TopTop
Begin typing your search above and press return to search.

ഗോവക്കാരൻ ഗൂഢാലോചകനെ ട്രംപ് ജയിലിൽ നിന്നിറക്കുമ്പോൾ; വെറുപ്പിന്റെ രാഷ്ട്രീയം വളർത്താൻ ഇനി ഡിസൂസയും

ഗോവക്കാരൻ ഗൂഢാലോചകനെ ട്രംപ് ജയിലിൽ നിന്നിറക്കുമ്പോൾ; വെറുപ്പിന്റെ രാഷ്ട്രീയം വളർത്താൻ ഇനി ഡിസൂസയും

ഗോവക്കാരായ മാതാപിതാക്കളുടെ മകനായി ബോംബെയിലാണ് ദിനേഷ് ജോസഫ് ഡിസൂസയുടെ ജനനം. 60-കളിലും 70-കളിലുമായി ഇന്ത്യയുടെ വാണിജ്യതലസ്ഥാനത്ത് പഠനം. വരുംകാലത്ത് യുഎസ്സിലെ തീവ്ര വലതുപക്ഷ പ്രചാരകനായി മാറാൻ പോകുന്നയാളാണ് ഈ ബോംബെക്കാരൻ പയ്യനെന്ന് അന്നാരും നിനച്ചു കാണില്ല. വംശീയവിദ്വേഷം നിറഞ്ഞ പ്രസ്താവനകള്‍ നിരന്തരമായി പുറത്തിറക്കി, അമേരിക്ക കണ്ട ഏറ്റവും വലിയ വംശീയവിദ്വേഷിയായ പ്രസിഡണ്ടിന്റെ അടുത്ത അനുയായിയായി ഡിസൂസ മാറുമെന്നും ആരും പ്രതീക്ഷിച്ചിരിക്കില്ല.

ഹിലരി ക്ലിന്റനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന ഡോക്യുമെന്ററി പുറത്തിറക്കി കുപ്രസിദ്ധി നേടിയിട്ടുള്ള ഡിസൂസ ഈയാഴ്ച വീണ്ടും വെള്ളിവെളിച്ചത്തിൽ വന്നു. അഞ്ച് വർഷത്തെ തടവിനും 30,000 ഡോളര്‍ പിഴയ്ക്കും ശിക്ഷിക്കപ്പെട്ടിരുന്ന ഡിസൂസയ്ക്ക് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് മാപ്പു നൽകി പുറത്തെത്തിച്ചപ്പോഴായിരുന്നു അത്. തികച്ചും ഞെട്ടിപ്പിക്കുന്ന നടപടിയായിരുന്നു ട്രംപിന്റേത്. ഡിസൂസയ്ക്കു മേൽ തെളിയിക്കപ്പെട്ട കുറ്റങ്ങൾ ഏത്രയും നാണംകെട്ടവയായിരുന്നു. അവയൊന്നും ട്രംപിനെ തന്റെ നടപടിയിൽ നിന്നും പിന്തിരിപ്പിക്കാൻ പോന്നവയായിരുന്നില്ല.

ഡിസൂസ എന്ന 57കാരൻ അന്നത്തെ സർക്കാരിനാൽ അങ്ങേയറ്റം മോശമായി കൈകാര്യം ചെയ്യപ്പെട്ടുവെന്നാണ് ട്രംപ് പറഞ്ഞത്. ഈ പ്രസ്താവനയിലൂടെ ട്രംപ് ഡിസൂസയെ മുഖ്യധാരാ ചർച്ചയിലേക്ക് കൊണ്ടുവന്നു. ട്വിറ്ററിൽ അദ്ദേഹത്തിന്റെ പേര് ട്രെൻഡായി മാറി. ഡിസൂസയെ പുറത്തുവിട്ടതിനു പിന്നിലെ അജണ്ടകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി.

ബോംബെക്കാരൻ പയ്യൻ

ഡിസൂസ ജനിച്ചത് 1961-ലാണ്. ഗോവയിലെ ഒരു റോമൻ കത്തോലിക്ക കുടുംബത്തിൽ. അദ്ദേഹത്തിന്റെ അച്ഛൻ ജോൺസൻ ആൻഡ് ജോൺസൻ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ വീട്ടുകാര്യങ്ങൾ നോക്കി.

ബോംബെയിൽ ജെസ്യൂട്സിന്റെ സെയ്ന്റ് സ്റ്റാനിസ്‌ലോസ് ഹൈസ്കൂളിലാണ് ഡിസൂസ പഠിച്ചത്. അടിയന്തിരാവസ്ഥക്കാലത്ത് അദ്ദേഹം ബോംബെ സിൻഡൻഹാം കോളജിൽ നിന്ന് പതിനൊന്നും പന്ത്രണ്ടും ക്ലാസ്സ് പഠനം പൂര്‍ത്തിയാക്കി. ജനാധിപത്യം, സമത്വം, പുരോഗമനമൂല്യങ്ങൾ തുടങ്ങിയവയിൽ ഏതെങ്കിലുമൊന്ന് ഡിസൂസയെ തീണ്ടിപ്പോയിരുന്നെങ്കിൽ അദ്ദേഹം ആ മൂല്യങ്ങളെ പ്രതിരോധിക്കുന്ന ഭയരഹിതനായ ഒരു പോരാളിയായി അന്നേ പരിണമിക്കേണ്ടതായിരുന്നു. അത് സംഭവിക്കുകയുണ്ടായില്ല.

പകരം, 1978-ൽ റോട്ടറി യൂത്ത് എക്സ്ചേഞ്ച് പദ്ധതി വഴി ഡിസൂസ യുഎസ്സിലെത്തി. അരിസോണയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർന്നു. ഡാർമൗത്ത് കോളജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടി. 1983-ലായിരുന്നു അത്.

ബിരുദം നേടി ഇറങ്ങിയ ഉടൻ തന്നെ ഒരു എഡിറ്ററുടെ ജോലിയിൽ ഡിസൂസ പ്രവേശിച്ചു. പ്രിൻസ്ടൺ സർവ്വകലാശാലയിലെ പൂർവ്വവിദ്യാർത്ഥികള്‍ ഫണ്ട് ചെയ്ത ഒരു മാഗസിനായിരുന്നു അത്. കറുത്ത വർഗ്ഗക്കാർക്ക് കൂടുതൽ ഇടം നൽകാനുള്ള കോളജിന്റെ നയങ്ങളെ ലക്ഷ്യം വെച്ചുള്ള വിമർശനങ്ങൾ ഇദ്ദേഹം ഈ മാസികയിൽ നിരന്തരമായി പ്രസിദ്ധീകരിച്ചു.

1985 മുതൽ 87 വരെ പോളിസി റിവ്യൂ ജേണലിൽ ഒരു സ്ഥിരം എഴുത്തുകാരനായിരുന്നു. വാഷിങ്ടൺ ഡിസിയിലെ ഹെറിറ്റേജ് ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന ജേണലായിരുന്നു അത്. ഈ ജേണലിലെഴുതിയ ഒരു ലേഖനത്തിലൂടെയാണ് ഡിസൂസ ആദ്യമായി ദേശീയ ശ്രദ്ധ നേടുന്നത്. "The Bishops as Pawns" എന്ന തലക്കെട്ടിലുള്ള ലേഖനം കത്തോലിക്ക ബിഷപ്പുമാരെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. അമേരിക്കൻ ലിബറലുകളെ, യുഎസ് പട്ടാളസംവിധാനത്തെയും വിദേശത്ത് പട്ടാളത്തെ ഉപയോഗിക്കുന്നതിനെതിരെയും അണിനിരത്തുന്നത് കത്തോലിക്ക ബിഷപ്പുമാരാണെന്നായിരുന്നു ഡിസൂസയുടെ വിമർശനം. തങ്ങളുടെ മതപരമായ ധാരണകൾക്കപ്പുറത്തുള്ള വിഷയത്തിൽ ബിഷപ്പുമാർ അനാവശ്യമായി ഇടപെടുകയാണെന്ന് ഡിസൂസ ലേഖനത്തിൽ വാദിച്ചു. പൗരോഹിത്യത്തിലൂടെ നേടിയെടുത്ത വിശ്വാസ്യത ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനെയും ‍ഡിസൂസ വിമർശിച്ചു.

ഇത്തരം വമ്പൻ പ്രഘോഷണങ്ങളിലൂടെയും ഗുഢവാദങ്ങളിലൂടെയും തുടങ്ങിയ ഡിസൂസ വിദ്വേഷപ്രചാരണത്തിൽ തന്റെ കരിയർ കണ്ടെത്തുകയായിരുന്നു. ഇത് സാമ്പത്തികമായി വലിയ നേട്ടങ്ങൾ കൊണ്ടുവന്നു അദ്ദേഹത്തിന്. പുസ്തകങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയിലൂടെ തിളങ്ങി നിൽക്കാൻ ഡിസൂസയ്ക്ക് സാധിച്ചു.

1987 മുതല്‍ 88 വരെ പ്രസിഡണ്ട് റൊണാൾഡ് റീഗന്റെ പോളിസി അഡ്വൈസർമാരിലൊരാളായി ഡിസൂസ നിയമിതനായി. 1991ൽ യുഎസ് പൗരത്വവും കിട്ടി.

2010 ഓഗസ്റ്റ് മാസത്തിൽ കിങ്സ് കോളജ് പ്രസിഡണ്ടായി ഡിസൂസ നിയമിതനായി. മാൻഹാട്ടനിലെ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിസ്റ്റ്യൻ ലിബറൽ ആർട്സ് കോളജാണിത്. രണ്ട് വർഷമേ ഈ ജോലിയിൽ ഡിസൂസയ്ക്ക് തുടരാനായുള്ളൂ. 2012 ഒക്ടോബർ 18ന് ഡിസൂസ രാജി വെച്ചു. ഒരു ക്രിസ്റ്റ്യൻ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ ഡിസൂസ ഹോട്ടൽ മുറിയിൽ തന്റെ പ്രതിശ്രുത വധു എന്ന വ്യാജേന ഒരു യുവതിയെ കൊണ്ടുവന്ന് താമസിപ്പിച്ചെന്ന് വാർത്ത പുറത്തു വന്നതോടെ രാജി അനിവാര്യമാകുകയായിരുന്നു. അന്നേക്ക് ഡിസൂസയുടെ വിവാഹം കഴിഞ്ഞിട്ട് 20 വർഷമായിരുന്നു.

ബരാക് ഒബാമയും ഹിലരി ക്ലിന്റണുമായിരുന്നു ഡിസൂസയുടെ പ്രധാന ലക്ഷ്യങ്ങൾ. ഒബാമ യുഎസ് പ്രസിഡണ്ടായിരിക്കെ, അദ്ദേഹം ജീവിക്കുന്നത് തന്റെ പിതാവിന്റെ കാലത്തെ ഗോത്രസ്വപ്നങ്ങളും പേറിയാണെന്ന് ഡിസൂസ വിമർശനമുന്നയിച്ചു.

2014 ജനുവരി മാസം 24ാം തിയ്യതി നിയമവിരുദ്ധമായ രീതിയിൽ തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയെന്ന ആരോപണത്തിന് വിധേയനായി മാർഹാട്ടൻ കോടതിയിൽ ഹാജരാകേണ്ടി വന്നു. ന്യൂയോർക്ക് സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വാൻഡി ലോങ്ങിനു വേണ്ടി നിയമവിരുദ്ധ രീതിയിൽ പ്രചാരണം നടത്തി 20,000 ഡോളർ സമ്പാദിച്ചു എന്നായിരുന്നു കേസ്. ഇതോടൊപ്പം ഫെഡറൽ ഇലക്ഷൻ കമ്മീഷന് തെറ്റായ മൊഴി നല്കിയെന്ന കേസും വന്നു.

2014 മെയ് മാസത്തിൽ, മറ്റുള്ളവരുടെ പേരിൽ നിയമവിരുദ്ധമായി സംഭാവനകൾ നൽകിയ കേസിൽ ഡിസൂസ കുറ്റക്കാരനാണെന്ന് ഫെലോനി കോടതി കണ്ടെത്തി. അഞ്ചു വർഷത്തെ തടവിനും (ഇത് തടവുപുള്ളി നല്ലനടപ്പിലാണെന്ന് കാണിച്ചാൽ പിന്നീട് കുറച്ചു കിട്ടുകയും ചെയ്യും), എട്ടുമാസത്തെ കമ്മ്യൂണിറ്റി കൺഫൈൻമെന്റും ആണ് വിധിച്ചത്. 30,000 ഡോളർ പിഴയും അടപ്പിച്ചു.

വൈറ്റ് ഹൗസിലെത്തിയ ട്രംപിന്റെ സഹായത്തോടെ ഗോവക്കാരൻ സ്വതന്ത്രനായിരിക്കുകയാണ്. ഡിസൂസ വീണ്ടും തന്റെ ഗൂഢാലോചനാ സിദ്ധാന്തങ്ങളുമായി രംഗത്തെത്തുമെന്നതിൽ സംശയമില്ല. അമേരിക്കയിൽ കൂടുതൽ വിഭാഗീയതകൾ സ‍ൃഷ്ടിക്കാനും ഡിസൂസയ്ക്ക് സാധിക്കും.


Next Story

Related Stories