TopTop
Begin typing your search above and press return to search.

ചിലിയുടെ കളിഭ്രാന്ത്

ചിലിയുടെ കളിഭ്രാന്ത്

സെബാസ്റ്റ്യന്‍ ബോയ്ഡ്
(ബ്ലൂംബര്‍ഗ് ന്യൂസ്)

പന്തുകളി ലോകകപ്പിന്റെ സമയത്ത് ചിലിയില്‍ ഓഹരിക്കച്ചവടം നടത്താമെന്നാണ് മോഹമെങ്കില്‍ ആ മോഹം ഉപേക്ഷിക്കുകയായിരിക്കും നല്ലത്.

ഒരുമാസം നീളുന്ന ലോകകപ്പ് തുടങ്ങുമ്പോള്‍ ചിലിക്ക് വാതുവെപ്പുകാര്‍ നല്കിയ സാധ്യത 50-ല്‍ 1-ആണ്. പക്ഷേ കളി തുടങ്ങിയാല്‍ സാന്‍റിയാഗോ ഓഹരിവിപണിയിലെ കച്ചവടക്കാര്‍ വാങ്ങലും വില്‍ക്കലുമൊക്കെ മതിയാക്കി കളിയും നോക്കി ആര്‍പ്പുവിളിച്ചിരിക്കാന്‍ തുടങ്ങും. 2010-ല്‍ ദേശീയ ടീം ലോകകപ്പില്‍ കളിച്ചപ്പോള്‍ ഓഹരിക്കച്ചവടം 99 ശതമാനമാണ് കുറഞ്ഞത്. യൂറോപ്യന്‍ കേന്ദ്ര ബാങ്ക് കണക്കെടുപ്പ് നടത്തിയ 15 രാജ്യങ്ങളില്‍ ചിലിയായിരുന്നു ഇക്കാര്യത്തില്‍ മുമ്പന്‍മാര്‍. ഇതില്‍ യൂറോപ്പില്‍ നിന്നും 9-ഉം, തെക്കേ അമേരിക്കയില്‍ നിന്നും 4-ഉം, പിന്നെ അമേരിക്കയും ദക്ഷിണാഫ്രിക്കയുമാണ് ഉള്‍പ്പെട്ടിരുന്നത്.

“കഴിഞ്ഞ തവണ ചിലി കളിച്ചപ്പോള്‍ വിപണി ചത്ത പോലെയായിരുന്നു,” എന്നാണ് വിപണി വിശകലന വിദഗ്ദ്ധനായ അര്‍റ്റൂരോ കര്‍റ്റ്സെ പറഞ്ഞത്. “എല്ലാവരും കളി കാണുക തന്നെ. തൊഴിലാളികള്‍ക്ക് ടി വി കൊണ്ടുവരാന്‍ മാനേജര്‍മാര്‍ അനുവാദം നല്കി. സ്കൂളിലും കോളേജിലും എല്ലാം. ഈ ഓഹരിവിപണിയിലെ ഡെസ്കിലും ടി വി. ദേശീയ ടീം വന്നാല്‍ പിന്നെ ചിലിക്കാര്‍ക്ക് നില്‍ക്കള്ളിയില്ല.”അര്‍ജന്റീനയിലും ജപ്പാനിലുമൊക്കെ പന്തുകളിയുടെ സമയത്ത് ഇതുതന്നെയാണ് അവസ്ഥ. ഈ സി ബി-യുടെ 2012-ലെ പഠനം കാണിക്കുന്നത് പൊതുവേ കച്ചവടം വിട്ടു മറ്റൊരു കളിയുമില്ലാത്ത യു എസില്‍ പോലും ഇത് വിപണിയെ ബാധിക്കുന്നു എന്നാണ്.

പന്തുകളിയുടെ കാര്യത്തില്‍ ദേശാഭിമാനം മാത്രമല്ല ചിലിക്കാര്‍ക്കുള്ളത്. ലോകകപ്പില്‍ ഏത് രാജ്യം കളിച്ചാലും അവര്‍ കളി കാണും. കഴിഞ്ഞ ലോകകപ്പില്‍ ചിലി ക്വാര്‍ട്ടര്‍ കാണാതെ പുറത്തായെങ്കിലും വിപണി ചലിച്ചില്ല. മറ്റ് രാജ്യങ്ങളുടെ കളിസമയത്ത് വ്യാപാരം 79% ഇടിഞ്ഞു.

അര്‍ജന്‍റീന കളിക്കുമ്പോള്‍ ബ്യൂണസ് അയേഴ്സില്‍ ഓഹരിവിപണി 80% വ്യാപാരം കുറഞ്ഞു. ബ്രസീലില്‍ ഇത് 75% ആയിരുന്നു. അമേരിക്കയില്‍ 43%-വും. യൂറോപ്പില്‍ ഇത് ശരാശരി 38 ശതമാനമായിരുന്നു.

“വാണിജ്യ രംഗത്തെക്കാള്‍, മൈതാനത്തെ നീക്കങ്ങളിലാണ് വിപണി ഉറ്റുനോക്കുന്നത്,” എന്നു പഠനം നടത്തിയ ഈ സി ബി വിദഗ്ധന്‍ മൈക്കല്‍ എഹര്‍മാന്‍ പറയുന്നു.ലോകകപ്പിനോടുള്ള ചിലിയുടെ ഈ ഭ്രാന്തമായ അഭിനിവേശം അതിന്റെ ആധുനിക ചരിത്രം പരിശോധിച്ചാല്‍ അറിയാന്‍ കഴിയും. രാഷ്ട്രീയമായ ധ്രുവീകരണവും അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളും ഇത്തരത്തിലെ ബഹിര്‍സ്ഫുരണങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് സാന്‍റിയാഗോവിലെ പന്തുകളിയുടെ സാമൂഹ്യപഠനത്തിനുള്ള കേന്ദ്രത്തിലെ കോഡിനേറ്റര്‍ പാറ്റ്റീഷ്യോ കര്‍വാജല്‍ പറയുന്നത്.

1973 മുതല്‍ 1990വരെ ചിലിയില്‍ നിലനിന്ന പട്ടാളഭരണം നിശാനിയമങ്ങള്‍ ഏര്‍പ്പെടുത്തുകയും, സ്വതന്ത്രമായ ഒത്തുചേരലിനുള്ള അവകാശം റദ്ദാക്കുകയും ചെയ്തു. എന്തെങ്കിലും തരത്തില്‍ ഒരു പൊതു കലാപരിപാടിയില്‍ പങ്കെടുത്തവരുടെ എണ്ണം 2012-ല്‍ വെറും 18% മാത്രമായിരുന്നു.

സാംബ - 2014

ലോകകപ്പ് ബ്രസീലിനെന്ന് സ്വിസ് ബാങ്ക്

ഹോളണ്ടിനോട് ചിലത് ചോദിക്കാനുണ്ട്

ബ്രസീലിയന്‍ മണ്ണ് ലോക ചാമ്പ്യന്മാരുടെ ശവപ്പറമ്പോ?

ഇന്നാരു ചിരിക്കും? ബെലോട്ടല്ലിയോ സുവാരസോ? എന്‍ പി പ്രദീപ് എഴുതുന്നു

വിശുദ്ധ മെസി“തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ചിലിക്കാര്‍ക്ക് ഒരു പൊതു ഇടമില്ല. പന്തുകളി നല്‍കുന്നത് ആ സ്ഥലമാണ്,” കര്‍വാജല്‍ പറഞ്ഞു.

ഇത്തവണത്തെപ്പോലെ 2010-ലും ചിലി രണ്ടാം വട്ടത്തില്‍ കടന്നിരുന്നു. പിന്നീട് തോറ്റു പുറത്തായി. ഇത്തവണ പക്ഷേ കഴിഞ്ഞ ലോകജേതാക്കളായ സ്പെയിനിനെ കെട്ടുകെട്ടിച്ച വിജയാഘോഷം ചിലിയില്‍ അടങ്ങിയിട്ടില്ല. 2010-ലെ വിജയികളായ സ്പെയിനും റണ്ണര്‍ അപ്പായ ഹോളണ്ടും ഉള്ള ഗ്രൂപ്പില്‍ ചിലിക്ക് ആരും സാധ്യത കല്‍പ്പിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ എല്ലാ പ്രവചനങ്ങളെയും അട്ടിമറിച്ചാണ് ചിലി ഇത്തവണ രണ്ടാം വട്ടത്തില്‍ കടന്നിരിക്കുന്നത്. ചിലിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പന്തുകളി സംഘത്തിന് ആരെയും പേടിക്കണ്ട എന്നാണ് ശരാശരി ചിലിക്കാരന്‍ കരുതുന്നത്.വിജയികളാകുന്ന രാജ്യങ്ങളിലെ വിപണികള്‍ ഫൈനലിന് ശേഷം നല്ല പ്രകടനം കാഴ്ച്ചവെക്കുന്നു എന്ന് ബാങ്ക് പറയുന്നു. 2010-ലെ വിജയത്തിനു ശേഷം സ്പെയിനിന്റെ ഓഹരി വിപണിസൂചിക 12% ഉയര്‍ന്നു. ലോക അടിസ്ഥാന സൂചികയെക്കാള്‍ ഏതാണ്ട് ഇരട്ടിയോളം.

കളി കാണാന്‍ ആളുകള്‍ക്ക് ഇളവ് നല്‍കണമെന് പ്രസിഡണ്ട് മിഷേല്‍ ബാലറ്റ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. “തെക്കേ അമേരിക്കയിലെ എല്ലാ രാജ്യങ്ങളിലും ആളുകള്‍ തങ്ങളുടെ ടീമുകളെ ആവേശപൂര്‍വ്വം പിന്താങ്ങുന്നു. എന്നാല്‍ ചിലിയില്‍ ആ വികാരം നിത്യത്തൊഴില്‍ ജീവിതത്തെവരെ ബാധിക്കുന്നു,”എന്ന് കര്‍വാജല്‍ പറഞ്ഞു. “ഇത് ദേശീയ വികാരത്തിന്റെ ഒരു കുത്തിയൊഴുക്കാണ്. ചിലിയുടെ പന്തുകളി ചരിത്രം തോല്‍വികളുടേതാണ്. അത് സഹനത്തെയും, എതിര്‍പ്പുകളെയും, പോരാട്ടത്തെയും വീണ്ടെടുക്കുക കൂടിയാണ്.”

അതിനിടക്ക് ഓഹരി വിപണിയെ അല്പനേരത്തേക്ക് മറക്കാം.

Next Story

Related Stories