TopTop
Begin typing your search above and press return to search.

സുഡാന്‍ പ്രക്ഷോഭം: സൈന്യം നടത്തുന്നത് വ്യാപക ലൈംഗികാതിക്രമങ്ങൾ, ബലാത്സംഗത്തിന് ഇരയായി എഴുപതോളം പേർ ആശുപത്രിയിൽ

സുഡാന്‍ പ്രക്ഷോഭം: സൈന്യം നടത്തുന്നത് വ്യാപക ലൈംഗികാതിക്രമങ്ങൾ, ബലാത്സംഗത്തിന് ഇരയായി എഴുപതോളം പേർ ആശുപത്രിയിൽ
സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമില്‍ പ്രക്ഷോഭകരെ നേരിടാനെത്തിയ സൈന്യം എഴുപതിലേറെ പേരെ ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. സമരക്കാര്‍ക്കു നേരെ കഴിഞ്ഞ തിങ്കളാഴ്ച സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ 108 പേര്‍ കൊല്ലപ്പെടുകയും 700ലധികം പേർക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് ബലാത്സംഗം സംബന്ധിച്ച വിവരം പുറത്ത് വരുന്നത്. ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇടക്കാല സൈനിക ഭരണത്തിനെതിരെ സമരം ചെയ്യുന്നവരുടെ പ്രധാന ആവശ്യം.

അതേസമയം, സൈന്യം നടത്തിയ ലൈംഗികാതിക്രമങ്ങളുടെ വ്യാപ്തി ഇപ്പോഴും കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ആശയവിനിമയത്തിന് കടുത്ത നിയന്ത്രണങ്ങളാണ് നിലവിൽ ഇവിടെ ഏർ‌പ്പെടുത്തിയിട്ടുള്ളത്. ഇതാണ് സൈന്യം നടത്തിയ ക്രൂരതകളുടെ റിപ്പോർട്ടുകൾ പുറത്ത് വരാതിരിക്കാനുള്ള പ്രധാനകാരണം. എന്നാൽ ഖാർത്തൂമിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ച എഴുപതിലേറെ പേര്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ഡോക്ടർമാരുടെ സെൻട്രൽ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സൈനികനടപടിയെ തുടർന്ന് ചികിത്സതേടിയവരാണ് ഇവര്‍.

ഖാർത്തൂമിലെ റോയൽ കെയർ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ എട്ടു പേര്‍, അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരും, ബലാത്സംഗം ചെയ്യപ്പെട്ടതായി അവരെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയിലും സമാനമായ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ സൈനികരുടെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്.

എന്നാൽ ക്രൂര പീഡനങ്ങൾക്ക് ഇരകളായ പലരും വൈദ്യചികിത്സ തേടിയിട്ടില്ല. പ്രതികാരനടപടികളെ ഭയക്കുന്നതുകൊണ്ടോ, നഗരത്തിലെ അരക്ഷിതാവസ്ഥയോ, പരിമിതമായ ചികിത്സയെ ലഭ്യമാകൂ എന്നതുൾപ്പെടെയാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്. സൈന്യം വ്യാപകമായി ലൈംഗികാതിക്രമം നടത്തിയെന്ന റിപ്പോർട്ട് വിവിധ മനുഷ്യാവകാശ സംഘടനകളും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ വലിയ രീതിയിലുള്ള അറസ്റ്റും ഭീഷണിയും നിലനിൽകെ തന്നെ സുഡാനിലെ ദേശവ്യാപക നിയമലംഘന സമരം തുടരുകയാണ്. നൂറിലധികം പേരുടെ മരണത്തില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങാന്‍ സുഡാനിലെ പ്രധാന പ്രതിപക്ഷമായ സുഡാനീസ് പ്രൊഫഷണൽസ് അസോസിയേഷന്‍ (എസ്.പി.എ) ജനങ്ങളോട് ആഹ്വാനം ചെയ്തു. ഖാർത്തൂമിലെയും അയല്‍ നഗരമായ ഓംദുർമാനിലും വ്യാപാര സ്ഥാപനങ്ങൾ ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ്.

അതേസമയം, സമാധാന ചർച്ചകൾക്കായി അമേരിക്ക സുഡാനിലേക്ക് പ്രതിനിധിയെ അയച്ചു. ഏകാധിപതിയായിരുന്ന പ്രസിഡന്റ് ഒമര്‍ അല്‍ ബാശിറിനെ ജനകീയ പ്രക്ഷോപത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്നാണ് സൈന്യം സുഡാന്റെ അധികാരം ഏറ്റെടുത്തത്. എന്നാല്‍, ഭരണമാറ്റത്തിനിടയാക്കിയ ജനകീയ പ്രക്ഷോഭത്തിന്റെ നേട്ടം സൈന്യം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. അതോടെ സൈന്യത്തിനെതിരെ ജനകീയ സമരവും ശക്തമായി. മൂന്നു വർഷത്തേക്ക് സുഡാനിൽ പുതിയ ഭരണകൂടം സ്ഥാപിക്കാനുള്ള പട്ടാളവും പ്രക്ഷോഭകരും തമ്മിലുള്ള കരാറിൽ ഒപ്പുവയ്ക്കുന്നതിൽ സൈന്യം നാടകീയമായി പിന്മാറിയതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്.

കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു ദുരന്തം; “പ്രളയത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളികളുടെ കൂട്ട ആത്മഹത്യ”


Next Story

Related Stories