TopTop

യുഎസ് ഉപരോധം: സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട ക്യൂബയിൽ അവശ്യവസ്തുക്കൾക്ക് റേഷൻ സംവിധാനം

യുഎസ് ഉപരോധം: സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട ക്യൂബയിൽ അവശ്യവസ്തുക്കൾക്ക് റേഷൻ സംവിധാനം
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ക്യൂബയില്‍ റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി. ചിക്കൻ, മുട്ട, അരി, ബീൻസ്, സോപ്പ് തുടങ്ങി എല്ലാ അടിസ്ഥാന വസ്തുക്കളും റേഷന്‍കടകളിലൂടെ വിതരണം ചെയ്തുതുടങ്ങി. ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനായി വിവിധ തരത്തിലുള്ള റേഷൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വരികയാണെന്ന് വാണിജ്യകാര്യ മന്ത്രി ബെറ്റ്സി ഡിയാസ് വെലാസ്കസ് പറഞ്ഞു. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ വാണിജ്യ വിലക്കുകളാണ് ക്യൂബയില്‍ സ്ഥിതിഗതികള്‍ വഷളാക്കിക്കൊണ്ടിരിക്കുന്നത് എന്ന് അവര്‍ ആരോപിച്ചു.

വെനസ്വേലയില്‍ നിന്നുള്ള സാമ്പത്തിക സഹായങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നതും ക്യൂബയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാക്കിയിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വെനസ്വേലയില്‍ എണ്ണക്കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലായതോടെ ക്യൂബക്ക് സബ്സിഡിയോടുകൂടി ലഭിച്ചുകൊണ്ടിരുന്ന ഇന്ധനത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗവും നിര്‍ത്തലാക്കി. ഇതോടെ കൂടുതല്‍ വിലകൊടുത്ത് ഇന്ധനം വാങ്ങേണ്ട സ്ഥിതിയായി. അത് പണപ്പെരുപ്പത്തിനും ഓപ്പണ്‍ മാര്‍ക്കറ്റിലേക്കുള്ള പണമൊഴുക്ക് കുറയുന്നതിനും കാരണമായി. അതാണ്‌ ക്യൂബയില്‍ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. ‘കുറഞ്ഞത് പാചക എണ്ണയെങ്കിലും മതിയായ രീതിയില്‍ വിതരണം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും, എല്ലാവരും ശാന്തരാകണമെന്നും’ വാണിജ്യകാര്യ മന്ത്രി ആഹ്വാനം ചെയ്തു.

ഏറ്റവും വലിയ കരീബിയൻ ദ്വീപായ ക്യൂബയിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം അടിസ്ഥാന വസ്തുക്കളുടെ ക്ഷാമംമൂലം ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുകയാണ്. മുട്ട, മാവ്, ചിക്കൻ തുടങ്ങിയ അവശ്യ വസ്തുക്കള്‍ വരുമ്പോള്‍ മണിക്കൂറുകളോളം ക്യൂവിൽ നിന്നാണ് ആളുകള്‍ അവ വാങ്ങുന്നത്. ക്യൂ ചലഞ്ച് എന്ന ഹാഷ്ടാഗ് ക്യൂബയിലെ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 60% മുതൽ 70% വരെ അവശ്യ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ക്യൂബ. സമീപ കാലത്ത് കൊണ്ടുവന്ന കാർഷിക പരിഷ്കാരങ്ങൾ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. ഒരു ദശകത്തോളം പഴക്കമുള്ള അമേരിക്കൻ വ്യാപാര ഉപരോധമാണ് മറ്റൊരു വെല്ലുവിളി.

ക്യൂബയുടെ പ്രധാന കൂട്ടാളിയായ വെനസ്വേലയില്‍ ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായവും ഇടിഞ്ഞതോടെ ഇറക്കുമതിക്ക് പണം കണ്ടെത്താന്‍ ക്യൂബക്ക് മറ്റു മാര്‍ഗ്ഗങ്ങളില്ലാതായി. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതിനു ശേഷം അമേരിക്കൻ ഉപരോധങ്ങൾ കൂടിയതും ദുരിതം കൂടുതൽ വഷളാക്കിയിട്ടുണ്ട്. പ്രതിസന്ധി ഇതിലും രൂക്ഷമായേക്കാം എന്ന ഊഹാത്തിന്‍റെ അടിസ്ഥാനത്തില്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമാണ്. അതുകൊണ്ട് കോഴിയിറച്ചി, സോപ്പ് തുടങ്ങിയ ചില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ചില നിയന്ത്രണങ്ങളുണ്ട്. മുട്ട, അരി, ബീൻസ്, സോസുകള്‍ തുടങ്ങിയ ഉൽപ്പന്നങ്ങൾ റേഷൻ കാർഡ് ഉപയോഗിച്ച് മാത്രമേ വാങ്ങാൻ സാധിക്കൂ. ഓരോ മാസവും ഒരു നിശ്ചിത അളവിൽ മാത്രമേ ഉത്പന്നങ്ങള്‍ ലഭിക്കുകയുമൊള്ളൂ.

Next Story

Related Stories