TopTop
Begin typing your search above and press return to search.

ഡെന്മാര്‍ക്കില്‍ അധികാരത്തിലേറിയത് വലത്തോട്ട് ചാഞ്ഞ കുടിയേറ്റ നയമുള്ള ഇടതുപക്ഷം

ഡെന്മാര്‍ക്കില്‍ അധികാരത്തിലേറിയത് വലത്തോട്ട് ചാഞ്ഞ കുടിയേറ്റ നയമുള്ള ഇടതുപക്ഷം

ഡെൻമാർക്കിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റ 41 കാരി മെറ്റ് ഫ്രെഡറിക്സണ്‍ കഴിഞ്ഞ സര്‍ക്കാരുകള്‍ രൂപീകരിച്ച നയങ്ങളെ അവയുടെ അടിത്തറയില്‍ നേരിടാന്‍ ഒരുങ്ങുകയാണ്. വിദ്യാഭ്യാസം, ആരോഗ്യരക്ഷ തുടങ്ങിയ അടിസ്ഥാന മേഖലകളില്‍ സര്‍ക്കാരുകള്‍ നടത്തിയ ചെലവുചുരുക്കലുകള്‍ രാജ്യത്തിന്റെ ആരോഗ്യത്തെ തകര്‍ത്തുവെന്ന അഭിപ്രായമാണ് ഫ്രെഡെറിക്സണിനുള്ളത്. ഡെന്മാര്‍ക്ക് ഇടത്തോട്ട് ചാഞ്ഞുവെന്നാണ് മാധ്യമങ്ങളുടെയെല്ലാം തലക്കെട്ട്. അതെസമയം, ഫ്രെഡറിക്സണ്‍ ഒരു മാര്‍ക്സിസ്റ്റല്ലെന്നു കൂടി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. ഒരു സോഷ്യല്‍ ഡെമോക്രാറ്റ് നേതാവാണവര്‍. വലതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കിയാണ് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ അധികാരത്തിലെത്തുന്നത്.

രണ്ടായിരത്തിമുപ്പതാമാണ്ടോടെ രാജ്യത്തിന്റെ ഹരിതവാതക നിര്‍ഗമനം 70 ശതമാനംകണ്ട് കുറയ്ക്കാനുള്ള പദ്ധതികളാണ് ഫ്രെഡറിക്സണ്‍ ആലോചിക്കുന്നത്. സാമൂഹ്യസുരക്ഷ-സാമൂഹ്യക്ഷേമ പദ്ധതികളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കാനും പുതിയ പ്രധാനമന്ത്രി ആലോചിക്കുന്നു.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇടതുകക്ഷികളുടെ കൂട്ടായ്മ സര്‍ക്കാര്‍ രൂപീകരിച്ചത്. ‘ഇപ്പോൾ നമ്മള്‍ ലക്ഷ്യത്തിലെത്തിയിരിക്കുന്നു. ജനങ്ങള്‍ അവരുടെ ഇഷ്ടത്തിന് വോട്ടു ചെയ്തു. അവരുടെ പ്രതീക്ഷകളെ പ്രവർത്തനങ്ങളാക്കി മാറ്റാൻ പുതിയ സര്‍ക്കാര്‍ ശ്രമിക്കു'മെന്ന് ഫ്രെഡറിക്സണ്‍ പറഞ്ഞു.

ജൂണ്‍ അഞ്ചിന് തെരഞ്ഞെടുപ്പ് ഫലം വന്ന ഡെന്‍മാര്‍ക്കില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. രാജ്യത്തെ തീവ്ര വലതുപക്ഷ കക്ഷിയായിരുന്ന ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടിയ്ക്ക് (ഡി.പി.പി) കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലേറ്റത്. 2015ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ പകുതി വോട്ടുകളും നഷ്ടമായി. ഇടതുപക്ഷ പാർട്ടികള്‍ക്ക് വ്യക്തമായ മുന്‍തൂക്കം ലഭിക്കുകയും ചെയ്തു. അതോടെ ഡി.പി.പി യുടെ പ്രധാനമന്ത്രിയായിരുന്ന ലാഴ്‌സ് ലോക്കെ റാസ്മുസ് രാജിവച്ചു.

‘റെഡ് ബ്ലോക്ക്’ എന്നറിയപ്പെടുന്ന ദ സോഷ്യല്‍ ലിബറല്‍സ്, സോഷ്യലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടി, റെഡ്ഗ്രീന്‍ അലയന്‍സ് എന്നീ ഇടത് കക്ഷികള്‍ ചേര്‍ന്നാണു സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്. ഇടതുപക്ഷം സർക്കാർ രൂപീകരിക്കുന്ന മൂന്നാമത്തെ നോർഡിക് രാജ്യമാണ് ഡെൻമാർക്ക്. നേരത്തെ ഫിൻ‌ലാൻഡിലും സ്വീഡനിലും സോഷ്യൽ ഡെമോക്രാറ്റുകൾ അധികാരത്തില്‍ വന്നിരുന്നു. അതേസമയം ജര്‍മനി അടക്കമുള്ള രാജ്യങ്ങളില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ ജനപിന്തുണ നേടുന്നതില്‍ പരാജയപ്പെട്ടെന്നതും ശ്രദ്ധേയമാണ്.

മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെന്നപോലെ കുടിയേറ്റമായിരുന്നു ഡെന്മാര്‍ക്കിലെ തിരഞ്ഞെടുപ്പിലും പ്രധാന വിഷയമായത്. അഭയാർഥികൾക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നായിരുന്നു ഫ്രെഡറിക്സണും പ്രചാരണം നടത്തിയത്. അത് ഡിപിപി-യുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തി. ഇക്കാര്യത്തില്‍ അയല്‍രാജ്യമായ ജര്‍മനിയില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കുള്ളതെന്നത് ശ്രദ്ധേയമാണ്. അഭയാര്‍ത്ഥികളെ അടുപ്പിക്കരുതെന്ന് വലതു തീവ്രവാദികളെക്കാളും ശക്തമായി വാദിക്കുന്നുണ്ട് ഇവര്‍.

ക്ഷേമപരിപാടികള്‍ക്കുള്ള ചെലവ് വർദ്ധിപ്പിക്കുമെന്നും സമ്പന്നർക്ക് ഉയർന്ന നികുതി ചുമത്തുമെന്നും സോഷ്യൽ ഡെമോക്രാറ്റുകൾ വാഗ്ദാനം ചെയ്തിരുന്നു.

ഒരു ദശകത്തിനുള്ളില്‍ 70 ശതമാനം കാര്‍ബര്‍ ഡയോക്‌സൈഡ് പ്രസരണം കുറയ്ക്കുന്നതിന് വേണ്ടിയുള്ള നിയമനിര്‍മ്മാണം, ചിലവ് ചുരുക്കല്‍, ക്ഷേമ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളിലാണ് ഇടതുകക്ഷികളുമായുള്ള ധാരണ. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക - കുടിയേറ്റ നയം എന്നീ വിഷയങ്ങളില്‍ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് ഇടതുകക്ഷികളുമായി ചേര്‍ന്ന് സോഷ്യല്‍ ഡെമോക്രാറ്റിക്കുകള്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.


Next Story

Related Stories