UPDATES

വിദേശം

“അതേ, ഞങ്ങൾ ഫാഷിസ്റ്റുകളാണ്”: മുസ്സോളിനിയുടെ ജന്മസ്ഥലത്തേക്ക് തീവ്ര വലതുപക്ഷ ടൂറിസ്റ്റുകളുടെ പ്രവാഹം

ചെറുപ്പത്തില്‍ തന്റെ പിതാവിനെപ്പോലെ ഒരു സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാരനായിരുന്നു മുസ്സോളിനി. അധ്യാപനമായിരുന്നു ആദ്യ ജോലി. പിന്നീട് സൈനികനായി. ശേഷം പത്രപ്രവർത്തകനും. ഒന്നാം ലോകമഹായുദ്ധ കാലത്ത് സോഷ്യലിസത്തോട് അദ്ദേഹം വിടപറഞ്ഞു.

ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതികളിലൊരാളാണ് മുസ്സോളിനി. ലോകത്തെത്തന്നെ ഇരുണ്ട കാലത്തിലേക്ക് നയിച്ച ഈ ഫാസിസ്റ്റിനെ ആരാധനയോടെ നോക്കിക്കാണുന്നവരുമുണ്ട്. ഇവരുടെ എണ്ണം വർധിച്ചു വരികയാണ്. ഈ ജൂലൈ 29 മുസ്സോളിനിയുടെ 136-ാം ജന്മദിനമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജന്മനഗരവും ശ്മശാന സ്ഥലവുമായ പ്രെഡാപ്പിയോയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിരിക്കുന്നു. ‘അതേ, ഞങ്ങൾ ഫാസിസ്റ്റുകളാണ്’ എന്നുറക്കെ വിളിച്ചു പറഞ്ഞാണ് തീവ്ര വലതുപക്ഷക്കാരായ ആളുകളുടെ ഈ നീക്കം നടക്കുന്നത്.

മുസ്സോളിനിയുടെ കല്ലറയുള്ള സ്ഥലം 2017 മുതല്‍ ചില പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരിക്കുകയായിരുന്നു. ഈ വര്‍ഷം ജന്മദിനത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. എല്ലാ ജനന-മരണ വാര്‍ഷികങ്ങളിലും ഇറ്റലിയിൽ നിന്നും ഇറ്റലിക്ക് പുറത്തുനിന്നുമുള്ള ആയിരക്കണക്കിന് ഫാസിസ്റ്റ് തീർഥാടകര്‍ അവിടം സന്ദര്‍ശിക്കും. ചെറിയ സാൻ കാസിയാനോ സെമിത്തേരിയില്‍ അണിനിരന്ന് ഒരുമിച്ച് ‘ഫാഷിസ്റ്റ് സല്യൂട്ട്’ നൽകി ആദരിക്കും. പുഷ്പാര്‍ച്ചന നടത്തും. തിരിച്ചുപോകും മുന്‍പ് അതിഥി പുസ്തകത്തിൽ സ്മരണാഞ്ജലികളെഴുതും.

പ്രെഡാപ്പിയോയിലെ മേയറായി തീവ്ര വലതുപക്ഷ പാര്‍ട്ടിക്കാരനായ റോബർട്ടോ കനാലി അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടതോടെ മുസ്സോളിനിയുടെ ആരാധകര്‍ ആവേശത്തിലാണ്. അധികാരത്തിലേറി ആദ്യംതന്നെ മുസ്സോളിനിയുടെ കല്ലറ എത്രയും പെട്ടന്ന് തുറക്കാനുള്ള നടപടികളിലേക്ക് കനാലി കടന്നു. ഏറെ വിവാദങ്ങളും വിമര്‍ശങ്ങളും ഉയര്‍ന്നെങ്കിലും ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനാണ് എല്ലാം ചെയ്യുന്നതെന്ന് അദ്ദേഹം വാദിച്ചു. കല്ലറ അടച്ചതോടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളെല്ലാം നഷ്ടത്തിലായെന്നും, ചരിത്രകുതുകികളായ ആയിരക്കണക്കിനാളുകള്‍ നിരാശരായി മടങ്ങുകയാണെന്നും ന്യായീകരിച്ചു.

ഏതായാലും കനാലിയുടെ നീക്കത്തെ ഫാഷിസ്റ്റ്‌ വിരുദ്ധ സംഘടനകളും വ്യക്തികളും ശക്തമായി എതിര്‍ത്തുകൊണ്ട് രംഗത്തെത്തി. തീരുമാനത്തെ അപലപിച്ച് ആയിരക്കണക്കിനാളുകള്‍ ഇറ്റലിയിലെ ആന്റി-ഫാഷിസ്റ്റ്‌ അസോസിയേഷന്റെ (എ.എന്‍.പി.ഐ) നേതൃത്വത്തില്‍ പ്രെഡാപ്പിയോയിലേക്ക് മാര്‍ച്ച് നടത്തി. ‘ഒരു ഫാഷിസ്റ്റിന്റെ ശവകുടീരം തുറക്കുന്നത് ഇത്രയും വലിയ ആകർഷകമായ ഒരു കാര്യമായി മാറുന്നത് ആശങ്കാജനകവും സങ്കടകരവുമാണ്. ഇത് കൊളോസിയം പോലൊരു ചരിത്രസ്മാരകമല്ല. ഒരു സ്വേച്ഛാധിപതിയെ ആഘോഷത്തോടെ സ്മരിക്കാനാണ് ആളുകള്‍ അങ്ങോട്ടു പോകുന്നത്,’ -ഇറ്റലിയിലെ ഒരു ചെറിയ ഇടതുപക്ഷ പാർട്ടിയായ പോസിബിലെയുടെ വക്താവ് ലൂക്ക കപാച്ചി പറയുന്നു.

ചെറുപ്പത്തില്‍ തന്റെ പിതാവിനെപ്പോലെ ഒരു സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാരനായിരുന്നു മുസ്സോളിനി. അധ്യാപനമായിരുന്നു ആദ്യ ജോലി. പിന്നീട് സൈനികനായി. ശേഷം പത്രപ്രവർത്തകനും. ഒന്നാം ലോകമഹായുദ്ധ കാലത്ത് സോഷ്യലിസത്തോട് അദ്ദേഹം വിടപറഞ്ഞു. 1919-ല്‍ അദ്ദേഹം ‘ഫാസിഡികൊമ്പാത്തിമെന്റോ’ സ്ഥാപിച്ചതോടെ ഫാസിസം ഒരു സംഘടിത പ്രസ്ഥാനമായി മാറുകയായിരുന്നു. 1921-ലാണ് ഇറ്റലിയിലെ പാര്‍ലമെന്റംഗമായി മുസോളിനി തിരഞ്ഞെടുക്കപ്പെടുന്നത്. വൈകാതെ പ്രധാനമന്ത്രിയുമായി. തുടക്കംമുതല്‍ സ്വേച്ഛാധിപത്യ പ്രവണതകള്‍ കാണിച്ചു തുടങ്ങിയ അദ്ദേഹം ഇറ്റലിയില്‍ പൊലീസ് ഭരണം കൊണ്ടുവന്നു. അധികാര ദുര്‍വിനിയോഗം നടത്തി ജനങ്ങളെ പീഢിപ്പിക്കാന്‍ തുടങ്ങി. പാര്‍ലമെന്‍റിലെ കീഴ്വഴക്കങ്ങളും നിയമസംഹിതകളും മാറ്റിയെഴുതി.

ജർമ്മനിയിലെ നാസി നേതാവായിരുന്ന ഹിറ്റ്ലറുമായി മുസ്സോളിനി അടുത്ത ബന്ധം പുലർത്തിയിരുന്നു. നാസി ജർമ്മനിയോടൊപ്പം അച്ചുതണ്ടുശക്തികളിൽ പങ്കാളിയായി 1940-ല്‍ ഇറ്റലി രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കു ചേർന്നു. മൂന്നു വർഷങ്ങൾക്കു ശേഷം സഖ്യകക്ഷികൾ ഇറ്റലിയിൽ കടക്കുകയും തെക്കൻ ഇറ്റലിയുടെ ഭൂരിഭാഗവും കൈവശപ്പെടുത്തുകയും ചെയ്തു. 1945 ഏപ്രിൽ മാസത്തിൽ ഓസ്ട്രിയയിലേക്ക് രക്ഷപെടാൻ ശ്രമിക്കവേ കോമോ തടാകത്തിനടുത്ത് വച്ച് കമ്യൂണിസ്റ്റ് ഗറില്ലകൾ പിടികൂടി വധിച്ചു. തുടർന്ന് മിലാനിലേക്ക് കൊണ്ടുവന്ന മൃതദേഹം തലകീഴായി കെട്ടിത്തൂക്കി. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ 1957-ലാണ് പ്രെഡാപ്പിയോയിലേക്ക് കൊണ്ടുവരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍