ്രകാരം, വെസ്റ്റ് മിഡ്‌ലാന്റ്‌സ്, വിശാല മാഞ്ചസ്റ്റര്‍, ലിവര്‍പൂര്‍ നഗരം തുടങ്ങിയ പ്രദേശങ്ങളില്‍ നടപ്പിലാക്കിയ പോലെയുള്ള സ്വയംഭരണമാണ് ആവശ്യപ്പെടുന്നത്. ഗതാഗതം, സാമ്പത്തിക വികസനം, വൈദഗ്ധ്യ വികസനം എന്നിവയുടെ പൂര്‍ണ ചുമതലയുള്ള നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന ഒരു മേയര്‍ എന്ന ആവശ്യമാണ് കൗണ്ടി മുന്നോട്ട് വെക്കുന്നത്. നിലവില്‍ യോര്‍ക്ക്‌ഷെയര്‍ കൗണ്ടിയുടെ വരുമാനം 110 ബില്യണ്‍ യൂറോയാണെന്നും വരുന്ന മുപ്പത് വര്‍ഷത്തിനുള്ളില്‍ അത് 200 ബില്യണ്‍ യൂറോയായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും സ്വയംഭരണത്തിന് വേണ്ടി വാദിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.

പാര്‍ട്ടി ഭേദമന്യേ ഈ ആവശ്യത്തിനായി മുന്നോട്ടുവരാന്‍ ജനങ്ങള്‍ തയ്യാറായതോടെ, യുകെയില്‍ ഇതുവരെ സംഭവിച്ചിട്ടുള്ളതില്‍ ഏറ്റവും ശക്തമായ സ്വയംഭരണ അവകാശവാദമാണ് യോര്‍ക്ക്‌ഷെയര്‍ ഉന്നയിക്കുന്നത്. 2015 സെപ്തംബറില്‍, സ്വയംഭരണാവകാശവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കാന്‍ അന്നത്തെ ചാന്‍സിലര്‍ ജോര്‍ജ്ജ് ഓസ്‌ബോണ്‍ ആവശ്യപ്പെട്ടപ്പോള്‍, അഞ്ച് വിരുദ്ധ നിര്‍ദ്ദേശങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. മറ്റുള്ളവരെ യോര്‍ക്ക്‌ഷെയറിലെ ജനങ്ങള്‍ വെറുക്കുന്നവെന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കിലും ഇപ്പോഴാണ് അവര്‍ പരസ്പരം വെറുക്കുന്നു എന്ന് മനസിലായതെന്ന് അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ വിവാദപ്രസ്താവന പുറത്തുവന്നത് ഈ സാഹചര്യത്തിലായിരുന്നു. എന്നാല്‍ നിലവിലെ അന്തരീക്ഷത്തില്‍ സാഹചര്യങ്ങളില്‍ വലിയ മാറ്റമാണ് സംഭവിച്ചത്. 'താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള സഖ്യത്തില്‍' മൂന്ന് നഗരകൗണ്‍സിലുകള്‍ മാത്രമാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്. ഷെഫീല്‍ഡ്, റോത്തര്‍ഹാം, വാക്ഫീല്‍ഡ് എന്നിവയായിരുന്നു അവ. ഇതില്‍ ഷെഫീല്‍ഡ്, റോത്തര്‍ഹാം നഗരമേഖലകള്‍ ഷെഫീല്‍ഡ് നഗര മേഖല എന്ന സ്വയംഭരണ മേഖലയ്ക്ക് വേണ്ടി വാദിക്കുന്നവരാണ്. എന്നാല്‍ അടുത്ത മുപ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ 900 ദശലക്ഷം യൂറോയുടെ ധനസഹായം വേണ്ടിവരുമെന്നതിനാല്‍ തന്നെ ഈ ആവശ്യം സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു.

നിര്‍ണായക നിമിഷങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഒറ്റ യോര്‍ക്ക്‌ഷെയര്‍ വേണോ അതോ പ്രത്യേക ഷെഫീല്‍ഡ് മേഖലയില്‍ ചേരാനാണോ ഉദ്ദേശിക്കുന്നത് എന്നത് സംബന്ധിച്ച് ഡിസംബര്‍ 20ന് ഹിതപരിശോധന നടത്താന്‍ ബാണ്‍സ്ലേ, ഡോണ്‍കാസ്റ്റര്‍ കൗണ്‍സിലുകള്‍ തീരുമാനിച്ചിരിക്കുകയാണ്. ഹിതപരിശോധന ഫലങ്ങള്‍ നിയമപരമായ ബാധ്യതയാവില്ലെങ്കിലും അത് മാനിക്കപ്പെടുക തന്നെ ചെയ്യുമെന്നാണ് പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഷെഫീല്‍ഡ് പ്രാദേശിക ഉടമ്പടിക്കായി ശ്രമിക്കുന്ന തെക്കന്‍ യോര്‍ക്ക്‌ഷെയറിനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒറ്റ യോര്‍ക്ക്‌ഷെയര്‍ എന്ന വാദത്തോട് യോജിക്കാനാവില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ബാണ്‍സ്ലേയും ഡോണകാസ്റ്ററും ഒത്തുതീര്‍പ്പില്‍ എത്തിയാലും ഇല്ലെങ്കിലും ഷെഫീല്‍ഡ് മേഖലയ്ക്കായി വരുന്ന മേയില്‍ നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാനാണ് നില്‍വില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു ബില്യണ്‍ യൂറോയുടെ ഉടമ്പടി ഇതിനകം ഉണ്ടാക്കുകയും അത് ഭാഗീകമായി പാര്‍ലമെന്റ് അംഗീകരിക്കുകയും ചെയ്തതാണെന്നും അതിനാല്‍ തന്നെ അതില്‍ നിന്നും പിന്നോക്കം പോകാന്‍ സര്‍ക്കാരിന് സാധിക്കില്ല എന്നുമാണ് സാമൂഹിക, തദ്ദേശസ്വയംഭരണ വകുപ്പ് വിശദീകരിക്കുന്നത്.

എന്നാല്‍ ഒറ്റ യോര്‍ക്ക്്‌ഷെയര്‍ എന്ന ആശയത്തോട് വാണിജ്യ സംഘടനകള്‍ക്ക് യോജിപ്പില്ല. അതിര്‍ത്തികളിലും ഭൂമിശാസ്ത്രത്തിലും രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ് താല്‍പര്യമെന്നാണ് നോര്‍ത്തേണ്‍ പവര്‍ഹൗസ് പങ്കാളിത്തത്തിന്റെ ഡയറക്ടറായ ഹെന്‍ട്രി മുരിസണ്‍ പറയുന്നത്. അധികാരത്തെ കുറിച്ചും മേയറും പുതിയ സ്ഥാപനവും എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതിനെ കുറിച്ചും വാണീജ്യ സമൂഹത്തിന് ആശങ്കകള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍, തങ്ങള്‍ക്ക് പൂര്‍ണനിയന്ത്രണം ലഭ്യമായേക്കില്ല എന്ന ആശങ്കയാണ് ഒറ്റ യോര്‍ക്ക്‌ഷെയര്‍ എന്ന ആശയത്തെ പിന്തുണയ്ക്കാന്‍ രാഷ്ട്രീയക്കാരും അവരുടെ പാര്‍ട്ടികളും വിസമ്മതിക്കുന്നതിന്റെ അടിസ്ഥാനകാരണമെന്നാണ് കേഗ്ലെയില്‍ നിന്നുള്ള എംപി ജോണ്‍ ഗ്രോഗന്‍ ചൂണ്ടിക്കാണിക്കുന്നു. യോര്‍ക്ക്‌ഷെയര്‍ ഒരു പാര്‍ലമെന്റ് സീറ്റായി മാറുകയാണെങ്കില്‍ തെക്കന്‍ യോര്‍ക്ക്‌ഷെയര്‍ ലേബര്‍ പാര്‍ട്ടിയോടൊപ്പവും വടക്കന്‍ യോര്‍ക്ക്‌ഷെയര്‍ ടോറികളെ പിന്തുണയ്ക്കുകയും ചെയ്യും എന്ന ആശങ്ക ഇരുപക്ഷത്തെയും അലട്ടുന്നുണ്ട്.
ഒറ്റ യോര്‍ക്ക്‌ഷെയറിലെ മേയര്‍ക്ക് ലഭ്യമായേക്കാവുന്ന അധികാരങ്ങളെ കുറിച്ചുള്ള ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. യോര്‍ക്ക്‌ഷെയറിന് സ്വയംഭരണാവകാശം ലഭ്യമാകുന്നപക്ഷം, ലണ്ടന്‍ മേയര്‍ കഴിഞ്ഞാല്‍ രാജ്യത്തിലെ ഏറ്റവും അധികാരമുള്ള മേയറായി യോര്‍ക്ക്‌ഷെയര്‍ മേയര്‍ മാറുമെന്ന ആശങ്ക വ്യാപകമാണ്. യോര്‍ക്ക്‌ഷെയറിന്റെ സ്വയംഭരണ വാദങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഹിതപരിശോധനയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് ബാണ്‍സ്ലേ സെന്‍ട്രലില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ഡാന്‍ ജാര്‍വിസ് ചൂണ്ടിക്കാണിക്കുന്നു. ബ്രക്‌സിറ്റ് സംഭവിച്ചതിന് ശേഷം ബ്രിട്ടണിലെ മറ്റ് ഭാഗങ്ങളുമായി മത്സരിക്കുന്നതിനും സഹകരിക്കുന്നതിനും ഒറ്റ യോര്‍ക്ക്‌ഷെയര്‍ എന്ന ആശയമായിരിക്കും അഭികാമ്യമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

എന്നാല്‍ ഒറ്റ യോര്‍ക്ക്‌ഷെയര്‍ എന്ന ആശയവുമായി മുന്നോട്ട് വരുന്ന കൗണ്‍സില്‍ നേതാക്കളെ കാണാനും ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ തയ്യാറാവാതിരിക്കുന്നത് വിചിത്രമാണ് എന്നാണ് ഗ്രോഗന്‍ വാദിക്കുന്നത്. കറ്റാലോണിയയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. ലീഡ്‌സിലോ അല്ലെങ്കില്‍ ബ്രാഡ്‌ഫോഡിലെ ഇന്ന് രാത്രി ജനങ്ങള്‍ തെരുവിലിറങ്ങിയേക്കില്ലെങ്കിലും സ്വന്തം സ്ഥലത്ത് കൂടുതല്‍ അധികാരങ്ങള്‍ക്ക് യോര്‍ക്ക്‌ഷെയറിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറയുന്നു. അതൊരു വിപ്ലവകരമായ വികാരമല്ലെന്നും ലണ്ടന് കുറച്ച് അധികാരം കൂടുതലും സ്‌കോട്ട്‌ലന്റിന് അതിനേക്കാളും അധികാരവും ലഭ്യമാകുമ്പോള്‍, തങ്ങള്‍ക്ക് എന്തുകൊണ്ട് അത് ലഭ്യമാകുന്നില്ല എന്ന യോര്‍ക്ക്‌ഷെയറുകാരുടെ ചോദ്യത്തില്‍ ന്യായമായ ഒരു പ്രായോഗികത ഉണ്ടെന്നും അദ്ദേഹം സ്ഥാപിക്കുന്നു. കേന്ദ്രീകൃത അധികാരത്തിന്റെ ഇടനാഴികളില്‍ നിന്നും മാറി നില്‍ക്കാനുള്ള ഒരു പ്രദേശത്തിന്റെ ത്വരയാണ് ഇത്തരം ആവശ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് സ്റ്റുവര്‍ട്ട് ആര്‍നോള്‍ഡ് പറയുന്നു. ബ്രസല്‍സ് പരിഹരിക്കപ്പെട്ടു, ഇനി നമുക്ക് ലണ്ടന്‍ പരിഹരിക്കപ്പെടണം എന്ന് ബ്രക്‌സിറ്റിന് ശേഷം ജനങ്ങള്‍ പലതവണ പ്രതികരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

Related Stories