TopTop
Begin typing your search above and press return to search.

EXPLAINER: സ്ത്രീകള്‍ പിച്ചിച്ചീന്തപ്പെടുന്ന കലാപഭൂമിയില്‍ ഒരു ഗൈനക്കോളജിസ്റ്റിന്റെ പോരാട്ടം; ആരാണ് ഡോ. ഡെനിസ് മുക്‌വെഗെ?

EXPLAINER: സ്ത്രീകള്‍ പിച്ചിച്ചീന്തപ്പെടുന്ന കലാപഭൂമിയില്‍ ഒരു ഗൈനക്കോളജിസ്റ്റിന്റെ പോരാട്ടം; ആരാണ് ഡോ. ഡെനിസ് മുക്‌വെഗെ?

1996ലാണ് ഒന്നാം കോംഗോ യുദ്ധം തുടങ്ങുന്നത്. 1990 വരെ ഒരു ഇടതുപക്ഷ സർക്കാരാണ് കോംഗോ ഭരിച്ചിരുന്നത്. 1963ൽ അധികാരത്തിലെത്തിയ മസ്സാംബ ഡിബാറ്റ് രാജ്യത്തിന്റെ ഭരണഘടനാ പ്രത്യയശാസ്ത്രമായി ശാസ്ത്രീയ സോഷ്യലിസത്തെ തെരഞ്ഞെടുക്കുകയായിരുന്നു. സോവിയറ്റ് യൂണിയൻ, ചൈന, നോർത്ത് കൊറിയ, നോർത്ത് വിയറ്റ്നാം തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുമായി കോംഗോയ്ക്ക് അതീവ ഊഷ്മളമായ ബന്ധമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്തു നിന്നും പുറത്തു നിന്നുമുണ്ടായ നിരവധി അട്ടിമറി ശ്രമങ്ങളുടെ കാലങ്ങളിലൂടെ കടന്നെത്തിയ കോഗോയുടെ ഭരണകൂടം ഒടുവിൽ‌ ഡെനിസ് സസ്സോവു എൻഗുവെസ്സോയുടെ കൈകളിലമർന്നു. 1992ൽ ഇദ്ദേഹം പുറത്തിറങ്ങിയെങ്കിലും പിന്നീട് വന്ന ജനാധിപത്യ സർക്കാരിനെതിരെ ഡെനിസ് സസ്സോവുവിന്റെ നേതൃത്വത്തിൽ കലാപം നടന്നു. ഒരു വർഷത്തോളം നീണ്ടു നിന്ന ഈ കലാപകാലത്താണ് ഗൈനക്കോളജിസ്റ്റായ ഡെനിസ് മുക്‌വെഗെ തന്റെ സോമൂഹ്യസേവനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

ആരാണ് ഡെനിസ് മുക്‌വെഗെ?

1955ൽ ഒരു പെന്തക്കോസ്ത് പാതിരിയുടെ മകനായാണ് ഡെനിസ് മുക്‌വെഗെ ജനിക്കുന്നത്. കോംഗോയിൽ മതസുവിശേഷ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന പിതാവിൽ നിന്നാണ് ഇദ്ദേഹത്തിൽ സേവനമനസ്ഥിതി പകർന്നു കിട്ടിയതെന്നു പറയാം. ചെറിയ പ്രായം തൊട്ടേ ഒരു ഡോക്ടറാകണമെന്നായിരുന്നു ഡെനിസ് മുക്‌വെഗെയുടെ ആഗ്രഹം. കോംഗോയിലെ ആരോഗ്യരംഗം അങ്ങേയറ്റം ശുഷ്കിച്ചതായിരുന്നു. യാതൊരു ആരോഗ്യപരിചരണ സൗകര്യങ്ങളുമില്ലാതെ സ്ത്രീകൾ ബുദ്ധിമുട്ടുന്നത് ഡെനിസ് മുക്‌വെഗെ ചെറുപ്പം മുതൽ കാണുന്നതാണ്. ബറുണ്ടിയിലെ മെഡിക്കൽ സ്കൂളിൽ നിന്നും ബിരുദം നേടിയ ശേഷം ഒരു ആശുപത്രിയിൽ പ്രവർത്തിക്കവെ സ്ത്രീകൾക്ക് യാതൊരു വിധത്തിലുമുള്ള പരിചരണവും കിട്ടാതെ വിഷമിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതിനു ശേഷമാണ് ഫ്രാൻസിൽ പോയ് ഗൈനക്കോളജി പഠിക്കാമെന്ന് ഡെനിസ് മുക്‌വെഗെ തീരുമാനിക്കുന്നത്.

ഒന്നാം കോംഗോ യുദ്ധം

ഫ്രാൻസിൽ നിന്നും തിരിച്ചുവന്നപ്പോഴേക്ക് ഒന്നാം കോംഗോ യുദ്ധം തുടങ്ങി. രാജ്യത്തിന്റെ സ്ഥിരത ഇതിനകം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന രാജ്യത്ത് സ്ത്രീകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഭരണകൂടവും വിമതരുമെല്ലാം സ്ത്രീകളോടുള്ള അതിക്രമം തങ്ങളുടെ ആയുധങ്ങളിലൊന്നായി മാറ്റി. ഈ സാഹചര്യം മനസ്സിലാക്കിയ ഡെനിസ് മുക്‌വെഗെ ഒരു ആശുപത്രി തുടങ്ങി.

പാൻസി ഹോസ്പിറ്റൽ

1999ലാണ് ഡെനിസ് മുക്‌വെഗെ പാൻസി ഹോസ്പിറ്റൽ തുടങ്ങുന്നത്. കോംഗോയിലെ ബുകാവു എന്ന സ്ഥലത്ത്. ലൈംഗികാക്രമണങ്ങളിൽ നിന്നും രക്ഷപ്പെട്ടെത്തുന്ന സ്ത്രീകൾക്കു വേണ്ടിയുള്ള ഒരു സ്പെഷ്യലൈസ്ഡ് ആശുപത്രിയാണിത്. തുടങ്ങിയ നാൾ തൊട്ട് ഇന്നുവരെ ലൈംഗികാക്രമണത്തിനിടെ ജനനേന്ദ്രിയ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റ ഒരു ലക്ഷത്തിനടുത്ത് സ്ത്രീകളെ ഈ ആശുപത്രി ചികിത്സിച്ച് ഭേദപ്പെടുത്തി.

വർഷങ്ങളോളം ഭരണകൂടത്തിന്റെ പിന്തുണയോടെ സൈന്യം നടത്തിവന്ന ബലാൽസംഗങ്ങളെ പിന്നീട് സമൂഹവും സാധാരണമെന്ന പോലെ ഏറ്റെടുക്കുകയായിരുന്നു. മൂല്യപരമായ ഇടിവ് സംഭവിച്ചു കഴിഞ്ഞ സമൂഹത്തിൽ‌ സ്ത്രീകൾ ഏതു സമയവും ആർ‌ക്കും ആക്രമിക്കാവുന്ന വസ്തുവായി പരിണമിച്ചു. തടുത്ത വംശീയപ്രശ്നങ്ങളാണ് കോംഗോയില്‍ ആഭ്യന്തര കലാപമായി മാറിയിരിക്കുന്നത്. കടുത്ത ക്ഷാമത്തിലേക്ക് ഈ രാജ്യം ഇതിനകം നീങ്ങിക്കഴിഞ്ഞിട്ടുണ്ട്. തുടർച്ചയായ കലാപാവസ്ഥ രാജ്യത്തിന്റെ ഉൽപാദന വ്യവസ്ഥകളെ അമ്പെ താറുമാറാക്കിയിരിക്കുകയാണ്. വിവിധ വംശീയ വിഭാഗങ്ങൾ പരസ്പരം ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത് തുടരുകയാണ്. ഇരുന്നൂറിലേറെ പ്രാദേശിക ഗോത്രങ്ങളാണ് ഈ രാജ്യത്തുള്ളത്. ഇവരെ ഒരുമിപ്പിക്കാൻ നിലവിലെ രാഷ്ട്രീയ നേതൃത്വത്തിന് സാധിക്കുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ വംശങ്ങളിൽ പെടുന്ന ലൂബ, ടവാ പിഗ്മി വിഭാഗങ്ങൾ തമ്മില്‍ കാലങ്ങളായി സംഘർഷം നിലവിലുണ്ട്. ഇതിൽ കോംഗോ സൈന്യത്തിന് ഒരു ഘട്ടത്തിൽ ഇടപെടേണ്ടി വന്നു. ഇത് ഫലത്തിൽ ആഭ്യന്തരകലാപമായി മാറി. നാൽപ്പത് ലക്ഷത്തിലേറെ പേർ വീടും നാടും വിട്ട് പലായനം ചെയ്തു. കാലാവധി കഴിഞ്ഞിട്ടും അധികാരത്തിൽ തുടരുന്ന നിലവിലെ പ്രസിഡണ്ട് ജോസഫ് കാബില തന്റെ അധികാരം നിലനിർത്താനുള്ള വഴികള്‍ ആരായുന്നതിൽ മാത്രമാണ് ശ്രദ്ധ കാണിക്കുന്നത്. കലാപങ്ങളെ ഏതുവിധത്തിൽ തനിക്ക് ഉപയോഗിക്കാനാകുമെന്നതില്‍ മാത്രമാണ് അദ്ദേഹത്തിന്റെ ആലോചന.

ഡെനിസ് മുക്‌വെഗെയുടെ ശ്രമങ്ങൾ

ഈ കലാപങ്ങളിലെല്ലാം സ്ത്രീകളും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. അതീവഗുരുതരമായ പരിക്കുകളോടെയാണ് ബലാൽസംഗത്തിനിരയായ സ്ത്രീകൾ ഡെനിസ് മുക്‌വെഗെയുടെ ആശുപത്രിയിലെത്തുന്നത്. പല പരിക്കുകൾക്കും പുതിയ തരം ശസ്ത്രക്രിയാ രീതികൾ പോലും രൂപപ്പെടുത്തേണ്ടി വന്നു. വെള്ളമോ, ഉപയോഗയോഗ്യമായ റോഡോ, വേണ്ടത്ര വൈദ്യുതിയോ, ആശയവിനിമയ സംവിധാനങ്ങളോ ഇല്ലാത്ത ഒരു പ്രദേശത്താണ് ഡെനിസ് മുക്‌വെഗെ തന്റെ സേവനം നടത്തുന്നതെന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്. എപ്പോൾ വേണമെങ്കിലും ആക്രമണങ്ങൾ ആശുപത്രിക്കു നേരെയും ഉണ്ടാകാം.

സ്ത്രീകളുടെ ദൂതൻ

തന്റെ നാട്ടിലെ സ്ത്രീകളുടെ ഗതികെട്ട ജീവിതം വിവരിക്കാൻ ഡെനിസ് മുക്‌വെഗെ സഞ്ചരിക്കാത്ത നാടുകളില്ല. കാണാത്ത നേതാക്കന്മാരില്ല. വൈറ്റ് ഹൗസിലും യൂറോപ്യൻ പാർലമെന്റിലും കനേഡിയൻ പാർലമെന്റിലും ബ്രസ്സൽസിലും പാരിസിലുമെല്ലാം അദ്ദേഹം കടന്നുചെന്ന് കോംഗോയിലെ സ്ത്രീകൾക്കു വേണ്ടി സംസാരിച്ചു. അന്തർദ്ദേശീയ ഫോറങ്ങളിലും സംഘടനകളിലും രാഷ്ട്രീയ കൂട്ടായ്മകളിലുമെല്ലാം ഡെനിസ് മുക്‌വെഗെ ദൗത്യവുമായി ചെന്നുചേർന്നു.

കഴിഞ്ഞ 20 വർഷത്തിലധികമായി കോംഗോയിലെ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കു വേണ്ടി മാറ്റി വെച്ചിരിക്കുകയാണ് ഈ ഡോക്ടർ തന്റെ ജീവിതം. നിരവധി കൊലപാതകശ്രമങ്ങളെ അതിജീവിച്ചാണ് ഈ പോരാട്ടമെന്നതു കൂടി നാമറിയണം. സ്ത്രീകൾക്കു കൂടി വേണ്ടി യുദ്ധം അവസാനിപ്പിക്കാനുള്ള ആവശ്യവുമായി എല്ലാ വാതിലുകളിലും ഡെനിസ് മുക്‌വെഗെ ചെന്നു മുട്ടിക്കൊണ്ടിരിക്കുകയാണ്. റുവാണ്ടയിലും ഉഗാണ്ടയിലും ബറുണ്ടിയിലും മാത്രമല്ല, യുഎസ്സിലും ബ്രിട്ടനിലും, തങ്ങളെ പണ്ട് കോളനിയാക്കി വെച്ചിരുന്ന ഫ്രാൻസിലും ഡെനിസ് മുക്‌വെഗെ ദൗത്യവുമായി ചെല്ലുന്നു. നമ്മുടെ നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ ഭിഷഗ്വരന്മാരിലൊരാളായി ഡെനിസ് മുക്‌വെഗെ മാറിക്കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം ഏറ്റെടുത്ത ദൗത്യത്തോട് ഐക്യപ്പെടേണ്ടത് ലോകത്തിന്റെ ആവശ്യമാണ്. ആ ആവശ്യത്തിലേക്കാണ് ഈ നോബൽ പ്രഖ്യാപനം സൂചന നൽകുന്നത്.https://www.azhimukham.com/trending-nobel-prize-winner-nadiya-murad-profile/


Next Story

Related Stories