TopTop
Begin typing your search above and press return to search.

ലോകകപ്പ്: ഇനി വമ്പന്‍മാര്‍ക്ക് എളുപ്പമാകില്ല കാര്യങ്ങള്‍- വിക്ടര്‍ മഞ്ഞില എഴുതുന്നു

ലോകകപ്പ്: ഇനി വമ്പന്‍മാര്‍ക്ക് എളുപ്പമാകില്ല കാര്യങ്ങള്‍- വിക്ടര്‍ മഞ്ഞില എഴുതുന്നു

വിക്ടര്‍ മഞ്ഞില

ഇത്തവണത്തെ ലോകകപ്പില്‍ എല്ലാ ഗ്രൂപ്പിലെയും എല്ലാ ടീമുകളുടെയും ഓരോ മത്സരങ്ങള്‍ വീതം കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ചതിലും വ്യത്യസ്ഥമായ പ്രകടനങ്ങളാണ് കാണാന്‍ കഴിഞ്ഞത്. അതില്‍ എടുത്തു പറയേണ്ടത് സ്പെയിന്‍, പോര്‍ച്ചുഗല്‍, ഉറുഗ്വെ എന്നീ ടീമുകളുടെ പരാജയമാണ്. എന്നാല്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന വാശിയേറിയ മത്സരങ്ങളും കാണാനായി. അതില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് ലോകകപ്പ് നേടലാണ് തങ്ങളുടെ ലക്ഷ്യം എന്നു വിളിച്ചറിയിക്കുന്ന ഹോളണ്ടിന്‍റെ കളിയായിരുന്നു.

ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആതിഥേയരായ ബ്രസീല്‍ ജയിച്ചെങ്കിലും ടീമെന്ന നിലയില്‍ അവര്‍ക്ക് സന്തോഷം പകരുന്നതായിരുന്നില്ല ആ മത്സരം. ഒരു ടീമെന്ന നിലയില്‍ ആദ്യ മത്സരത്തില്‍ നന്നായി കളിക്കാന്‍ കഴിഞ്ഞില്ല എന്നു തന്നെയാണ് അവര്‍ വിലയിരുത്തിയിട്ടുണ്ടാകുക. ഫ്രെഡിനെ മുന്നേറ്റ നിരയില്‍ നിര്‍ത്തി കളിപ്പിച്ചെങ്കിലും സ്ട്രൈക്കര്‍ എന്ന നിലയില്‍ അയാള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. വിവാദത്തിന് കാരണമായ പെനാല്‍ട്ടിക്ക് കളമൊരുക്കി എന്നതാണ് ആദ്യ മത്സരത്തിലെ അദ്ദേഹത്തിന്റെ നേട്ടം. ആദ്യ മത്സരത്തില്‍ ബ്രസീലിന്‍റെതായ വേഗത, ഒഴുക്ക്, താളം ഒന്നും തന്നെ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. വലിയ തിളക്കമില്ലാത്തവയാണ് നേടിയ മൂന്ന് ഗോളുകളും. പെനാല്‍റ്റി ഒഴിച്ചുള്ള രണ്ടു ഗോളുകളും ആസൂത്രിതമായ തന്ത്രപരമായ നീക്കത്തിലൂടെ നേടിയതല്ല. രണ്ടു കളിക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കിട്ടുന്ന ലൂസ് ബോള്‍ ഓസ്കര്‍ നെയ്മറിന് കൊടുക്കുന്നു. അതില്‍ നിന്നു നേടിയ ഗോള്‍ വളരെ മികച്ചതായിരുന്നു എന്നത് ശരി തന്നെ. ഓസ്കര്‍ നേടിയ ഗോളും സമാന സ്വഭാവത്തിലുള്ളതായിരുന്നു. നിര്‍ണ്ണായക സമയങ്ങളില്‍ പ്രതിരോധം പതറുന്നത് കാണാമായിരുന്നു. മധ്യ നിരയിലെ സ്ഥിതിയും വ്യത്യസ്തമല്ല. പൌലിനോ, ഹള്‍ക് എന്നിവര്‍ നിലവാരത്തിലെത്തിയില്ല. ഒരു പക്ഷേ സ്വന്തം തട്ടകത്തില്‍ സ്വന്തം കാണികളുടെ മുന്നില്‍ കളിക്കുന്നതിന്‍റെ സമ്മര്‍ദം ബ്രസീലിനെ സ്വാധീനിച്ചിട്ടുണ്ടാകാം. അത് മറികടന്ന് കളിച്ചത് നെയ്മറും ഓസ്കാറും മാത്രം. എന്തായാലും ഈ മത്സരം വെച്ചു നോക്കിയാല്‍ ബ്രസീലിന്‍റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം അത്ര എളുപ്പമാകില്ല എന്ന് തന്നെ പറയേണ്ടി വരും.ഗ്രൂപ് ബിയില്‍ സ്പെയിനും ഹോളണ്ടും തമ്മിലുള്ള മത്സരം ഞെട്ടലുണ്ടാക്കിയ ഒന്നായിരുന്നു. ഹോളണ്ട് ഒരു ശക്തമായ ടീമായതുകൊണ്ട് തന്നെ ഒരു നല്ല മത്സരം പ്രതീക്ഷിച്ചത് സ്വഭാവികം. മെസിയൊഴികെ ഒട്ടുമിക്ക കളിക്കാരും ഒരേ ക്ലബില്‍ കളിക്കുന്ന ടിം ഒരു കളിക്കാരന്‍റെ അഭാവത്തില്‍ ഇങ്ങനെ തകരാമോ? ടികി ടാക്ക യുടെ കാലം കഴിഞ്ഞു എന്നു പറയാന്‍ ആവില്ല. ആദ്യ പകുതിയില്‍ അത് അവര്‍ ശരിക്കും പ്രയോഗിച്ച് കാണിച്ചതാണ്. ബോള്‍ കൂടുതല്‍ സമയം കയ്യില്‍ വെയ്ക്കാനും ഗോള്‍ നേടാനും അവര്‍ക്ക് സാധിച്ചിരുന്നു. മത്സരത്തിന്റെ ഗതി മാറ്റി മറിച്ചത് വാന്‍ പെഴ്സിയുടെ മനോഹരമായ ഗോളാണ്. ഒരു ഗോള്‍ വഴങ്ങിയാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഗോളിക്കാണ് എന്നു ഗോളിയായ എനിക്കു പറയാന്‍ കഴിയില്ല. ആദ്യത്തെ ഗോള്‍ തന്നെ നോക്കുക. ത്രോ ലൈനില്‍ വന്ന ക്രോസ് ഹെഡ് ചെയതാണ് വാന്‍പെഴ്സി ഗോളാക്കിയത്. അങ്ങനെ ഒരു ക്രോസ് കാസിയ്യാസ് പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടാണ് ഗോള്‍ ഏരിയയുടെ ടോപ്പില്‍ അദ്ദേഹം സ്ഥാനം പിടിച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് ബോള്‍ പിടിക്കാനോ തട്ടിയകറ്റാനോ അദ്ദേഹം ശ്രമിക്കാതിരുന്നത്? കാസിയ്യാസിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു ശ്രമം ഞാന്‍ കണ്ടില്ല. ഗോളി മുന്നേറി പന്തെടുക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ വാന്‍പെഴ്സിക്കു ഇങ്ങനെ ഒരു അവസരം കിട്ടുമായിരുന്നില്ല എന്നു എനിക്കു തോന്നുന്നു. ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ ഒരു ഗോളായി ഇത് എഴുതപ്പെടുമെന്നത് തീര്‍ച്ചയാണ്. ഇവിടെ പ്രതിരോധ നിരയുടെ പരാജയം ഞാന്‍ മറക്കുന്നില്ല.

മൂന്നാമത്തെയും നാലാമത്തെയും ഗോളുകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്തം ഗോളിക്ക് തന്നെയാണ്. ഗോളിയുടെ വലതു ഭാഗത്ത് നിന്നു വരുന്ന ഒരു കിക്ക്, വായുവിലൂടെ വന്ന്, ഇറങ്ങുന്നത് സ്പെയിനിന്‍റെ ഗോള്‍ എരിയയിലാണ്. ഇതില്‍ നിന്നാണ് മൂന്നാമത്തെ ഗോള്‍ ജനിക്കുന്നത്. ഒരു ഗോളിയെ സംബന്ധിച്ചിടത്തോളം അയാളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ഗോള്‍ ഏരിയ. കാസില്ലയെ പോലെ ഉയരത്തില്‍ ചാടാന്‍ അറിയുന്ന ഒരു ഗോളിക്ക് നിഷ്പ്രയാസം പിടിച്ചെടുക്കാവുന്നതെയുള്ളൂ. എന്തു പറ്റി എന്നറിയില്ല, ചാടിയ ടൈമിംഗ് തെറ്റിപ്പോയി. ഒരു ഗോള്‍ കൂടി ആയതോടെ കാസില്ല മാനസികമായി തളരുകയായിരുന്നു. ആ തളര്‍ച്ചയുടെ സന്താനമാണ് നാലാമത്തെ ഗോള്‍. എന്തുകൊണ്ട് പരിചയ സമ്പന്നനായ സ്വന്തം ഗോളിയുടെ മാനസികാവസ്ഥ കോച്ച് മനസിലാക്കിയില്ല? മൂന്നു ഗോള്‍ ആയ സമയത്ത് തന്നെ കോച്ച് സമയോചിതമായി തീരുമാനമെടുത്ത് ഗോള്‍കീപ്പറെ മാറ്റിയിരുന്നെങ്കില്‍ എനിക്കു തോന്നുന്നത് നാലാമത്തെ ഗോളും അഞ്ചാമത്തെ ഗോളും ഒഴിവാക്കപ്പെടുമായിരുന്നു എന്നാണ്. ഗോളിയെ മാറ്റിയിരുന്നെങ്കില്‍ അവരുടെ പ്രതിരോധ നിരക്ക് നഷ്ടപ്പെട്ട ആത്മവീര്യം തിരിച്ചു കിട്ടുമായിരുന്നു. കൂടുതല്‍ ശക്തിയോടെ പൊരുതാനുള്ള ആര്‍ജവം അവര്‍ക്ക് ലഭിക്കുമായിരുന്നു.ഗ്രൂപ്പ് ഡിയില്‍ ഉറുഗ്വേക്കെതിരെയുള്ള കോസ്റ്റാറിക്കയുടെ വിജയം വളരെ അപ്രതീക്ഷിതമായിരുന്നു. സുവാറസിന്റെ അഭാവത്തിലും ഉറുഗ്വെ നല്ല പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇംഗ്ലണ്ടും ഇറ്റലിയും തമ്മിലുള്ള മത്സരം വളരെ നല്ല മത്സരമായിരുന്നു. മധ്യ ഭാഗത്ത് കളിച്ചുകൊണ്ടിരുന്ന റൂണിയെ ഇടതു വിംഗില്‍ കളിപ്പിച്ചത് കാരണം പതിവ് ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല എന്നു വേണം കരുതാന്‍. ഇറ്റലിയെ സംബന്ധിച്ചു പറയുകയാണെങ്കില്‍ വരുടെ പരിചയ സമ്പന്നനായ കളിക്കാരന്‍ പിര്‍ലോയുടെ സൂപ്പര്‍ ഇന്‍സ്പിരേഷന്‍ ആ ടീമിന് വലിയ മുതല്‍ക്കൂട്ടായി. മധ്യ നിരയെ നിയന്ത്രിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ നിര്‍ണ്ണായകമായിരുന്നു. ഈ രണ്ടു ടീമുകളില്‍ ബ്രസീലിലെ കലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞത് ഇറ്റലിക്കാണെന്ന് തോന്നുന്നു. കാരണം ഇംഗ്ലണ്ടിന്‍റെ പല കളിക്കാര്‍ക്കും ഹാംസ്ട്രിങ് സ്ട്രെയിന്‍ കാരണം കളിക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അത് ഇവര്‍ക്ക് മാത്രമല്ല യു എസിന്‍റെ കളിക്കാര്‍ക്കും ബെല്‍ജിയത്തിന്റെ രണ്ടു കളിക്കാര്‍ക്ക് ഒക്കെ ഈ പ്രശ്നം പറ്റിയിരുന്നു.

ഗ്രൂപ്പ് ഇയില്‍ ഫ്രാന്‍സും സ്വിറ്റ്സര്‍ലാന്‍റും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചത്. തങ്ങള്‍ തന്നെയാണ് ഈ ഗ്രൂപ്പില്‍ നിന്ന് അടുത്ത റൌണ്ടിലേക്ക് കടക്കാന്‍ സാധ്യതയുള്ള ടീം എന്നു ഇവര്‍ തെളിയിച്ചു. ആദ്യമായി ലോകകപ്പില്‍ മത്സരിക്കുന്ന ബോസ്നിയ അര്‍ജന്‍റീനയ്ക്കെതിരെ നല്ല പ്രകടനം കാഴ്ചവെച്ചു എന്നത് ശ്രദ്ധേയമാണ് . അര്‍ജന്‍റീനയ്ക്ക് തങ്ങളുടെ യഥാര്‍ത്ഥ നിലവാരത്തിലേക്ക് എത്തി എന്നു അവകാശപ്പെടാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എന്നാലും മെസി സ്വതസിദ്ധമായ കളി കാഴ്ചവെച്ചു എന്നു തന്നെ പറയേണ്ടിവരും.ജര്‍മ്മനി-പോര്‍ച്ചുഗല്‍ മത്സരം മികച്ച മത്സരമായിരിക്കുമെന്നാണ് കരുതിയത്. നല്ല പ്രകടനം കാഴ്ച വെക്കുമെന് കരുതിയിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നിഴല്‍ മാത്രമാണ് അന്ന് കാണാന്‍ കഴിഞ്ഞത്. ടീമെന്ന നിലയില്‍ ശക്തമായ പിന്തുണ റോണാള്‍ഡോയ്ക്ക് നല്കാന്‍ അവരുടെ മധ്യ നിരയ്ക്ക് കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം. ഒരു കാഴ്ചക്കാരനെപ്പോലെ നടക്കുന്ന റൊണാള്‍ഡോയെയാണ് പലപ്പോഴും കണ്ടത്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ പരിക്കിനെ കുറിച്ചോര്‍ത്തുള്ള ഭയം കൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചത്. മികച്ച പ്രൊഫഷണല്‍ സമീപനമായിരുന്നു ജര്‍മ്മനിയുടേത്. ഒരു എടുത്ത ചാട്ടവുമില്ലാതെ വളരെ പതുക്കെ ശ്രദ്ധിച്ചുള്ള നീക്കങ്ങളിലൂടെയാണ് അവര്‍ മുന്നേറിയത്. അവസരം കിട്ടുമ്പോഴൊക്കെ കൌണ്ടര്‍ അറ്റാക്ക് ചെയ്തുകൊണ്ടുള്ള ശൈലിയായിരുന്നു ജര്‍മ്മനിയുടേത്. നിര്‍ഭാഗ്യമെന്നു പറയട്ടെ പെപെയുടെ തെറ്റായ തീരുമാനം പോര്‍ച്ചുഗലിന്റെ വിധിയെ തീരുമാനിക്കുന്നത് പോലെയായിപ്പോയി. ഒരു ശക്തമായ ടീമിനെതിരെ കളിക്കുമ്പോള്‍, കളി കഴിയാന്‍ 50 മിനുറ്റ് ബാക്കിയുള്ളപ്പോള്‍, ടീമിലെ ഒരു പ്രധാനപ്പെട്ട കളിക്കാരന്‍ പുറത്തു പോയി പത്തു പേരെ വച്ച് കളിക്കേണ്ടി വരിക എന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. അതിനുള്ള വില അവര്‍ക്ക് കൊടുക്കേണ്ടിയും വന്നു. നിരാശരായ ടീം പല സന്ദര്‍ഭങ്ങളിലും, റൊണാള്‍ഡോ അടക്കം, റഫറിയുടെ അടുത്ത് ആക്രോശിച്ചു ചെല്ലുന്നത് കാണാമായിരുന്നു.ബെല്‍ജിയം ഈ ടൂര്‍ണമെന്റിലെ കറുത്ത കുതിരകള്‍ ആയിരിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിച്ചിരുന്നു. അള്‍ജീറിയക്കെതിരെ നല്ല ബോള്‍ പൊസഷന്‍ ബെല്‍ജിയത്തിനുണ്ടായിരുന്ന സമയത്താണ് അവര്‍ ഗോള്‍ വഴങ്ങിയത്. ഗോള്‍ വീണതിന് ശേഷം ബെല്‍ജിയം നല്ല തിരിച്ചു വരവാണ് നടത്തിയത്. ഞങ്ങള്‍ തന്നെയാണ് ഗ്രൂപ്പിലെ ശക്തര്‍ എന്നു തെളിയിക്കുന്ന പ്രകടനമാണ് അവര്‍ കാഴ്ചവെച്ചത്. പൊതുവേ ഏഷ്യയില്‍ നിന്നുള്ള ടീമുകളുടെ പ്രകടനം വലിയ പ്രതീക്ഷ നല്കുന്നതായിരുന്നില്ല എന്നതാണ് എന്‍റെ വിലയിരുത്തല്‍.

ആദ്യത്തെ ഹാട്രിക്ക്, ഏറ്റവും വേഗത കൂടിയ ഗോള്‍, ഗോള്‍ ലൈന്‍ ടെക്നിക് ഉപയോഗിച്ചത് തുടങ്ങിയവയെല്ലാമാണ് ഇത്രയും മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ എടുത്തു പറയാവുന്ന പ്രത്യേകതകള്‍. മറ്റൊന്നു നേരത്തെ പറഞ്ഞ ഹാംസ്ട്രിങ് ഇഞ്ചുറിയാണ്. ആറോ ഏഴോ കളിക്കാര്‍ ഇത് കാരണം പുറത്തു പോകേണ്ടി വന്നിട്ടുണ്ട്. അടുത്ത ഗെയിമിലേക്ക് പോകാന്‍ കളിക്കാര്‍ക്ക് ഈ പരുക്ക് തടസമാകും എന്ന് തീര്‍ച്ചയാണ്. പ്രതീക്ഷിച്ച പോലെയുള്ള മത്സരങ്ങളായിരുന്നില്ല ആദ്യ റൌണ്ടില്‍ കണ്ടത്. നല്ല സൂചന നല്‍കുന്ന ടീമുകള്‍ ഹോളണ്ട്, ബെല്‍ജിയം, ജര്‍മ്മനി എന്നിവയാണ്.

(ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും 1993ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്‍റെ കൊച്ചുമായിരുന്നു വിക്ടര്‍ മഞ്ഞില. തൃശൂരില്‍ ജനിച്ച വിക്ടര്‍ മഞ്ഞില കോളേജ് പഠനകാലത്ത് കോഴിക്കോട് സര്‍വകലാശാലയ്ക്ക് വേണ്ടിയും പിന്നീട് കളമശേരി പ്രീമിയര്‍ ടയേര്‍സ് ടീമിന് വേണ്ടിയും കളിച്ചു. ആറ് തവണ കേരളത്തിന്‍റെ സന്തോഷ് ട്രോഫി ടീമില്‍ അംഗമായിരുന്ന വിക്ടര്‍ 1975ല്‍ കേരള ടീമിന്‍റെ ക്യാപ്റ്റനായിരുന്നു. 1973ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിലും മഞ്ഞില അംഗമായിരുന്നു.)


Next Story

Related Stories