TopTop
Begin typing your search above and press return to search.

ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ചവരെ കൊണ്ട് നിറഞ്ഞുകവിഞ്ഞ് ഇറാക്കി ജയിലുകള്‍, സിറിയന്‍ തടവറയിലെ 40,000 പേര്‍ 12 വയസില്‍ താഴെയുള്ളവര്‍

ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ചവരെ കൊണ്ട് നിറഞ്ഞുകവിഞ്ഞ് ഇറാക്കി ജയിലുകള്‍, സിറിയന്‍ തടവറയിലെ 40,000 പേര്‍ 12 വയസില്‍ താഴെയുള്ളവര്‍
ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ പ്രവര്‍ത്തിച്ചിരുന്നവരെയും അവര്‍ക്ക് വിവിധ തരത്തിലുള്ള സഹായങ്ങള്‍ നല്‍കിയവരെയും കൊണ്ട് ഇറാക്കി ജയിലുകള്‍ നിറഞ്ഞു കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. പുരുഷന്മാരുടെ സെല്ലില്‍ കിടക്കാനോ നിന്നു തിരിയാനോ ഇടമില്ലാത്ത വിധം കൗമാരക്കാര്‍ അടക്കമുള്ളവരെ അടച്ചിട്ടിരിക്കുന്നതിന്റെയും സ്ത്രീകളുടെ സെല്ലില്‍ കൈക്കുഞ്ഞുങ്ങള്‍ അടക്കം കിടക്കുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തു വന്നത്. ഹ്യൂമന്റൈറ്റ്‌സ് വാച്ചാണ് ഇതു സംബന്ധിച്ചുള്ള ചിത്രങ്ങള്‍ പുറത്തു വിട്ടതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാക്കിലെ നൈന്‍വേ പ്രവിശ്യയിലുള്ള ജയിലുകളില്‍ അന്താരാഷ്ട്ര ജയില്‍ ചട്ടങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന യാതൊരു കാര്യങ്ങളും പാലിച്ചിട്ടില്ലെന്ന് ഹ്യൂമന്റൈറ്റ്‌സ് വാച്ച് പറയുന്നു. ഇത് കൂടുതല്‍ തീവ്രവാദ സ്വഭാവത്തിലേക്ക് ഇവിടെ തടവിലുള്ളവരെ കൊണ്ടുപോകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തല്‍ കൈഫ് പ്രവിശ്യയിലുള്ള ജയിലില്‍ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അവരുടെ വസ്ത്രങ്ങള്‍ വശങ്ങളില്‍ തൂക്കിയിട്ടിരിക്കുന്ന നിലയിലുള്ള അവസ്ഥയാണ് ചിത്രത്തിലുള്ളത്. പുരുഷന്മാരുടെ ജയിലില്‍ നൂറുകണക്കിന് കൗമാരക്കാര്‍ ശരിക്കൊന്ന് കിടക്കാനോ ഇരിക്കാനോ കഴിയാത്ത വിധത്തില്‍ കഴിയുന്നതിന്റെയാണ് മറ്റൊരു ചിത്രം.

ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ പോരാട്ടം ജയിച്ചതു മുതല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇറാക്കിലെ ജയിലുകള്‍ തടവുപുള്ളികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. ഇവര്‍ക്ക് വിവിധ വിധത്തിലുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നും മനുഷ്യാവകാശ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഇതിനകം തന്നെ നാലു പേര്‍ മരിച്ചെന്നും രണ്ടു പേരുടെ കാലുകള്‍ മുറിച്ചു മാറ്റിയെന്നും അവര്‍ വ്യക്തമാക്കുന്നു.

ഇറാക്കിലെ തല്‍ കൈഫ്, തസ്ഫിരാത്, ഫൈസാലിയ എന്നീ മൂന്ന് കേന്ദ്രങ്ങളാണ് വിചാര തടവുകാരെ പാര്‍പ്പിക്കാനായി ഉണ്ടാക്കിയിട്ടുള്ളത്. ഇത് 2500 പേരെ ഉദ്ദേശിച്ചുള്ളതാണെങ്കിലും ഇപ്പോള്‍ തന്നെ 4500 പേര്‍ ഇവിടെയുണ്ട്. ഇതില്‍ 1300 പേര്‍ ഇതിനകം തന്നെ വിചാരണ കഴിഞ്ഞവരും ശിക്ഷിക്കപ്പെട്ടവരും ബാഗ്ദാദിലേക്ക് മാറ്റപ്പെടേണ്ടവരുമാണ്.ഇറാക്കിലെ കര്‍ശനമായ ഭീകരവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടപ്പെട്ടവരാണ് ഈ കേന്ദ്രങ്ങളിലുള്ളത്. ഇവര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള നിയമസഹായം ലഭിക്കുന്നില്ലെന്നും ഹ്യൂമന്റൈറ്റ്‌സ് വാച്ച് പറയുന്നു. യുഎന്‍ നിയമങ്ങള്‍ അനുസരിച്ച് ഇവിടെ നിന്ന് കുട്ടികളെയെങ്കിലും പുറത്തേക്ക് മാറ്റാനാവുമാ എന്ന ശ്രമത്തിലാണ് സംഘടന.

മുന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ യുദ്ധക്കുറ്റവാളികളാക്കി കണക്കാക്കിയാണ് ഇറാക്ക് അധികൃതര്‍ പരിഗണിക്കുന്നത്. ഇവര്‍ കസ്റ്റഡിയില്‍ കൊടും പീഡനങ്ങള്‍ ഏല്‍ക്കുന്നതായി ഹ്യുമന്റൈറ്റ്‌സ് വാച്ച് പറയുന്നു.
"അവര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല"
എന്ന് ഇറാക്ക് അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

"ഏതെങ്കിലും വിധത്തില്‍ ഐഎസിനെ പിന്തുണച്ചവരെ, അവര്‍ അതിന് നിര്‍ബന്ധിതരായാതാണ് എങ്കില്‍ പോലും, അതിനി മെഡിക്കല്‍ സ്റ്റാഫോ അങ്ങനെയുള്ള ആരെങ്കിലും ആണെങ്കില്‍ പോലും അവരെയൊക്കെ പിടികൂടുക എന്നതാണ് നയം. ഇക്കാ്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചകളോ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളോ നടക്കുന്നില്ല"- ഹ്യുമന്റൈറ്റ്‌സ് വാച്ചിലെ മുതിര്‍ന്ന ഗവേഷകനായ ബെല്‍കിസ് വില്ലി പറയുന്നു.

ഇറാക്ക് ജയിലുകളിലെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഐഎസിനെ പിന്തുണച്ചതെന്ന സംശയത്തിന്റെ പേരില്‍ സിറിയയിലെ ഡിറ്റന്‍ഷന്‍ സെന്ററുകളിലുള്ള ആയിരക്കണക്കിന് പേരെയും അവരുടെ കുടുംബങ്ങളെയും ഇറാക്കിലെ ജയിലുകളിലേക്ക് മാറ്റാന്‍ അമേരിക്കയുമായി ഇറാക്ക് ചര്‍ച്ച നടത്തി വരികയാണ്. ശതകോടി ഡോളറിന്റെ കരാറാണിത്.

ഇസ്ലാമിക് സ്‌റ്റേറ്റിനു വേണ്ടി പോരാടാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇവിടങ്ങളിലേക്കെത്തിയ ആയിരക്കണക്കിന് പേര്‍ അവരുടെ മാതൃരാജ്യത്തിനും തലവേദനയായിരിക്കുകയാണ്. ഇവരെ അവരുടെ നാടുകളിലേക്ക് തിരികെ കൊണ്ടു പോയി വിചാരണ ചെയ്യാന്‍ ഈ രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്കയുടെ കടുത്ത സമ്മര്‍ദ്ദമുണ്ട്.

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അവസാന ശക്തികേന്ദ്രമായിരുന്ന ഇറാക്ക്-സിറിയ അതിര്‍ത്തിയിലെ ബാഗൂസ് കഴിഞ്ഞ മാര്‍ച്ചില്‍ കീഴടങ്ങിയിരുന്നു.

സിറിയയില്‍ കുര്‍ദിഷ് മേല്‍നോട്ടത്തിലുള്ള ഡിറ്റന്‍ഷന്‍ സെന്ററിലെ സ്ഥിതിയും സമാനമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നുത്. അല്‍-ഹോള്‍ ക്യാമ്പില്‍ ഇപ്പോള്‍ ഉള്ളത് 74,000 പേരാണെന്നും ഇവരില്‍ 65 ശതമാനവും 12 വയസില്‍ താഴെയുള്ളവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Next Story

Related Stories