TopTop
Begin typing your search above and press return to search.

ഇറാഖിന്റെ പുനര്‍നിര്‍മ്മാണം; സഹായഹസ്തവുമായി ഫ്രാന്‍സ്

ഇറാഖിന്റെ പുനര്‍നിര്‍മ്മാണം; സഹായഹസ്തവുമായി ഫ്രാന്‍സ്
ഐഎസ്‌ഐഎസിന് എതിരായ യുദ്ധത്തിന് ശേഷമുള്ള പുനര്‍നിര്‍മ്മാണ, അനുരജ്ഞന പ്രക്രിയകളില്‍ ഇറാഖിനെ ഫ്രാന്‍സ് സഹായിക്കും. ബാഗ്ദാദില്‍ ഇറാഖി ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ്-യേവ്‌സ് ലെ ഡ്രിയാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2014ല്‍ സിറിയയും ഇറാഖിന്റെ ഏതാനും പ്രവിശ്യകളും പിടിച്ചിടെത്തു ഭീകരവാദ സംഘടനയ്ക്ക് എതിരായ പോരാട്ടത്തില്‍ ബാഗ്ദാദിന് അമേരിക്കയോടൊപ്പം പിന്തുണ നല്‍കുന്ന പ്രധാന രാജ്യമാണ് ഫ്രാന്‍സ്. ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് തലസ്ഥാനമായ മസൂള്‍ പിടിച്ചെടുക്കുന്നതില്‍ ബാഗ്ദാദിന് നിര്‍ണായക വ്യോമ, കര പിന്തുണയാണ് സഖ്യകക്ഷികള്‍ നല്‍കിയത്.

ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബുബക്കര്‍ അല്‍-ബാഗ്ദാദി ഖാലിഫത്ത് ആയി പ്രഖ്യാപിച്ചിരുന്ന മസൂള്‍ കഴിഞ്ഞ ജൂണില്‍ സഖ്യസേനയുടെ പിന്തുണയോടെ ഇറാഖിലെ ഔദ്ധ്യോഗിക സൈന്യം തിരിച്ചുപിടിച്ചിരുന്നു. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ പ്രധാന ഐഎസ് ശക്തികേന്ദ്രമായ താല്‍ അഫറിന്റെ പൂര്‍ണ നിയന്ത്രണം ഏതാനും ദിവസങ്ങള്‍ക്കകം ഇറാഖി സേനയ്ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധകാലത്ത് ഉണ്ടായിരുന്ന തങ്ങളുടെ സാന്നിധ്യം സമാധാനകാലത്തും തുടരുമെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലെയുടെയും ഇറാഖി വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍-ജാഫാരിയുടെയും സാന്നിധ്യത്തില്‍ ബാഗ്ദാദില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ലെ ഡ്രിയാന്‍ പറഞ്ഞു.

ഐഎസിനെതിരായ പോരാട്ടം പൂര്‍ണമായും അവസാനിച്ചിട്ടില്ലെങ്കിലും അത് സുസ്ഥിരതയുടെയും അനുരഞ്ജനത്തിന്റെയും പുനര്‍നിര്‍മ്മാണത്തിന്റെയും സമാധാനത്തിന്റെയും പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാഖിലെ സാമ്പത്തിക, വാണീജ്യ, നിക്ഷേപ തലങ്ങളില്‍ ഫ്രാന്‍സ് നിക്ഷേപങ്ങള്‍ നടത്തുമെന്ന് ഇറാഖി പ്രധാനമന്ത്രി ഹയ്ദര്‍ അല്‍ അബാദിയുമായി നടത്തിയ ചര്‍ച്ചയില്‍ ഫ്രഞ്ച് വിദേശകാര്യമന്ത്രി ഉറപ്പ് നല്‍കി. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഫ്രാന്‍സ് 430 ദശലക്ഷം യൂറോയുടെ വായ്പ ഇറാഖിന് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

ശനിയാഴ്ച വൈകി ഫ്രഞ്ച് മന്ത്രിമാര്‍ സ്വയംഭരണ ഖുര്‍ദിഷ് മേഖലയായ എര്‍ബില്‍ വച്ച് ഖുര്‍ദിഷ് പ്രസിഡന്റ് മസൗദ് ബര്‍സാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഖുര്‍ദിഷ്സ്ഥാന്റെ പെഷ്‌മെര്‍ഗ പോരാളികള്‍ ഐഎസിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ഖുര്‍ദിഷ് പെഷ്‌മെര്‍ഗയ്ക്കുള്ള പിന്തുണ ഫ്രാന്‍സ് തുടരുമെന്ന് പിന്നീട് പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. അടുത്ത മാസം ജനഹിതപരിശോധന നടത്താനുള്ള ഖുര്‍ദ്ദിഷ് പ്രാദേശിക സര്‍ക്കാരിന്റെ പദ്ധതിയെ കുറിച്ചും ഇരുവിഭാഗങ്ങളും ചര്‍ച്ചകള്‍ നടത്തി.

സെപ്തംബര്‍ 25ന് നടക്കാനിരിക്കുന്ന ജനഹിതപരിശോധന ഇറാഖുമായും ഖുര്‍ദ്ദിഷ് ഭൂരിപക്ഷമുള്ള ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായും പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമോ എന്ന ആശങ്ക പാശ്ചാത്യരാജ്യങ്ങള്‍ക്കുണ്ട്. ഏകീകൃത ഇറാഖിന് വേണ്ടി നിലകൊള്ളുമെന്ന് ഫ്രഞ്ച് പ്രതിനിധി സംഘം ഉറപ്പ് നല്‍കിയതായി ഇറാഖി പ്രധാനമന്ത്രി ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഇറാഖ് രാജ്യത്തിന്റെ ഭാഗമായുള്ള ഒരു സ്വയംഭരണ ഖുര്‍ദിസ്ഥാനാണ് ഫ്രാന്‍സിന്റെ ലക്ഷ്യമെന്ന് ഫ്രഞ്ച് പ്രതിനിധി സംഘം ഖുര്‍ദിഷ് പ്രാദേശിക സര്‍ക്കാരിനെ അറിയിച്ചതായി നിരീക്ഷകര്‍ പറയുന്നു.

എബ്രിലും ബാഗ്ദാദും തമ്മില്‍ തുടര്‍ച്ചയായ സംഭാഷണങ്ങളിലൂടെ ഇരുപക്ഷവും തൃപ്തികരമായ ഒരു പരിഹാരത്തില്‍ എത്തണമെന്നാണ് ഫ്രാന്‍സ് ആഗ്രഹിക്കുന്നത്. എന്നാല്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റിനായി പോരാടിയിരുന്ന ഫ്രഞ്ച് പൗരന്‍മാരെ കുറിച്ച് ചര്‍ച്ചകളില്‍ പരാമര്‍ശം ഉണ്ടായില്ലെന്നാണ് അറിയുന്നത്. നൂറുകണക്കിന് ഫ്രഞ്ച് പൗരാരാണ് ഐഎസുമായി ചേര്‍ന്ന് പോരാടിയിരുന്നത്. .


Next Story

Related Stories