TopTop
Begin typing your search above and press return to search.

നായകന്‍ നെയ്മര്‍ തന്നെ; വിപണി കളി തുടങ്ങിക്കഴിഞ്ഞു

നായകന്‍ നെയ്മര്‍ തന്നെ; വിപണി കളി തുടങ്ങിക്കഴിഞ്ഞു

ആഡം ബെയ്റ്റ്
(ഫോറിന്‍ പോളിസി)

വലിയ കളികളുടെ ചരിത്രമെഴുതുമ്പോള്‍ കളിക്കളത്തിലെ പ്രകടനം കൊണ്ട് ഒഴിവാക്കാനാകാത്തവിധം അതുമായി ബന്ധപ്പെട്ട വ്യക്തികളുണ്ടാകും. 1936-ലെ ഒളിമ്പിക്സ് എന്നു കേട്ടാല്‍ ജെസ്സി ഓവന്‍സ് നിറയുന്നു. പെലെയില്ലാത്ത 1970-ലെ ലോകകപ്പിനെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല.

അന്നൊക്കെ കളിക്കുശേഷമായിരുന്നു ഈ ബന്ധങ്ങള്‍ ആഘോഷിക്കപ്പെട്ടിരുന്നത്. എന്നാല്‍, വിപണിയുടെയും വാണിജ്യവത്ക്കരണത്തിന്റെയും മാറിയ രീതികളിപ്പോള്‍, കളിക്കാരെ മത്സരങ്ങള്‍ തുടങ്ങും മുമ്പുതന്നെ കളിയുടെ പ്രതീകമാക്കി മാറ്റുന്നു. ബീജിംഗില്‍ മൈക്കല്‍ ഫെല്‍പ്സ്, വാന്‍കൂവറില്‍ ലിന്‍ഡ്സെ വോണ്‍, ഇപ്പോള്‍ ബ്രസീലില്‍ നെയ്മര്‍.അത് വളരെ സ്വാഭാവികമായി തോന്നും. ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ആതിഥേയ രാജ്യത്തിന്റെ പ്രധാന താരവും, ബാഴ്സലോണ ഫോര്‍വേഡുമായ നെയ്മര്‍ ബ്രസീലിന്റെ പ്രതീക്ഷകളുടെ പ്രതീകം മാത്രമല്ല, അവരുടെ പ്രതീക്ഷകളുടെ ആള്‍രൂപവുമാണ്. 22-കാരനായ ഈ ബ്രസീലുകാരന്‍ ഒരു കായികപ്രതിഭ മാത്രമല്ല,ഒരു സാംസ്കാരിക, സാമ്പത്തിക ബിംബം കൂടിയാണ്.

“നെയ്മര്‍, പന്തുകളി മൈതാനത്തിന് അപ്പുറത്തേക്ക് പടര്‍ന്ന് കിടക്കുന്നു,’ ഫിഫയുടെ പെഡ്രോ ട്രെന്‍ഗ്രോസ് കഴിഞ്ഞ വര്‍ഷം സോക്കെറെക്സ് ആഗോള സമ്മേളനത്തില്‍ പറഞ്ഞു. ‘വാങ്ങല്‍ ശേഷി നോക്കിയാല്‍ ലോകത്തിലെ ഏറ്റവും വലിയ 6 സാമ്പത്തിക ശക്തികളില്‍ ഒന്നാണ് ബ്രസീല്‍. ഒരു പന്തുകളി രാഷ്ട്രമെന്നും വിളിക്കാം. ബ്രസീല്‍ സമ്പദ് വ്യവസ്ഥയുടെ ഈ നല്ല സമയത്തിന്റെ ഉത്പന്നമാണ് നെയ്മര്‍. നെയ്മറൊരു നല്ല കളിക്കാരനാണ്, പക്ഷേ നെയ്മര്‍ പ്രതിഭാസം അയാളുടെ പ്രതിഭയ്ക്ക് അപ്പുറത്തേക്കുള്ളതാണ്. അത് ബ്രസീല്‍ സമ്പദ് വ്യവസ്ഥയുടെ ആകെ പ്രതിഭാസമാണ്.”

ആത്മവിശ്വാസവും, വളര്‍ച്ചയില്‍ പക്വതയും കാണിക്കുന്ന നെയ്മര്‍ പുതിയ ബ്രസീലിന്റെ പ്രതീകമാണ്. ഒരു നിര്‍മ്മിച്ചെടുത്ത യാദൃശ്ചികതയെ ഇതിലെല്ലാം അവഗണിക്കാനും ബുദ്ധിമുട്ടാണ്. യൂറോപ്പിലെ പതിവ് പ്രതിഭാ ദാരിദ്ര്യത്തിനിടയിലാണ് സാവോപോളയിലെ അത്രയൊന്നും കത്തിനില്‍ക്കാത്ത സാന്‍റോസിന്റെ കളിക്കാരനായിവന്ന് നെയ്മര്‍ കളം പിടിച്ചെടുക്കുന്നത്. ഇനിയിപ്പോള്‍ നെയ്മര്‍ വന്നില്ലായിരുന്നെങ്കിലും ബ്രസീലിലെ പന്തുകളി-കച്ചവട കൂട്ടുകെട്ട് ഒരു നെയ്മറെ സൃഷ്ടിച്ചെടുക്കുമായിരുന്നു എന്നുവേണം കരുതാന്‍.“നെയ്മര്‍ ചെറിയ കുട്ടികളില്‍ പണ്ടുകാണാത്ത വിധം ഒരു അടുപ്പം സൃഷ്ടിച്ചെടുത്തു,” പരിചയസമ്പന്നനായ പത്രപ്രവര്‍ത്തകന്‍ മാര്‍സാലോ ദമാറ്റോ പറഞ്ഞു. ബ്രസീലിലെ യുവാക്കളുമായുള്ള ഈ അസാധാരണ ബന്ധം കച്ചവടത്തിന്റെ ഭാഷയില്‍ പണമായി രൂപം മാറുന്നു.

ഇപ്പോള്‍ത്തന്നെ അയാളെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത അമേരിക്കയിലടക്കം ലോകവ്യാപകമായി നെയ്മറുടെ മുഖം പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. പന്തുകളി ഉപകരണങ്ങള്‍ (അങ്ങനെയും ചിലതുണ്ടുപോലും) മുതല്‍ ഹെഡ്ഫോണ്‍ വരെ നെയ്മര്‍ പരസ്യത്തില്‍ വില്‍പ്പനക്ക് വെക്കുന്നു. ഫിഫയുടെ ബ്രസീലിലെ ഔദ്യോഗിക പങ്കാളികളിലൊരാളായ യുനിമെഡ്മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡെന്നീസ് ലിപോരാസി പറഞ്ഞത്,“അയാള്‍ തന്റെ ജഴ്സിയെ മറികടക്കുന്നു,” എന്നാണ്. “അയാള്‍ മുടിയുടെ ശൈലി മാറ്റുമ്പോള്‍ കുട്ടികള്‍ അയാളെ അനുകരിക്കാന്‍ ശ്രമിക്കുന്നു. അയാള്‍ ആരാധകര്‍ക്ക് മുന്നില്‍ എന്തിനെയാണ് പ്രതിനിധീകരിക്കുന്നത് എന്നതാണു വിപണിക്കും കച്ചവടത്തിനും പ്രധാനം.”

വിപണി നന്നായി പ്രതികരിച്ചു. എഫ് സി ബാഴ്സലോണയില്‍ കളിക്കാനായി യൂറോപ്പില്‍ എത്തിയപ്പോള്‍ മുതല്‍ ഡേവിഡ് ബെക്കാമിന്റെ മാനേജ്മെന്‍റ് സംഘത്തിന്റെ കയ്യില്‍ തന്റെ കളിജീവിതം ഏല്‍പ്പിച്ച താരത്തിന്റെ നല്ല നാളുകള്‍ തുടങ്ങിയിട്ടേ ഉള്ളൂ എന്നാണ് സൂചന. “വന്‍ സാധ്യതകളുള്ള ഏഷ്യയില്‍ നെയ്മരെ പരിചിതനാക്കലാണ് ഞങ്ങളുടെ പ്രാഥമിക ദൌത്യം,” കഴിഞ്ഞ വര്‍ഷം ബെക്കാമിന്റെ പ്രചാരകനായിരുന്ന സിമോണ്‍ ഒലീവീര പറയുന്നു.വിപണിയുടെ ചക്രങ്ങളുരുളുന്നതോടെ ശരിക്കുള്ള പന്തുകളിയെ മറക്കാന്‍ എളുപ്പമാണ്. നെയ്മര്‍ ഒരു കായിക ഇതിഹാസമായി വളര്‍ന്നില്ലെങ്കില്‍ ഇപ്പോള്‍ ഉണ്ടാക്കിയ പല വലിയ പരിപാടികളും നടക്കാതെ പോകും. അവിടെയാണ് ഈ പൂരം വരുന്നത്. വേദിയൊരുങ്ങി. കോടികള്‍ മുടക്കി. നായകനെ സൃഷ്ടിച്ചു കഴിഞ്ഞു. അതിന്റെ ആഖ്യാനങ്ങളും ഒഴുകാന്‍ തുടങ്ങി. നെയ്മര്‍ ആകെ ചെയ്യേണ്ടത് ഈ നിമിഷത്തെ ഉപയോഗിക്കുക എന്നതാണ്. അയാളുടെ നിമിഷം. ബ്രസീലിന്റെ നിമിഷം. വിപണിയുടെ നിമിഷം. യാതൊരു സമ്മര്‍ദ്ദവുമില്ല.

Next Story

Related Stories