TopTop
Begin typing your search above and press return to search.

ഇത്തവണയും ഇന്ത്യ തന്നെ ജയിച്ചു

ഇത്തവണയും ഇന്ത്യ തന്നെ ജയിച്ചു

അഴിമുഖം പ്രതിനിധി

ഇത്തവണയും കരുതിവച്ചിരുന്ന പടക്കം പൊട്ടിക്കാനുള്ള ഭാഗ്യം പാകിസ്താനില്ല. ലോകകപ്പില്‍ വീണ്ടും അവര്‍ ഇന്ത്യക്ക് മുന്നില്‍ പരാജയം സമ്മതിച്ചു. ലോകകപ്പില്‍ പാകിസ്താനെതിരെ ടീം ഇന്ത്യക്ക് തുടര്‍ച്ചയായ ആറാമത്തെ വിജയം.

76 റണ്‍സിനാണ് ഇന്ത്യ പാകിസ്താനെ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ ഇന്ത്യ 7 ന് 300, പാകിസ്താന്‍ 224. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷാമി 4 വിക്കറ്റുകള്‍ വീഴ്ത്തി. 76 റണ്‍സ് നേടിയ മിസ്ബ ഉള്‍ ഹഖാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദ് മാച്ച്.

അഡ്‌ലെയ്ഡിലെ പിച്ച് ബാറ്റ്‌സ്മാന്‍മാരോടാണ് ചങ്ങാത്തം കൂടുന്നതെന്നതിനാല്‍ ഇന്ത്യ ഉയര്‍ത്തിയ 300 റണ്‍സ് പാകിസ്താനെ സംബന്ധിച്ച് ബാലികേറാ മലയൊന്നും ആയിരുന്നില്ല. ഇന്ത്യക്കുള്ളതുപോലെ തന്നെ ലോകോത്തര നിലവാരമുള്ള ബാറ്റ്‌സ്മാന്‍മാര്‍ പാക് നിരയിലുമുണ്ടായിരുന്നു. എന്നാല്‍ ജയിച്ചേ മതിയാകൂ എന്ന നിലയ്ക്ക് ഇന്ത്യ കളിച്ചപ്പോള്‍ ചരിത്രം തിരുത്താനാവാതെ ഒരിക്കല്‍ കൂടി കളം വിടേണ്ടി വന്നു പാക് ടീമിന്.

തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിക്കാനായിരുന്നു പാകിസ്താന്റെ തീരുമാനമെന്ന് സൂചിപ്പിക്കുന്നതായിരുന്നു അവരുടെ ഓപ്പണ്‍ണര്‍മാരുടെ ശ്രമങ്ങളില്‍ നിന്നു മനസ്സിലായത്. ഇന്ത്യക്കെതിരെ നല്ല ബാറ്റിംഗ് റെക്കോര്‍ഡുള്ള യൂനിസ് ഖാനും യുവതാരം അഹമ്മദ് ഷെഹസാദിനും അടിച്ചു കളിക്കാന്‍ തന്നെയായിരുന്നു നിന്നത്. എന്നാല്‍ യൂനിസ് ഖാന്‍ എന്ന അപകടത്തെ നിലയുറപ്പിക്കും മുന്നേ മടക്കിയയച്ച് മുഹമ്മദ് ഷാമി ഇന്ത്യക്ക് ആശ്വാസം നല്‍കി. എന്നാല്‍ ഷെഹസാദ് പൊരുതാന്‍ തന്നെയുറച്ചായിരുന്നു. യൂനിസ് ഖാനു പിന്നാലെ എത്തിയ ഹാരിസ് സൊഹൈല്‍ ഷെഹസാദുമായി കൂട്ടുചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടുവരികെ അശ്വിന്റെ സ്പിന്‍ തന്ത്രത്തില്‍ വീണു. റെയ്‌നയ്ക്ക് ക്യാച്ച് നല്‍കി സൊഹൈല്‍ മടങ്ങി. പകരം എത്തിയത് പാക് ക്യാപ്റ്റന്‍ മിസ്ബ. ഇതിനിടയില്‍ അര്‍ദ്ധ സെഞ്ച്വറിയിലേക്ക് അടുത്ത ഷെഹസാദ് കൂടുതല്‍ അപകടകാരിയാകുന്ന ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ ഉമേഷ് യാദവ് രക്ഷയ്‌ക്കെത്തി. ഷെഹസാദിന്റെ ബാറ്റില്‍ തട്ടിയ പന്ത് സുരക്ഷിതമായി ധോണിയുടെ കയ്യില്‍. പിന്നാലെ വന്ന ഷൊയ്ബ് മക്‌സൂദിനും ഉമര്‍ അക്മലിനും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. രണ്ടുപേരും പൂജ്യത്തിന് പുറത്തായി. ഉമേഷ് യാദവിനും ജഡേജയ്ക്കുമായിരുന്നു യഥാക്രമം ഇരുവരുടെയും വിക്കറ്റുകള്‍. മിസ്ബയുടെ കൂടെ അഫ്രീദി ചേര്‍ന്നതോടെ ഇന്ത്യന്‍ ആരാധകര്‍ ചില പേടി സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി. രണ്ടുപേരും ഇന്ത്യക്കെതിരെ കളിക്കുമ്പോഴൊക്കെ കൂടുതല്‍ അപകടകാരികളാകുന്നവര്‍. എന്നാല്‍ ആ ഭയം ഇല്ലാതാക്കാന്‍ ഷാമി വീണ്ടുമെത്തി. 22 പന്തില്‍ 22 റണ്‍സ് എടുത്തു നിന്നിരുന്ന അഫ്രീദിയുടെ ആവേശം മുതലാക്കാന്‍ തന്നെ ഉറപ്പിച്ച് ഷാമിയെറിഞ്ഞ ഫുള്‍ടോസ് ഉയര്‍ത്തിയടിക്കാന്‍ നോക്കിയ പാക് ബാറ്റ്‌സ്മാന്റെ കണക്കു കൂട്ടലുകള്‍ തെറ്റി. കോഹ്‌ലിയുടെ കൈകളില്‍ പറന്നിറങ്ങാനായിരുന്നു വിധി.കൂടെയുള്ളവരൊക്കെ വീണുമടങ്ങുമ്പോഴും തോറ്റുകൊടുക്കാന്‍ മനസില്ലാത്തവന്റെ പോരാട്ടമായിരുന്നു മിസ്ബ ഉള്‍ ഹഖ് നടത്തിയത്. ഒരു ഘട്ടത്തിലും പ്രതിരോധത്തിലേക്ക് വലിയാതെ ഇന്ത്യന്‍ ബൗളര്‍മാരെ തല്ലി തന്നെ മിസ്ബ മുന്നേറി. രവീന്ദ്ര ജഡേജയാണ് മിസ്ബയുടെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞത്. ജഡേജയുടെ അവസാന ഓവറില്‍ തുടരെ മൂന്നു ബൗണ്ടറികളാണ് മിസ്ബ അടിച്ചെടുത്തത്. ഒടുവില്‍ ഷാമി തന്നെ ആ പേടിയും ഒഴിവാക്കി. ജയത്തിലേക്ക് ഏറെ ദൂരമുണ്ടെന്ന് മനസ്സിലാക്കി എല്ലാ ബോളും അടിച്ചു പറത്താന്‍ നോക്കിയ മിസബയെ ഷാമി ഭദ്രമായി രഹാനെയുടെ കൈകകളിലെത്തിച്ചു. 84 പന്തുകളില്‍ 9 ഫോറും ഒരു സിക്‌സുമടക്കം 76 റണ്‍സാണ് മിസ്ബ നേടിയത്. വന്‍മരം വീണതോടെ ബാക്കിയെല്ലാം വെറും ചടങ്ങായി.

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ കറുത്ത ദിനങ്ങളുടെ നാണക്കേട് മുഴുവന്‍ മായ്ക്കാന്‍ ഈയൊരൊറ്റ ജയം കൊണ്ടു തന്നെ ടീം ഇന്ത്യക്ക് സാധിക്കും. ജയത്തോടെ തുടങ്ങി എന്നതുമാത്രമല്ല, ടീം ഫോം വീണ്ടെടുത്തതും പ്രധാനമാണ്. മധ്യനിര തകര്‍ന്നെങ്കിലും അത് അവസാന ഓവറുകളില്‍ റണ്‍സ് അടിച്ചുകൂട്ടാനുള്ളശ്രമിത്തിലാണെന്നു സമാധാനിക്കാം. അതേസമയം ധവാന്റെയും കോഹ് ലിയുടെയും റെയ്‌നയുടെയും മടങ്ങിവരവ് ടീമിന് പകരുന്ന ഊര്‍ജ്ജവും ചെറുതല്ല. ഈ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറി നേടി രോഹിത് ശര്‍മ്മ താന്‍ ഫോമിലാണെന്നു തെളിയിച്ചിരുന്നു. മൂന്നുറ് റണ്‍സ് ഉണ്ടെന്ന വിശ്വാസത്തിലായിരുന്നെങ്കിലും പറഞ്ഞിരുന്നപോലെ അത്രകണ്ട് മോശമൊന്നുമല്ലയിരുന്നു ഇന്ത്യന്‍ ബോളര്‍മാരും. ശക്തരായ പാക് ബാറ്റ്‌സ്മാരെ വരിഞ്ഞുകെട്ടാനും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താനും അവര്‍ക്ക് കഴിഞ്ഞതു വിജയത്തില്‍ നിര്‍ണായകമായി. ഒമ്പത് ഓവറില്‍ 35 റണ്‍സ് വഴങ്ങി നാലു വിക്കറ് വീഴ്ത്തിയ ഷാമി തന്നെയാണ് കൂട്ടത്തില്‍ മുമ്പന്‍. ഉമേഷ് യാദവും മോഹിത് ശര്‍മയും രണ്ടുവിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ബാക്കിയുള്ള വിക്കറ്റുകള്‍ അശ്വിനും ജഡേജയും പങ്കിട്ടു. അശ്വിന് ഒരു വിക്കറ്റെ കിട്ടിയുള്ളുവെങ്കിലും മൂന്നു മെയ്ഡന്‍ ഓവറുകളാണ് ഇന്ത്യന്‍ സ്പിന്നര്‍ ഇന്നെറിഞ്ഞത്. ഒപ്പം ഫീല്‍ഡര്‍മാരുടെ പ്രകടനവും നിലവാരം പുലര്‍ത്തിയിരുന്നു. വരുന്ന മത്സരങ്ങളില്‍ ഈ വിജയത്തില്‍ നിന്നുമുണ്ടായ ഊര്‍ജ്ജവുമായി ഇറങ്ങാന്‍ കഴിയുമെന്നതു തന്നെയാണ് ടീം ഇന്ത്യയെ സംബന്ധിച്ച് പ്രധാനനേട്ടം.

Next Story

Related Stories