TopTop

ലോകകപ്പ് ഞങ്ങളുടെ അരവയർപട്ടിണിയെ മുഴുപ്പട്ടിണിയാക്കും - പറയുന്നത് റൊമാരിയോയാണ്

ലോകകപ്പ് ഞങ്ങളുടെ അരവയർപട്ടിണിയെ മുഴുപ്പട്ടിണിയാക്കും - പറയുന്നത് റൊമാരിയോയാണ്

വസന്ത് കമല്‍

ഫുട്‌ബോളിനോടല്ല, ലോകകപ്പ് നടത്തിപ്പിനോടാണ് ഞങ്ങള്‍ക്ക് എതിര്‍പ്പ്- പറയുന്നത് ബ്രസീലിലെ ഒരു സാധാരണ പ്രക്ഷോഭകനല്ല, സാക്ഷാല്‍ റൊമാരിയോയാണ്, ബ്രസീലിന്റെ പഴയ ഗോളടി യന്ത്രം. നീണ്ട കാത്തിരിപ്പിനൊടുവില്‍ കാനറികളുടെ നാട്ടിലേക്ക് ലോക കിരീടം തിരിച്ചുകൊണ്ടുവന്ന സുവര്‍ണ സംഘത്തിലെ തിളങ്ങുന്ന താരമായിരുന്ന റൊമാരിയോ. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറയുന്നത് ഒരു വികാരമാണ്. ലോകം ലോകകപ്പില്‍ നിറച്ച ലഹരിയില്‍ മുങ്ങിപ്പൊങ്ങുമ്പോള്‍, ജീവിക്കാന്‍ ജോലിയില്ലാതെ, ജോലി കിട്ടാന്‍ പ്രാപ്തമായ വിദ്യാഭ്യാസമില്ലാതെ, ചികിത്സ തേടാന്‍ ആശുപത്രികളില്ലാതെ നട്ടം തിരിയുന്ന ബ്രസീലിലെ സാധാരണക്കാരന്റെ വികാരം.

1000 കോടി ഡോളര്‍ മുടക്കി 500 കോടി ഡോളര്‍ നേടുന്ന ബിസിനസ് തന്ത്രമെന്തെന്ന് അവര്‍ക്കു മനസിലാകുന്നില്ല. ആഗോള വേദികളില്‍ രാജ്യത്തിന്റെ പ്രതിച്ഛായ വര്‍ധിക്കുന്നത് ഏതോ വിദൂര ഭാവിയില്‍ തങ്ങളുടെയൊക്കെ പട്ടിണി മാറാന്‍ ഉപകരിക്കുമെന്നു ദില്‍മ റൗസഫ് പറയുന്നതും അവര്‍ക്കു മനസിലാകുന്നില്ല. ഒപ്പം, പെലെയുടെ നാട്ടുകാരെങ്ങനെ ഫുട്‌ബോളിനെ തള്ളിപ്പറയുമെന്ന് നമുക്കും മനസിലാകുന്നില്ല. കാല്‍പ്പന്തുകളിയിലെ കാല്‍പ്പനികതയുടെ പര്യായമായ നാടിന്, ലോകത്തേറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ രാജ്യത്തിന് എങ്ങനെ ലോകകപ്പിനെ തള്ളിപ്പറയാനാകുമെന്നു മനസിലാകാത്തവര്‍ക്കുള്ള മറുപടിയാണ് റൊമാരിയോ പറയുന്നത്- ഞങ്ങള്‍ എതിര്‍ക്കുന്നത് ഫുട്‌ബോളിനെയല്ല, ലോകകപ്പിനെയുമല്ല, ദരിദ്ര രാഷ്ട്രം ഇങ്ങനെയൊരു ആഡംബരത്തിന് വേദിയാക്കുന്നതിനെയാണ്.പക്ഷേ, സാവോ പോളോയില്‍ പന്തുരുണ്ടു തുടങ്ങിയതോടെ പ്രക്ഷോഭങ്ങള്‍ പിന്നണിയിലേക്കു മാറിക്കഴിഞ്ഞു, പുറംലോകത്തിനെങ്കിലും. ഇനി ഗ്യാലറികളിലെ ആവേശത്തിന്റെ ആരവങ്ങളും കഷിറോളയുടെ മണികിലുക്കവും മാത്രമേ ബ്രസീലിന്റെ അതിരുകള്‍ക്കു പുറത്തേക്കു വരൂ.

ബ്രസീലിയന്‍ സര്‍ക്കാര്‍ കാത്തു വയ്ക്കുന്ന പ്രതീക്ഷകള്‍ ഏറെയാണ്. ലോകകപ്പ് സമയത്ത് ബ്രസീലില്‍ ആകമാനം 37 ലക്ഷം പേര്‍ യാത്ര ചെയ്യും; വിദേശ ടൂറിസ്റ്റുകള്‍ ശരാശരി നാല് ലോകകപ്പ് മത്സരങ്ങള്‍ വീതം കാണും; ബ്രസീലില്‍ തങ്ങുന്ന സമയത്ത് അവര്‍ ഓരോരുത്തരും ശരാശരി 2488 ഡോളര്‍ ചെലവാക്കും; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് 303 ഡോളര്‍ മുതല്‍ക്കൂട്ടാകും; ദേശീയ ആകര്‍ഷണങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിക്കും; അതുവഴി വിദേശ നിക്ഷേപങ്ങള്‍ കുമിഞ്ഞു കൂടും എന്നൊക്കെ അവര്‍ വിശ്വസിക്കുന്നു, അഥവാ വിശ്വസിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. പക്ഷേ,സ്റ്റേഡിയം നിര്‍മാണത്തിന്റെ പേരില്‍ വീടും വ്യാപാര സ്ഥാപനങ്ങളും നഷ്ടമായി, ഇനിയും പുനരധിവസിപ്പിക്കപ്പെടാത്ത പതിനായിരങ്ങളോടു പറയാന്‍ മറുപടിയില്ല.

35 വര്‍ഷത്തെ പാരമ്പര്യം മാത്രമുള്ള ബ്രസീലിയന്‍ ജനാധിപത്യത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകാനൊരു ഉത്തേജനമാണ് സര്‍ക്കാര്‍ ഈ ലോകകപ്പില്‍ പ്രതീക്ഷിക്കുന്നത്. ഒക്ടോബറില്‍ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നേരിടുന്ന ദില്‍മയ്ക്കും ഇതൊരു രാഷ്ട്രീയ സൗകര്യമാകുമെന്നാണ് പ്രതീക്ഷ. പക്ഷേ, ലോകകപ്പ് നടത്തിപ്പും സാമ്പത്തിക മുന്നേറ്റവും തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ലെന്നാണ് ബ്രസീലിയന്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ പല പഠനങ്ങളിലും വ്യക്തമായിട്ടുള്ളത്. ആതിഥേയരെന്ന നിലയിലും സെമി ഫൈനലിസ്റ്റുകളെന്ന നിലയിലും 2002ലെ ലോകകപ്പ് ആതിഥ്യവും സെമി ഫൈനല്‍ പ്രവേശനവും ദക്ഷിണ കൊറിയയ്ക്ക് വലിയ സാമ്പത്തിക നേട്ടം സമ്മാനിക്കുമെന്ന് പ്രവചിക്കപ്പെട്ടു. പക്ഷേ, പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. 1998ലെ ലോകകപ്പ് വിജയം ഫ്രാന്‍സിനെയും ഒരു സാമ്പത്തിക ഉണര്‍വിലേക്കും നയിച്ചില്ല. 2010ല്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയില്‍ ഇന്നു ചൂണ്ടിക്കാട്ടാനുള്ള ലോകകപ്പ് നേട്ടം, അനാഥമായി കിടക്കുന്ന കുറേ സ്റ്റേഡിയങ്ങള്‍ മാത്രം.ലോകകപ്പ് വിജയം സാമ്പത്തിക ഉന്നമനത്തിലേക്കുള്ള മാര്‍ഗമാകണമെന്നില്ല എന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് സ്‌പെയ്ന്‍. നാലു വര്‍ഷം മുന്‍പ് അവര്‍ കിരീടം ചൂടിയതിനു പിന്നാലെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഇടറിവീണത്.

ദീര്‍ഘകാല സാമ്പത്തിക നിക്ഷേപമാണ് ലോകകപ്പ് നടത്തിപ്പ് എന്ന ബ്രസീലിയന്‍ ടൂറിസം മന്ത്രാലയത്തിന്റെ വാദം പൂര്‍ണമായി തള്ളിക്കളഞ്ഞിരുന്നു ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കെ. ലോകകപ്പില്‍ നിക്ഷേപിക്കുന്ന മൂലധനം ഭാവിയില്‍ മറ്റ് ആവശ്യങ്ങള്‍ക്കു പ്രയോജനപ്പെടുമെന്ന വാദം അദ്ദേഹം നിരുപാധികം തള്ളുകയാണ് ചെയ്തത്.

കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മേളകളുടെ നടത്തിപ്പിനും പൊതു പണം ചെലവാക്കപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ മറ്റു സേവനങ്ങള്‍ക്കുള്ള നീക്കിയിരിപ്പിലാണ് കുറവു വരുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഈ വിഷയത്തില്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിട്ടുള്ളത്. ഈ പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ഒന്നുകില്‍ നികുതികള്‍ വര്‍ധിപ്പിക്കണം, അല്ലെങ്കില്‍ കടമെടുക്കണം. കായിക മേളയ്ക്കായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നടത്തിപ്പിനും ചെലവാക്കുന്ന തുകയും അതില്‍നിന്നു കിട്ടുന്ന വരുമാനവും തുല്യമാകാം. അല്ലാതെ ലാഭം ഒരിക്കലും പ്രതീക്ഷിക്കാനാകില്ല. ഉയര്‍ന്ന നികുതിയും ചെലവുചുരുക്കലും കാരണം മറ്റു മേഖലകളില്‍ വരുന്ന തൊഴില്‍ നഷ്ടത്തിനു തുല്യം മാത്രമാണ് കായികമേളകള്‍ നടത്തുന്നതുവഴി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍.

കായികമേളകള്‍ക്ക് ആതിഥ്യം വഹിക്കുന്നതു വഴി തൊഴിലവസരങ്ങള്‍ വര്‍ധിക്കാം, എന്നാല്‍, അതൊന്നും മുഴുവന്‍ സമയ തൊഴിലുകളായിരിക്കില്ല. രാജ്യത്തിനും അവിടത്തെ പൗരന്‍മാര്‍ക്കും കിട്ടുന്ന സന്തുഷ്ടിയും സംതൃപ്തിയും മാത്രമാണ് ഇത്തരം മേളകള്‍ നടത്തുന്നതുകൊണ്ടുള്ള പ്രയോജനം. അല്ലാതെ, സമ്പത്ത് വര്‍ധിക്കലല്ല. അങ്ങനെ, പണം കൊടുത്ത് സന്തോഷം വാങ്ങാന്‍ മാത്രം സമ്പന്നവുമല്ല ബ്രസീല്‍.ലോകകപ്പ് നടത്തിപ്പിന് ബ്രസീല്‍ ചെലവാക്കുന്ന തുകയില്‍ മൂന്നര ബില്യന്‍ ഡോളറും ഭാവിയില്‍ അത്യാവശ്യമൊന്നുമില്ലാത്ത സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നതിനു മാത്രമാണ്. ഒരു മുന്‍നിര പ്രൊഫഷണല്‍ ടീമും ആസ്ഥാനമാക്കിയിട്ടില്ലാത്ത ബ്രസീലിയയില്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ മാത്രം ചെലവാക്കി 90 ലക്ഷം ഡോളര്‍. ലോകകപ്പ് കഴിയുന്നതോടെ കാര്യമായ ഒരു വരുമാനവും ഈ സ്റ്റേഡിയത്തില്‍നിന്നു പ്രതീക്ഷിക്കാനില്ല. ബീജിങ്ങില്‍ 2008 ഒളിംപിക്‌സിനോടനുബന്ധിച്ച് നിര്‍മിച്ച, 17,000 പേര്‍ക്ക് ഇരിക്കാവുന്ന വാട്ടര്‍ ക്യൂബ് എന്ന സ്വിമ്മിങ് ഫെസിലിറ്റി പിന്നീട് ഒരു ഉപയോഗവുമില്ലാതെ കിടക്കുന്നത് ഓര്‍ക്കുക.

1930ലാണ് ഫുട്‌ബോള്‍ ലോകകപ്പിന്റെ തുടക്കം. അതേ വര്‍ഷം തന്നെയാണ് ഗ്രേറ്റ് ഡിപ്രഷന്‍ ഒരു പൂര്‍ണ വര്‍ഷം പൂര്‍ത്തിയാക്കിയത്. യുഎസ് സാമ്പത്തിക മാന്ദ്യം നേരിട്ട 1990, വികസിത രാജ്യങ്ങളുടെ ആകെ വിപണികളിലേക്ക് അത് പടര്‍ന്ന 1994, ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ 1998, യുഎസ് ഹൗസിങ് മാര്‍ക്കറ്റിന്റെ തകര്‍ച്ച കണ്ട 2006, യൂറോ സോണ്‍ പ്രതിസന്ധയുടെ ആരംഭം കുറിച്ച 2010, ഇതെല്ലാം ലോകകപ്പ് വര്‍ഷങ്ങള്‍ കൂടിയായിരുന്നു എന്നും ഓര്‍ക്കുക. അപ്പോള്‍, ലോകകപ്പ് ആഗോള സമ്പദ് വ്യവസ്ഥയ്ക്കും വ്യാപാര-വ്യവസായ മേഖലകള്‍ക്കുമൊക്കെ ഉണര്‍വേകുമെന്ന് പറയുന്നതില്‍ എന്തര്‍ഥം!


Next Story

Related Stories