വിദേശം

ഡെമോക്രാറ്റ് വിജയത്തിനു പിന്നാലെ അറ്റോർണി ജനറൽ ജെഫ് സെഷൻസിനെ രാജി വെപ്പിച്ച് പ്രസിഡണ്ട് ട്രംപ്

ഗൗരവപ്പെട്ട ഈ വിഷയത്തിന് ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് അടക്കമുള്ള നീക്കങ്ങളിലേക്ക് നിയമനിർമാണ സഭയെ കൊണ്ടെത്തിക്കാൻ ശേഷിയുണ്ട്.

യുഎസ് അറ്റോർണി ജനറൽ ജെഫ് സെഷൻസ് രാജി വെച്ചു. പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ആവശ്യപ്രകാരമാണ് രാജി എന്നാണ് വിവരം. തന്റെ രാജിക്കത്തിൽ സെഷൻസ് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ‘താങ്കളുടെ അപേക്ഷ പ്രകാരം രാജി വെക്കുന്നു’ എന്നാണ് സെഷൻസ് കുറിച്ചതെന്ന് അറിയുന്നു. പ്രസിഡണ്ടുമായി കഴിഞ്ഞ ഒരു വർഷക്കാലമായി കടുത്ത വിയോജിപ്പുകളിലാണ് സെഷൻസ്. ഇത് മിക്കപ്പോഴും ഇരുവരും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

മാറ്റ്ത്യൂ വിറ്റേക്കറെ ആക്ടിങ് അറ്റോർണി ജനറലായി നിയമിക്കുന്നതായി ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 2016ലെ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുന്ന റോബർട്ട് മ്യുള്ളർക്കെതിരെ നിലപാടെടുക്കുന്നയാളാണ് വിറ്റേക്കർ. ആത്യന്തികമായി, ഡോണൾഡ് ട്രംപിന്റെ അവിഹിതമായ ഇടപാടുകളെക്കുറിച്ചുള്ളതാണ് മ്യുള്ളറുടെ അന്വേഷണം. ഇതു തന്നെയാണ് സെഷൻസിന്റെ രാജിക്കും കാരണമായിരിക്കുന്നത്. മ്യുള്ളറെ നിയമിച്ചതും അന്വേഷണത്തിന് മേൽനോട്ടം വഹിച്ചതും സെഷൻസ് ആയിരുന്നു.

ഡെമോക്രാറ്റുകൾക്ക് പ്രതിനിധി സഭയിൽ ഭൂരിപക്ഷം ലഭിച്ചതോടെ വിവിധ അന്വേഷണക്കമ്മിറ്റികളുടെ തലപ്പത്ത് ഡെമോക്രാറ്റുകൾ എത്തിച്ചേരുമെന്ന് ഉറപ്പായിരിക്കുകയാണ്. ട്രംപിനെതിരായ അന്വേഷണങ്ങൾക്ക് ശക്തമാക്കാന്‍ ഡെമോക്രാറ്റുകൾ ശ്രമിക്കും. ഈ പിന്തുണ മ്യുള്ളറുടെ കരുത്ത് കൂട്ടുമെന്നത് മുന്നിൽക്കണ്ട് സെഷൻസിനെ ട്രംപ് മാറ്റുമെന്ന് നേരത്തെ തന്നെ രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചിരുന്നു.

മ്യുള്ളറുടെ അന്വേഷണത്തിന്റെ നിയന്ത്രണം ഇനി വിറ്റേക്കറിന്റെ പക്കലെത്തുമോയെന് മാധ്യമങ്ങളുടെ ചോദ്യത്തിന് ജസ്റ്റിസ് വകുപ്പിന്റെ വക്താവ് സാറ ഫ്ലോർസ് പറഞ്ഞത് ഇപ്രകാരമാണ്: ‘ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള എല്ലാ വിഷയങ്ങളും വിറ്റേക്കറിന്റെ മേൽനോട്ടത്തിൽ വരും.’ ദേശസുരക്ഷയെത്തന്നെ ബാധിക്കുന്ന വിഷയമാണ് മ്യുള്ളറുടെ അന്വേഷണത്തിലുള്ളത്. ഗൗരവപ്പെട്ട ഈ വിഷയത്തിന് ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് അടക്കമുള്ള നീക്കങ്ങളിലേക്ക് നിയമനിർമാണ സഭകളെ കൊണ്ടെത്തിക്കാൻ ശേഷിയുണ്ട്.

തനിക്കെതിരായ അന്വേഷണത്തെ ഏതുവിധേനയും തടഞ്ഞു നിർത്തുക എന്നത് ട്രംപിന്റെ പ്രധാന ഉദ്ദേശ്യമാണ്. ട്രംപിന്റെ കുടുംബാംഗങ്ങളെയും ബാധിക്കുന്ന വിഷയമാണ് മ്യുള്ളറുടെ അന്വേഷണത്തിൽ വന്നിട്ടുള്ളത്. ഇതിനകം തന്നെ ട്രംപിന്റെ നാല് അനുയായികൾക്കെതിരെ കുറ്റാരാപണം നടത്താൻ മ്യുള്ളർക്ക് സാധിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ ഭരണഘടനഘടനയെ അപകടത്തിലാക്കുന്ന നടപടിയാണ് ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. മ്യുള്ളറുടെ അന്വേഷണത്തിന് വിഘാതം സ‍ൃഷ്ടിക്കലാണ് സെഷൻസിനെ രാജിവെപ്പിച്ചതിന്റെ ഉദ്ദേശ്യമെന്ന് കോൺഗ്രസ്സ് അംഗം ജെറി നാഡ്‌ലർ ആരോപിച്ചു. അറ്റോര്‍ണി ജനറൽ തന്റെ താൽപര്യങ്ങൾക്കൊത്ത് പ്രവർത്തിക്കണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് ഹൗസ് ഇന്റലിജൻസ് കമ്മറ്റിയുടെ നിയുക്ത ചെയർമാൻ ആഡം ഷീഫ് ആരോപിച്ചു.

Explainer: അപ്രമാദിയായ ട്രംപ് ഇനിയില്ല; മിഡ്ടേം തെരഞ്ഞെടുപ്പ് അമേരിക്കയെ മാത്രമല്ല ലോകത്തെയും മാറ്റും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍